Saturday, 6 June 2015

ആധുനികകാല കവിത, മധ്യകാല കവിത എന്നൊന്നും എന്നോട് പറഞ്ഞേക്കല്ല്...ചെലപ്പം ഞാനൊരു രക്ത രക്ഷസ് ആയി മാറിയേക്കാം..അച്ഛന്‍ പുസ്തക പ്രസാധകനായത് കൊണ്ട് വീട്ടില്‍ പുസ്തകങ്ങള്‍ക്ക് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല..അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഞാന്‍ എം.മുകുന്ദനെ വായിച്ചു തുടങ്ങി...അന്നത്തെ ഹിറ്റ് കേശവന്റെ വിലാപങ്ങളില്‍ തുടങ്ങിയതാണ്‌..പിന്നെ മുകുന്ദനെ പരിചയപ്പെട്ടു..ഒരു കൊച്ചു കുട്ടി തന്റെ പുസ്തകം വായിക്കുന്നുവെന്നോ എന്ന് അദ്ദേഹം അത്ഭുതം കൂറി..മുകുന്ദാ എന്ന് പേര് വിളിച്ചതിനു അമ്മ വഴക്കു പറഞ്ഞുവെങ്കിലും എനിക്ക് മുകുന്ദനെ വല്ലാതെ ഇഷ്ടായി.. മുകുന്ദനെ പിന്നെ മുകുന്ദാ എന്നല്ലാതെ എന്താ വിളിക്കുക?? ഞാന്‍ മുകുന്ദന്‍ ഫാനായി...

മൊയ് ചങ്ക് ഡാഡ് ആന്‍ഡ് മോം മകള്‍ ബുദ്ധിജീവി ആയിക്കൊണ്ടിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന സമയം...ശിവകാശിയിലെ ഓഫീസില്‍ പോയി വരുമ്പോള്‍ അച്ഛന്‍ സ്ഥിരം കുറേ സ്വീട്സ് വാങ്ങി കൊണ്ട് വരും..അത് കഴിക്കുക പുസ്തകം വായിക്കുക, അല്ലെങ്കില്‍ പുസ്തകം വായിക്കുക അത് കഴിക്കുക..ഇനി സ്വീട്സ് തീര്‍ന്നാല്‍ ശര്‍ക്കര...അങ്ങനെ മാധവിക്കുട്ടി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികളൊക്കെ ഒരുവിധം വായിച്ച് തീരാറായി...

അങ്ങനെ പോകെ പോകെ പ്രതീക്ഷയ്ക്കു വിപരീതമായി ഞാന്‍ ഒരു അത്യാവശ്യം പൈങ്കിളിയായി രൂപപ്പെട്ടു വന്നു..അമ്മൂമ്മമാര്‍ക്കൊപ്പം സീരിയല്‍ കാണല്‍, പകല്‍ സ്വപ്‌നങ്ങള്‍, വായിയ്ക്കുന്നതൊക്കെ ക്ലാസ് ഇന്റെര്‍വല്ലിനു കൂട്ടുകാരോട് അവതരിപ്പിച്ചു കാണിക്കല്‍, സിനിമ, അനിയന്റെ ഭാവി സിനിമാ പദ്ധതികളെ പറ്റി അവന്‍ വാ തോരാതെ സംസാരിക്കുമ്പോള്‍ എന്നെ അതിലെ നായികയാക്കുമോ എന്ന കെഞ്ചല്‍, കിണറ്റു വക്കിലിരുന്നു മാധ്യമ പ്രവര്ത്തകരോടുള്ള സാങ്കല്‍പ്പിക ഇന്റര്‍വ്യൂ (ഞാന്‍ മിന്നിത്തിളങ്ങുന്ന ഒരു സിനിമാ താരമാണ്)..

അങ്ങനെ ജീവിച്ചു പോകെ അശനിപാതം പോലെ ആ രണ്ടു പുസ്തകങ്ങള്‍ അച്ഛന്‍ കൊണ്ട് വന്നു..ആധുനികകാല കവിത, മധ്യകാല കവിത കംപൈലേഷന്‍സ്...
ഒന്നാമത് എനിക്ക് ആധുനിക കവിതകള്‍ വായിക്കുന്നത് ഇഷ്ടമല്ല..രണ്ടാമത് അതിലെ ഒരു കവിയേയും എനിക്ക് അറിയില്ല..

