Wednesday, 30 July 2014

കൃഷ്ണ !!!

"അഴൽ മൂടുമെൻ ചിത്തിന്നുറവയിൽ നിന്നുമൊരു  
കുഴൽ വിളി കേട്ടു ഞാൻ മിഴി പരതീടവേ..
പുഴവക്കിൽ പൈക്കളോടൊത്ത് രസിക്കുന്ന
മഴമേഘ വർണ്ണനെ മിഴിവാർന്നു കണ്ടു ഞാൻ.."

എന്റെ രണ്ടാമത്തെ പുസ്തകത്തിലെ ആദ്യത്തെ കവിത 'അച്ച്യുതം' ആരംഭിക്കുന്നതിങ്ങനെയാണ്..
ഇതൊരു സ്വപ്നത്തിൽ നിന്നു പിറന്ന കവിതയാണ്..ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷ കഴിഞ്ഞുള്ള അവധി ദിവസങ്ങൾ പരീക്ഷ തീർന്നതിന്റെ സന്തോഷത്തിലും ഇനി പത്തിലെക്കാണല്ലോ എന്ന ആധിയിലും മുന്നോട്ടു പോകുമ്പോൾ ഒരുച്ച മയക്കത്തിൽ കണ്ട വിഷ്വൽ ഉണർന്നെണീറ്റ പാടേ ഞാൻ കടലാസ്സിലേക്ക് പകര്ത്തിയതിങ്ങനെയാണ്..

പൊടുന്നനെ എന്റെ ഹൃദയം കൃഷ്ണപ്രണയം കൊണ്ട് വിങ്ങുകയാണ്..ദൈവ വിശ്വാസം പാടേ ഇല്ലാതിരുന്ന ഒരു പ്രായത്തിൽ ഞാൻ പെട്ടെന്ന് കൃഷ്ണനിലേക്ക് അടുക്കുന്നു..കാരണം ഒന്നുമില്ല..എനിക്ക് തോന്നുന്നു, എനിക്കൊരു സുഹൃത്തിനെ വേണമെന്ന്..അത് ഇവനാണെന്ന് ..അങ്ങനെ കണ്ണൻ കളിക്കൂട്ടുകാരനായി..എല്ലാമെല്ലാമായി..

പത്തു മണി വരെ കിടന്നുറങ്ങിയിരുന്ന പതിനാലു വയസ്സുകാരി രാവിലെ നാലു മണിക്കെണീറ്റു കുളിച്ച്  കൃഷ്ണന് മാല കെട്ടി ചാർത്തുന്നു..ഭാഗവതം വായിക്കുന്നു..കറന്റു പോകുമ്പോൾ 'കണ്ണാ, ചൂടെടുക്കുന്നു..എനിക്ക് ഫാൻ വേണ'മെന്ന് പറയുമ്പോൾ കറന്റു വരുന്നു.. വീട്ടുകാർ പേടിച്ചു തുടങ്ങി..

ഗുരുവായൂരമ്പലത്തിൽ പോയപ്പോൾ എനിക്കൊരു കൃഷ്ണന്റെ പടം വേണമെന്ന് മോഹം തോന്നി..ഞാനും കുഞ്ഞമ്മയും പല കടകളിൽ കയറി പല ചിത്രങ്ങൾ കണ്ടു..ഒന്നും എന്റെ മനസ്സിലെ കൃഷ്ണനാകുന്നില്ല..അങ്ങനെ നടന്ന് നടന്ന്, വഴിയിൽ നടന്ന് വിൽപ്പന നടത്തുന്ന ഒരാളുടെ കയ്യിൽ കണ്ട പടം എനിക്ക് 'എന്റെ കൃഷ്ണനാ'ണെന്ന് തോന്നി വാങ്ങാൻ നോക്കുമ്പോൾ പേഴ്സിൽ വെറും പത്തു രൂപ..പതിനഞ്ചു രൂപയാണ് പടത്തിന്..ഞങ്ങളാണെങ്കിൽ കൂട്ടം തെറ്റി എവ്ടെയോ എത്തിപ്പെട്ടിരിക്കുകയാണ്..ഒടുവിൽ വീണ്ടും വീണ്ടും തപ്പി പേഴ്സിന്റെ ഉള്ളറയിൽ നിന്നു കീറിയ അഞ്ചു രൂപാ നോട്ടു കിട്ടുന്നു..ആ പടം വാങ്ങുന്നു..

എവിടെ പോയാലും ഞാനാ പടം കൂടെ കൂട്ടും..എല്ലാം പറയുന്നത് അവനോടായി..ഞാനവനു കത്തുകളെഴുതാൻ തുടങ്ങി..എഴുതുന്നതെല്ലാം കവിതയായി മാറുന്നു..ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണൻ കാവലിരിക്കും..പുലരും വരെ..ഒരു പോള കണ്ണടക്കാതെ..

ഒരിക്കൽ എന്റെ പേരിലെ 'കൃഷ്ണ'യെ പറ്റി ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞു, "ദ്രൌപദിയുടെ പേരാണ് കൃഷ്ണ"..
"അയ്യേ... ദ്രൌപദിയോ"
"എന്തേ..?? അഞ്ചു ഭർത്താക്കൻമാരെ സ്വീകരിച്ചിട്ടും ദ്രൗപദി പതിവ്രതാരത്നമെന്നു  വിളിക്കപ്പെട്ടു..അഞ്ചു ഭർത്താക്കന്മാർ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു..ഒരു ഭർത്താവിനോടൊപ്പം കഴിയുമ്പോൾ മറ്റു നാലു പേരെയും സഹോദരങ്ങളായി കരുതണം..ആരെ കൊണ്ട് പറ്റും അത്?? എന്നാൽ ദ്രൗപദിയെ കൊണ്ട് പറ്റി..കാരണം ജനിച്ച നാൾ മുതൽ മരിക്കും വരെ അവൾ പ്രണയിച്ചത് കൃഷ്ണനെ മാത്രമായിരുന്നു; ആറാമത്തെ ഇന്ദ്രിയം.."

 അതൊന്നും എനിക്ക് മനസ്സിലായില്ല..(പിന്നീട് പ്രതിഭ റേയുടെ ദ്രൗപദി വായിക്കും വരെ)

എനിക്ക് രാധയെക്കാളും ദ്രൗപദിയെക്കാളും മീരയെ ആയിരുന്നു ഇഷ്ടം..സ്വത്വം തേടി അലയുന്നവൾ.. പ്രണയവും ഭക്തിയും ഒന്നായ് അലിഞ്ഞു ചേർന്നവൾ .. ഇന്നും എന്റെ ഉള്ളിൽ ഏതു നിമിഷവും ലൗകിക ലോകം വെടിഞ്ഞ് ആത്മീയാന്വേഷണവുമായി അലയാൻ വെമ്പുന്നൊരു മീരയുണ്ട്..കവിത എഴുതുമ്പോൾ ഞാൻ മീരയാണ്; മറ്റൊരാളുടെ ദുഃഖം എന്നെ പിടിച്ചുലക്കുമ്പോഴും ..

എന്റെ ജീവിതത്തിൽ ഒരു കാലത്ത് ഞാനീ കൂട്ടുകാരനെ വിട്ടു പോയി..എങ്കിലും ഹൃദയത്തിൽ ഒരു തിരി കെടാതെ ഞാൻ കത്തിക്കാറുണ്ട്..എന്റെ മനസ്സാക്ഷിയുടെ വിളിപ്പേരാവും കണ്ണൻ; എന്റെ ആറാം ഇന്ദ്രിയവും..

പ്രണയദാഹിയായ ഒരു പെണ്‍കുട്ടി എന്നും എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു..പ്രണയം, അതൊരു വ്യക്തിയോട് തോന്നുമ്പോൾ അത് അപൂർണ്ണമാണ്..ആ അപൂർണ്ണതയാണ് അതിന്റെ ഭംഗിയും അതിനെ മുന്നോട്ടു കൊണ്ട് പോകുന്നതും..ആ അപൂർണ്ണതയായ പ്രണയം ഇന്നെന്റെ ഹൃദയത്തിലില്ല..ഒരുപക്ഷെ അത്രത്തോളം പ്രണയിക്കാനുള്ള നിഷ്കളങ്കത എന്നെ വിട്ടു പോയിട്ടുണ്ടാവും..പ്രണയിച്ചു വേദനിക്കാൻ എനിക്ക് മടിയില്ല..എന്നാൽ ആരെയും പ്രണയിച്ചു വേദനിപ്പിക്കാൻ വയ്യ...രാഗ-ദ്വേഷമകന്നൊരു ഹൃദയമാണ് ഞാൻ എന്നിൽ തേടുന്നത്..
 
പുസ്തകത്തിലെ അവസാനത്തെ കവിതയുടെ പേര് 'മാധവം' എന്നാണ്..(പുസ്തകത്തിന്റെ പേരും)..പുസ്തകവും കവിതയും ഇങ്ങനെ അവസാനിക്കുന്നു..

"അന്ന്,
എന്നെ തനിച്ചാക്കി
നീ പിരിഞ്ഞു പോയപ്പോൾ
എന്ത് കൊണ്ട് നീയെനിക്ക്
എന്നെ തന്നില്ല?? "


(2005-ൽ അമൃത ടി.വിയിൽ വന്ന എന്റെ ഒരു ഇന്റർവ്യൂ ചുവടെ കൊടുക്കുന്നു..)
https://www.youtube.com/watch?v=FrrR3tq2i50
https://www.youtube.com/watch?v=tRL5K7fNTSA

Monday, 28 July 2014

ന്റെ പ്രിയപ്പെട്ട പുസ്തകം 

പ്രിയപ്പെട്ട പുസ്തകം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ വല്യ പാടാണ്..ഓരോ പുസ്തകവും ഓരോ തരത്തിലാണ് നമ്മളെ സ്വാധീനിക്കുന്നത്..ചിലപ്പോൾ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങളിൽ ഒരിക്കലും രണ്ടാമതൊന്നു വായിക്കാൻ പറ്റാത്ത തരത്തിലുള്ള പുസ്തകങ്ങൾ ഉൾപ്പെടും..ചിലപ്പോൾ എത്ര തവണ വായിച്ചാലും വായിച്ചു തീരാത്തതായി തോന്നുന്ന പുസ്തകങ്ങൾ..മറ്റു ചിലപ്പോൾ പെട്ടെന്ന് വായിച്ചു തീർന്ന, പക്ഷെ പല തരത്തിൽ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന പുസ്തകങ്ങൾ; പ്രിയപ്പെട്ടവർ സമ്മാനിച്ച, എന്തെങ്കിലും ഓർമ്മകൾ പതിഞ്ഞു കിടക്കുന്ന പുസ്തകങ്ങൾ..അങ്ങനെ എത്രയോ പുസ്തകങ്ങൾ..വായിച്ച, വായിച്ചു കൊണ്ടിരിക്കുന്ന, വായിക്കാൻ പോകുന്നവ..

സത്യം പറഞ്ഞാൽ പി.എച്ച്.ഡിക്ക്  ജോയിൻ ചെയ്തതിനു ശേഷം ആസ്വദിച്ച് വായിച്ച പുസ്തകങ്ങൾ കുറവാണ്.. എനിക്ക് വല്ലാതെ അറ്റാച്ച്മെന്റ് ഉള്ള ചില പുസ്തകങ്ങളെ കുറിച്ചാണീ ബ്ലോഗ്‌..നിങ്ങള്ക്ക് ബോറടിക്കുമോ എന്നറിയില്ല..എങ്കിലും കുറിക്കണമെന്ന് തോന്നി..

