Tuesday, 11 August 2015

ണ്ടു യാത്രകള്‍
 


യാത്ര ഒന്ന്
----------------


രാത്രി ഒന്‍പതിന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചാല്‍ ഏകദേശം രണ്ട്-രണ്ടരയാവുമ്പോള്‍ നമ്മടെ ഐ.ഐ.ടി. ഗേറ്റിനു മുന്‍പില്‍ വണ്ടിയെത്തും..മിക്കവാറും എന്റെ ഡല്‍ഹി ടു റൂര്‍ക്കി യാത്ര ഇങ്ങനെയാണ്..ഡല്‍ഹിയിലെ ബസ് ടെര്‍മിനലില്‍ നിന്ന് ഏ.സി. കോച്ചിലുള്ള യാത്ര സുഖം, സുന്ദരം, സുരക്ഷിതം..അങ്ങനെ ഒരു ഡിസംബര്‍ തണുപ്പില്‍ ഞാനും സംഗീതും ഡല്‍ഹിയില്‍ നിന്ന് റൂര്‍ക്കിയ്ക്ക് വരാന്‍ ബസും കാത്തിരിക്കുകയാണ്..ഏ.സി ബസൊന്നും കാണാത്തത് കൊണ്ട് നമുക്ക് സാദാ ബസില്‍ പോയാലോ എന്ന് പറഞ്ഞ സംഗീതിനെ രൂക്ഷമായി നോക്കിക്കൊണ്ട് ഞാന്‍ വീണ്ടും കാത്തിരിക്കല്‍ തുടര്‍ന്നു..പുറത്ത് അസഹനീയ തണുപ്പാണ്...സാദാ ബസില്‍ പോകാന്‍ ഒരു നിവൃത്തിയുമില്ല...മാത്രമോ, കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കൂടി ജീവന്‍ പണയം വെച്ച് വേണം സാദാ ബസില്‍ യാത്ര ചെയ്യാന്‍...അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവില്‍ വണ്ടിയെത്തി.. ഒടുക്കത്തെ ഗ്ലാമറുള്ള ഒരു ബസ്..ആകെ ഞങ്ങള്‍ നാല് പേരു മാത്രമേ കയറാനുള്ളൂ...രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും..അങ്ങനെ റോയലായി, ഞങ്ങളുടെ സ്വന്തം വണ്ടിയിലെന്ന പോലെ യാത്ര മുന്നോട്ടു പോയി..


ഏകദേശം ഒരു മണിയായിട്ടുണ്ടാവണം..ഇടക്ക് ചായ കുടിക്കാനായി ഒരു ഹോട്ടലിന്‍റെ മുറ്റത്ത് ബസ് നിര്‍ത്താന്‍ പോവുകയാണ്..ഇങ്ങനെ പോവുകയാണ് കേട്ടോ..വണ്ടി പാര്‍ക്ക് ചെയ്യാന്‍ പോവുകയാണ് കേട്ടോ..ഇപ്പം പാര്‍ക്ക് ചെയ്യും കേട്ടോ.. അങ്ങനെ പാര്‍ക്ക് ചെയ്യാനായി ഡ്രൈവര്‍ വണ്ടി പുറകോട്ടെടുത്തതും ഉറക്കപിച്ചില്‍ ഒരു പൊട്ടിത്തെറി ശബ്ദമാണ് ഞാന്‍ കേട്ടത്...കുറെ കണ്ണാടി ചില്ലുകള്‍ മേത്ത് വന്നു വീണത് പോലെ...താഴെ വീഴാന്‍ പോയ എന്നെ സംഗീത് താങ്ങി പിടിച്ചിരിക്കുകയാണ്..ബസില്‍ ലൈറ്റ് വീണപ്പോഴാണ് മനസിലായത് വണ്ടിയുടെ പിറകു ഭാഗം അസലായി എവിടെയോ ചെന്ന് താങ്ങിയിരിക്കുന്നു..കണ്ണാടി മുഴുവന്‍ പൊട്ടി തകര്‍ന്ന് ബസിലാകെ വീണു ചിതറിയിരിക്കുന്നു..!!!


