Monday, 11 August 2014

ബാന്ഗ്ലൂർ ഡെയ്സ്; ഒരു വിമർശനാത്മക നിരൂപണ യജ്ഞം.. 


ബാന്ഗ്ലൂർ ഡെയ്സ് കണ്ടു..

ആദ്യമേ പറയട്ടെ..ബാന്ഗ്ലൂർ ഡെയ്സ് ഒരു മോശം സിനിമ അല്ല..എന്നാൽ അഞ്ജലി മേനോൻ, നിങ്ങളിൽ നിന്ന് ക്ലീഷേ അല്ലാത്ത പലതും ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്..നൊസ്റ്റാൽജിയ നല്ലൊരു വില്പ്പന ചരക്കാണ്..ഒരുപാട് നല്ല കാര്യങ്ങൾ സംഭാഷണങ്ങളിൽ ഉണ്ടെങ്കിലും നിങ്ങൾ അബോധ തലത്തിൽ ചിത്രീകരിക്കുന്നത് പഴയ ക്ലീഷേകൾ തന്നെയാണ്..ന്യൂ ജെനരെഷനെയും ഓൾഡ്‌ ജെനരെഷനെയും പ്രീതിപെടുത്താൻ ശ്രമിച്ചതിനാലാവാം ഇത്..

പാത്രസൃഷ്ടി നോക്കുക..ഉഭയകക്ഷി സമ്മതത്തോടെ ബന്ധം വേർപിരിഞ്ഞ അച്ചനമ്മമാരുദെ 'മഹൻ' അജുക്കുട്ടൻ മഹാ ദേഷ്യക്കാരനായൊരു ജിപ്സി.. അവൻ പഠിത്തമൊക്കെ ഉപേക്ഷിച്ച് അലമ്പാക്കി നടക്കുന്നു എന്നാണു പറയാതെ പറയുന്നത്..അവനു മാനേഴ്സ് ഇല്ല (ദാസിന്റെ വീട്ടിൽ ആദ്യമായി പോകുന്ന രംഗം ഓർക്കുക)..പിന്നെ ഇൻസെക്യൂരിറ്റിയും ഉണ്ട്..
അവൻ കുറെ നല്ല ചോദ്യങ്ങളൊക്കെ ദിവ്യയോടും കുട്ടനോടും ചോദിക്കുന്നുണ്ട്..പക്ഷെ സിനിമയിൽ അതിനൊന്നും വല്യ പ്രാധാന്യം കൊടുത്തിട്ടില്ല..അത് നമ്മളോടുള്ള ചോദ്യമായി മാറാനുള്ള ഗ്യാപ്പ് കൊടുക്കുന്നില്ല പഹയത്തി മേനോത്തി..

കുട്ടനാകട്ടെ നിഷ്കളങ്കതയുടെ പര്യായം..എന്തൊരു അടുക്കും ചിട്ടയും..പരസ്പരം ശ്വാസം മുട്ടി ജീവിക്കുന്ന അച്ചനമ്മമാരുദെ മകൻ..(സോറി..പരസ്പരമല്ല, അമ്മയാണല്ലോ അച്ചനെ ശ്വാസം മുട്ടിപ്പിക്കുന്നത്..കല്പ്പനയെ നല്ല ഒന്നാന്തരം കോമാളി ആയി അവതരിപ്പിച്ചിട്ടുണ്ട്..പക്ഷെ അതെന്താണെന്ന് മാത്രം എനിക്ക് മനസ്സിലായില്ല..എൻജിനിയർ ആയിട്ടും ഗ്രാമത്തിൽ കൃഷി ചെയ്തു ജീവിക്കുന്ന ആളാണ്‌ വിജയരാഘവന്റെ കഥാപാത്രം..തന്റെ വിളകൾ വളരുന്നതിലും കായ്ക്കുന്നതിലും  സംതൃപ്തൻ..കല്പ്പനയാകട്ടെ എന്ജിനീയരെ കെട്ടി നഗരത്തിൽ സുഖമായിട്ട്  താമസിക്കാമെന്നു സ്വപ്നം കണ്ടു, നടക്കാതെ പോയ സ്ത്രീ.. അവർ നല്ലൊരു വസ്ത്രം പോലും ധരിച്ചു കാണുന്നില്ല..എന്നാലും അങ്ങേരെ അവരങ്ങ് ശ്വാസം മുട്ടിച്ചു കൊണ്ടേ ഇരിക്കുകയാണത്രേ..)..

