Monday, 27 October 2014

സർപ്രൈസ്!!! സർപ്രൈസ്!!!എന്റെ ജീവിതത്തിലെ ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്നമുണ്ട്..

അതിതാകുന്നു..

ഒരു ദിവസം നിനച്ചിരിക്കാതെ കതവിൽ ഒരു മുട്ട്..തുറന്നു നോക്കുമ്പോൾ ഒരു ഫ്ലിപ്കാർട്ടേ..ട്ടൻ...അതാ എനിക്കൊരു സർപ്രൈസ് പാഴ്സൽ!!! അത് കയ്യിൽ വാങ്ങി അങ്ങേരു തരുന്ന പ്രമാണ പത്രത്തിൽ ഒപ്പുമിട്ടു കൊടുത്ത് കതകടച്ച് മുറിയിൽ കയറി നെഞ്ചിടിപ്പോടെ അത് തുറക്കുമ്പോൾ കുറെ പുസ്തകങ്ങൾ.. ഹോ...
ഈ സ്വപ്നം ഞാൻ മാസത്തിൽ അഞ്ചു തവണ വീതം എന്റെ മിസ്റ്റർ. നിയതിയോട് പറയും.."ഞാനിവൾക്കൊരു സർപ്രൈസ് ഗിഫ്റ്റ് പോലും വാങ്ങി കൊടുത്തില്ലല്ലോ" എന്നോർത്ത് കുറ്റബോധം കൊണ്ട് നീറി അപ്പൊ തന്നെ ഫ്ലിപ്കാർട്ടിൽ സൈൻ ഇൻ ചെയ്തു കയറുമെന്ന് ഞാൻ കരുതിയ സഹധർമ്മണൻ അപ്പൊ കൂളായി.."എടീ, നിനക്ക് ഏത് ബുക്ക്‌ വേണം?? പറ..ഞാനതിന്റെ പി.ഡി.എഫ് ഇപ്പ തന്നെ ഇ-ബുക്ക് റീഡറിലിട്ടു തരാം.."

ഹും..പിന്നേ..ആർക്കു വേണം പി.ഡി.എഫ്?? എനിക്ക് ഒരു പുസ്തകം പുസ്തകമായി തന്നെ വേണം..അതും സർപ്രൈസ്..അത് തുറക്കുമ്പോഴുള്ള മഷി മണം, ആദ്യത്തെ പേജിൽ പേരെഴുതി അതിനെ എന്റെതാക്കുന്ന സുഖം..തിരിഞ്ഞും മറിഞ്ഞും കിടന്നുള്ള വായന..കൂടെ കിടത്തിയുള്ള ഉറക്കം..ഒരു പുസ്തക പ്രസാധകന്റെ മോളോട് എങ്ങനെ ഇത് പറയാൻ തോന്നി എന്ന ഭാവത്തോടെ ഞാൻ തിരിഞ്ഞു നടന്നിട്ട് സ്വയം പറയും "ഹും..ഉറങ്ങാൻ കിടക്കുമ്പോ ഒരു ബെഡ് ടൈം സ്റ്റോറി  പറഞ്ഞു തരാൻ പറയുമ്പോ അതീന്നു രക്ഷപെടാൻ യൂ ടൂബീന്നു കുഞ്ഞികഥകൾ ഡൌണ്‍ലോഡ്  ചെയ്ത് വെച്ച് ഇയർ ഫോണീ കൂടെ കേൾപ്പിക്കുന്ന മഹാനല്ലേ നീ..നിന്നോടിതു പറഞ്ഞ എന്നെ വേണം തല്ലാൻ.."

എന്തായാലും എന്റെ പ്രാർത്ഥന ഓണ്‍ലൈൻ തമ്പുരാൻ കേട്ടു..ഒരു ദിവസം നട്ടുച്ചക്കു ഒരു ഫ്ലിപ്കാർട്ടേട്ടൻ എന്റെ വാതിലിൽ മുട്ടി..സർപ്രൈസ്!!! സർപ്രൈസ്!!!..ഞാൻ കതകു തുറന്നു..സാമാന്യം വലിപ്പമുള്ള ഒരു പാഴ്സൽ..."ഹോ..എത്ര ബുക്ക് കാണും?? ഇനി ബുക്ക് തന്നെ അല്ലെ??"
ഇമ്മാതിരി, 'അപ്പം തിന്നാൽ പോര കുഴിയും എണ്ണണം' എന്ന വാശിയോടെ "പേടിക്കണ്ട, ഇങ്ങു തന്നോളൂ" എന്ന മുഖഭാവവുമായി ഞാൻ നിൽക്കുമ്പോൾ   പാഴ്സൽ  കയ്യിൽ വെച്ചു തന്ന് അയാൾ പറഞ്ഞു.."അപ്പുറത്തെ വീട്ടിലെ മാടത്തിന്റെയാ..അവരവിടില്ല..ഇവിടെ തരാൻ പറഞ്ഞു.."..

തകർന്നു തരിപ്പണമായ ഹൃദയത്തോടെ ഞാൻ അത് ഏറ്റു വാങ്ങി..പിന്നെ ഒട്ടും വൈകിയില്ല..ഞാൻ വീടും പൂട്ടി പുറത്തിറങ്ങി ഒറ്റ നടപ്പ്..ആദ്യം കണ്ട ബുക്ക് ഷോപ്പിൽ കേറി ആദ്യം കണ്ട "ഹാഫ് ഗേൾഫ്രണ്ടും" വാങ്ങി (ഓ പിന്നേ, നൂറ്റി നാല്പ്പത്തി അഞ്ചു രൂപക്ക് ക്ലാസ്സിക് എടുത്തു വച്ചിരിക്കുന്നു അവിടെ) തിരിച്ചു വന്നു..  

രാത്രി കെട്ടിയോൻ: "ഇതായിരുന്നോ..??ഇത് നേരത്തെ തന്നെ അങ്ങ് വാങ്ങിച്ചാ പോരാരുന്നോ??"
ഞാൻ: "അല്ല, ഞാനൊരു സർപ്രൈസിനു കാത്തിരുന്നതാ... ഉച്ചക്കതു ആവശ്യത്തിനു കിട്ടി.."