ഹൃദയം തകര്‍ന്ന ഞങ്ങള്‍ വിജ്രുംഭിതരായി ചായ കുടിച്ചു..കണ്ണാടി പൊട്ടി പോയ ഏ.സീ. ബസ് ഇനി എന്തിനു കൊള്ളാം..ഇനി തണുത്ത് വിറച്ചു വേണം ബാക്കി യാത്ര..
അങ്ങനെ വീണ്ടും യാത്ര തുടര്‍ന്നു..അപ്പോഴാണ് അടുത്ത പൊട്ടിത്തെറി ശബ്ദം..ഞാന്‍ മുന്‍പേ വിവരിച്ച എല്ലാ സംഗതികളും--കണ്ണാടി ചില്ല്, വീഴാന്‍ പോകുന്ന ഞാന്‍ തുടങ്ങിയവ--സെക്കണ്ട് പാര്‍ട്ട്..ഇത്തവണ മുന്നീന്നാണ്...ഡ്രൈവറും കണ്ടക്ടറും ജീവനോടെ ഉണ്ടോ എന്നറിയാന്‍ പോയി നോക്കിയപ്പോ പാതി ജീവനോടെ ഉണ്ട്..ഞങ്ങള്‍ നാല് യാത്രക്കാര്‍ ഇന്‍ എ ബസ്...വെറും ബസ് അല്ല..മുന്നും പിന്നും ചളുങ്ങി പൊട്ടി പോയ ഒരു ബസ്..."നിങ്ങള്‍ പെട്ടെന്ന് ഇറങ്ങ്..ഞങ്ങള്‍ വേറെ വണ്ടി പിടിച്ചു തരാം..ഇനി വണ്ടി ഓടിക്കാന്‍ പറ്റില്ല..." അതും കൂടി കേട്ടപ്പോള്‍ തൃപ്തിയായി..കൊടും തണുപ്പ്, യാത്ര പകുതി വഴി പോലും എത്തിയിട്ടില്ല, മൂടല്‍ മഞ്ഞു കാരണം മുന്നില്‍ നില്‍ക്കുന്ന ആളെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ...ഞങ്ങള്‍ നാല് ജീവച്ഛവങ്ങള്‍..!!! ബാക്കിയെല്ലാരും സാദാ ബസില്‍ കയറി പോയപ്പോള്‍ പുച്ഛത്തോടെ ഏ.സീ. ബസിന് കാത്തു നിന്നവര്‍...ഒടുക്കം ഞങ്ങള്‍ ആ ബസിന്റെ ആത്മാവില്‍ (അത്രേം മാത്രേ ബാക്കിയുണ്ടാരുന്നുള്ളൂ) നിന്നും ഇറങ്ങി ഏതോ ഒരു വണ്ടിയ്ക്ക് കൈകാണിച്ച് അതില്‍ കയറി ആടിയുലഞ്ഞ് രണ്ടു മൂന്നു മണിക്കൂറു കൊണ്ട് റൂര്‍ക്കിക്കെത്തി...


യാത്ര രണ്ട്
-----------------

"നിന്ന് മൂത്രമൊഴിക്കണമത്രേ പെണ്ണുങ്ങള്‍ക്ക് " എന്നും പറഞ്ഞു പുച്ചിക്കുന്ന എല്ലാ മൂരാച്ചികള്‍ക്കും ഞാന്‍ ഈ കഥ ഡെഡിക്കെറ്റ്‌ ചെയ്യുകയാണ്..സമയം സ്ഥലം സാഹചര്യം എല്ലാം സെയിം..ചായ കുടിക്കാനായി വണ്ടി ഒരു ചെറിയ ഇടുങ്ങിയ ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നു..ചായ കുടിക്കുന്നതിനു മുന്‍പേ മൂത്രമൊഴിക്കാനായി ഞങ്ങള്‍ പെണ്ണുങ്ങള്‍ വരിവരിയായി മൂത്രപ്പുരക്ക്‌ മുന്നില്‍ പോയി..നല്ല തണുപ്പ് കാരണം എല്ലാരും വിറച്ചു വിറച്ചാണ് നില്‍ക്കുന്നത്..ആദ്യം അകത്തേക്ക് കാലെടുത്ത് വച്ച ഞാന്‍ ആര്‍ത്ത നാദത്തോടെ പുറത്തേക്ക് ഓടി..രണ്ടാമത് നിന്ന ചേച്ചിയോട് അരുതേ എന്ന് വിലക്കാന്‍ പറ്റുന്നതിനു മുന്പ് അവരും കയറി തിരിച്ചോടി..അകത്തെ അവസ്ഥ വിവരണാതീതമായിരുന്നു..(പിന്നെ ഞാന്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ല)...ഒരുപാട് യാത്ര ചെയ്യുന്ന ആള്‍ എന്ന നിലയില്‍ നിവൃത്തിയില്ലാതെ ഒരുപാട് വൃത്തികെട്ട മൂത്രപ്പുരകളില്‍ പോകേണ്ടി വന്നിട്ടുണ്ട്..എന്നാലും ഇത് അസഹനീയമായിരുന്നു..നിയാണ്ടര്‍താല്‍ കാലഘട്ടം മുതലുള്ള മനുഷ്യന്റെ അപ്പി നിറഞ്ഞു കിടക്കുകയാണ് അവിടെ എന്ന് തോന്നി പോകും..