(1) ശാന്താറാം________(ഗ്രിഗറി ഡേവിഡ് റോബെർറ്റ്സ്)

     എന്റെ ജീവിതത്തിലെ "ദി ബുക്ക്"..ഒരിക്കലും മറക്കാൻ പറ്റാത്ത പുസ്തകം..നടൻ പ്രിത്വിരാജ് ഒരു ഇന്റെർവ്യൂവിൽ ഈ പുസ്തകത്തെ പറ്റി പറയുന്നത് കേട്ട് തുടങ്ങിയതാണ് കൗതുകം..ഭാഗ്യത്തിന് കോളേജു ലൈബ്രറിയിൽ ഉണ്ടായിരുന്നു..വലിപ്പം കണ്ടു തന്നെ അന്തം വിട്ടു..ഹൊസ്റ്റെലിലെത്തി വൈകുന്നേരചായക്കൊപ്പം  വായിച്ചു തുടങ്ങി..ആദ്യ അദ്ധ്യായം തീർത്തപ്പോൾ മനസ്സിലായി, 'ഇറ്റ്‌ ഈസ്‌ ഗോണ ചെയ്ഞ്ച് മി'..

എഴുത്തുകാരന്റെ ജീവിതം തന്നെ ഒരു വലിയ കഥയാണ്..
പുസ്തകത്തെ പറ്റി ഞാൻ അധികം വിശദീകരിക്കുന്നില്ല..എന്നാലും ഒന്ന് വായിക്കണം..കാരണം മുപ്പതു ദിവസ്സത്തിനുള്ളിൽ പുസ്തകം വായിച്ചു തീർക്കാൻ വേണ്ടി ഞാൻ കോളേജിൽ പോകാതിരുന്നു..2008 നവംബർ ആണ്..നല്ല തണുപ്പ്..എന്നിട്ടും ഒറ്റ ദിവസവും പുലർച്ചെ ആകാതെ ഞാൻ മയങ്ങിയിട്ടില്ല..എല്ലാ ദിവസവും വായിക്കുന്ന അത്രയും ഭാഗം അച്ചനെ വിളിച്ചു പറയും..മാത്രമല്ല, വായിക്കുന്ന പുസ്തകങ്ങൾക്ക്, ആദ്യമായി നോട്ട്സ് തയാറാക്കി തുടങ്ങിയത് അന്ന് മുതലാണ്‌..

ഒരു പുസ്തകം വായിച്ചു തീർന്നപ്പോൾ ആ വായനാനുഭവം തീർന്നതിനു ഞാൻ പൊട്ടി കരഞ്ഞത് 'ശാന്താറാം' വായിച്ചപ്പോൾ മാത്രമാണ്..അതൊരു ബോളിവുഡ് സിനിമയാകാൻ പോയിട്ട് പാതി വഴിക്ക് നിന്ന് പോയി..എങ്കിലും ആ നോവൽ ഞാൻ വായിക്കുമ്പോൾ എന്റെ മനസ്സിൽ ഓരോ കഥാപാത്രങ്ങളും ഓരോ സിനിമാ താരങ്ങളായിരുന്നു..അതും ആദ്യത്തെയും അവസ്സാനത്തെയും വായനാനുഭവമാണ് എനിക്ക്..

നോവലിൽ മുംബൈയിലെ 'ഹോട്ടൽ താജ്' ഒരു പ്രധാന പ്ലോട്ടാണ്..ഒരു ദിവസം ഉച്ചക്ക് ഉറക്കത്തിൽ നിന്ന് വിളിച്ചുനർത്തി  'താജ് വെടിവെപ്പി'നെ പറ്റി പറഞ്ഞപ്പോൾ ഞാൻ പാതി മയക്കത്തിൽ പറഞ്ഞത് 'ഞാൻ അവിടെയാണ് അച്ചാ' എന്നാണ്..അത്രക്കും ഞാൻ 'അവിടെ' ആയിരുന്നു..ലൈബ്രറിയിൽ തിരിച്ചു കൊടുത്തിട്ടും ഞാൻ ഇടയ്ക്കിടെ ആ പുസ്തകത്തെ പോയി നോക്കുമായിരുന്നു..എന്നാൽ, ഇല്ല, ഞാനിതുവരെയും ആ പുസ്തകം സ്വന്തമായി വാങ്ങിച്ചിട്ടില്ല..ആരോ അതെനിക്ക് കൊണ്ട് തരാനുണ്ടെന്നു തോന്നുകയാണ്..   2. ദി ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്‌_________(അരുന്ധതി റോയ്)
 
ഈ പുസ്തകം ഒരു പ്രഹസനമാണെന്നും കാമ്പില്ലാത്ത ആഖ്യാനമാനെന്നും ഒക്കെ പറയുന്നവർ എനിക്ക് ഒരു അത്ഭുതമാണ്..ഈ പറയുന്നവരെ പറ്റിയാണ് എനിക്ക് അങ്ങനെയൊക്കെ തോന്നുക..എന്നെ വിസ്മയിപ്പിച്ച ആഖ്യാന ശൈലി, ഭാഷ, സർകാസം...എന്തൊരു വല്ലാത്ത പുസ്തകമാണത്..
ഇന്നും എത്ര വായിച്ചിട്ടും ഇനിയും വായിക്കാനുണ്ടെന്നു തോന്നുകയാണ്..കഥയുമായി താതാത്മ്യം പ്രാപിക്കുന്നതിനാലാവും.. എന്റെയും അനിയന്റെയും കുട്ടിക്കാലത്തെ ഓർമിപ്പിച്ചു റാഹേലും എസ്തയും..
എന്റെ ഹൃദയത്തിന്റെ, എപ്പോഴും വിങ്ങി കൊണ്ടിരിക്കുന്ന ഒരു തുണ്ട്, ആ വരികൾക്കിടയിൽ ഞാൻ കാണാറുണ്ട്..5. ഒണ്‍ലി ദി സോൾ നോസ് ഹൗ  ടു സിംഗ്________________ (മാധവിക്കുട്ടി)

ഓരോ കവിതയും ഹൃദ്യം..ഒരു പെണ്ണിന്റെ പ്രണയം, കാമം, അരക്ഷിതാവസ്ഥ, നിസ്സഹായത, കരുത്ത്, കരുണ തുടങ്ങി ഇങ്ങനെ പകർത്തി വയ്ക്കാൻ ആർക്കു കഴിയും?? സ്നേഹരാഹിത്യത്തെ പറ്റി ആമി എഴുതുമ്പോൾ ആർക്കാണ് അവരെ പ്രണയിക്കണമെന്നു തോന്നി പോകാത്തത്?? 'യുവർ ബോഡി ഈസ്‌ മൈ പ്രിസണ്‍, കൃഷ്ണ.. ഐ ക്യനൊട്ട് സീ ബിയോണ്ട് ഇറ്റ്‌..' ഇത് ആത്മാവിന്റെ ഗാനം തന്നെ ആണ്..  4.  ദി പ്രോഫെറ്റ്_____________ (ഖലീൽ ജിബ്രാൻ)

എന്റെ ബൈബിളാണീ പുസ്തകം.. പ്രണയിക്കുന്നവൻ ആദ്യം തന്ന സമ്മാനം..കവിതയാണ് ഓരോ വരിയും..ഇതിൽ കൂടുതൽ എന്തെങ്കിലും ഞാൻ പറഞ്ഞാലും അത് അപൂർണമായി പോകും..


"Love gives naught, but itself and takes naught but from itself."


Thursday, 24 July 2014

നസ്സിൽ അസ്സമയത്ത് "ലഡ്ഡു" പൊട്ടിയാൽ...

രാജസ്ഥാനിലുള്ള അപ്പച്ചിയും മാമനും അവരുടെ മക്കളും ഞങ്ങളുടെ വീട്ടിലെത്തുന്നത് ഉത്സവം പോലെയാണ്..അച്ചന്റെയും അമ്മയുടെയും ബന്ധുക്കളെല്ലാം ഒരു ഇട്ടാ വട്ടത്തു തന്നെയാണ് താമസം..ഇത്ര ദൂരെ താമസിക്കുന്നത് അപ്പച്ചി മാത്രമാണ്..അതുകൊണ്ട് അവരുടെ വരവ് ഞങ്ങളുടെ വീടിനെ ബഹളമയം ആക്കും..

അപ്പച്ചിക്ക് രണ്ടു പെണ്മക്കളാണ്..രണ്ടു മിടുക്കികൾ..എന്നാൽ കുട്ടിക്കാലത്ത് മൂത്തവളോട്  തല്ലു കൂടാതെ എനിക്കും അനിയനും ഇരിക്ക പൊറുതിയില്ല.. വരുമ്പോ ദീദീന്നൊക്കെ വിളിച്ച് ഭയങ്കര സ്നേഹമാണ്..രണ്ടു ദിവസം കഴിയുമ്പോ തുടങ്ങും അടി..പിന്നെ പോകുമ്പോ ഭയങ്കര സങ്കടം വരും..ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടേ ഇരിക്കും..

ഇളയവൾക്കു മൂന്നു വയസ്സുള്ള സമയത്ത് അവളെ വീട്ടിലാക്കി അപ്പച്ചിയും മാമനും മൂത്തവളും കൂടി സിനിമക്ക് പോയി..അന്ന് ഞങ്ങൾ അച്ചന്റെ കുടുംബ വീട്ടിലാണ് താമസം..ഒരു വശത്ത് ടാറിട്ട റോഡുള്ള വഴിയുണ്ട്..പക്ഷെ അത് പോകുന്ന റൂട്ട് ഞങ്ങള്ക്ക് സ്ഥിരം സഞ്ചരിക്കേണ്ട ഏരിയയിലേക്ക് അല്ല..പിന്നെയുള്ള വഴി വീടിനു പിറകു വശത്ത്   കൂടെ 'ആദിയുഷസ്സന്ധ്യപൂത്തതിവിടെ' എന്ന ലൈനിലുള്ള കല്ലും മുള്ളും പാറയും കാടും തോടുമൊക്കെ ഉള്ള വഴിയാണ്..അതാണ്‌ നമ്മൾ സ്ഥിരം ഉപയോഗിക്കുന്നത്..

ഇളയവൾ എന്നോട് കൂട്ടുകൂടി ഇരുന്നു..വൈകിട്ടായപ്പോൾ ഏതോ കല്യാണവീട്ടിൽ  പോകാൻ അമ്മ എന്നെ കൂട്ട് വിളിച്ചു..ഇളയവളും ഒപ്പം കൂടി..ഞാൻ അന്ന് അഞ്ചിൽ പഠിക്കുകയാണ്..ഞങ്ങൾ മുകളിൽ പറഞ്ഞ  സുന്ദരമായ വഴിയിലൂടെ പോകാനിറങ്ങി..ഇളയവൾക്കു അത്ര ദുർഘടമായ വഴിയിലൂടെ നടക്കാൻ പറ്റുന്നില്ല..അമ്മ എടുക്കാമെന്ന് പറഞ്ഞപ്പോ അവൾ 'ദീദി' എന്ന് ആംഗ്യം കാണിച്ചു..  അങ്ങനെ നമുക്ക് പണി കിട്ടി..വഴു വഴുക്കുള്ള പാറയും കാടും മേടുമൊക്കെ ഞാൻ അവളെയും എടുത്ത് താണ്ടി..
അന്ന് ഞാൻ ഓഞ്ഞിരിക്കുകയാനേലും നല്ല  ആരോഗ്യമായിരുന്നു..പതിനഞ്ചു തൊട്ടി വെള്ളമൊക്കെ മടമടാന്നു കോരും.. എന്നാലും ഇളയവൾക്ക് ഭാരം കൂടി കൊണ്ടേയിരുന്നു.. വളരുന്ന പ്രായമായത് കൊണ്ട്  എന്റെ കയ്യിലിരുന്നങ്ങു വളരുന്നതായിരിക്കും..