കുട്ടൻ അച്ചന്റെ അതെ മകൻ..നാടും വീടും കുളവും നാട്ടിൻ പുറത്തുകാരി പെണ്ണും ഒക്കെ ആണ് ഇഷ്ടങ്ങൾ..അതൊന്നും ഒരു തെറ്റല്ല..പക്ഷെ അവനു അവന്റെ അച്ചൻ നാട് വിട്ടോടി (കുറെ ബാധ്യതകൾ അവന്റെ തലയിലാക്കി) ഗോവയിൽ പോയി അർമാദിക്കുന്നത് ഒരു പ്രശ്നമല്ല..പാവം അച്ചൻ..കുറച്ച് ശുദ്ധ വായു ശ്വസിച്ചോട്ടെ ..പക്ഷെ അമ്മക്ക് അതൊന്നും പാടില്ല..അമ്മ ബാന്ഗ്ലൂർ വന്നത് തന്നെ അത്ര പിടിച്ചിട്ടില്ല..അവരാകട്ടെ ഇത്രയും വർഷത്തെ നാട്ടിൻപുറ ജീവിതത്തിനു ശേഷം ബാന്ഗ്ലൂർ ആസ്വദിക്കുകയാണ്..(ആർക്കാണ് അപ്പൊ ശരിക്കും ശ്വാസം മുട്ടിയത്??)..കുറെ സുഹൃത്തുക്കളായി, ലാഫിംഗ് ക്ലബ്ബിൽ ചേർന്നു, പ്രാണായാം ചെയ്യുന്നു, അവർ സ്വാതന്ത്ര്യം ആസ്വദിക്കുന്നു.. തുടക്കത്തിൽ മകൾ താമസിക്കുന്ന സ്ഥലത്തിന്റെ പേര് പോലും കൃത്യമായിട്ട്‌ പറയാൻ കഴിയാത്ത അവർ ഒടുവിൽ മകൾക്കൊപ്പം അമേരിക്കയിൽ താമസിക്കാൻ പോകുന്നു..കല്പ്പനയുടെ കഥാപാത്രത്തെ ഒരു അമ്മയായി മാത്രം അവതരിപ്പിച്ച് അവർ ദുരാഗ്രഹിയാണെന്ന് കാണിക്കുന്നു..അവരിലെ വ്യക്തിയെ തിരിഞ്ഞു നോക്കുമ്പോൾ അവരെ സംബന്ധിച്ച് ജീവിതത്തിൽ പുരോഗമനം തന്നെ ആണ് ഉണ്ടായിട്ടുള്ളത്.. ദിവ്യ ഫ്ലാറ്റിലെ എല്ലാവരോടും കൂട്ടുകൂടാൻ ശ്രമിക്കുന്നതിനെ പോസിറ്റീവ് ആയി ആണ് കാണിക്കുന്നത്..പക്ഷേ അതേ കാര്യം കല്പ്പന ചെയ്യുമ്പോൾ അത് കോമഡി..