അങ്ങനെ ഞങ്ങ പെണ്ണുങ്ങള്‍ ചായ കുടിക്കാതെ, കടിച്ചു പിടിച്ച് വണ്ടിയില്‍ യാത്ര തുടര്‍ന്നു..ഉറങ്ങിയുറങ്ങി കുറെ ദൂരം പിന്നിട്ടപ്പോള്‍ എനിക്ക് മൂത്ര ശങ്ക അസഹനീയമായി..രണ്ടു മൂന്നു തവണ ഡ്രൈവറോട് പോയി പറഞ്ഞപ്പോഴും ഏതെങ്കിലും ഹോട്ടലിന്റെ മുന്നില്‍ വണ്ടി നിര്‍ത്തിത്തരാം എന്ന് തന്നെയായിരുന്നു പല്ലവി..പക്ഷെ ഹോട്ടലുകളൊന്നും കാണുന്നില്ല..അവസാനം തീരെ നിവര്‍ത്തിയില്ലാതെ, ഹോട്ടലൊന്നും വേണ്ട ഏതേലും വഴിയരികില്‍ നിര്‍ത്തിയാല്‍ മതീന്നും പറഞ്ഞ് ഞാനും സംഗീതും ഡ്രൈവറിന്റെയും കണ്ടക്ടറുടെയും അരികില്‍ പോയിരുന്നു..അങ്ങനെ മുന്നോട്ടു പോകവേ വണ്ടി ഒരു കുഴിയില്‍ ചെന്ന് ചാടി...ഞാന്‍ പിന്നെ ഒരൊറ്റ അലര്‍ച്ച യായിരുന്നു.."ഗാഡി രുക്കോ..."
വണ്ടി നിന്നു...ഞാന്‍ ബോധമില്ലാത്ത പോലെ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി ഓടി...സംഗീത് പുറകെ..അരികെ ഒരു കെട്ടിടത്തില്‍ ഒരു വാച്ച്മാനെ കണ്ടു...

"എനിക്ക് ടോയ്‌ലറ്റില്‍ പോണം" ഞാന്‍ കാര്യം പറഞ്ഞു..
"ഇവിടെ ടോയ്ലറ്റ് ഇല്ല" അയാള്‍ പറഞ്ഞു..
"ഞാന്‍ അവിടെ എവിടെയെങ്കിലും പോയി മൂത്രമൊഴിച്ചോളാം" ഞാന്‍ ആ കെട്ടിടത്തിന്റെ പരിസരം ചൂണ്ടി പറഞ്ഞു..
"ഇവിടെല്ലാം സീ.സീ.ടി.വി. ഉണ്ട്"...'എന്നിട്ട് വേണം നാളെ ആ ദൃശ്യം വൈറലാവാന്‍' എന്ന മുഖഭാവത്തോടെ അയാള്‍ മുന്നറിയിപ്പ് തന്നു...ഒടുക്കം ഞാന്‍ പറഞ്ഞു "അങ്കിള്‍, അത്യാവശ്യമാണ്...ഹെല്പ് ചെയ്യണം..
അയാള്‍ ഒന്നാലോചിച്ചിട്ടു പറഞ്ഞു.."ഇവിടെ ഒരു മൂത്രപ്പുര ഉണ്ട്..പക്ഷെ ആണുങ്ങളുടെതാ.." അപ്പോഴേക്കും ബസില്‍ നിന്ന് ഹോണടിയോട് ഹോണടി...എനിക്ക് ചിന്തിക്കാനുണ്ടായിരുന്നില്ല..അയാള്‍ താക്കോലും കൊണ്ട് വന്നു ഡോര്‍ തുറന്നതും ഞാന്‍ പാഞ്ഞു പോയി എങ്ങനെയോ മൂത്രമൊഴിച്ചു...നിന്നോ ഇരുന്നോ എന്നൊന്നും ഓര്‍മയില്ല...തിരിച്ചു വണ്ടിയില്‍ കയറി ഇരുന്നതും ഒരൊറ്റ ഉറക്കം ഉറങ്ങിയതും മാത്രമേ പിന്നെ ഓര്‍മയുള്ളൂ...