എന്തായാലും കല്യാണ വീട്ടിൽ പോയി ഞങ്ങൾ തിരികെ വരികയാണ്..അമ്മയുടെ കയ്യിൽ കല്യാണ പെണ്ണ് ദക്ഷിണ കൊടുത്ത നാരങ്ങയുണ്ട്.. 
ഞങ്ങൾ കയറ്റം കയറാൻ തുടങ്ങിയപ്പോൾ ഇളയവൾ അമ്മയുടെ നാരങ്ങക്ക് നേരെ കൈനീട്ടി 'ലഡ്ഡു' 'ലഡ്ഡു' എന്ന് പറയാൻ തുടങ്ങി..അത് ലഡ്ഡുവല്ല എന്ന് പറഞ്ഞിട്ടൊന്നും അവൾ കേൾക്കുന്നില്ല..ഒടുവിൽ നാരങ്ങ നേരിട്ട് കൊടുത്തു..അപ്പൊ അവൾ ഏകദേശം സമ്മതിച്ച മട്ടായി..ഒടുക്കം മൊഴിഞ്ഞു.."മുജെ ലഡ്ഡു ചാഹിയെ.."

മനസ്സിലായില്ലേ?? അവൾക്കിപ്പോ ലഡ്ഡു വേണമെന്ന്..നന്നായി..ആ കാട്ടു മുക്കിൽ എവിടേം ലഡ്ഡു കിട്ടില്ല..അന്ന് ആർക്കും മൊബൈൽ ഫോണില്ല..ഞങ്ങള്ക്ക് ലാൻഡ് കണക്ഷൻ വരെ പോയി കിടക്കുകയാണ്..രാത്രി എട്ടര ആയി കാണും..അവള്ടെ അച്ഛനുമമ്മേം വരാൻ എന്തായാലും പത്തു മണി ആവും..പെണ്ണ് കീറ്റല് തുടങ്ങിയാൽ പിന്നെ പിടിച്ചു നിർത്താൻ പറ്റില്ല..അതും പവർ ഹൗസിലെ സൈറനെ വെല്ലുന്ന ഒച്ചയിൽ..പകച്ചു നില്ക്കുന്ന എന്നോടും അമ്മയോടും അവൾ ആവശ്യം ആവർത്തിച്ചു..ഇത്തവണ ഇത്തിരി വിതുമ്പലിന്റെ   സ്വരത്തിൽ..ഇനി അടുത്തത് നിലവിളിയാണ്.. ഈശ്വരാ, എന്ത് ചെയ്യും???

അമ്മ അവളെ ആവും വിധം സമാധാനിപ്പിക്കാൻ നോക്കി..പിന്നീട് അവളുടെ ആവശ്യത്തിന്റെ പ്രായോഗിക തലത്തിലെ അസാധ്യതയുടെ ഏതാണ്ട് മാങ്ങ ഒക്കെ വിവരിച്ചു..എനിക്ക് അന്നേ ഈ മുതിർന്നവരോടുള്ള ഒരു ബഹുമാനകുറവ് ഇതാണ്.. എല്ലാത്തിനേം അങ്ങ് ലോജിക്കലായി അപ്പ്രോച്ച് ചെയ്യും..പില്ലെർക്കെന്താ അറിയില്ലേ ഇതൊന്നും നടക്കൂല്ലാന്നു ..?? അത് കൊണ്ടാണല്ലോ വാശി പിടിച്ച് നടത്തിക്കുന്നത്..പിന്നെ നിലവിളിച്ച് സെന്റിമെന്റ്സ് ഇളക്കുന്നതൊക്കെ അവരുടെ കിടിലൻ തന്ത്രങ്ങളാണ്..വലുതായാൽ പിന്നെ എല്ലാം മണ്ടന്മാരും മണ്ടത്തികളുമാകും.. (ഞാനന്ന് ചെറുതല്ലേ..മാത്രമല്ല അച്ചൻ എന്നെ വിളിക്കുന്നത് തന്നെ വാശിപ്പൂനീന്നാ...നമ്മക്ക് ഇതിന്റെ സകല റ്റെക്നിക്കുമറിയാം..)

ഉടൻ തന്നെ ഞാൻ ചാടിക്കേറി പറഞ്ഞു.." ബേട്ട, ലഡ്ഡു വീട്ടിലുണ്ട്..നമ്മൾ ഇപ്പൊ വീട്ടിലെത്തൂല്ലേ..അപ്പൊ തന്നെ ബഡാ ബഡാ ലഡ്ഡു ഇങ്ങനെ ഇങ്ങനെ കഴിക്കും.." പിന്നെ മോണോ ആക്ടിനും മിമിക്രിക്കും ഇടയിലുള്ള ഒരു കലാരൂപത്തിൽ ലഡ്ഡു കഴിക്കുന്നതൊക്കെ അവതരിപ്പിച്ചു കാണിച്ച് തഞ്ചത്തിൽ പുള്ളിക്കാരിയേം കൊണ്ട് കയറ്റം കയറി..അമ്മ പുറകീന്ന് വഴക്ക് പറയുന്നു.."വീട്ടിൽ ഒരു കുന്തവും ഇരിപ്പീല്ല..ഇവൾ അവിടെ എത്തുമ്പോ വഴക്കുണ്ടാക്കിയാ  നമ്മൾ എന്ത് ചെയ്യും.. നീയാനെങ്കി കൊച്ചിനെ ആശിപ്പിക്കുവാ.."

 'ഓ പിന്നെ..കൊച്ചു വീടെത്തുമ്പോ അതൊക്കെ മറന്നോളും..ഞങ്ങൾ പിള്ളേർ അങ്ങനെയാ..വീട്ടിലെത്തിയാലുടനെ ടി.വി വെച്ചു കൊടുത്ത് ഞാനവളുടെ ശ്രദ്ധ മാറ്റും..ഈ സൈക്കോളജിക്കൽ അപ്പ്രോച്ച് ഒന്നും അമ്മക്കറിയില്ല..കഷ്ടം!! '..ഇങ്ങനൊക്കെ മനസ്സില് പുച്ചിച്ച്  ഞാൻ ആ പെണ്ണിനേം ഒക്കത്ത് വച്ച് വിയർത്തു കിതച്ച്  കയറ്റം കയറി..പിന്നെ പാട്ടൊക്കെ പാടി വീട്ടിലെത്തി..അവളെ തറയിൽ നിർത്തി നടു നിവർത്തിയപ്പൊ ആ നിഷ്കളങ്കമായ ചോദ്യം.."ദീദീ, ലഡ്ഡു.."

"ലഡ്ഡു..അതെ ലഡ്ഡു..പിന്നേ, തീര്ച്ചയായും ലഡ്ഡു" എന്നൊക്കെ പറഞ്ഞു  പതുങ്ങി ഞാൻ അടുക്കളയിൽ പോയി..എന്തെങ്കിലും മധുരമുള്ള സാധനം കിട്ടീരുന്നെങ്കിൽ അതിന്റെ അണ്ണാക്കിൽ തിരുകാരുന്നു എന്നൊക്കെ കരുതി ഓരോ പലഹാര പാത്രവും തുറന്നടച്ചു  നിരാശയായി..അപ്പോഴാണ്‌ കപ്പ വേവിച്ചത് എന്റെ കണ്ണിൽ പെട്ടത്..കപ്പയെങ്കിൽ കപ്പ..ഞാൻ അവസാനത്തെ അടവെടുത്തു..കപ്പയെ ലഡ്ഡു പോലെ ചെറിയ ഉരുളകളായി ഉരുട്ടി ഒരു പാത്രത്തിൽ വച്ചു..പിന്നെ അവളുടെ അടുത്ത് പോയി നീട്ടി.."ഇന്നാ മോളെ 'ലട്‌ട്ടു'..ഖാവോ ഖാവോ.."

വായിൽ ലഡ്ഡു വച്ചതും അവളുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങിന്റെത് പോലെയായി.. ഞാൻ പെട്ടെന്ന് 'കാകളി മോഹൻ' എന്ന  അരുമ പാവയുമായി വന്നു അതവൾക്ക്‌ കളിയ്ക്കാൻ നല്കി.. (ഫോർ യുവർ ഇൻഫോർമേഷൻ: എന്റെ എല്ലാ പാവകൾക്കും ഫുൾ നെയിം ഉണ്ട്..അവരെല്ലാം എന്റെ വിദ്യാര്ത്തിനികളാണ്.. എല്ലാര്ക്കും അറ്റെന്ടൻസ്  ഇടാറുമുണ്ട്..ഞാൻ അവരെ ആർക്കും തൊടാൻ പോലും കൊടുക്കാറില്ല.. ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അനിയൻ ഒരു പാവയെ അതി ദാരുണമായി കൊലപ്പെടുത്തി അതിന്റെ കാലു പറിച്ചെടുത്ത് ചിക്കൻ കറിയിൽ ഇട്ടതിലും  കണ്ണ് കുത്തിപോളിച്ച് അവന്റെ കാറിന്റെ ഹെഡ് ലൈറ്റിൽ ഒട്ടിച്ചതിലും പ്രതിഷേധിച്ച്.. )

പാവയെ കിട്ടിയ സന്തോഷത്തിൽ അവൾ ലഡ്ഡുവോക്കെ മറന്നു ഹാപ്പിയായി..പിന്നീട് അപ്പച്ചിയും മാമനും വരുന്ന വരെ ഞാൻ കാകളി മോഹന്റെ ഭാവിയെ പറ്റി ആശങ്കാകുലയായി അവിടെ തന്നെ ചുറ്റി പറ്റി നിന്നു..

NB : രണ്ടാമത്തെ അപ്പച്ചി രണ്ടാമത്തെ പ്രസവത്തിനു വീട്ടിൽ വന്നു നിന്നു..പുലർച്ചെ വേദന കൂടി അപ്പച്ചിയെ ആശുപത്രിയിൽ അട്മിറ്റാക്കിയപ്പോൾ, എന്റെ അമ്മ  അപ്പച്ചിയുടെ മൂത്ത മകനെ വീട്ടിൽ സമാധാനിപ്പിച്ചു നിർത്തിയത് എന്റെ കാകളി മോഹന്റെ ജീവൻ പണയം വെച്ചിട്ടായിരുന്നു..എന്നെ കോപ്പിയടിച്ച്..

Wednesday, 23 July 2014

ഞാൻ എങ്ങനാ ഉണ്ടായത് അമ്മേ??