വാൽകഷണം: ഞാൻ സെന്റിയടിച്ച് ആർക്കെങ്കിലും വെളിവ് കേടു തോന്നി വല്ല പുസ്തകവും വാങ്ങിച്ച് ഇങ്ങോട്ടേക്കു അയച്ചു തരീപ്പിക്കാനുള്ള സൈകൊളജിക്കൾ മൂവാണിത് എന്ന് ശത്രുക്കൾ പറഞ്ഞു പരത്തിയാൽ എനിക്ക് മറുപടി ഉണ്ട്..  "അതിനു ഞാനെന്റെ അഡ്രസ്സ് തന്നിട്ടില്ലല്ലോ..." :PSunday, 26 October 2014

മാന്ഗല്യം തന്തു നാനെനാ..പിന്നെ ജീവിതം.......
 


സീൻ ഒന്ന്

കുട്ടികൾക്കായി കോവളത്ത് വച്ചൊരു ക്യാമ്പ്..ക്യാമ്പിന്നവസാനം സെലക്റ്റ് ചെയ്ത മൂന്നു കുട്ടികളെ അതിൽ നിന്ന് ബെസ്റ്റ് ക്യാമ്പറെ തിരഞ്ഞെടുക്കാൻ വേണ്ടി ഇന്റെർവ്യൂ ചെയ്യാൻ വിളിച്ചിരുത്തിയിരിക്കുന്നു..അതിൽ രണ്ടായി മുടി പിന്നിയിട്ട, അധികം ആരോടും സംസാരിക്കാത്ത, ഗൌരവക്കാരിയായ ഒരു പെണ്‍കുട്ടിയും വാ തുറന്നാൽ പിന്നെ അടച്ചു വയ്ക്കാത്ത എപ്പോഴും ചിരിക്കുന്ന നീണ്ടു മെലിഞ്ഞ ഒരു ആണ്‍കുട്ടിയും പിന്നെ മറ്റൊരു അജ്ഞാതനും ഉണ്ട്..ഇന്റെർവ്യൂനു കയറി പോകും മുൻപ് ആണ്‍കുട്ടി ആ പെണ്‍കുട്ടിയെ തിരിഞ്ഞു നോക്കുന്നു...അവൾ ചിരിക്കാതെ മറ്റെന്തിലോ മുഴുകി ഇരിക്കുകയാണ്..

സീൻ രണ്ട്

ഇന്ത്യൻ പ്രസിടന്റ്റ് അബ്ദുൽ കലാം എറണാകുളത്ത് ലെ മെരിടിയനിൽ വച്ച് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള കുട്ടികളോട് സംസാരിക്കുന്നു..കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച കുട്ടികൾ ഒരുമിച്ച് ഒരു ബസിലാണ് വന്നത്..തിരിച്ചും പോകും വഴി, മുകളിൽ പറഞ്ഞ പെണ്‍കുട്ടിയുടെ അച്ചനും മുകളിൽ പറഞ്ഞ ആണ്‍കുട്ടിയും "അശ്വമേധം" കളിക്കുന്നു..പെണ്‍കുട്ടി അപ്പോഴും വഴിയോര കാഴ്ചകളിൽ കണ്ണ് നട്ടങ്ങനെ..

സീൻ മൂന്ന്

പെണ്‍കുട്ടിയെ ഇന്റെർവ്യൂ ചെയ്യാൻ ഒരു മാഗസിൻ റിപ്പോർട്ടർ എത്തുന്നു..തങ്ങൾ എല്ലാ ലക്കവും ഒരു ബാല പ്രതിഭയെ കുറിച്ച് എഴുതാരുണ്ടെന്നും കഴിഞ്ഞ ലക്കത്തിൽ വന്നയാളുടെ ഇന്റെർവ്യൂ നോക്കൂ എന്നും പറഞ്ഞ് റിപ്പോർട്ടർ മാഗസിൻ പെണ്‍കുട്ടിയെ എല്പ്പിക്കുന്നു..അവൾ നോക്കുമ്പോൾ ആ ആണ്‍കുട്ടിയുടെ ഇന്റെർവ്യൂ..

സീൻ നാല്

അവിചാരിതമെങ്കിലും ആ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരേ വർഷം തന്നെ അതേ പ്രസിടന്റിന്റെ രണ്ടു വ്യത്യസ്ത പുരസ്കാരങ്ങൾ ലഭിക്കുന്നു..അവർ തമ്മിൽ കാണുന്നില്ല..

സീൻ അഞ്ച്

പെണ്‍കുട്ടി വളർന്നു ഒരുപാട് ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്ന ഒരുവളായി മാറിയിരുന്നു....ഒരു ദിവസം എഫ്.ബിയിൽ ഒരു ഫ്രെണ്ട് റിക്യസ്റ്റ്.."പണ്ട് ബാലജന സഖ്യത്തിൽ ഉണ്ടായിരുന്ന കുട്ടിയാണോ" എന്നും ചോദിച്ച്..അതെ എന്ന് മറുപടി അയക്കുകയും എന്നാൽ ഇദ്ദേഹത്തെ അത്ര ഓർമ കിട്ടുന്നില്ലല്ലോ എന്ന് വിചാരിച്ച് പയ്യന്റെ പ്രൊഫൈൽ നോക്കുകയും ചെയ്യുമ്പോൾ അത് ആ പഴയ ആണ്‍കുട്ടി..അങ്ങനെ അവർ നല്ല സുഹൃത്തുക്കളായി മാറുന്നു..