Monday, 3 August 2015

ചിമ്മുവേദിയില്‍ ഒരു അനുഗ്രഹീത കലാകാരിയുടെ ഭരതനാട്യം നടക്കുന്നു...അതില്‍ മുഴുകി ചേര്‍ന്നിരിക്കുമ്പോഴാണ്‌ തന്റെ മുടിയില്‍ ആരോ പിടിച്ചു വലിയ്ക്കുന്നതായി അലേഖ്യയ്ക്ക് തോന്നിയത്...തിരിഞ്ഞു നോക്കിയപ്പോള്‍ മുടിത്തുമ്പില്‍ പിടിച്ചു കളിക്കുകയാണ് കുറുംബിയായ ഒരു രണ്ടു വയസ്സുകാരി...അവളുടെ കവിളില്‍ വലിയൊരു വട്ടത്തില്‍ ചോര നീലിച്ചു കിടക്കുന്നു...അവളെ നോക്കി ചിരിച്ചപ്പോള്‍ അവളുടെ അമ്മ പെട്ടെന്ന് മുടിയില്‍ നിന്നും കൈ വേര്‍പെടുത്തിച്ച് അവളെയെടുത്ത് മടിയില്‍ വച്ച് എന്നെ നോക്കി ചിരിച്ചു...നല്ല പരിചയമുള്ള മുഖം..എവിടെയോ കണ്ട പോലെ...
പരിപാടി അവസാനിച്ചതിനു ശേഷം പുറത്തെക്കിറങ്ങുമ്പോള്‍ അവര്‍ അടുത്ത് വന്നു പറഞ്ഞു "പുതിയ താമസക്കാരാ...ഇതുവരെ പരിചയപ്പെടാന്‍ പറ്റിയില്ല.."...
അയ്യോ, ഇപ്പോഴാണ് പിടി കിട്ടിയത്..തന്റെ പുതിയ അയല്‍വാസിയാണ്..അലേഖ്യ നിന്ന് പരുങ്ങി.."ചേച്ചിയെ ഞാന്‍ കണ്ടിട്ടുണ്ട്..എന്താ പേര്??" അവള്‍ ചോദിച്ചു..
"മീര" അവര്‍ ഉത്സാഹത്തോടെ മറുപടി പറഞ്ഞു...
"മോള്‍ടെ പേരോ??" അവള്‍ അവരുടെ കയ്യിലിരുന്ന കുറുമ്പത്തിയുടെ താടിയില്‍ പിടിച്ച് ഓമനിച്ചു കൊണ്ട് ചോദിച്ചു..
"ചിമ്മു" മറുപടി പറഞ്ഞത് മീരയാണ്..
"ചിമ്മൂന്റെ കവിളത്ത് എന്ത് പറ്റി??" അലേഖ്യയുടെ നോട്ടം ആ നീലിച്ച പാടിലായിരുന്നു..
"ഇവള്‍ക്കൊരു ചേട്ടനുണ്ട്...കണ്ണന്‍..ഭയങ്കര വികൃതിയാ...സഹിക്കാന്‍ പറ്റില..ഹൈപ്പര്‍ ആക്ടീവാ...അവനെ കൊണ്ട് ഞങ്ങള്‍ പൊറുതി മുട്ടി ഇരിക്കുവാ..ഒരു ദിവസം അവന്‍ കടിച്ചതാ..." മീര ചെറുതായി മന്ദഹസിച്ചു...ചിമ്മുവും ചിരിച്ചു..അവള്‍ അലേഖ്യയെ നോക്കി സത്യമാണ് എന്ന മട്ടില്‍ തലയാട്ടി...

അന്ന് ഒരുമിച്ചാണ് അവര്‍ വീട്ടിലേക്ക് പോയത്..പോകുന്ന വഴിയില്‍ മീര വാ തോരാതെ സംസാരിച്ചു..അവരും നര്‍ത്തകിയാണ്..ഭരതനാട്യം പഠിക്കാന്‍ വന്നതാണ് ഈ നഗരത്തില്‍..ഭര്‍ത്താവിനു നാട്ടിലാണ് ജോലി..അവര്‍ കൂടുതലും സംസാരിച്ചത് കണ്ണനെ പറ്റിയായിരുന്നു..അവനെ കൊണ്ട് ഒരു നിവര്ത്തിയുമില്ല...ആരെയും ഏല്‍പ്പിച്ചു പോരാന്‍ പറ്റില്ല...എല്ലാവരെയും ഉപദ്രവിക്കും...അവന്റെ അച്ഛന്‍ കൂടി അടുത്തില്ലാത്തത് കൊണ്ട് അവനെ ഒട്ടും നിയന്ത്രിക്കാന്‍ പറ്റുന്നില്ല..കുഞ്ഞു ചിമ്മുവാകട്ടെ നേരെ വിപരീതമാണ് സ്വഭാവം..കരച്ചിലില്ല, വഴക്കില്ല, എപ്പോഴും ചിരി മാത്രം..അവളെ കണ്ണന്‍ എത്ര ഉപദ്രവിച്ചാലും അവള്‍ തിരിച്ച് ഉപദ്രവിക്കില്ല...'ചേട്ടാ' എന്നും വിളിച്ച് പുറകെ പോകും..കണ്ണനെ നാട്ടില്‍ അവന്റെ അച്ഛന്റെ അടുത്ത് ആക്കിയാലോ എന്ന് ചിന്തിക്കുകയാണ്..അങ്ങനെ പല പല കാര്യങ്ങള്‍...നേരം വൈകിയെങ്കിലും വീട്ടിലേക്ക് ക്ഷണിച്ച പ്പോള്‍ മീര വന്നു...മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ചിമ്മുവിനെ താഴെ നിര്‍ത്തി അവര്‍ ബാഗ് തുറന്നു..മീരയ്ക്ക് ചായയും ചിമ്മുവിന് പാലുമായി അലേഖ്യ വന്നപ്പോഴേയ്ക്കും ഫോണ്‍ സംസാരം അവസാനിപ്പിച്ച് മീര പറഞ്ഞു: "ഹസ്ബന്ടാ വിളിച്ചത് ... വിനോദ് രണ്ടാഴ്ച കൂടുമ്പോള്‍ വരും...എനിക്ക് വിനോദിനെ പിരിഞ്ഞിരിക്കാന്‍ പാടാ..ഇപ്പൊ കണ്ണനും വിനോദും കൂടി ഒരു ബന്ധു വീട്ടില്‍ പോയിരിക്കുവാ..അര മണിക്കൂറിനകം വരും...ആള്‍ക്ക് നാളെ വെളുപ്പിനെ തിരിച്ചു പോകാനുള്ളതാ..ഞങ്ങള്‍ ഇറങ്ങട്ടെ"...
മീരയും ചിമ്മുവും യാത്ര പറഞ്ഞിറങ്ങി..എത്ര നിഷ്കളങ്കയായ സ്ത്രീയാണ് മീര..എന്തൊക്കെ സംസാരിച്ചു..ചിമ്മു ഒരു ഓമനയാണ്... അലേഖ്യ മെത്തയില്‍ പുതിയ വിരിപ്പിട്ടു...ഉറങ്ങുമ്പോഴും മനസ്സില്‍ മീരയായിരുന്നു...തനിക്ക് നല്ലൊരു കൂട്ടുകാരിയെ കിട്ടി..അവള്‍ മനസ്സില്‍ പറഞ്ഞു...