ഞാൻ അമ്മയോട് ഇങ്ങനെ ഇത്ര കൃത്യമായിട്ട്ചോദിച്ചിട്ടൊന്നും ഇല്ല..എല്ലാം സ്വന്തമായി കണ്ടു പിടിക്കുന്ന ആൾക്കാരായിരുന്നു ഞാനും അനിയനും..എന്തായാലും കല്യാണം കഴിക്കണം വാവ ഉണ്ടാവാൻ എന്നറിയാം..പക്ഷെ കല്യാണം കഴിച്ചിട്ടും വാവ ഉണ്ടാവാതെ ചികിത്സിക്കുന്ന ഒരു അമ്മായി ഉണ്ടായിരുന്നു എനിക്ക്..അതാണ്‌ ഞങ്ങൾക്ക് ഫുൾ കണ്‍ഫ്യൂഷനായത്.. ഞാൻ മൂന്നിൽ പഠിക്കുന്നു..അനിയൻ നേഴ്സറി..എന്നും പറഞ്ഞ് അവനെ അത്ര കൊച്ചായി കാണണ്ട..അവൻ ഓരോ ദിവസവും സ്കൂൾ വിട്ടു വരുന്ന വഴിയിൽ റ്റൈഗറിനെയും 'സിങ്ക'ത്തെയും  ഒക്കെ മല്പിടുത്തത്തിൽ തോൽപ്പിച്ച കഥകളാണ് വീട്ടിൽ വന്നു പറയുന്നത്..സ്കൂളിൽ കൊണ്ട് പോകുന്ന സുശീല ചേച്ചിയോട് പറയുന്നത് ഞങ്ങളുടെ വീടിന്റെ അടിയിൽ ഒരു ചേംബർ ഉണ്ടെന്നും അവിടെ ബോബ് ചെയ്ത മുടിയുള്ള ഒരു അമ്മയുണ്ടെന്നും ഒക്കെയാണ്..അങ്ങനെ പണ്ടേ അച്ചനു ചിന്നവീടുണ്ടാക്കി കൊടുത്ത പുള്ളിയാണ്..

എന്തായാലും എന്റെ അടുത്ത കൂട്ടുകാരി കുഞ്ഞമ്മയാണ്..ഞാൻ എന്ത് കാര്യവും പറയുന്നത് അവളോടാണ്..കുഞ്ഞമ്മ തിരിച്ചും..കോളേജിലെ വിശേഷങ്ങൾ, സംശയങ്ങൾ എല്ലാം എന്നോട് വന്നാണ് പറയുക..അതൊരു വെറും പാവമായിരുന്നു..
ഉദാഹരണത്തിന്.." കുക്കൂ, മഴയെത്തും മുൻപേ ഇറങ്ങിയിട്ടുണ്ട്..ആനിയായിരിക്കുമോ അതോ ശോഭനയായിരിക്കുമോ അവസാനം മമ്മൂട്ടിയെ കെട്ടുക..??"
"ശോഭന ആയിരിക്കും..എന്താ സംശയം..ധൈര്യമായിട്ടിരി ചീയേ.." എന്ന് ഞാനങ്ങ് ഉറപ്പു കൊടുക്കും..(എന്റെ കുഞ്ഞമ്മയെ ഞാൻ ചീയ എന്നാണു വിളിക്കുക..)

അങ്ങനെ ഇരിക്കെ, ഒരു ദിവസം ഞാനും ചന്തുവും അമ്മവീട്ടിന്റെ പുറകു വശത്തെ പേരമരത്തിൽ കയറി ഇരുന്നു കളിക്കുകയാണ്..അവിടെ അയയിൽ കിടന്ന ഒരു തുണിയെടുത്ത് ഞങ്ങൾ കളിച്ചു..അത് വല്യ വിഷയമായി..അമ്മൂമ്മ എന്നേം കുഞ്ഞമ്മേം കുറേ വഴക്ക് പറഞ്ഞു..ആ തുണി ആരോ എന്തോ "ഭീകര പ്രവർത്തനത്തിനു" ഉപയോഗിക്കുന്നതായിരുന്നു.. ഞാൻ കുഞ്ഞമ്മേടെ പിറകെ കൂടി.."അതാരുടെ തുണിയാണ്..എന്താ അതെടുത്താൽ??" എന്നും ചോദിച്ച്..

എനിക്ക് അന്നേ ഭയങ്കര നീതി ബോധമാണ്..അങ്ങനെ കാരണം ഒന്നുമില്ലാതെ ആരും എന്നെ വഴക്ക് പറയാൻ സമ്മതിക്കില്ല..കാരണം ഉണ്ടെന്നു എന്റെ കുഞ്ഞു മനസ്സിന് ബോധ്യപ്പെട്ടാൽ എല്ലാ ചീത്തയും കേട്ടോളും..(ഒരിക്കൽ ഞാനും അമ്മയും അനിയനും കട്ടിലിൽ ഇരിക്കുമ്പോൾ ഞാൻ എന്തോ പറഞ്ഞ് കളിച്ച് അനിയനെ തള്ളി..അവൻ തലയിടിച്ച് നിലത്തു വീണു..ഞാൻ പകച്ചു പോയി.. പെട്ടെന്ന് അമ്മ പടക്കം പൊട്ടിക്കും പോലെ എന്റെ തുടയിൽ രണ്ടടി..അമ്മയും അച്ഛനും ഞങ്ങളെ അടിക്കാറെ ഇല്ല..ആദ്യത്തെ അടിയാണ്..പക്ഷെ ഞാൻ പെട്ടെന്ന് അനിയനെ പിടിച്ചെണീപ്പിച്ച് തല തടവി കൊടുത്തു..അമ്മക്ക് സങ്കടം വന്നു..എന്റെ തുടയിൽ അമ്മയുടെ കൈവിരൽ പതിഞ്ഞു തിണിർത്തു കിടക്കുന്നു..ഞാൻ പക്ഷെ കരഞ്ഞില്ല..അന്നെനിക്ക് നാല് വയസ്സേ ഉള്ളൂ..)

കുഞ്ഞമ്മ മുറി അടിച്ചു വാരുകയാണ്..ഞാൻ വിടുന്നില്ല..അവസാനം കരഞ്ഞ് അച്ചനോട് പറഞ്ഞ് കൊടുക്കും എന്നായപ്പോൾ ആ മണ്ടി ആർത്തവത്തെ പറ്റിയുള്ള രഹസ്യങ്ങൾ എനിക്ക് പറഞ്ഞു തന്നു..(ഏതോ ജോലിക്കാരി രഹസ്യമായി കഴുകി നനച്ചിട്ട തുണിയായിരുന്നു അത്..)
എനിക്ക് അത്ര ഇന്റെരസ്റ്റ്‌ തോന്നിയില്ല..എനിക്ക് ഇമ്മാതിരി അപകടം ഒന്നും വരില്ല..എന്റെ അച്ഛനും അമ്മേം എന്നെ പോന്നു പോലെ നോക്കികോളും.. അങ്ങനെ ഞാൻ സമാധാനിച്ചു ..

പിന്നീട് മറ്റൊരിക്കൽ രാമായണം കഥ പറഞ്ഞു തരികയായിരുന്നു കുഞ്ഞമ്മ..കൗസല്യ,കൈകേയി,സുമിത്ര എന്നിവര്ക്ക് മുനി പായസം കൊടുത്തു..അവർ അത് കഴിച്ചു കഴിഞ്ഞ് യഥാക്രമം രാമനും ഭരതനും ശത്രുഘ്നനും ലക്ഷ്മണനും ഉണ്ടായി..
"പായസം കഴിക്കണോ കുട്ടി ഉണ്ടാവാൻ??"
"അയ്യോ..പായസം കഴിക്കുന്നവര്ക്കൊക്കെ കുട്ടി ഉണ്ടാവുമോ??"
"എനിക്കും ഉണ്ടാവുമോ??"
അങ്ങനെ സംശയ പെരുമഴയിൽ ഞാൻ കുഞ്ഞമ്മയെ മുക്കി കൊന്നു..പാവം..ഒടുവിൽ പറഞ്ഞു തന്നു..കല്യാണം കഴിച്ചിട്ട് പായസം കഴിച്ചാലേ കുട്ടി ഉണ്ടാവൂ..അതിൽ എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റെക്ക് തോന്നി എനിക്ക്..
അവസാനത്തെ അടവ് പുറത്തെടുത്തു..ഞാൻ അച്ഛനോട് പറയും..ഇത് മാത്രമല്ല അച്ചന്റെ ഓഫീസിലെ .... ചേച്ചിയും ....... ചേട്ടനും തമ്മിൽ ലൈനാനെന്നു കുഞ്ഞമ്മ പറഞ്ഞു തന്ന കാര്യവും..പിന്നെ താമസിച്ചില്ല..കുഞ്ഞമ്മക്ക് അറിയാവുന്ന കാര്യങ്ങൾ എന്തൊക്കെയോ പറഞ്ഞു തന്നു.. (കുഞ്ഞമ്മക്ക് ഒരു കുന്തവും അറിയില്ലാന്നു പിന്നീടല്ലേ മനസ്സിലാവുന്നത്)

അവസാനത്തെ രക്ഷ അനിയനാണ്..ഞാൻ അവനോട് ചോദിച്ചു..അവൻ അതി ഫീകരമായി ഒരു കഥ ഉണ്ടാക്കി..കല്യാണത്തിന്റെ അന്ന് പെണ്ണ് ഒരു ചെടിയുടെ വിത്ത് തിന്നും..ആ വിത്ത് വളര്ന്നു കുഞ്ഞാവും..ഏത് ചെടിയാണെന്ന് അവനറിയില്ല..അന്ന് മൂത്ത മാമന്റെ കല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ..പാലും പഴവും കൊടുക്കുന്ന ചടങ്ങ് അവൻ കണ്ടതാണ്..അതിൽ നിന്നുണ്ടാക്കിയ കഥയാണ്..എന്നാലും അത് എനിക്ക് വിശ്വാസം വന്നു..
അപ്പൊ അതാണ്‌ കാര്യം..എല്ലാം മനസ്സിലായി..

അഞ്ചിൽ പഠിക്കുമ്പോഴാണ് ഞാൻ 'മയ്യഴി പുഴയുടെ തീരങ്ങൾ' വായിക്കുന്നത്..അത് എനിക്ക് വായിക്കാൻ തരല്ലേ എന്ന് അച്ചനോട് അമ്മ പല തവണ പറഞ്ഞതാണ്..പക്ഷെ അച്ചനുണ്ടോ കേൾക്കുന്നു..ഒരു ദിവസം രാവിലെ അച്ചൻ ഒരു പുസ്തകമേള കഴിഞ്ഞു വരികയാണ്..ആദ്യം തന്നെ അടുക്കളയിൽ പോയി പാതാംപുറത്തിരുന്നു അമ്മയോട് വിശേഷം പറയലാണ് അച്ചന്റെ പതിവ്..'കേശവന്റെ വിലാപങ്ങൾ' പബ്ലിഷ് ആയതിനെ പറ്റിയും ഈ.എം.എസ്സിന്റെ രൂപം ആലേഘനം ചെയ്ത തകിടോടെ ഇറങ്ങിയ ആദ്യത്തെ നൂറു കോപ്പികളിൽ ഒന്ന് അച്ചൻ വാങ്ങി കൊണ്ട് വന്നതും ഒക്കെയാണ് ചർച്ച..ഉണർന്നെണീട്ടു വന്ന ഞാൻ അപ്പോഴേ പുസ്തകം വാങ്ങി വായിക്കാൻ തുടങ്ങി..അപ്പുവിന്റെ കഥ എനിക്ക് ഇഷ്ടപ്പെട്ടു..അത് കഴിഞ്ഞ് മുകുന്ദന്റെ തന്നെ പുസ്തകം വായിക്കണമെന്ന് പറഞ്ഞ് അലമാരയിൽ നിന്ന് തപ്പി എടുത്തതാണിത്..അച്ചൻ അഭിമാനത്തോടെ ആണ് അതെനിക്ക് തന്നത്..അത് അച്ചനു തന്നെ പാരയായി..