ഇനി ദിവ്യയിലേക്ക് വരാം..ദാസ് ആദ്യമേ സ്നേഹത്തോടെ പെരുമാറിയിരുന്നെങ്കിൽ എം.ബി.എ ഒക്കെ ഉപേക്ഷിച്ചേനെ..അതും ഐ.ഐ.എമ്മിലെ..അച്ചനമ്മമാർക്കു വേണ്ടി എം.ബി.എ മോഹം ഉപേക്ഷിച്ചു ദാസിനെ കെട്ടി..പിന്നെ ദാസിനു വേണ്ടി അച്ചനമ്മമാരെ ഉപേക്ഷിച്ചു..അല്ലേലും നല്ല കുട്ടികൾ അങ്ങനെ ആയിരിക്കണം..കല്യാണത്തിനു മുൻപ് അച്ചനമ്മമാരും കല്യാണം കഴിഞ്ഞാൽ ഭർത്താവും ആയിരിക്കണം ദൈവം..പോരാത്തതിന് ത്യാഗരത്നമാവാൻ ഭർത്താവിന്റെ പഴയ കാമുകിയുടെ അച്ചനമ്മമാരോട് കമ്പനിയടിച്ച് ഭർത്താവിന്റെ പ്രശ്നങ്ങളൊക്കെ തീർത്തു കൊടുക്കുന്നു.. അങ്ങനൊരു മനുഷ്യ ജീവി അവിടെ ഉണ്ടെന്നു യാതൊരു പരിഗണനയും കൊടുക്കാത്ത ഭർത്താവാണ്..തമ്മിൽ ഒരു ബന്ധവുമില്ല..കാമുകിയുടെ  ഓർമ്മകൾ വിട്ടു കളയാനും വയ്യ അച്ചനമ്മമാരെ അനുസരിക്കാതിരിക്കാനും വയ്യ എന്ന അവസ്ഥയിലായ ദാസും ഒരു തങ്കക്കുടം ആണ്..എന്തായാലും ഒടുക്കം സംപ്രീതനായി ഭർത്താവ് വന്നങ്ങ് കെട്ടി പിടിച്ചു..ദിവ്യയുടെ ജീവിതം ശുഭം..ഇനി എം.ബി.എ കളയുമോ എന്തോ..??

കുട്ടൻ "നമ്മൾ പരിഷ്കാരത്തെ പിന്തുടരുമ്പോൾ മറ്റുള്ളവർ നമ്മുടെ സംസ്കാരത്തിലേക്ക് മടങ്ങി വരുന്നു" എന്ന് നെടുവീർപ്പിടുന്നുണ്ട്..അതും എനിക്ക് മനസ്സിലാവുന്നില്ല..നമ്മൾ വിദേശ സംസ്കാരത്തിലേക്ക് പോകുന്നതും അവർ നമ്മുടെ സംസ്കാരത്തിലേക്ക് വരുന്നതും തമ്മിൽ എന്താണ് വ്യത്യാസം??നമ്മുടെ സംസ്കാരം വല്യ കേമമാണത്രേ..കുട്ടന് വേണ്ട പെണ്‍കുട്ടിക്ക് മിനിമം എന്ജിനീയറിംഗ് ബിരുദമോ പോസ്റ്റ്‌ ഗ്രാജുവെഷനൊ വേണം.. റാങ്കിന് പരിഗണനയുണ്ട്..എന്നാൽ "അടക്കവും ഒതുക്കവും" വേണം..നാടൻ പേര് വരെ വേണം, ചേട്ടനെന്നു വിളിക്കണം, ട്രേയിൽ ചായയുമായി സാരിയുടുത്ത് പെണ്ണുകാണൽ ചടങ്ങിനു നിന്ന് കൊടുക്കണം..വലിയ കണ്ണും മുടിയും വേണം..അതായത് രണ്ടു വള്ളത്തിൽ കാലു വയ്ക്കണം..അവനെ സേവിക്കാൻ മാത്രം നിന്ന് കൊടുക്കുന്ന, എന്നാൽ വിദ്യാഭ്യാസമുള്ള പെണ്‍കുട്ടി വേണം.. (എന്തായാലും ഒരു അലമ്പത്തിയുടെ കെണിയിൽ നിന്ന് തത്കാലം രക്ഷപെട്ടു..ഒടുക്കം അവളെ നല്ല മലയാളവും പഠിപ്പിച്ചു..മിടുക്കൻ..)