"നീ കവിത എഴുത്ത് മാത്രമേ ഉള്ളൂ...അത് ശരിയല്ല...ധാരാളം കവിത വായിക്കണം.." അച്ഛന്റെ ഉപദേശം..

അന്ന് ഇന്നത് ഇഷ്ടമാണ് ഇന്നത് ഇഷ്ടമല്ല എന്നൊന്നും പറയാത്ത പാവം കുട്ടിയായിരുന്നു ഞാന്‍..എങ്കിലും പറഞ്ഞു "ഞാന്‍ നോവലൊക്കെ വായിക്കുന്നുണ്ട്"...

"നീ ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ??" അച്ഛന്‍ വിടുന്ന മട്ടില്ല..

"അതിവിടെ ഇല്ലല്ലോ" എന്ന് ഞാന്‍...

"ഇവിടെ ധര്‍മപുരാണം ഇരിപ്പില്ലേ...അത് വായിച്ചോ??ഖസാക്ക് വേണമെന്ന് പറഞ്ഞിരുന്നേല്‍ ഞാന്‍ അപ്പൊ വാങ്ങി തന്നേനെ...ഈയിടെ ആയിട്ട് കുക്കു ഏതോ സ്വപ്നലോകത്താ ജീവിക്കുന്നെ...
നിനക്ക് ഓ.വി.വിജയനെ നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്...അദ്ദേഹത്തിന്റെ വീട്ടില്‍ നമ്മള്‍ പോയി താമസിച്ചിട്ടുണ്ട്..ഉഷയാന്റിയുടെ ബ്രദര്‍, ഓര്‍മയില്ലേ??...നിന്റെ പ്രായത്തിലുള്ള ഏതു കുട്ടിക്ക് ഈ ഭാഗ്യമുണ്ടാകും??" അച്ഛന്‍ മുഖം വീര്‍പ്പിച്ചു പോയി...

"ധര്‍മ പുരാണം ...ആ തീട്ട നോവല്‍..ഹും.." ഞാന്‍ മനസ്സില്‍ പറഞ്ഞു...എന്തോ നല്ല ഭക്ഷണവും കയ്യിലെടുത്താണ് അത് വായിക്കാന്‍ തുടങ്ങിയത്..."തൂറാന്‍ മുട്ടി" എന്ന, അന്ന് വരെയുള്ള എന്റെ ജീവിതത്തിലെ ഏറ്റവും അശ്ലീലമായ പദം കാരണം വായനയും കഴിപ്പും നിര്‍ത്തി അന്ന് ഉപേക്ഷിച്ചതാണ് ഓ.വി.വിജയനെ...(മുകുന്ദന്റെ അശ്ലീലങ്ങള്‍ മനസ്സിലാകാനുള്ള പ്രായമായിട്ടില്ലായിരുന്നു അന്ന്)...അച്ഛനു ഇങ്ങനൊക്കെ പറയാന്‍ നാണമില്ലല്ലോ..ചിറ്റൂരെ വീട്ടില്‍ കണ്ട മെലിഞ്ഞ, ആരോടും മിണ്ടാത്ത ആളാണോ ഇത് എഴുതിയത്??ഏയ്‌, ആവില്ല..ഞാന്‍ ആശ്വസിച്ചു.. മാത്രമല്ല സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് ഖസാക്ക് എടുത്ത് വായിച്ച് ഇഷ്ടപ്പെടാതെ നിര്‍ത്തിയ വിവരം ഞാന്‍ പരമ രഹസ്യമാക്കി വച്ചു..

അന്ന് തുടങ്ങിയതാണ്‌ എന്റെ തലവേദന...ചന്തുവുമായി അടികൂടിയാല്‍, പഠിക്കാതെ ഇരുന്നാല്‍, രാവിലെ എണീക്കാതെ ഇരുന്നാല്‍ അങ്ങനെ എന്തിനും ഏതിനും അച്ഛന്‍ റിയാക്റ്റ്‌ ചെയ്യുന്നത് ഇങ്ങനെയായിരുന്നു.. "നിനക്ക് നാണമില്ലേ കുക്കൂ???എപ്പോഴും കുട്ടിക്കളി..എന്തിന്, ഞാന്‍ കൊണ്ട് തന്ന ആധുനികകാല കവിതയും, മധ്യകാല കവിതയും നീ ഇതുവരെ തൊട്ടു നോക്കിയില്ല..പത്രമെങ്കിലും വായിച്ചൂടെ??"