വീട്ടിൽ എല്ലാരും  കൂടി ഇരിക്കുമ്പൊഴാണ് എന്റെ ചോദ്യം.."അച്ചാ, ഈ കന്യാ ചർമം എന്താ" , "ഷണ്ഡൻ എന്ന് പറഞ്ഞാൽ എന്താ??"  എന്നൊക്കെ..ഒടുവിൽ അച്ചൻ പറഞ്ഞു.."നീ ഇതെല്ലാം മാർക്ക് ചെയ്തു വെക്ക്..ഞാൻ ഒരുമിച്ച് പറഞ്ഞു തരാം" എന്ന്..
അച്ചൻ എന്നെ പറ്റിച്ചില്ല..പറ്റുന്ന വാക്കുകളുടെ ഒക്കെ അർഥം പറഞ്ഞു തന്നു.."കുട്ടികൾ ഉണ്ടാവാത്ത പുരുഷൻ ആണ് ഷണ്ഡൻ..നമ്മൾ ആരെ പറ്റിയും അങ്ങനൊന്നും പറയാൻ പാടില്ല" എന്ന് പറഞ്ഞു തന്നപ്പോൾ ഞാൻ നിഷ്കളങ്കതയോടെ ചോദിച്ചു.."ആണ്ങ്ങൾക്കെന്തിനാ കുട്ടികൾ ഉണ്ടാവുന്നത്?? ഭാര്യക്ക് ചെടിയുടെ വിത്ത് തിന്നാൽ പോരെ ..??" ...പിന്നെ ഞാൻ അച്ചനോട് ആ കഥ പറഞ്ഞു കൊടുത്തു..

അച്ചൻ കുറേ നേരം ചിന്തിച്ചിട്ട് എന്നോട് പറഞ്ഞു.. "നമ്മൾ എല്ലാരേം സ്നേഹിക്കണം..പക്ഷെ അച്ഛന്റേം അമ്മേടേം സ്നേഹം ഒരുപാട് വലുതാണ്‌..അത് വേറെ തന്നെയാണ്..അമ്മയും അച്ചനും സ്നേഹിക്കുമ്പോഴാണ് കുട്ടികൾ ഉണ്ടാവുന്നത്..കുട്ടികൾ വേണമെന്ന് നമ്മൾ ഗോഡിനോട്‌ പ്രാർഥിക്കുമ്പോഴേ കിട്ടൂ..കുട്ടികൾ ഉണ്ടായി കഴിഞ്ഞും സ്നേഹിക്കണം..ആ സ്നേഹം കണ്ടാണ്‌ കുട്ടികൾ വളരേണ്ടത്.... "

അന്നുമിന്നും അച്ചൻ പറഞ്ഞു തന്നതാണ് ശരി..എത്ര ആഴത്തിൽ ചിന്തിച്ചാലും..

Monday, 21 July 2014


ദ്യത്തെ പ്രേമലേഖനം...
2004
പ്ലസ്‌ വണ്‍ കാലം..
ഞാൻ അമ്മൂമ്മക്കും കസിൻ അപ്പുവിനുമൊപ്പം  തിരുവനന്തപുരത്ത് താമസിക്കുന്നു..
ഞങ്ങള്ക്ക് കൂട്ടായി ഒരു ജോലിക്കാരിയെ അങ്ങോട്ട് അയക്കുന്നുണ്ട് എന്ന് അച്ചൻ പറയുന്നു..
അങ്ങനെ ആ സാധനം ലാൻഡ് ചെയ്യുന്നു..
ലെഫ്റ്റ് റൈറ്റ് ലെഫ്ടിലെ ഇന്ദ്രജിത്തിന്റെ അമ്മയെ ഓർമ്മയുണ്ടോ??
അല്ലെങ്കിൽ സല്ലാപത്തിലെ മനോജ്‌ k  ജയന്റെ അമ്മക്ക് കുറച്ചൂടി തടി വച്ചെന്നു വക്കുക..
അങ്ങനൊരു കഥാപാത്രമാണ് വന്നു ചേർന്നിരിക്കുന്നത്..

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്..അഹങ്കാരത്തിന്റെ ബാധ കേറിയ കുട്ടി പിശാച്ചുക്കളായിരുന്നു അന്ന് ഞാനും അപ്പുവും..ആരെയും അങ്ങട് ബോധിക്കില്യ..ഈ കുട്യോല്ടെ ഒരു കാര്യേ..

കവിയൂർ പൊന്നമ്മയെ ആഗ്രഹിച്ച ഞങ്ങള്ക്ക് ഫിലോമിനയെ കിട്ടിയത് പോലെയായി..സ്വന്തം അമ്മൂമ്മയെ തന്നെ സഹിക്കാൻ പാടായിരുന്നു..അങ്ങോട്ട്‌  പോകരുത് ഇങ്ങോട്ട് പോകരുത്  ഇരുന്നു പഠിക്കൂ തുടങ്ങി കാതിനും മനസ്സിനും അസ്വസ്ഥതയുണ്ടാക്കുന്ന വചനങ്ങളുമായി എപ്പൊഴും ചുറ്റിലുണ്ടാകും..പിന്നെ ആഹാരം കഴിപ്പിക്കൽ.. അങ്ങനെ ഞങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ മാത്രം ചെയ്യുന്നത് അമ്മൂമ്മയുടെ ഹോബ്ബി ആയിരുന്നു..ഒരു കൂട്ട് കിട്ടിയാൽ ഈ ദുശ്ശീലങ്ങൾ ഒക്കെ മാറിക്കോളും എന്ന് സമാധാനിച്ചിരിക്കുമ്പൊഴാനു നമ്മുടെ താരത്തിന്റെ വരവ്..

കുറ്റം പറയരുതല്ലോ..തങ്കപ്പെട്ട സ്വഭാവമാണ്..ഒന്നും അങ്ങൊട്ട് ചോദിക്കാതെ തന്നെ എല്ലാത്തിനും കേറി അഭിപ്രായം പറഞ്ഞോളും..പിന്നെ പെണ്ണെ ചെക്കാ എന്നൊക്കെയുള്ള വിളികൾ..അമ്മൂമ്മേടടുത്ത് എരിവു കേറ്റി കൊടുത്ത് ഞങ്ങളെ ചീത്ത വിളിപ്പിക്കുന്നതും താരത്തിന്റെ സവിശേഷതയാണ്..ഇത് മഹാ ശല്യമായല്ലോ..എന്ത് ചെയ്യും??ഞാനും അപ്പുവും മുറിയടച്ചിരുന്നു ഡിസ്കഷൻ തുടങ്ങി..
"കൊല്ലണ്ട..(കയ്യും കാലും ഓടിച്ചാ മതി) " എന്നൊക്കെ വിളിച്ചു പറയാൻ ഗുണ്ട ബിനുവിനെ പരിചയമില്ല..വീട്ടിൽ പറഞ്ഞാൽ "ആദ്യം ഹോസ്റെലീന്നു ചാടിപ്പോന്നു..ഇപ്പൊ ഈ ജോലിക്കാരിയെ ഓടിച്ചാൽ എനിക്ക് ഇനിയോരെണ്ണത്തെ കണ്ടു പിടിച്ചെടുക്കാൻ പറ്റില്ല" എന്നും പറഞ്ഞു അച്ചനെന്നെ കയ്യൊഴിയും..എന്താ ചെയ്യുക..??? സ്വന്തം ചിലവിൽ ഓടിക്കേണ്ടി വരും..ഞാനും അപ്പുവും ഒരു പ്ലാൻ തയാറാക്കി..

പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് അലാറം വെച്ച് ബുദ്ധിമുട്ടിയുണർന്നു ഞങ്ങൾ ആ കത്ത് മുൻവാതിലിന്റെ പടിയിൽ കൊണ്ടിട്ടു..പിന്നെ ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പോലെ ഉറങ്ങി..രാവിലെ ഉണരുന്നത് താരത്തിന്റെ കരച്ചിൽ കേട്ട് കൊണ്ടാണ്..
"അയ്യോ എന്റെ ചേച്ചീ  ഞാനിനി എന്തോ ചെയ്യും?? ഇതെങ്ങാനറിഞ്ഞാ എന്റെ കെട്ടിയോൻ എന്നെ തല്ലികൊല്ലും.. ഞാനിവിടം വിട്ടു പോവാണേ..പെട്ടെന്ന് സാറിനെ വിളി.."
കാര്യം പ്രതീക്ഷിച്ചതിനേകാൾ ഏറ്റു !!!

"എന്താ എന്ത് പറ്റി അമ്മൂമ്മെ..??" എന്റെ അപ്പോഴത്തെ സ്നേഹം കണ്ടാൽ അവര് പോകുന്നില്ലെന്ന് വരെ വയ്ക്കും.. അത്രയ്ക്കാണ്  ഭാവാഭിനയം..
അവർ എന്നെ കത്ത് കാണിച്ചു..ഞാൻ തന്നെ കയ്യക്ഷരം മാറ്റി എഴുതിയ വരികൾ ചിരി ഒളിപ്പിച്ചു ഞാൻ തന്നെ വായിച്ചു..(കുറച്ചു ഗദ്ഗദം വേണം വോയ്സിൽ..)

"പ്രിയപ്പെട്ട സുമതീ..
നിനക്കെന്നെ അറിയുമോന്നറിയില്ല..പക്ഷെ എനിക്ക് നിന്നെ അറിയാം..ഓർമ വച്ച നാൾ മുതൽ നീയെന്റെ സ്വപ്നത്തിലെ രാജകുമാരിയായിരുന്നു സുമതീ..എന്നും ഞാൻ നിന്റെ പിന്നാലെ ഉണ്ടായിരുന്നു...എന്നിട്ടും നീയെന്നെ കണ്ടില്ല..എന്റെ സ്നേഹം തിരിച്ചറിഞ്ഞില്ല..നീ സുമംഗലിയായപ്പോൾ ആ കാഴ്ച കാണാനാകാതെ ഞാൻ നാട് വിട്ടു..ഒരു നിത്യ ബ്രഹ്മചാരിയായി മാറി..ഇപ്പോൾ വർഷങ്ങൾക്കു ശേഷം നിന്നെ ചന്തയിൽ വച്ചു കണ്ടപ്പോൾ എനിക്ക് സന്തോഷം സഹിക്കാൻ കഴിയുന്നില്ല..ഇനിയെങ്കിലും എനിക്ക് നിന്നെ വേണം..നീ എന്റെ കൂടെ പോരില്ലേ??

എന്ന് നിന്റെ സ്വന്തം കൃഷ്ണേട്ടൻ
(ഒപ്പ്)

ഇത്ര കടുത്തൊരു പ്രേമലേഖനം അവർ എന്റെ കയ്യിൽ തന്നതിനും ഞാൻ  അത് വായിച്ചതിനും അമ്മൂമ്മ നീരസപ്പെട്ടു..ആ അമ്മൂമ്മക്കറിയില്ലല്ലോ ഇതെഴുതിയ ഗൊച്ചുമോളുടെ റെയ്ഞ്ച്.. അമ്മൂമ്മ അച്ചനെ വിളിച്ചു വരുത്തി (അത് ഞങ്ങൾ പ്രതീക്ഷിച്ചില്ല) കത്ത് കാണിച്ചു..പിന്നെ ശബ്ദമടക്കി പറഞ്ഞു "ഇത് പ്രശ്നാവും..അയാൾ ഇവിടെങ്ങാനും കേറി വന്നാലോ..സുമതിയെ വീട്ടിൽ കൊണ്ടാക്കുന്നതാ ബുദ്ധി.."