സീൻ ആറ്

പെണ്‍കുട്ടിയുടെ നാട്ടിൽ ഒരു ഡോക്യുമെന്റെഷനായി ആണ്‍കുട്ടി വരുന്നു..അവൾ അവനെ വീട്ടിലേക്കു ക്ഷണിച്ചു..ഉച്ചക്കു ശേഷം ഒരു കവിയരങ്ങിൽ പങ്കെടുക്കെണ്ടതുള്ളതിനാൽ അവൾ അതിനു പോകാൻ തയാറായി ഇരിക്കുകയാണ്..ആണ്‍കുട്ടി വരുന്നു..വീട്ടിൽ എല്ലാരോടും സൗഹൃദം പുതുക്കുന്നു..അമ്മയും അമ്മൂമ്മമാരും എല്ലാം വളരെ മതിപ്പോടെ പയ്യനോട് സംസാരിക്കുന്നു..പെണ്‍കുട്ടി കവിയരങ്ങ് ക്യാൻസൽ ചെയ്ത് ഒപ്പം കൂടുന്നു..വീടിന്റെ നടുത്തളത്തിൽ മഴ തകർത്തു പെയ്യുന്നു..

സീൻ ഏഴ്‌

പെണ്‍കുട്ടി തിയറ്ററിൽ സിനിമ കാണുകയാണ്...അപ്പൊ ആണ്‍കുട്ടിയുടെ മെസ്സേജ്..."സിനിമ കഴിഞ്ഞു വീട്ടിലെത്തിയാൽ എന്നെ ഒന്ന് വിളിക്കൂ"...

സീൻ എട്ട്

പാട്ട് കേട്ട് കുളിച്ചിറങ്ങി വരുമ്പോൾ ആണ്‍കുട്ടിയുടെ ഫോണ്‍..വർത്തമാനത്തിനിടയിൽ "ഇനി ജീവിത കാലം മുഴുവൻ എന്റെ ഒപ്പം കൂടുമോ" എന്ന ചോദ്യം..കാര്യം മനസ്സിലായെങ്കിലും പരിഭ്രമത്തിൽ പെണ്‍കുട്ടി "ഞാൻ നല്ല സുഹൃത്തല്ലേ..അത് മതി..അതിനപ്പുറമുള്ള കാര്യങ്ങൾ എനിക്ക് ഇപ്പൊ തീരുമാനിക്കാൻ പറ്റില്ല" എന്ന് പറയുന്നു..എങ്കിലും രാത്രി മുഴുവൻ അവൾ അങ്ങനെ ഒരു ബന്ധത്തിനെ പറ്റി മനസ്സിൽ ചിന്തിച്ചു നോക്കുന്നു..എനിക്ക് പ്രേമമുണ്ടോ പ്രേമമുണ്ടോ എന്ന് മനസ്സിൽ പലകുറി ചോദിച്ച് "ഹോ, ഇല്ല" എന്ന് ആശ്വസിക്കുമ്പോൾ ഇയർ ഫോണിൽ  "ഒരു ഗീതമെന്റെ മനസ്സിൽ വരുന്നുണ്ട്, നീ വരാതെങ്ങനെ മുഴുവനാകും??" എന്ന് വേണുഗോപാൽ പാടുന്നു..ഇത് ആ ആണ്‍കുട്ടി തനിക്കു തന്ന കവിതകളിൽ ഒന്നാണല്ലോ എന്നവൾ പകയ്ക്കുന്നു ..
രാത്രി രണ്ടു മണി...സാരമില്ല, അവൾ അവനു മെസേജ് അയക്കുന്നു "ഐ തിങ്ക്‌ ഇറ്റ്‌ ഈസ്‌ ആൻ യെസ്"...ഉടൻ അവൻ തിരിച്ചു വിളിക്കുന്നു..."ഞാൻ ഉറങ്ങിയിട്ടില്ല"..
"ഇപ്പൊ സംസാരിക്കാൻ പറ്റില്ല, നാളെ പകലാകട്ടെ" എന്ന് പറഞ്ഞ്  അവൾ ഉറക്കത്തിലേക്ക്..

സീൻ ഒൻപത്

"ആ പയ്യൻ കൊള്ളാം, ഇനി വല്ല പ്രേമവുമാണോ" എന്ന് അമ്മ കളിയാക്കുന്നു.."മം..അങ്ങനെ പറയുന്നു" എന്ന് അവൾ..ഞെട്ടുന്ന അമ്മ..കുഞ്ഞമ്മയും അമ്മൂമ്മയും ഒക്കെ പല തവണ കളിയാക്കുന്നു..കാര്യം പറയുമ്പോൾ അവരും ഞെട്ടുന്നു.."നീ എന്ത് പറഞ്ഞു??" എല്ലാവരും ചോദിക്കുന്നു..അവൾ "ഞാൻ ഒന്നും പറഞ്ഞില്ല" എന്ന് പറയുന്നു..

സീൻ പത്ത്

ആരുടെ ഫോണ്‍വന്നാലും വീട്ടുകാർ ജാഗരൂകരാകുന്നു..എന്നിട്ട് "ഏയ്‌ ഞാനീ വഴി വന്നപ്പോ വെറുതെ" എന്നാ ഭാവത്തിൽ കടന്നു പോകുന്നു..പെണ്‍കുട്ടി ആണ്‍കുട്ടിയോട് പറഞ്ഞു "അമ്മ ചോദിക്കുന്നു, എന്ത് പറയണം??"
"ഒന്നും പറയണ്ട, ഞാൻ വന്നു പറഞ്ഞോളാം"
ആണ്‍കുട്ടി ആ ഞായറാഴ്ച തന്നെ വീട്ടിൽ വന്നു കാര്യം അവതരിപ്പിക്കുന്നു...അമ്മയുമായി ഈ ബന്ധത്തിന്റെ ഗുണത്തെ പറ്റി രണ്ടു മണിക്കൂർ തർക്കിക്കുന്നു.. ഒടുവിൽ നിവൃത്തി ഇല്ലാതെ അമ്മ, "മോൻ വീട്ടിൽ സംസാരിച്ചു തീരുമാനിക്കൂ"..