അടുത്ത രണ്ടാഴ്ച അലേഖ്യയ്ക്ക് തിരക്കോട് തിരക്കായിരുന്നു..ഇടയ്ക്ക് അവിനാഷ് വന്നപ്പോള്‍ അവനെ ശ്രദ്ധിക്കാന്‍ പോലും സമയം കിട്ടിയില്ല... ഇതിനിടയില്‍ മീരയെ രണ്ടു തവണ കണ്ടിരുന്നു..അടുത്ത് നല്ല ബ്യൂട്ടി പാര്‍ലര്‍ ഉണ്ടോ എന്നും ചോദിച്ച് ഒരു ദിവസം അവര്‍ വന്നിരുന്നു...അന്നാണ് ആ രഹസ്യം അവര്‍ ഒരു കള്ള ചിരിയോടെ പറഞ്ഞത്.."ഞാനും വിനോദും ഒളിച്ചോടിയതാ..രണ്ടു ജാതിയായിരുന്നു..വല്യ പ്രശ്നമായി..എന്റെ വീട്ടുകാര്‍ വല്യ ഉടക്കായിരുന്നു..ഇപ്പൊ ചിമ്മു ജനിച്ചതിനു ശേഷം എല്ലാരും വല്യ സ്നേഹത്തിലായി..".. "ചേച്ചി ഇത്രേം മുടി എങ്ങനെ നോക്കുന്നു??" അവരുടെ നീണ്ടിടതൂര്‍ന്ന മുടിയില്‍ തൊട്ടു നോക്കി അലേഖ്യ ആശ്ചര്യപ്പെട്ടു.."ഞാന്‍ ഇടയ്ക്കിടയ്ക്ക് ഹെന്ന ചെയ്യും..പിന്നെ വിനോദ് വരുമ്പോ നല്ല സുന്ദരിയായി ഇരിക്കണ്ടേ..അതോണ്ട് ഇത്തവണ ഫേഷ്യലും ചെയ്യണം.." അവര്‍ മറയില്ലാതെ സംസാരിച്ചു...
പിന്നീട് തന്റെ പ്രോജക്റ്റ് തിരക്ക് തീര്‍ന്ന ദിവസം രണ്ടു ദിവസത്തിന്റെ ഉറക്ക ചടവോടെ, വീട്ടില്‍ചെന്നു കയറിയാല്‍ തന്നെ കട്ടിലില്‍ വീഴണം എന്ന തീരുമാനത്തോടെ അലേഖ്യ വീട്ടിലേക്ക് തിരിക്കുമ്പോള്‍ അവിനാഷിന്റെ ഫോണ്‍: "അല്ലു, നീ കോഫീ ഷോപ്പിലേക്ക് വാ..ഞാന്‍ ഇവിടുണ്ട്.."
"അവീ, എനിക്ക് പെട്ടെന്ന് വീട്ടില്‍ പോവണം.." അലേഖ്യ അസ്വസ്ഥയായി..
"നമുക്ക് ഒരുമിച്ച് പോവാം..ഒരു രണ്ടു മിനിറ്റ്..നീ ഇങ്ങോട്ടൊന്നു വാ" അവി കെഞ്ചി..
അലേഖ്യ കോഫീ ഷോപ്പില്‍ ചെന്നിരുന്ന് കാപ്പി കുടിക്കുമ്പോള്‍ അവി ഫോണിലാണ്..അവള്‍ പുറത്തേക്ക് മിഴി പായിച്ചു...ഒരു ഓട്ടോയില്‍ മീരയും ചിമ്മുവും കണ്ണനും വന്നിറങ്ങുന്നു..മീര ഫോണില്‍ ആരോടോ സംസാരിക്കുകയാണ്..കണ്ണന്‍ റോഡ്‌ ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മീര അവനെ ചേര്‍ത്ത് പിടിക്കുകയാണ്..കണ്ണന്‍ വാശിയോടെ അവരെ ഉന്തി മാറ്റുന്നു...എന്തൊരു ചെക്കനാ ഇത് എന്ന് അരിശത്തോടെ ചിന്തിച്ച് അവിയോടു ഇപ്പൊ വരാം എന്ന് പറഞ്ഞ് അലേഖ്യ പുറത്തേക്കിറങ്ങി..മീരയുടെ കയ്യില്‍ നിന്ന് ചിമ്മുവിനെ വാങ്ങിച്ച് കണ്ണനോട് അടങ്ങി നില്‍ക്കാന്‍ മുഖം കൊണ്ട് സംജ്ഞ കാണിച്ച അലേഖ്യയോടു "നീ പോടീ" എന്നാണു അവന്‍ പ്രതികരിച്ചത്..മീര അസ്വസ്ഥയായി കാണപ്പെട്ടു..."വിനൂ, നീയെന്താ ഒന്നും മിണ്ടാത്തത്" എന്ന് അവര്‍ ഫോണിലൂടെ ചോദിക്കുകയാണ്..ചിമ്മുവാകട്ടെ പെട്ടെന്ന് അലേഖ്യയുടെ തോളോട്ടി കിടന്നു..കണ്ണുമടച്ച്...അലേഖ്യയ്ക്ക് എന്തോ ഒരു പന്തികേട്‌ തോന്നി..."ചേച്ചീ വാ, നമുക്ക് ആ കോഫീ ഷോപ്പില്‍ പോയി ഇരുന്നു സംസാരിക്കാം..റോഡില്‍ നില്‍ക്കണ്ട.." അലേഖ്യ മറുപടിക്ക് കാക്കാതെ മുന്നോട്ടു നടന്നു...മീര അവളെ അനുസരണയോടെ പിന്‍തുടര്‍ന്നു..