കത്ത് കണ്ട ഉടൻ അച്ചൻ അകത്തേക്ക് നോക്കി..വാതിലിൽ മറഞ്ഞു നില്ക്കുന്ന എന്നെ തറപ്പിച്ച് നോക്കി കത്ത് വായിച്ചു തീർത്തു..പിന്നെ കത്ത് കുനുകുനെ കീറി കളഞ്ഞു..എന്നേം അപ്പൂനേം അകത്തെ മുറിയിൽ കൊണ്ട് പോയി നിർത്തി അച്ചൻ സ്റ്റൈലിൽ ചോദ്യം "ആരുടെ ഐടിയയാ..??" ഞങ്ങൾ തല കുനിച്ചു.. "എന്താ നിങ്ങള്ക്ക് അവരുമായുള്ള പ്രശ്നം..??" ഞങ്ങൾ പരാതിയുടെ കെട്ടഴിച്ചു..അച്ചന്റെ ഗൗരവം നിറഞ്ഞ മുഖത്ത് ചിരിയുടെ മിന്നലാട്ടങ്ങൾ ഞാൻ കണ്ടു.. അച്ചൻ സീരിയസ് ആവാൻ നോക്കി പരാജയപ്പെടുന്നു..
എന്തായാലും അച്ചൻ സുമതിയെ ആശ്വസിപ്പിച്ച് പറഞ്ഞു വിട്ടു..ഒരു ബാധ ഒഴിഞ്ഞ സന്തോഷം ഞങ്ങൾ അനുഭവിച്ചു..
അടുത്ത വലിയ ബാധ വരാൻ പോകുന്നതറിയാതെ..

PS : എന്റെ ആദ്യത്തെ പ്രേമലെഖനത്തെ കുറിച്ചാണിത്..ബട്ട്‌ എനിക്ക് കിട്ടിയ ആദ്യ പ്രേമലെഖനമാണ് നിങ്ങൾ പ്രതീക്ഷിച്ചതെന്നു തോന്നുന്നു..വിഷമിക്കണ്ട..നാളെ..നാളെ..നാളെ..ഏതെങ്കിലുമൊരു ദിവസത്തിന്റെ നാളെ ഞാനത് നിങ്ങൾക്കായി എഴുതുന്നതാണ്..ഓക്കെ ..??

Sunday, 20 July 2014


രു നർത്തകിയുടെ വേദന..

ഞാൻ "ഫയങ്കര" നര്ത്തകിയാണെന്നുള്ള കാര്യം നിങ്ങക്കറിയാമോ??ഇല്ലേൽ അതിനുള്ള തെളിവ് പിടിച്ചോ..
ഈ കഥ നടക്കുന്നത് 2007 ന്റെ അവസാനമാണോ 2008 തുടക്കമാണോന്നു ചോദിച്ചാൽ അയാം ദി സോറി.. എന്തായാലും ഡിഗ്രി സെക്കന്റ് ഇയറാണ്..
ഹോസ്റ്റൽ 'ഡേ' എന്നും പറഞ്ഞ് 'രാത്രി' ഒരു ഫങ്ങ്ഷൻ വെക്കാമെന്നു ഹോസ്റ്റൽ വാർഡൻ  തീരുമാനിക്കുന്നു..അല്ല ഈ ഡേയും നൈറ്റും എല്ലാം പരസ്പര പൂരകങ്ങളാണല്ലോ.. അതിൽ കുട്ടികളുടെ (അതായത് ഈ ഞങ്ങളുടെ) വിവിധയിനം കലാ പരിപാടികൾ ഉണ്ടാവും..
എന്തൊക്കെ ചെയ്യാം എന്ന് ഞങ്ങൾ തല പുകഞ്ഞാലോചിച്ചു..
എനിക്ക് ഒരു ഡാൻസ് കളിച്ചാൽ കൊള്ളാമെന്നു തോന്നി..ഒറ്റക്കല്ല..ഒരു ഗ്രൂപ്പ് ഡാൻസ്..വിനീടെ കൂടെ ഡിസ്കസ് ചെയ്തു ഒരു ഏകദേശ ധാരണയൊക്കെ ഉണ്ടാക്കി.. (വിനി നമ്മുടെ അടുത്ത കൂട്ടുകാരിയാണ്‌..ആ കഥയൊക്കെ വഴിയെ പറയാം)..
"തത്പര" കക്ഷികളെ തേടലായി അടുത്ത അങ്കം..വളരെ നിഷ്കളങ്കമായി ഒരു ദീദി തനിക്ക് ഡാൻസ് കളിച്ചാൽ കൊള്ളാമെന്നു അറിയിച്ചു..പഴയ കരാട്ടെ ഒക്കെയാണ്..പക്ഷെ ഇപ്പോഴത്തെ കോലം കണ്ടാൽ ഡാൻസുമായി ബന്ധപ്പെടുത്തി ചിന്തിക്കാൻ നമ്മളൊന്ന് മടിക്കും..ദീദിക്കു കളിക്കാനാവുമോ?? എന്തായാലും ആ ആത്മാര്തതയിൽ ഞങ്ങൾ വീണു..
അങ്ങനെ നര്ത്തകരെ ഫൈനലൈസ് ചെയ്തു..ഞാൻ, വിനി, നാസ്, ആശ  പിന്നെ ദീദി..
അതൊരു കിടിലൻ കോമ്പിനേഷൻ ആയിരുന്നു..ഞാനും വിനീം കേരളത്തീന്ന്..ആശ അരുണാചൽ പ്രദേശ്‌..നാസ് കാശ്മീരി..പിന്നെ ബംഗാളിയായ ദീദിയും..
അടുത്ത ചര്ച്ച പാട്ടിനെ പറ്റിയായി..സിനിമാറ്റിക് മതി..എല്ലാര്ക്കും ആസ്വദിക്കാൻ പറ്റണം..ദീദി ഭൂൽ ഭുലയ്യയിലെ 'മേരെ ഡോലനാ സുൻ' എന്ന പാട്ടുമായി വന്നു..പിന്നെ പുള്ളിക്കാരി തന്നെ കുറെ സ്റെപ്സും കാണിച്ചു..അതിന്റെ ഒടുക്കം നല്ല സ്പീടുള്ള മ്യൂസിക്കിനൊപ്പം ദീദി നൃത്തം വച്ച് കറങ്ങാൻ തുടങ്ങി..കറങ്ങി കറങ്ങി ഞങ്ങള്ക്ക് പിടിച്ചു നിര്ത്താനാവാത്ത വിധം കറങ്ങി ഒടുവിൽ ഒരു അലമാരയിൽ ചെന്നിടിച്ചു നിന്നു..അതോടെ ആ പാട്ട് ക്യാൻസലായി..
ഒടുവിൽ ആശയാണ് പറഞ്ഞത് ലഗാനിലെ 'രാധാ കൈസേ ന ജലേ' എന്ന അതിമനോഹരമായ പാട്ടിനെ കുറിച്ച്..ഞങ്ങൾ അതുമതിയെന്നു തീരുമാനിച്ചു..ഞാൻ കൃഷ്ണൻ, അവൾ രാധ,ബാക്കി മൂന്നുപേരും ഗോപികമാർ..അങ്ങനെ പ്രാക്ടീസ് തുടങ്ങി..ഞാൻ എന്റെ വിങ്ങിൽ ഒറ്റയ്ക്ക് താമസിക്കുന്നത് കൊണ്ട് എന്റെ അതി വിശാലമായ മുറിയിലാണ് പ്രാക്ടീസ്..ഞങ്ങൾ എല്ലാ ദിവസവും പ്രാക്ടീസ് തുടങ്ങി..വളരെ ചുറുചുറുക്കേറിയ ദിവസങ്ങളായിരുന്നു അവ..
കൃഷ്ണന് നല്ല പൗരുഷം വേണം..നില്പിലും നടപ്പിലുമൊക്കെ ഒരു ഗാംഭീര്യവും  വേണം..ഒരു പെണ്‍കുട്ടി കളിക്കുന്നത് കൊണ്ട് അതിൽ പ്രത്യേകം ശ്രദ്ധിക്കണം..പക്ഷെ ആ പെണ്‍കുട്ടി ഞാനായത് കൊണ്ട് പ്രശ്നമില്ല..മനസ്സിലായില്ലേ..??
അങ്ങനെ ആ ദിനം വന്നു..ഞങ്ങൾ വിചാരിച്ചതിലും മനോഹരമായി നൃത്തം..കാരണം ഞങ്ങളെ സഹായിക്കാൻ ഒരുപാട് പേരുണ്ടായി..അത് ഞാൻ ആ ഹോസ്റെലിലെ ഒരുപാട് കുട്ടികളുമായി അടുക്കാൻ കാരണമായി..ഒരുപാട് പേർ പ്രശംസിച്ചു..മാത്രമല്ല ഡാൻസ് കളിച്ച് കളിച്ച് ഒരുഷാറൊക്കെ വന്നു..പിന്നെ ഞാൻ ഇടയ്ക്കിടെ മുറിയിൽ ഡാൻസ് കളിക്കാൻ തുടങ്ങി..