സീൻ പതിനൊന്ന്

ഹോസ്പിറ്റലിൽ, അതും ഒരു ഗൈനകോളജി വാർഡിനു മുൻപിൽ വെച്ച് (ആകസ്മികം!!) പെണ്‍കുട്ടിയും ചെക്കപ്പിനു വന്ന ഭാവി അമ്മായി അമ്മയും സംഗമിക്കുന്നു.. അവർ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നു...സുഹൃത്തുക്കളെ പോലെ പിരിയുന്നു..പിരിയും മുൻപ് പപ്സ് വാങ്ങി തന്നിട്ട് അമ്മായി അമ്മ, "കുറച്ചൊക്കെ വണ്ണം വെക്കണ്ടേ??വല്ലതും നല്ലപോലെ കഴിക്കണം കേട്ടോ??"

സീൻ പന്ദ്രണ്ട്

കോളേജിൽ ഒരുമിച്ച് പഠിക്കുമ്പോൾ പ്രേമിക്കുന്നവരുണ്ട്..പക്ഷെ ഈ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രേമിച്ചിട്ട്, കാർന്നോമ്മാരെ ഒക്കെ അറിയിച്ചിട്ട് ഒരേ കോളേജിൽ പഠിക്കാൻ പോകുന്നു..കൊളെജല്ല, ഐ.ഐ.ടി ആണ്..അഡ്മിഷൻ കിട്ടിയാൽ കാർന്നൊമാർക്ക് വിട്ടല്ലേ പറ്റൂ..

സീൻ പതിമൂന്ന്

ഐ.ഐ.ടിയിലേക്ക്‌ കൊണ്ടാക്കാൻ വരുമ്പോൾ ഭാവി അമ്മായി അച്ചനെ പരിചയപ്പെടുന്നു..അങ്ങനെ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ട്രെയിൻ കയറുന്നു..

അപ്പോൾ സ്ക്രീനിൽ വലിയ അക്ഷരത്തിൽ എഴുതി കാണിക്കുന്നു...

"രണ്ടര വർഷങ്ങൾക്കു ശേഷം..."

സീൻ പതിനാല്

"ഇനി എന്താ എഴുതുന്നത്??" പെണ്‍കുട്ടിയുടെ മടിയിൽ വന്നു കിടന്നു കൊണ്ട് ആണ്‍കുട്ടി..
"നമ്മുടെ പ്രേമ കല്യാണ കഥ" സ്ക്രീനിൽ തന്നെ ശ്രദ്ധിച്ച് പെണ്‍കുട്ടി റ്റൈപ്പ് ചെയ്യുന്നു..
"അത് വേണോ"
"പിന്നല്ലാതെ"
"എങ്കി എഴുതീട്ട് പെട്ടെന്ന് വന്നു ആഹാരം കഴിക്ക്.." ആണ്‍കുട്ടി എണീറ്റ്‌ പോകുന്നു..
പിന്നെ അപ്പുറത്തെ മുറിയിൽ നിന്ന്..
"എടീ, എന്നെ ഫുൾ വായിച്ച് കേൾപ്പിച്ചിട്ടെ പോസ്ടാവേ.."
"പിന്നല്ലാതെ.." എന്നും പറഞ്ഞു ചിരിയടക്കി പെണ്‍കുട്ടി അത് തന്റെ ബ്ലോഗിൽ പോസ്റ്റുന്നു..
ന്റെ ബ്ലോഗിന്റെ കഥ

ഞാൻ ഈ ബ്ലോഗ്‌ എഴുതി തുടങ്ങിയത് വളരെ അവിചാരിതമായാണ്..

സംസാരം ആണ് എന്റെ ഫെവരിട്റ്റ് ഹോബി.. ചില വ്യക്തികളോട് ചില വിഷയങ്ങൾ സംസാരിച്ചിരുന്നാൽ സമയം പോകുന്നതേ അറിയില്ല..അതുപോലെ ഇത്തരം വർത്തമാനങ്ങളിൽ നിന്ന് കിട്ടുന്ന അറിവുകളും അനുഭവങ്ങളും അപാരമാണ്..പല നാടുകളിലുള്ള സുഹൃത്തുക്കൾ ഉണ്ടാകുമ്പോൾ നമ്മൾ അനുഭവങ്ങൾ പങ്കു വക്കുമ്പോൾ അത് പലപ്പോഴും നമ്മളെ തന്നെയുള്ള പുനർ വായന ആവുന്നു..അതുകൊണ്ട് തന്നെ ഞാൻ ഇത്തരം ലേസി ടോക്കുകളെ വില കുറച്ചു കാണാറില്ല..ഹോസ്റ്റൽ ലൈഫിന്റെ ഒരു പ്രത്യേകത തന്നെ രാത്രി മുഴുവൻ നമ്മൾ കൂട്ടുകാർക്കൊപ്പമാണ് എന്നതാണ്..

ഇവിടെ പലപ്പോഴും ബോറടിച്ച് ഇരിക്കുമ്പോൾ ഒരു പ്രചോദനത്തിനു വേണ്ടി പഴയ കൂട്ടുകാരോട് സംസാരിക്കണം എന്ന് തോന്നാറുണ്ട്..എന്നാൽ എല്ലാവരും അവരവരുടെ തിരക്കുകളിൽ ആകുമ്പോൾ ഒരുപാട് നേരം സംസാരിച്ചിരിക്കാൻ, പ്രത്യകിച്ച് ഫോണിൽ, എനിക്ക് തോന്നില്ല..(ഫോണ്‍സംഭാഷണം ഒട്ടുമിഷ്ടമല്ലാത്ത ആളാണ്‌ ഞാൻ)..അങ്ങനെ ഞാൻ എഴുതി തുടങ്ങി..അവരെ പറ്റിയും എന്നെ പറ്റിയും എന്റെ വീടിനെ പറ്റിയും ഒക്കെ..