"ഞാന്‍ പത്രം വായിക്കാറുണ്ട്", അപമാനിതയായി ഞാന്‍ പറഞ്ഞു..

"എന്നാല്‍ പറയ്‌ കേരള നിയമസഭയില്‍ എത്ര അംഗങ്ങളുണ്ട്??"

ഞാന്‍ വീണ്ടും അപമാനിതയായി തല താഴ്ത്തും..

അച്ഛന്‍ വിടുന്ന മട്ടില്ല, "കാവ്യാ മാധവന്റെ ആദ്യത്തെ സിനിമ ഏതാണ്??"

ഞാന്‍ പെട്ടെന്ന് സന്തോഷത്തോടെ, "ചന്ദ്രനുദിക്കുന്ന ദിക്കില്‍..പണ്ട് അഴകിയ രാവണനില്‍ അഭിനയിച്ചിട്ടുണ്ട്" എന്ന് നിഷ്കളങ്കമായി പറയും..

അച്ഛന്‍ ജ്വലിക്കും.."അതേ, നിനക്ക് കണ്ട സിനിമാക്കാര്യങ്ങള്‍ മുഴുവന്‍ അറിയാം..GKയും ഇല്ല, അതിലൊന്നും ഒട്ടു താത്പര്യവുമില്ല.."

സങ്കടത്തോടെ, ആധുനിക മധ്യകാല ഡാഷ്കളെ ശപിച്ചു കൊണ്ട് ഞാന്‍ പുസ്തക അലമാരിക്ക് നേരെ നീങ്ങും..

അങ്ങനെയിരിക്കെ അമ്മൂമ്മയുടെ കാഴ്ച മങ്ങുന്നത് കൊണ്ടും, ടി.വി.സീരിയല്‍ കാണുന്നത് കുറയ്ക്കാനും വേണ്ടി അച്ചന്‍ മനോരമ വീക്കിലി വാങ്ങിച്ചു കൊണ്ട് വരാന്‍ തുടങ്ങി..ഞാന്‍ അതില്‍ തൊടാന്‍ പാടില്ലെന്ന് അമ്മ ശഠിച്ചു..പിന്നെ പിന്നെ, ഫലിത ബിന്ദുക്കളും നടിമാരുടെ അഭിമുഖങ്ങളും വായിക്കാന്‍ അനുവദിച്ചു..ആധുനിക-മധ്യകാല കവിതകള്‍ എന്റെ ജീവിതത്തെ നശിപ്പിച്ച പ്രതികാരത്തില്‍ ഞാന്‍ ഒളിച്ചൊരു നോവല്‍ വായിക്കാന്‍ തുടങ്ങി..അച്ചനുംഅമ്മയും അറിയാതെ ചെയ്യുന്ന ആദ്യത്തെ കാര്യമാണ്...പാപബോധം എന്നെ വേട്ടയാടി..അന്ന് വായിച്ചത് കുട്ടിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതികളെ കുറിച്ചുള്ള ഒരു നോവലാണ്‌..എന്ത് രസം...എത്ര സിമ്പിള്‍...ആന്റിയ്ക്ക് കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് ഓരോ വരിയും വേദനിച്ചാണ് ഞാന്‍ വായിച്ചത്..

അങ്ങനെ ആധുനികകാല-മധ്യകാല കവിതാ പുസ്തകങ്ങള്‍ക്കിടയില്‍ മനോരമ മടക്കി വച്ച് ഞാന്‍ ആസ്വദിച്ചു വായിച്ചു..അച്ഛനും അമ്മയും മകള്‍ക്ക് പക്വതയായല്ലോ എന്ന് സമാധാനിച്ചു.. അങ്ങനെ വായന ജോയ്സിയിലേക്കും മംഗളോദയത്തിലേക്കുമൊക്കെ നീണ്ടു...ഒരിക്കല്‍ മീസില്‍സ് പിടിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ എന്നെ കാണാന്‍ കുറെ തദ്ദേശവാസികളായ കവികള്‍ വന്നു..ഇവിടേം സമാധാനം തരത്തില്ലല്ലോ ഇവന്മാര്‍ എന്നോര്‍ത്ത് ഞാന്‍ അരമണിക്കൂര്‍ ബോധക്ഷയം അഭിനയിച്ചു..പാവയെ വാങ്ങാന്‍ പോയ എന്നോട് "കവയത്രി പാവെ വാങ്ങാന്‍ നിക്കുന്നോ, ഹൂ ഹൂ" എന്ന് സലിം കുമാര്‍ സ്റ്റൈലില്‍ പറഞ്ഞു വെറുപ്പിച്ച വേറൊരു ഊശാന്‍ താടി "ഇപ്പൊ എന്താ എഴുതാറ്?" എന്ന് ചോദിച്ചപ്പോള്‍ "കണ്ണ്" എന്ന് പറയാനുള്ള ആര്‍ജവം കാണിച്ചു...