വേദിയിൽ


ഞാനും വിനിയും 
ഡാൻസ് ടീം

ഇതിനെ പറ്റി പറയുമ്പോ ഡിഗ്രി തേഡ്‌ ഇയറിൽ ഡല്ഹി യൂണിവേഴ്സിറ്റി മലയാളി അസ്സോസിയഷനായ മൈത്രിയുടെ ഓണാഘോഷത്തിൽ ഞാൻ ഓട്ടൻ തുള്ളൽ കളിച്ചതിനെ പറ്റിയും പറയേണ്ടി വരും..ഓട്ടൻ തുള്ളലോക്കെ പഠിച്ചിട്ട് എത്ര കാലമായി.. എങ്കിലും ഹോസ്റൽ ഡാൻസിന്റെ ആവേശത്തിൽ ഞാൻ കേറിയങ്ങ്  ഏറ്റു.. മേക്കപ്പും കൊസ്റ്യൂമുമൊക്കെ ഭാരവാഹികൾ സംഘടിപ്പിക്കാം എന്ന് പറഞ്ഞു..ഇനി പാട്ട് പാടാൻ ഒരാൾ വേണം.. 
ഓട്ടൻ തുള്ളലിൽ നമ്മൾ പാടിയാണ് കളിക്കുക..ഒരു വരി നമ്മൾ പാടും, അത് കഴിഞ്ഞ് അണിയറയിൽ നിന്നു ഒരാൾ അത് ഏറ്റു പാടണം..കൈമണിയും കൊട്ടണം..ബിനു ചേച്ചിയും നിഷ ചേച്ചിയും അത് ഏറ്റു..അങ്ങനെ ഞാൻ ഹോസ്റ്റലിൽ പ്രാക്ടീസ് തുടങ്ങി..ഓണാഘോഷത്തിനു കഥകളിക്കു ശേഷമായിരുന്നു ഓട്ടൻ തുള്ളൽ..നമ്മൾ സദസ്സിലിരിക്കുന്നവരെ വരികളുമായി ബന്ധപ്പെടുത്തി പരിഹസിക്കാരുണ്ട്.. എന്റെത് രുഗ്മിണീ സ്വയംവരമാണ്..അതിൽ സ്വയംവരത്തിനു വരുന്ന ഓരോ പുരുഷന്മാരെയും പരിഹസിക്കുന്നുണ്ട്.മണ്ടൻ, പൊട്ടൻ, നിരക്ഷരൻ, കിളവൻ എന്നിങ്ങനെ..ഇതൊക്കെ ആരെ ചൂണ്ടി കളിക്കണമെന്ന് ഞാൻ നേരത്തെ തീരുമാനിച്ചു..
ഒരു കഷണ്ടിക്കാരൻ കൂടി വേണം..അതിനു മൈത്രി പ്രസിടന്റായ തഥാഗതൻ ചേട്ടനല്ലാതെ പിന്നാരാണ്‌ ചേരുക??
ഓട്ടൻ തുള്ളൽ തുടങ്ങാരായപ്പോൾ എന്തോ തിരക്കിൽ തഥാഗതൻ ചേട്ടന് പുറത്തേക്കിറങ്ങി..ഉടൻ തന്നെ നമ്മുടെ ടീംസ് അങ്ങേരെ എന്തൊക്കെയോ അടവിറക്കി തിരിച്ച് വേദിയിൽ കൊണ്ട് വന്നു..അങ്ങനെ നോം എല്ലാരേം കളിയാക്കി ഓട്ടൻ തുള്ളൽ ഇങ്ങനെ കളിച്ച് വരികയാണ്..കഥകളിക്കാരുടെ വേഷത്തിൽ നിന്നഴിഞ്ഞു വീണ ഒരു ആണി (ഗ്ലിറ്റ് പിൻ) ആ നിലത്തു കിടപ്പുണ്ടായിരുന്നു..പിന്നെ ഞാൻ പറയാതെ നിങ്ങൾക്കൂഹിക്കാം..എങ്കിലും എന്റെ വായിൽ നിന്നൊരപ ശബ്ദം പോലും വന്നില്ല...ഞാൻ ചവിട്ടി ചവിട്ടി കളിച്ചു...ഓരോ ചവിട്ടിലും ഈശ്വരാ..
'വേദിയിൽ നമ്മൾ മറ്റൊരാളാണ്..അവിടെ നമ്മൾ ആ നൃത്തമായി മാറും' എന്നൊക്കെ പറയുന്നതിന്റെ അർഥം മനസ്സിലായി..'തിത്തിതത്താ തിം തത്താ തക തിത്തൈ തിത്തൈ  തിമൃതത്തെയ് ' എന്ന് പാടി നിർത്തിയതും കർട്ടനിട്ടതും ഞാൻ 'എന്നെ ആരെങ്കിലുമൊന്നു പിടിക്കേ'  എന്നും പറഞ്ഞു ഞൊണ്ടിയോടി.. ആ വേഷത്തിൽ ഇരിക്കാൻ പറ്റില്ല..തലയിലാനെങ്കിൽ നല്ല ഭാരമുള്ള കിരീടമുണ്ട്..കുനിഞ്ഞ് ആണി ഊരാൻ പറ്റില്ല ..ഒടുക്കം ആരോ വന്നു ഊരി തന്നു..
പിറ്റേന്ന് ടി.ടി എടുക്കാൻ നൂനു എന്നെ കൊണ്ടുപോയി..ആണി കൊണ്ടിട്ട് വിളിക്കാൻ പറ്റാഞ്ഞ നിലവിളി ഞാൻ സൂചി കൊണ്ടപ്പോൾ വിളിച്ചു സമാധാനിച്ചു ..

Thursday, 17 July 2014

പുതുവർഷ പുലരിയും ഞാനും..


2007 ഡിസംബർ
ഞാൻ ഇത്തവണ അവധിക്കു നാട്ടിൽ പോകണ്ടെന്നു തീരുമാനിച്ചു..
എല്ലാരും ഞെട്ടി ..
ദൽഹി യൂനിവേഴ്സിറ്റിയിൽ ഒരു അകാദമിക വർഷം മൂന്നു തവണ അവധി കിട്ടും..
അതായത് കേരളം വരെ പോയി അത്യാവശ്യം പുട്ടടിച്ചിട്ട് വരാനുള്ള തരത്തിൽ..
ഒക്ടോബർ 1-15, ഡിസംബർ 15-30, പിന്നെ മെയ്-ജൂലൈ പകുതി..
ഇതിൽ എന്റെ ഒരു രീതി എന്താണെന്ന് വച്ചാൽ ഒരു തവണ നാട്ടിൽ പോയിട്ട്  വന്നാൽ ആദ്യം കലണ്ടരെടുത്ത്  അടുത്ത അവധി തുടങ്ങുന്ന  ദിവസം മാർക്ക്‌ ചെയ്യും..എന്നിട്ട് ആ ദിവസത്തിൽ നിന്ന് മൂന്നു കുറയ്ക്കും..പിന്നെ അവധി തീരുന്ന ദിവസമെടുക്കും..അതിനോട് മൂന്നു കൂട്ടും..ഈ ദിവസങ്ങൾ അച്ചനെ അറിയിച്ച് അടുത്ത ടിക്കെറ്റ് എടുക്കാൻ പറയും..
പിന്നെ ഫുൾ കണക്കു കൂട്ടലാണ്..അടുത്ത അവധിയിലെ ഓരോ ദിവസങ്ങളും നാട്ടിൽ "ഫലപ്രദമായി" അടിച്ചു പൊളിക്കാനുള്ള പ്ലാൻ ചെയ്യൽ..
എന്റെ നോട്ട് പാടിലെ  ഒരു സാധാരണ പേജ്  ഇങ്ങനെ ആയിരിക്കും..

ഡേ 1: ബ്രേക്ക്‌ ഫാസ്റ്റ് : പുട്ട്, ചിക്കൻ, ചായ
           ലഞ്ച്: ചോറ്, മോര്, ചമ്മന്തി, കണവ, ചക്കക്കുരു മെഴുക്കു പുരട്ടി..
           eve : ഷാര്ജ, ബനാന പഫ്സ് (ഇമ്പീരിയൽ ബേക്കറി)
           ഡിന്നർ: ദോശ, ചമ്മന്തി, ഓംലെറ്റ്  
ഇത്ര നിസാര സ്വപ്നങ്ങളുള്ള ഒരു കുട്ടിയായിരുന്നു ഞാൻ..ഹും..
("ഫലപ്രദമായി" അടിച്ചു പൊളിക്കൽ മനസ്സിലായില്ലേ??)

പിന്നെ ഓരോ ദിവസം രാവിലേ എണീറ്റ് കലണ്ടറിൽ വെട്ടോട് വെട്ടാണ്..എന്റെ ശുഷ്കാന്തി കണ്ടിട്ടെങ്കിലും സമയം പെട്ടെന്ന് മുന്നോട്ട് പോകാൻ..(നാടിനോടുള്ള സ്നേഹം കൊണ്ടല്ല..വയറിന്റെ ആക്രാന്തം കൊണ്ട്..)
അങ്ങനെയുള്ള ഞാൻ ഡിസംബറിൽ നാട്ടിൽ പോയില്ല..കാരണം ജോധ്പൂരിൽ എന്റെ അപ്പച്ചി താമസിക്കുന്നുണ്ട്..അവിടെ കുറച്ചു ദിവസം നിക്കണം..അത്രേയുള്ളൂ..
അങ്ങനെ ഗംഭീരമായി ഞാൻ ജോധ്പൂരോക്കെ കറങ്ങി തിരിച്ചു വന്നു..
ഡിസംബർ  മുപ്പത്തൊന്നായി..ഒരിക്കലും പാലിക്കാൻ പറ്റാത്ത രെസൊല്യൂഷൻസ് ഒക്കെ എടുക്കണ്ട ദിവസമാണ്..വൈകിട്ട് കുളിക്കാമെന്നും കരുതി ഇരുന്നപ്പോൾ ഹോസ്റ്റലിൽ പാട്ടും കൂത്തുമായി പാർട്ടി...  ഡാൻസ് കളിച്ച് പ്രാന്തെടുത്ത് വന്നപ്പോ പതിനൊന്നര..ന്യൂ ഇയറിനു അര മണിക്കൂർ മാത്രം..പെട്ടെന്നങ്ങ് കുളിച്ചു..വെള്ളം ചൂടാക്കാനൊക്കെ മറന്നു പോയി..ഏകദേശം രണ്ടു ഡിഗ്രി ആണ് താപനില..അത് കൊണ്ട് "കറുപ്പിനഴക്" എന്നും പാടി ആദ്യത്തെ കപ്പു വെള്ളം മേത്തൊഴിച്ചു കഴിഞ്ഞ് ഒരു ദീന രോദനമാണ് പിന്നെ വന്നത്..എന്റെ ഹോസ്റ്റൽ വിങ്ങിൽ വേറെ ആരുമില്ല.കഴിഞ്ഞ ഒരു വർഷമായി അങ്ങനെ യാണ്..ഞാൻ ഒറ്റക്കാണ്.. എങ്കിലും ഞാൻ അവിടെ തന്നെ താമസിക്കാൻ ഇഷ്ടപ്പെട്ടു..അതാവുമ്പോ എനിക്ക് രാത്രി ഉറക്കെ പാടാം..സലിം കുമാറിന്റെ സ്റ്റെപ്പു വച്ചു ഡാൻസ് കളിക്കാം..നാല് ബാത്ത് റൂമുകളിൽ മാറി മാറി പോകാം..അങ്ങനെ എന്തൊക്കെ ഗുണങ്ങൾ..
 സോ, കുളി കഴിഞ്ഞു വന്നു ഹീറ്ററിന് മുന്നിലിരുന്നു രെസൊല്യൂഷൻസ് തീരുമാനിച്ചു..
1. എന്നും രാവിലെ ആറു മണിക്ക് എണീക്കുക.. (ഹോ, ഇവിടാരുമില്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാൻ..)
2. നടക്കാൻ പോവുക (സ്വീറ്റ് ഷോപ്പുകളിലെക്കും തട്ടുകടകളിലേക്കും)
3. ഹെൽത്തി ഫുഡ്.. (ദേണ്ടെ വീണ്ടും കോമെടി..പ്രിത്വിരാജെന്നു പേരുള്ളതു കൊണ്ട് മാത്രം ഒരു ചേട്ടന്റെ കടേന്നു സ്ഥിരം പാനിപൂരി കഴിക്കുന്ന എന്നോടാ കളി)

അങ്ങനെ തീരുമാനങ്ങളൊക്കെ എടുത്ത് കാലത്ത് എണീക്കാൻ അലാറവും വെച്ച് ഞാൻ കിടന്നുറങ്ങി..ഡാൻസ് കളിച്ച് പണ്ടാരടങ്ങിയോണ്ട് പെട്ടെന്നുറങ്ങി..ഹോ നാളെ രാവിലെ പുതുവർഷ പുലരിയിൽ ഞാൻ ഉണര്ന്നെണീക്കും  .. (പുളകം മേൽ പുളകം)