പഴയ ചില സംഭവങ്ങളൊക്കെ ഓർക്കുമ്പോൾ രസം തോന്നും..അങ്ങനെ എന്തെങ്കിലുമൊക്കെ എഴുതാമെന്നു കരുതി..ഇത്തവണ നാട്ടിൽ പോയപ്പോൾ ഒരു വലിയ ബ്രേക്ക് വന്നു..തിരികെ വന്നു ഓരോ തിരക്കുകളിൽ പെട്ട് ഞാൻ ബ്ലോഗ്ഗിന്റെ കാര്യം തന്നെ അങ്ങ് മറന്നു വരികയായിരുന്നു..അപ്പോഴാണ്‌ "ഇനിയും എഴുതണം ബ്ലോഗ്‌ ഇഷ്ടമാണെന്ന്" ചിലർ പറയുന്നത്..അതെനിക്ക് വലിയ പ്രോത്സാഹനം ആയി; എഴുതാൻ മാത്രമല്ല, കൂടുതൽ ശ്രദ്ധിച്ച് എഴുതാനും..എന്നെ അറിയാത്ത ആളുകളും ബ്ലോഗ്‌ വായിക്കുന്നുണ്ടെന്നു അറിയുമ്പോൾ ഉള്ള എന്റെ സന്തോഷം ഞാൻ മറച്ചു പിടിക്കുന്നില്ല..

ഒരു കഥയോ കവിതയോ എഴുതുമ്പോൾ നമ്മുടെ ഭാവന അതിൽ വലിയ പങ്കു വഹിക്കും..എന്നാൽ ബ്ലോഗിൽ എന്റെ അനുഭവങ്ങളാണ് ഞാൻ കൂടുതലും എഴുതാറ്..അത് ഒരു കഴിവല്ല....എന്നിട്ടും ഞാൻ എഴുതുമ്പോൾ അതിനെ പറ്റി നല്ല വാക്ക് പറഞ്ഞവരോട്, തിരുത്തലുകൾ കാണിച്ചു തന്നവരോട് എല്ലാം നന്ദിയുണ്ട്..അധികം ആരും താഴെ കമന്റുകൾ എഴുതി കാണാറില്ല..അതുകൊണ്ട് തന്നെ എന്റെ സുഹൃത്തുക്കലല്ലാത്തവരെ എനിക്ക് പരിചയമില്ല..വിമർശനവും ഞാൻ ആഗ്രഹിക്കുന്നു..നിങ്ങളുടെ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു..

എന്ന് ഒരു ബ്ലോഗിനി.... :)
ഉമ്മ കേരളത്തിൽ ചുംബന സദാചാരം കൊടുമ്പിരി കൊള്ളുന്ന സമയത്ത് ഞാൻ ആലോചിച്ചത് എന്റെ ആദ്യത്തെ ചുംബനത്തെ പറ്റിയാണ്..അതൊരു ഒന്നൊന്നര ചുംബനമായിരുന്നു..

അച്ചന്റെ ഓഫീസ് വാർഷികമായിരുന്നോ അതോ അച്ചന്റെം അമ്മേടേം വിവാഹ വാർഷികമായിരുന്നോന്നു കൃത്യമായി ഓർമയില്ല..(ഡൌട്ട് തീർക്കാൻ അമ്മയെ വിളിച്ചപ്പോ പുള്ളിക്കാരി ഏതോ പ്രഭാഷണം കേൾക്കാൻ പോയിരിക്കുകയാണ്..).എന്തോ ആവട്ടെ...രംഗം ഒരു പാർട്ടി ആണ്..

അച്ചന്റെ കൂട്ടുകാരും ഓഫീസ് സ്ടാഫുകളും എല്ലാം ഉണ്ട്..
അതിൽ മായ ചേച്ചി, ഓഫീസ് തുടങ്ങിയ കാലം മുതൽ ഞങ്ങൾക്കൊപ്പം ഉണ്ട്..ചേച്ചിയുടെ മകനും ഞാനും ഒരേ പ്രായം, ചേച്ചിയുടെ മകളും എന്റെ അനിയനും ഒരേ പ്രായം..പിന്നെ, പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഞാനന്ന് എൽ.കെ.ജി യിലാണ് പഠിക്കുന്നത്..(അയ്യോടാ, പിന്നെന്താ വിചാരിച്ചത്???)..

പാർട്ടിയുടെ അവസാനം ഞങ്ങൾ കൂടിയിരുന്നു ഓരോ ഗിഫ്റ്റായി തുറന്നു തുറന്നു നോക്കുകയാണ്..ആർക്കും വേണ്ടാത്ത കുറെ കപ്പും സോസറും പൂവും കാടും പടലും എല്ലാം കഴിഞ്ഞ് വരുമ്പോൾ അതാ ഒരു കളിപ്പാട്ടം..(എന്ത് കളിപ്പാട്ടമാണെന്ന് ഓർമയില്ല, ട്ടോ)..എന്തായാലും ആർക്കും "എനിക്ക് വേണം" എന്ന് തോന്നുന്ന ഒരു സാധനം..ഞാനങ്ങനെ സന്തോഷത്തോടെ അതിന്മേൽ കൈ വെക്കവേ മറ്റൊരു ജോഡി ദുർബലമായ കൈകൾ കൂടി അതിന്റെ മുകളിൽ വന്നു വീഴുന്നു..അന്ന് എൻറെ അനിയന് ഒരു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ടും അതുവരെ വീട്ടിലെ എല്ലാ സ്ഥാവര ജമ്ഗമങ്ങൾക്കും ഞാൻ മാത്രം അവകാശി ആയിരുന്നത് കൊണ്ടും, സത്യം പറയാല്ലോ, എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല..പൊതുവെ ഇത്തരം കണ്ഫ്യൂഷൻ എനിക്കിഷ്ടമല്ല...അതുകൊണ്ട് എതിരാളിയെ കടിക്കുക എന്നതാണ് എൻറെ രീതി..

എന്നാൽ ഇത് മായ ചേച്ചിയുടെ മോനാണ്..കടിച്ചാൽ എൻറെ ഇമേജ് തകരുമെന്ന് മാത്രമല്ല അച്ചൻ ഇടപെട്ടു ആ കളിപ്പാട്ടം അവനു കൊടുക്കാനും സാധ്യതയുണ്ട്..ഇനി എന്ത് ചെയ്യും??