പ്രവീണ പൊട്ടിയായ അമ്മ..മണിയൻ പിള്ള രാജു ഭാര്യയെ പേടിക്കുന്ന ഭർത്താവ്..അത് കൊണ്ട് മോൾടെ ജീവിതം കോഞ്ഞാട്ടയായി..നല്ല മെസ്സേജ്..പിന്നെ എന്തായാലും ദാസ് കുട്ടി നല്ലവനായത് കൊണ്ടും ദിവ്യ അതിഭീകര പക്വത കാണിച്ചത് കൊണ്ടും എല്ലാം ശുഭമായി..അപ്പൊ ഈ ജാതകത്തിലും ജൊൽസ്യത്തിലുമൊക്കെ സത്യമുണ്ട്, അല്ലെ..

വ്യക്തിത്വമുള്ള ഒരു കഥാപാത്രം സാറയാണ്..അവൾക്കു എന്തോ കുറവുണ്ട് എന്ന് കാണിക്കുന്നില്ല എന്നിടത്ത് സിനിമ വിജയിച്ചു..എനിക്ക് ഈ സിനിമയിൽ ഏറ്റവും നന്മയുള്ളതായി തോന്നിയത് അജുവിന്റെ കഥാപാത്രമാണ്..അവൻ സെൻസിറ്റിവും മറ്റുള്ളവരെ കെയർ ചെയ്യുന്നവനുമാണ്..
പിന്നെ തോന്നിയ സന്തോഷം, ദിവ്യയെ വിവാഹത്തിനു ശേഷം (സാധാരണ സിനിമകളിൽ കാണിക്കാറുള്ളത് പോലെ) നെറ്റിയിൽ സിന്ദൂരവും താലിയും സാരിയുമൊക്കെ ധരിപ്പിച്ച് ഓവർ ആക്കിയില്ല എന്നതാണ്..അതുപോലെ കസിൻസ് ആയ മൂന്നു പേരുടെ ഇഴയടുപ്പത്തെ സാധാരണ സദാചാര മൂല്യങ്ങളുമായി കോര്ത്തിണക്കാതെ സ്വതന്ത്രമായി അവതരിപ്പിച്ചു..(ശരാശരി മലയാളിക്ക് അത്രക്ക് രുചിക്കാത്ത കെട്ടിപ്പിടി, എടുത്തു പൊക്കൽ, ഒരുമിച്ചു കിടക്കൽ ഇതൊന്നും ഒഴിവാക്കാതെ)..

ദിവ്യയുടെ കഥാപാത്രം കുറച്ച് അതിശയോക്ത്തിയായി പോയി..കുട്ടൻ പറയുന്ന പോലുള്ള "ഒരു പൊട്ടിപെണ്ണ്" സ്വന്തം ജീവിതത്തിന്റെ കാര്യം വന്നപ്പോൾ ഇത്രക്ക് പക്വതയും ദീർഘ  ദൂര വീക്ഷണവും കാണിക്കുമോ എന്നൊരു സംശയം ബാക്കി നിൽക്കുന്നു..എന്തായാലും ബാന്ഗ്ലൂർ ഡെയ്സ് മികച്ച മൂന്നു സംവിധായകരുടെ മേൽനോട്ടം ലഭിച്ച ചിത്രമാണ്; അഞ്ജലിക്ക് പുറമേ നിർമാതാവായ അൻവർ റഷീദ്, ക്യാമറാമാനായ സമീർ താഹിർ എന്നിവരും തീർച്ചയായും ഈ സിനിമയുടെ വിജയത്തിലെ ഘടകങ്ങളാണ്..
മലയാളത്തിലെ എണ്ണം പറഞ്ഞ വനിതാ സംവിധായകരിൽ ഒരാളായ അഞ്ജലീ, അടുത്ത സിനിമയിൽ നിങ്ങൾ സ്വന്തം കയ്യൊപ്പ് ചാർത്തണമെന്നു ഞാൻ ആഗ്രഹിക്കുന്നു..