കോഫീ ഷോപ്പില്‍ അവിയ്ക്ക് മുഖം കൊണ്ട് മുന്നറിയിപ്പ് കൊടുത്തിട്ട് അവള്‍ മീരയ്ക്ക് നേരെ തിരിഞ്ഞതും മീരയുടെ ഫോണ്‍ ബെല്ലടിച്ചു..അതും മീര സംസാരിച്ചു കൊണ്ടിരിക്കെ..മീര ഫോണ്‍ അറ്റന്‍ഡ് ചെയ്തിട്ട് "അച്ഛാ, വിനു എന്നോട് സംസാരിക്കുന്നില്ല" എന്ന് പരാതി പറഞ്ഞു...പിന്നെ ഫോണ്‍ അലേഖ്യയുടെ നേര്‍ക്ക്‌ നീട്ടിയിട്ട് അച്ഛന് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു..അലേഖ്യ ഫോണ്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ കേട്ടത് ഒരു തകര്‍ന്നുടഞ്ഞ ശബ്ദമായിരുന്നു "മോളേ, നീ മീരയെ ഒന്ന് വീട്ടിലേക്ക് കൊണ്ട് പോകാമോ?? വിനോദിന് ആക്സിഡന്ടായി...അവന്‍ പോയി മോളെ..അവളെ ആരോ വിളിച്ചു പറഞ്ഞു...രാവിലെ എന്നോട് നല്ല ധൈര്യത്തില്‍ പറഞ്ഞു ഞങ്ങള്‍ ഉടന്‍ തിരിക്കുകയാണെന്ന്..എന്നിട്ട് അവള്‍ എവിടൊക്കെയോ അലഞ്ഞു നടക്കുവായിരുന്നു...അവളിപ്പോ പിച്ചും പേയും പറയുകയാ...ഞാന്‍ അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്..ഒരു അഞ്ചു മണിക്കൂര്‍ പിടിക്കും..അവളെയും കുഞ്ഞുങ്ങളെയും അത്രേം നേരത്തേക്ക് ഒന്ന് നോക്കാമോ???"
അലേഖ്യ കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചിരുന്നു..താന്‍ ഉറക്ക ക്ഷീണം കൊണ്ട് ഉണര്‍ന്നിരുന്നു സ്വപ്നം കാണുകയാണെന്ന് അവള്‍ വിചാരിച്ചു...കണ്ണന്‍ അപ്പോഴേക്കും കോള വേണം എന്ന് പറഞ്ഞു വഴക്കുണ്ടാക്കാന്‍ തുടങ്ങിയിരുന്നു..അവനു കോള വാങ്ങാന്‍ എന്ന മട്ടില്‍ കൌണ്ടറിലേക്ക് പോയി അവിടെ നിന്ന് ഞാന്‍ അവിയോടു കാര്യം അവതരിപ്പിച്ചു..കണ്ണന് രണ്ടു കുപ്പി കോള വാങ്ങി നല്‍കി മീരയെ തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ അപ്പോഴും ഫോണിലാണ്: "എന്നോട് മിണ്ടു വിനൂ" എന്നും പറഞ്ഞ്..
അടുത്ത അഞ്ചു മണിക്കൂര്‍ അലേഖ്യ ഒരിക്കലും മറക്കില്ല...മീരയെ ഒരു കൊച്ചു കുഞ്ഞിനെ എന്ന വണ്ണം ചേര്‍ത്ത് പിടിച്ച് അവള്‍ കാറില്‍ കയറ്റി..ചിമ്മു അവളോടൊട്ടി കിടന്നു..കണ്ണനെ കാറില്‍ കയറ്റാന്‍ അവി പാടുപെട്ടു..അവന് സര്‍ക്കസ് കാണാന്‍ പോവണമത്രേ..ഒടുവില്‍ എങ്ങനെയൊക്കെയോ വീട്ടില്‍ വന്നിറങ്ങി മീരയെ കട്ടിലിലേക്ക് കിടത്തി..കണ്ണന്‍ ടാങ്ക് കലക്കണം എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി..ചിമ്മു എന്റെ മുഖത്തേക്ക് നോക്കി "ശൂ" എന്ന് പറഞ്ഞു...അവളുടെ മുഖത്ത്അന്ന് കണ്ട നിസ്സഹായ അവസ്ഥ ഇനി ഒരു കുഞ്ഞിന്റെ മുഖത്തും കാണാന്‍ ഇട വരുത്തരുതേ എന്ന് അലേഖ്യ പിന്നീടെന്നും പ്രാര്തിക്കുമായിരുന്നു..അവളെ മൂത്രമൊഴിപ്പിക്കാന്‍ നോക്കുമ്പോള്‍ അവളുടെ നാപ്പിയും കവിഞ്ഞ് കാലു നിറയെ മൂത്രം ഒലിച്ചിറങ്ങിയിരിക്കുകയായിരുന്നു..അവള്‍ പേടിച്ചു വിറച്ചിരിക്കുകയാണ്..അച്ഛന്‍ പോയത് മനസിലാക്കാനുള്ള പ്രായമായിട്ടില്ലത്ത ഒരു കുഞ്ഞ്, അമ്മയ്ക്കെന്താ പറ്റിയത് എന്ന് അറിയാതെ മുഖം മുഴുവന്‍ വേദനയും ഭീതിയുമായിരിക്കുകയാണ്..കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച് അലേഖ്യ പുറത്തിറങ്ങി വരുമ്പോള്‍ അവിയും കണ്ണനും വഴക്കിലാണ്..