മായ ചേച്ചിയുടെ മോനാണെങ്കിൽ ഒരു പാവം..അത് എൻറെ മുഖത്തേക്ക് നോക്കുകയാണ്.. (പിന്നീട് അവൻ ഇന്നേവരെ എൻറെ മുഖത്ത് നോക്കിയ ചരിത്രമില്ല)...അതെന്തോ ആവട്ടെ..ഞാൻ അവന്റെ കൈ തട്ടി മാറ്റി കളിപ്പാട്ടമെടുത്തു..

അന്ന് എൻറെ അച്ചൻ നല്ല മൂഡിലായിരുന്നു..പ്രശ്നം ഒഴിവാക്കാൻ അച്ചൻ ആ കളിപ്പാട്ടം എൻറെ കയ്യിൽ നിന്ന് വാങ്ങിയിട്ട് പറഞ്ഞു.."ആദ്യം നിങ്ങൾ പരസ്പരം ഉമ്മ കൊടുത്തെ.."..
ഞങ്ങൾ അനങ്ങിയില്ല..
ഞാൻ "എൻറെ പട്ടി കൊടുക്കും" എന്ന മട്ടിൽ നില്ക്കുന്നു..
അവൻ "ഞാൻ അത്തരക്കാരനല്ല" എന്ന മുഖഭാവത്തോടെയും..

ഉടൻ അച്ചൻ ടോണ്‍ മാറ്റി പുതിയ അനൗൻസ്മെന്റ്.."ആരാണോ ആദ്യം ഉമ്മ കൊടുക്കുന്നത് അവർക്ക് കളിപ്പാട്ടം.."

കേട്ട പാതി കേൾക്കാത്ത പാതി ഞാനാ ചെറുക്കനെ വലിച്ച് പിടിച്ച് ഒരുമ്മ..അവനൊന്നു പകച്ചു..പിന്നെ മുള ചീന്തുന്ന പോലെ ഒരു നിലവിളി..(മുള ചീന്തുന്ന ശബ്ദം എന്താണെന്ന് ഞാൻ കേട്ടിട്ടില്ല...അതൊരു ഭംഗിക്ക് പറഞ്ഞതാ...എന്നാലും മിനിമം ഒരു ചുവന്ന ലൈറ്റുള്ള ആംബുലൻസിന്റെ ഒച്ചയിൽ എന്ന് വിചാരിക്കുക..)..കരച്ചിൽ നില്ക്കുന്നില്ല..അച്ചന്റെ കൂട്ടുകാരെല്ലാം വലിയ ഒച്ചയിൽ ചിരി..ഞാനാണെങ്കിൽ കളിപ്പാട്ടം സ്വന്തമാക്കിയ ആവേശത്തിൽ നില്ക്കുന്നു..മായ ചേച്ചിയുടെ മകൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ എങ്ങി എങ്ങി കരയുന്നു.."എന്താ മോനെ കരയുന്നത്" എന്നും ചോദിച്ച് മായ ചേച്ചി ഓടി വന്നപ്പോൾ  എൻറെ കളിപ്പാട്ടം സെന്റിയടിച്ച് അവൻ കൊണ്ട് പോകുമോ എന്ന് ഭയന്ന് ഞാൻ നിൽക്കുമ്പോൾ അവൻ അവന്റെ അമ്മയോട് പറഞ്ഞു " ഇവളെന്നെ ഉമ്മ വച്ചു.."

അപ്പൊ തോറ്റതിനല്ല , ഞാൻ ഉമ്മ വച്ചതിനാണ് അവൻ കരഞ്ഞത്..എൻറെ ഉള്ളിൽ എന്തോ "പ്ലിംഗ്" എന്ന് തകർന്നു വീണു..

പിന്നെ അവൻ ചെറുപ്പത്തിലൊന്നും മായ ചേച്ചിയുടെ കൂടെ ഓഫീസിൽ വന്നിട്ടില്ല..ഇപ്പൊ കേൾക്കുന്നു ആ നാണം കുണുങ്ങി ചെക്കൻ വല്യ കേമനായെന്നും ചെക്കന്റെ നിശ്ചയം കഴിഞ്ഞു അടുത്ത ചിങ്ങത്തിൽ കല്യാണമാണെന്നും..അപ്പൊ പറഞ്ഞു വരുന്നത് അതൊക്കെ ആ ഒരു ഉമ്മേടെ ഐശ്വര്യമാണെന്നെ...അല്ലാതെന്തു പറയാൻ ...

Monday, 6 October 2014

ജീീീീൻസ് സ്ത്രീകൾക്ക് എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ട്..(മറ്റു പല രാജ്യങ്ങളിലും അതില്ല എന്നിരിക്കെ)...അതുകൊണ്ട് അത് വിട്ടു പിടി..യേശുദാസിന്റെ പ്രസ്താവനയെ അനുകൂലിച്ചും വിമർശിച്ചുമുള്ള ധാരാളം പോസ്റ്റുകളും കമ്മന്റുകളും കണ്ടു..എന്റെ നിരീക്ഷണം ഇതാണ്...

കേരളത്തിലെ, "പ്രലോഭനപ്പെട്ടു പോകുന്ന/പോകുമോ എന്ന് പേടിക്കുന്ന കുഞ്ഞാടുകൾക്ക്" വേണ്ടി ഞാൻ പുരുഷനോട്ടത്തിലൂടെ തന്നെ എൻറെ സ്ത്രീ അനുഭവങ്ങൾ പറയെട്ടെ..