മുതിര്‍ന്നപ്പോള്‍ അച്ഛന്റെം അമ്മേടേം മുന്നില്‍ വച്ച് ആധികാരികമായി മനോരമ വായിച്ച് തുടങ്ങി.."എനിക്ക് പൈങ്കിളി ഇഷ്ടാണ്, ബികോസ് അയാമെ പൈങ്കിളി" എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു..വെറുത്ത് വെറുത്ത് വലുതാകും തോറും കവിതകളെ സ്നേഹിച്ചു തുടങ്ങി..കവിതാ പുസ്തകങ്ങള്‍ വാങ്ങാന്‍ ഡല്‍ഹിയിലെ പുസ്തക മേളകളില്‍ പോയി തുടങ്ങി..കേരള വര്‍മ്മയിലെ ഒരു ക്യാമ്പില്‍ വച്ച് ചുള്ളിക്കാടിനെ പരിചയപ്പെട്ടത് പറയാന്‍ ഓടിയെത്തുമ്പോഴേക്കും അച്ഛനെ ക്യാന്‍സര്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരുന്നു..."ഞാന്‍ പുതിയ ഒരു കവിത എഴുതി അമ്മേ, അച്ഛനൊന്നു ഫോണ്‍ കൊടുക്കാമോ?? അല്ലേല്‍ അമ്മ ഒന്ന് കേള്‍ക്കാമോ??" എന്ന് ചോദിക്കുമ്പോള്‍ "അച്ഛനു സംസാരിക്കാന്‍ വയ്യ, ഞാന്‍ പിന്നെ വിളിക്കാം" എന്ന് കേട്ട് തുടങ്ങി..

ജീവനോടെ അവസാനമായി അച്ഛനെ കാണുന്നത് എസ്.യു.ടി.യില്‍ നിന്ന് രാവിലത്തെ ട്രയിന് കോഴിക്കോട്ടേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ്..ഞാന്‍ ആനന്ദധാര ചൊല്ലി..അച്ഛന്‍ തന്ന ഉമ്മക്കൊപ്പം മുഖത്ത് പറ്റിയ മരുന്ന് തുടച്ചു കളഞ്ഞ് ഞാനിറങ്ങിയപ്പോള്‍ അതെനിക്ക് ഈ ജന്മത്തില്‍ കിട്ടാന്‍ പോകുന്ന അവസാന പിതൃ ചുംബനമായിരുന്നെന്നു അറിയില്ലായിരുന്നു.."എന്റെ മോളൊരു ജീനിയസ്സാണ്" എന്ന് അബോധാവസ്ഥയില്‍ പറഞ്ഞ് മറഞ്ഞു പോയി അച്ഛന്‍...
പിന്നെ എന്റെ കവിതകള്‍ കേള്‍ക്കാന്‍ ആരും ഉണ്ടായിട്ടില്ല..ഞാന്‍ വായിച്ച പുസ്തകങ്ങളെ പറ്റി പറയാന്‍, എന്നോട് ഇന്നത് വായിക്കൂ എന്ന് ആജ്ഞാപിക്കുമ്പോള്‍ കിണ്ങ്ങാന്‍ ഇന്നൊരു വലിയ ശൂന്യതയാണ് മുന്നിലുള്ളത്..
ആ ആധുനികകാല മധ്യകാല കവിതാ പുസ്തകങ്ങള്‍ അമ്മ ആര്‍ക്കോ എടുത്തു കൊടുത്തു...ഹോം ലൈബ്രറി ശൂന്യമായി..ഞാന്‍ എന്റെ ഗവേഷണ വായനയിലേക്ക് ചുരുങ്ങി..
"കാലമിനിയുമുരുളും, വിഷു വരും വര്ഷം വരും തിരുവോണം വരും, പിന്നെയോരോ തളിരിലും പൂവരും കായ് വരും...അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം..."