ടാങ്ക് എന്നും പറഞ്ഞ് അവന്‍ മാവ് കലക്കി അവന്റെ അമ്മയ്ക്ക് കുടിക്കാന്‍ കൊടുത്തു...അത് അവരുടെ കയ്യില്‍ നിന്നും അവി വാങ്ങി പുറത്തേക്ക് കളഞ്ഞു..കണ്ണന്‍ അവിയെ ഉപദ്രവിക്കാന്‍ തുടങ്ങി...ആറു വയസ്സുള്ള ഒരു ചെറുക്കന് ഇത്രേം അഹമ്മദിയോ.."മോനെ, വഴക്കുണ്ടാക്കല്ലേ" എന്നും പറഞ്ഞു സമാധാനിപ്പിക്കാന്‍ അലേഖ്യ അടുത്ത് ചെന്നപ്പോള്‍ അവിയോടുള്ള ദേഷ്യത്തിന് അവന്‍ അവളുടെ കയ്യിലിരുന്ന ചിമ്മുവിന്റെ കാലില്‍ കടിച്ചു..ചിമ്മു വേദനിച്ച് നിലവിളിച്ചു...അലേഖ്യയ്ക്ക് സഹിക്കാന്‍ പറ്റിയില്ല..അവള്‍ കണ്ണന്റെ കയ്യില്‍ ഒറ്റ അടി വച്ചു കൊടുത്തു..ആദ്യമായിട്ട് കിട്ടുന്ന അടി ആണെന്ന് തോന്നുന്നു..അവന്‍ അവിടെ കണ്ട സാധനങ്ങളൊക്കെ വാരി എറിയാന്‍ തുടങ്ങി..അലേഖ്യയും അവിയും ആകെ കുഴങ്ങി..
"എന്താ ഇവിടെ???" അത് മീരയുടെ ശബ്ദമായിരുന്നു...
കണ്ണന്‍ പ്ലേറ്റ് മാറ്റി: "അമ്മേ, ഇവര്‍ എന്നെ ഉപദ്രവിച്ചു.." അവന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി..
ഞാന്‍ കുറ്റബോധത്തോടെ മീരയെ നോക്കി
"ആരാ നിങ്ങള്‍?? എന്തിനാ എന്റെ വീട്ടില്‍ വന്നു എന്റെ കുട്ടിയെ തല്ലിയത്???" മീര മതിഭ്രമം ബാധിച്ചവളെ പോലെ ഉറഞ്ഞു തുള്ളി...
ഇനി ഇത് കയ്യില്‍ നില്‍ക്കില്ല എന്ന് ബോധ്യമായ
അവിനാഷ് അയല്‍പ്പക്കക്കാരെയൊക്കെ വിളിച്ചു കാര്യം പറഞ്ഞു...കുറച്ചു പേര്‍ വന്നു വീടിനു പുറത്ത് സിറ്റ് ഔട്ടില്‍ ഇരുന്നു..അച്ഛന്‍ ഇടയ്ക്കിടെ വിളിക്കുന്നുണ്ടായിരുന്നു..മീരയുടെ ഒരു അധ്യാപികയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഇന്സ്ടിട്യൂഷനില്‍ നിന്ന് ഒരു നേഴ്സിനെ കൂട്ടി വന്നു...അവര്‍ മീരയെ സമാധാനിപ്പിച്ച് കട്ടിലില്‍ കിടത്തി സെഡേഷന്‍ നല്‍കി..കണ്ണന്‍ അവരെ എല്ലാം തട്ടി മാറ്റി മീരയെ ഉറങ്ങാന്‍ അനുവദിക്കാതെ ശല്യം ചെയ്തു കൊണ്ടേയിരുന്നു..ചിമ്മുവിനു എന്തെങ്കിലും കൊടുക്കണം എന്ന് പറഞ്ഞ് അലേഖ്യ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി..പെട്ടെന്ന് കണ്ണില്‍ കണ്ട ഒരു ചോക്കളേറ്റ് കൊടുത്തപ്പോള്‍ അവള്‍ പിടിച്ചു വാങ്ങി ആര്‍ത്തിയോടെ കഴിച്ചു..തനിക്ക് കണ്ണന്റെ ഭ്രാന്ത്‌ കാണാന്‍ വയ്യ...ആണുങ്ങള്‍ ആരെങ്കിലും അവനെ ഒന്ന് അടക്കട്ടെ..കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളാവുക എന്ന് പറയുന്നത് എത്ര സത്യമാണ്, അലേഖ്യ ചിന്തിച്ചു...അവള്‍ വാരി വാരി കൊടുത്ത ഭക്ഷണം മുഴുവന്‍ ചിമ്മു കഴിച്ചു...ചിമ്മു ഒരിക്കല്‍ പോലും മിണ്ടിയില്ല..അവള്‍ ഷോക്കിലാണ് എന്ന് തോന്നി..കാര്‍ട്ടൂണ്‍ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ മാത്രം അലെഖ്യയുടെ മുഖത്തേക്ക് ഒന്ന് നോക്കി അവളുടെ നെഞ്ചില്‍ ചേര്‍ന്ന് കിടന്നുറങ്ങി..രാത്രിയിലെപ്പോഴോ അച്ഛന്‍ വന്ന് അവരെ കൂട്ടി കൊണ്ട് പോയി..പിന്നെ മീരയും ചിമ്മുവും അലേഖ്യയുടെ ഓര്‍മകളില്‍ മാത്രം ബാക്കിയായി..
---------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു...