(വസ്ത്ര ധാരണത്തിലെ അപാകതയാണ് പീഡനത്തിനു കാരണം എന്ന് വാദിക്കുന്നവരൊട് ഒന്നും പറയാനില്ല..അവരുടെ വീടുകളിലെ/ കണ്‍വെട്ടത്തുള്ള സ്ത്രീകളെ കാത്തോളണേ ദൈവമേ എന്ന് മാത്രം പ്രാർഥിക്കുന്നു.. )

1. ജീൻസിനെ എതിർത്തവരിലെ ഒരു കൂട്ടരുടെ വാദം "ഇറുകിയ ജീൻസ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു", "നമ്മുടെ കാലാവസ്ഥക്ക് ചേർന്നതല്ല" എന്നതാണ്..എന്നാൽ, കേരളത്തിലെ പെണ്‍കുട്ടികൾ ജീൻസ് ധരിക്കരുതെന്ന് യേശുദാസ് പറഞ്ഞത് അവരുടെ ആരോഗ്യ പ്രശ്നം കണക്കിലെടുത്തല്ല..പകരം 'പുരുഷന്മാരെ വിഷമിപ്പിക്കരുത്' എന്ന, 'അവരെ വേണ്ടാദീനം ചെയ്യാൻ പ്രേരിപ്പിക്കരുത്' എന്ന, തീർത്തും സ്ത്രീ വിരുദ്ധമായ നിലപാടിലൂടെയാണ്..അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യവും മാർഗവും സ്ത്രീ വിരുദ്ധതയിൽ ഊന്നിയതാണ്..ഞാൻ അതിനെ പ്രതികൂലിക്കുന്നു..(ഇനി കാലാവസ്ഥയാണ് വിഷയം എങ്കിൽ ഈ കൊടും ചൂടിൽ നിങ്ങൾ ആദ്യം എതിർക്കേണ്ടത് പർദയെ ആണ്..) 

2. ഇനി ജീൻസിനെ പറ്റി..വളരെ ചെറുപ്പം മുതൽ ജീൻസ് ധരിക്കുന്ന ഒരു പെണ്‍കുട്ടിയാണ് ഞാൻ..എനിക്ക് ചുരിദാർ, സാരി എന്നിവയാണ് ഏറ്റവും അസൌകര്യം ആയി തോന്നിയിട്ടുള്ളത്..സാരി എത്ര പിന്നു കുത്തിയാലും താഴോട്ടിറങ്ങി പോകുമോ,വയറു കാണുമോ,മുന്താണി എവിടേലും ചെന്ന് കുരുങ്ങുമോ എന്നും ചുരിദാർ ആണെങ്കിൽ ഷാൾ എങ്ങനെ കുത്തണം, സഞ്ചരിക്കുമ്പോൾ കാറ്റത്ത് ഷാൾ മാറിടത്തിൽ നിന്ന് തെന്നി നീങ്ങുമോ തുടങ്ങി യ പലവിധത്തിലെ ചിന്തകൾ.. ഇത് കേരളത്തിൽ മാത്രേ എനിക്ക് പ്രശ്നമുള്ളൂ..കാരണം പുരുഷന്മാരുടെ തുറിച്ചു നോട്ടമാണ് ഇത്തരം ടെൻഷൻ ഉണ്ടാക്കുന്നത്..ജീൻസ് ഒരു പരിധിക്കപ്പുറം അയഞ്ഞു തൂങ്ങിയത് ധരിക്കാൻ പറ്റില്ല..
എന്നാൽ ഇറുകിയ ജീന്സിന്റെ ആരോഗ്യ പ്രശ്നങ്ങളെ പറ്റി സംസാരിക്കുമ്പോൾ നാം മറന്നു പോകുന്ന ഗൗരവതരമായ മറ്റൊരു പ്രശ്നം ഉണ്ട് ...സ്ത്രീകളുടെ അടിവസ്ത്രങ്ങൾ...


3. ഇറുകിയ വസ്ത്രം ധരിച്ച് പ്രലോഭിപ്പിക്കരുതെന്നു പറയുന്നവർ തന്നെയാണ് ഇറുകിയ അടിവസ്ത്രങ്ങൾ ധരിച്ച് എല്ലാം "ഒതുക്കി വക്കാൻ" പറയുന്നതും..അയഞ്ഞ ബ്രാ ധരിച്ച, അല്ലെങ്കിൽ ബ്രാ ധരിക്കാത്ത പെണ്ണും പ്രലോഭനകരമാണെന്ന് ഇക്കൂട്ടർ പറയും.. ബ്രാ കേരളീയ വസ്ത്രമല്ല, അത് ഉപയോഗിക്കരുതെന്ന് ആരും പറയാത്തതെന്തേ??? ഇറുകിയ ബ്രാ സ്തനാർബുദത്തിനു കാരണമാകുന്നുണ്ട്..അപ്പൊ സ്തനാർബുദം വന്നാലും വേണ്ടില്ല കേരളത്തിലെ ചില പുരുഷ (?) കേസരികളുടെ കണ്ട്രോൾ പോകരുത്...അതാണ്‌ പ്രധാനം..

4. ഇനി അയഞ്ഞ "കുലീന" വസ്ത്രങ്ങളെ പറ്റി...സാരിയാണ് ഏറ്റവും നല്ലതെന്ന് പലരും പറയുന്നത് കേട്ടു...അയഞ്ഞ ബ്ലൌസ് ധരിച്ച ഒരു സ്ത്രീയെ നിങ്ങൾ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ??അത് പറ്റില്ല..അയഞ്ഞ ബ്ലൌസ് ധരിച്ചാൽ സാരി നേരെ നില്ക്കില്ല..മാറിടത്തിൽ നിന്നൂർന്നു പോകും..ഇനി അടിപാവാട...അത് വയറു കീറി പോകുന്ന പരുവത്തിലാണ് മുറുക്കി കെട്ടേണ്ടത്..അല്ലേൽ താഴേന്നു ഊര്ന്നു പോകും..അമ്മമാരും അധ്യാപികമാരും ഇതൊക്കെ ധരിക്കുന്നത് കാണുമ്പോൾ എത്ര സിമ്പിൾ എന്ന് തോന്നും, അല്ലെ??പക്ഷെ ഒരു തവണ ഉടുത്തു ഒന്ന് യാത്ര ചെയ്തു വരിക..അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവാൻ..
അഞ്ചു മീറ്റർ നീളത്തിൽ സാരി വലിച്ച് ധരിക്കുന്നവർ വിയർത്തു കുളിക്കുന്നത് കാണാം..സാരി കാലാവസ്ഥ ഫ്രണ്ട് ലി ആണെന്ന് എനിക്ക് ഒട്ടും അഭിപ്രായമില്ല..പണ്ടാണെങ്കിൽ വയറും മുതുകും ഒക്കെ തുറന്നിടാമായിരുന്നു..കേരളത്തിലെ മുതിർന്ന സ്ത്രീകൾ പണ്ടും ഇപ്പോഴും അങ്ങനെ ആണ് സാരി ധരിച്ചിരുന്നത്/ധരിക്കുന്നത്..അന്നത് പ്രശ്നമില്ലായിരുന്നു..ഇന്ന് കേരളത്തിലെ വർദ്ധിച്ചു വരുന്ന ഞരമ്പ്‌ രോഗികൾ കാരണം യുവതലമുറക്ക് അങ്ങനെ ധരിക്കാൻ പറ്റില്ല..അതും പ്രലോഭന പട്ടികയിൽ കൂട്ടും..


5. ഇനി ചുരിദാർ...പൊതുവെ കിട്ടുന്ന ചുരിദാർ സെറ്റുകളിലെ പാന്റിന്റെ പീസ്‌ വളരെ നേര്ത്തതായിരിക്കും..അത് കാരണം ഈ പാന്റിന്റെ അടിയിൽ അതേ നിറത്തിലെ ഇറുകിയ ലെഗ്ഗിങ്ങ്സ് ഇട്ടു സുതാര്യത അഡ്ജസ്റ്റു ചെയ്യുന്ന നിരവധി പെണ്‍കുട്ടികൾ ഉണ്ട് കേരളത്തിൽ..ഇതും തുറിച്ചു നോട്ടം ഒഴിവാക്കാനാണ്..ചുരിദാർ ഒരുപാട് അയഞ്ഞത് തയ്പിച്ചാൽ ബ്രാ പുറത്ത് കാണുകയും ഷാൾ ഊർന്നു പോവുകയും ചെയ്യും.. അയഞ്ഞ വസ്ത്രം ധരിക്കുകയും അതിനുള്ളിൽ ഇറുകി പിടിച്ച അടിവസ്ത്രം ധരിക്കുകയും ചെയ്യുന്നതാവും കുലസ്ത്രീയുടെ ലക്ഷണം അല്ലെ??? എങ്കിൽ അതങ്ങ് പച്ചക്കു പറയുക..ആരോഗ്യം, കാലാവസ്ഥ എന്നൊന്നും പറഞ്ഞ തടി തപ്പണ്ട..

6. പലരുടെയും കമ്മന്റിൽ കണ്ടത് സ്ത്രീ വസ്ത്രം ധരിക്കുന്നതെ പുരുഷനെ പ്രലോഭിപ്പിക്കാനാണെന്ന് ആണ്..അല്ല സുഹൃത്തുക്കളെ..സൗകര്യപ്രദമായ, ആത്മ വിശ്വാസം നല്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നവരാണ് ഭൂരിഭാഗം...ഇനി ആണുങ്ങളെ "പ്രലൊഭിപ്പിച്ചിട്ട്" എന്ത് കിട്ടാനാണ്‌??ഏതെങ്കിലും വ്യക്തി ബലാല്സംഗം ചെയ്യപ്പെടാൻ ആഗ്രഹിക്കുമോ?? അത് സ്ത്രീ ആയാലും പുരുഷനായാലും?? (റേപ്പ് ആണ് ഉദ്ദേശിച്ചത്, അതിന്റെ അർഥം സെക്സ് എന്നല്ല)..ഭംഗിയുള്ള വസ്ത്രം ധരിക്കുമ്പോൾ ആകർഷണീയത വർദ്ധിക്കും എന്ന് അത് ധരിക്കുന്നവർ കരുതിയാൽ പോലും അതിനെ ലൈംഗികതയുമായി കൂട്ടികെട്ടുന്നവർ, അങ്ങനെ ഒരു കാര്യത്തിനു വേണ്ടി മാത്രമുള്ളതാണ് സ്ത്രീകൾ എന്ന ചിന്താഗതി ഉള്ളവരാണ്.. അവരുടെ ചിന്തകൾ കുറച്ചു കൂടി വിശാലമായിരുന്നെങ്കിൽ എന്ന് പ്രാർഥിക്കുന്നു..

NB : ഇനി എൻറെ വ്യക്തിപരമായ അഭിപ്രായം..അഞ്ഞൂറ് രൂപക്ക് ഒരു ജീൻസ് വാങ്ങിയാൽ പല തരം ടോപ്പുകളുടെ കൂടെ ഒരുപാട് തവണ ഉപയോഗിക്കാൻ പറ്റും..നൂറു രൂപ മുതൽ ടോപ്പുകൾ കിട്ടും..ആയിരം രൂപക്ക് ഒരു ചുരിദാർ സെറ്റ് വാങ്ങി അത് തയ്പ്പിച്ച് ഉപയോഗിക്കുന്നതിനേക്കാൾ ബുദ്ധി അതേ പൈസക്ക് ഒരു ജീൻസും അഞ്ചു ടോപ്പും വാങ്ങിച്ചു ഉപയോഗിക്കുന്നതാണ്..
(ഇവിടെ വടക്കേ ഇന്ത്യയിൽ കൊടും തണുപ്പത്ത് ജീൻസ് മാത്രേ ഉപയോഗിക്കാൻ പറ്റൂ..അപ്പോഴോ??)

"ഞങ്ങളെ ഒരു രോഗിയാക്കാൻ അത് മതി...വലിയ രോഗി" എന്ന് പാറക്കല്ലിൽ ചിരട്ട ഉരച്ച ശബ്ദത്തിൽ കേരളത്തിലെ ഞരമ്പ്‌ രോഗികളുടെ ഹൃദയം വിങ്ങുന്നുണ്ടാവാം..അയാമെ സോറി...