ഹൌസിംഗ് കോളനിയിലെ പാര്‍ക്കില്‍ ഊഞ്ഞാലാടുന്ന ഒരു പെണ്‍കുട്ടി..അവള്‍ ഊഞ്ഞാലിനോട് ദേഷ്യം തീര്‍ക്കുന്ന പോലെ തോന്നി.."ആട്ടി തരട്ടെ??" കുട്ടികളുടെ മുഖത്ത് സന്തോഷം വിരിയിക്കുന്ന ആ ചോദ്യവുമായി അലേഖ്യ അവള്‍ക്കടുത്തു ചെന്നു...അവള്‍ ദേഷ്യത്തോടെ നോക്കി ഊഞ്ഞാലില്‍ നിന്നിറങ്ങി ഒരു ബഞ്ചിലേക്ക് പോയിരുന്നു...അവിടെ പരിചിതയായ ഒരു സ്ത്രീ...മീര!!! മുറിച്ച മുടിയും പുതിയ വേഷ വിധാനവും കൊണ്ട് പെട്ടെന്ന് ആളെ മനസിലായില്ല..അടുത്ത് ചെന്നപ്പോള്‍ പിശുക്കി പിശുക്കി അവര്‍ സംസാരിച്ചു ...അവര്‍ പഠനം തുടരാന്‍ എത്തിയതാണ് എന്ന് മാത്രം മനസിലായി...
ലോകത്തോട്‌ മുഴുവന്‍ ദേഷ്യം നിറഞ്ഞ മുഖവുമായിരിക്കുന്ന ആ പെണ്‍കുട്ടി തന്റെ ചിമ്മുവാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അലേഖ്യയ്ക്ക് ഹൃദയം പിടഞ്ഞു.."അവള്‍ എന്നെന്നേക്കുമായി ചിരിക്കാന്‍ മറന്നു പോയിട്ടുണ്ടാവല്ലേ" എന്ന് മനസ്സില്‍ കരഞ്ഞു പ്രാര്‍തിച്ചു കൊണ്ട് അലേഖ്യ വീട്ടിലേക്ക് നടന്നു..