കണ്ണ് തുറന്നാൽ ആദ്യം ചെയ്യുക മൊബൈൽ എടുത്ത് സമയം നോക്കുക എന്നതാണ്..അതിൽ ഇന്നേവരെ രാവിലെ  ഒൻപതു മണിക്ക് മുൻപൊരു സമയം ഞാൻ കണ്ടിട്ടില്ല..മൊബൈൽ പുതിയൊരെണ്ണം വാങ്ങണം, അല്ല പിന്നെ ..
അങ്ങനെ പുതുവർഷ പുലരിയിൽ അലാറം അടിക്കാതെ തന്നെ ഞാൻ കണ്ണ് തുറന്നു..നല്ല കുളിര്..മൂടി പുതച്ചുറങ്ങാൻ തോന്നുന്നു.. എങ്കിലും എന്റെ ഡിട്ടർമിനേഷൻ  കാരണം ഞാൻ ഉണർന്നു.. മൊബൈൽ നോക്കുമ്പോ അത് ഓഫാണ്..ഓണ്‍ ചെയ്തു നോക്കിയപ്പോ എനിക്ക് മനസ്സിലായി ആ മൊബൈൽ എന്നെന്നേക്കുമായി എന്നെ വിട്ടു പിരിഞ്ഞെന്ന്..എന്റെ ആദ്യത്തെ മൊബൈലായിരുന്നു ..ഞാൻ എണീറ്റു..നല്ല വിശപ്പ്..ബ്രേക്ക് ഫാസ്റ്റ് ആയോ എന്തോ..സമയം നോക്കാൻ വാച്ചില്ല, ക്ലോക്കില്ല..അടുത്തെങ്ങും ഒരു മനുഷ്യനുമില്ല..മറ്റു വിങ്ങിലോക്കെ കുട്ടികൾ ഉണരാൻ ഒരു നേരമാകും..ടോയ്ലെറ്റിൽ പോകാൻ നോക്കുമ്പോ വെള്ളമില്ല..ഹോ എന്തൊരു സുന്ദരമായ ദിവസം..ബിൽഡിങ്ങിനു പുറകിലത്തെ പൈപ്പിൽ പോയി വെള്ളമെടുത്ത് ബക്കെറ്റും താങ്ങി പിടിച്ച് വന്നു കാര്യങ്ങൾ സാധിച്ചു..പ്രഭാത കൃത്യങ്ങൾക്ക് ശേഷം ഞാൻ മെസ്സിലേക്ക് നടന്നു..അടഞ്ഞു കിടക്കുന്നു..ഇനി എത്ര നേരം കാക്കണം..സമയം അറിയാൻ എന്താണൊരു വഴി?? 
തിരികെ നടക്കുന്ന വഴിക്കാണ് ടി.വി റൂമിൽ പിള്ലെരിരിക്കുന്നത് കണ്ടത് ..ന്യൂ ഇയരായിട്റ്റ് രാവിലെ തന്നെ തുടങ്ങി എല്ലാം..ഞാൻ പോയി സമയം ചോദിച്ചു..
"മൂന്നു മണി" അവർ എന്നെ ഗൗനിക്കാതെ പറഞ്ഞു..
"ഹും പിന്നെ, ഇത്ര നേരം വെളുത്തിട്ടും ഇപ്പോഴും മൂന്നു മണിയല്ലേ.. "  ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയിട്ട് നിന്നു..
"എത്ര മണി??"
"ത്രീ പി.എം നിയതീ..വീ ആർ വാച്ചിംഗ് എ മൂവി..വാണ ജോയിൻ..??

പിന്നെ കുറച്ചു നേരത്തേക്ക് ഒന്നും ഓർമയില്ല..ബോധം വരുമ്പോൾ കേൾക്കുന്നത് ടി വി കാണുന്നവളുമാരുടെ  ചർച്ചയാണ്..  "ഇന്നത്തെ ലഞ്ച് സൂപ്പറായിരുന്നു..പ്രത്യേകിച്ചും പായസം, അല്ലെ??"
എല്ലാം നഷ്ടപ്പെട്ട അണ്ണാനെ പോലെ ഞാൻ തിരികെ റൂമിലെത്തി..പുറത്തു പോയി ഭക്ഷണം കഴിച്ചു പുതിയ മൊബൈൽ വാങ്ങിച്ചു തിരിച്ചു വന്നു..
ഹാ, പോട്ടെ..ഒന്നുമില്ലേലും ന്യൂ ഇയറിനു പുതിയൊരു റികോഡിടാൻ  പറ്റിയില്ലേ..എന്റെ തന്നെ സർവകാല റികോഡായ  പന്ത്രണ്ടു മണി തിരുത്തി.

Wednesday, 16 July 2014

നോമ്പ് തുറ...

 ആഹാരം കഴിക്കൽ എത്രയോ തവണ ഒഴിവാക്കിയിരിക്കുന്നു ഞാൻ...അത് മടി കൊണ്ടോ കിട്ടുന്ന ആഹാരം പിടിക്കാഞ്ഞിട്ടോ ആണ്...അത്രക്കാണ് അഹങ്കാരം...എങ്കിലും ആഹാരം കഴിക്കാനേ പറ്റില്ല എന്നറിഞ്ഞോണ്ട് വിശന്നിരിക്കാൻ പറ്റില്ല എനിക്ക്...എന്നിട്ടും ഞാനും എടുത്തിട്ടുണ്ട് ഒരു നോമ്പ്..നിവൃത്തിയില്ലാതെ സംഭവിച്ചതാ..നോമ്പെടുത്ത കഥ ഇങ്ങനെ...

2010 ൽ കാലികറ്റ് യൂനിവേര്സിടിയിൽ വന്നു അഡ്മിഷൻ എടുത്ത് ഒരു കോണ്‍വെന്റ് ഹോസ്റ്റലിൽ താമസം തുടങ്ങി...ക്ലാസ്സ്‌ തുടങ്ങാൻ മൂന്നു ദിവസം ബാക്കി..ഹൊസ്റ്റെലിലെ 'ആദ്യ രാത്രി' കഴിഞ്ഞു പിറ്റേന്ന് പുലര്ച്ചെ ഒരു പതിനൊന്നു പതിനൊന്നരയായപ്പോ പതിയെ എണീറ്റു..നല്ല വിശപ്പ്‌..'അയ്യോ ബ്രേക്ക്‌ ഫാസ്റ്റ് തീർന്നല്ലോ ഇനി ഉച്ചക്കെ കഴിക്കാൻ പറ്റ്വോള്ളല്ലോ' എന്നും വിചാരിച്ച് കുളിച്ച് റെഡിയായി ഒരു മണി വരെ കാത്തിരുന്നു..അങ്ങനെ പ്ലേറ്റുമെടുത്ത്‌ മെസ്സിൽ ചെന്നപ്പോഴാ അറിയുന്നത് വർക്കിംഗ്‌ വിമൻസ് ഹോസ്റ്റൽ ആയത് കൊണ്ട് ബ്രേക്ക്‌ ഫാസ്ടിന്റൊപ്പം പായ്ക്ക് ലഞ്ച് കിട്ടും..അത് കഴിഞ്ഞാ പിന്നെ രാത്രിയെ ഉള്ളു ഭക്ഷണം..ഇനി മുതൽ അങ്ങനെ ചെയണം എന്ന് സിസ്റ്റർ പറഞ്ഞു...അകത്ത് അവരുടെ മുറിയിൽ നിന്ന് വറുത്തതിന്റെം പൊരിച്ചതിന്റെമൊക്കെ മണം അടിച്ചു കയറുകയാണ് എന്റെ ആമാശയത്തിന്റെ അന്തരാളങ്ങളിലേക്ക്...തലേന്ന് അഡ്മിഷൻ എടുത്ത് വന്നപ്പോ യൂനിവേര്സിടി മുതൽ ഹോസ്റ്റൽ വരെയുള്ള എല്ലാ ബെക്കെറികളും കൂൾ ബാറുകളും സ്കാൻ ചെയ്ത എന്നോടാ കളി...ഞാൻ റെഡിയായി പുറത്തിറങ്ങി നടന്നു ആദ്യം കണ്ട കൂൾ ബാറിലേക്ക് കയറി ചെന്ന് അവിൽ മിൽക്ക് ഓർഡർ ചെയ്തു..(തലേ ദിവസം കേട്ടതാ അങ്ങനൊരു പേര്..സാധനം എന്താണെന്ന് അറിയണമല്ലോ)...കടക്കാരൻ ഇല്ലെന്നു തലയാട്ടി...
"എന്താ പിന്നെ കുടിക്കാൻ ഉള്ളത്???"
"ഒന്നുമില്ല..."
"ഒന്നൂൂൂമില്ലെ ???കഴിക്കാനോ???"
"ഒന്നുമില്ല..നോമ്പാ..കടകളൊന്നും കാണില്ല.."
'പടച്ചോനേ..' എന്നൊരാർത്ത നാദവുമായി എൻറെ കുടൽ കരയാൻ (കരിയാൻ) തുടങ്ങി...വിശന്നിട്ടു കഴിക്കാതിരുന്നാ അപ്പൊ അസിടിട്ടി ഉണ്ടാകുന്ന ടീമാ എൻറെ വയർ.. എൻറെ ഉള്ളിലെ വർഗീയ വാദി ഉണർന്നു... ഈ ചേട്ടൻ മുസ്ലീമല്ലേ...വല്ല ഹിന്ദു/ക്രിസ്ത്യൻ ചേട്ടന്മാരുടെ കടകൾ തുറന്നിട്ടുണ്ടാകുമെന്ന വ്യാമോഹത്തിൽ ഞാൻ കോഹിനൂർ to ചേളാരി ആൻഡ്‌ ചേളാരി to തേഞ്ഞിപ്പാലം തേരാപാരാ നടന്നു...ഹോട്ടൽ മൂകാംബിക പോലും തുറന്നിട്ടില്ല..മൂകാംബികയാണത്രെ മൂകാംബിക..ഹും...
ഒടുവിൽ തളർന്ന്‌ ഹൊസ്റ്റെലിലെത്തിയ ഞാൻ ഇതാണോ മലബാർകാരുടെ ആതിഥ്യമര്യാദയുടെ കേമത്തരമെന്നു മനസിൽ പുച്ചിച്ച് ആഹാരം കഴിക്കാനെന്താണൊരു വഴിയെന്നാലോചിച്ചു...എൻറെ കൂട്ടുകാരി നഷീദ ചെന്നമങ്ങലൂരുണ്ട്...ഇനി അവൾ തന്നെ ശരണം..അവളെ വിളിച്ച് അങ്ങനെ കേട്ടിട്ടും കണ്ടിട്ടുമില്ലാത്ത കൂളിമാടെക്ക് പല വണ്ടികൾ കയറി ഇറങ്ങി ചെന്നു... അവിടെ എത്തിയപ്പോ ഫോണ്‍ switched off ആയി...എന്തൊരു ടൈമിംഗ് ...ഒടുക്കം ആരോടൊക്കെയോ ജുഗനൂനെ അറിയുമോ അതറിയുമോ ഇതറിയുമോ എന്നൊക്കെ ചോദിച്ച് അവള്ടെ വീട്ടിലെത്തിയപ്പോ മണി ഏഴ്‌...
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!!!അവിടെ അതി മനോഹരങ്ങളായ സാധനങ്ങൾ ഡൈനിംഗ് ടേബിളിൽ...ചട്ടി പത്തിരി, കോഴി കറി, ഉന്നക്കായ, തരി കഞ്ഞി, ബിരിയാണി എന്ന് വേണ്ട കരളിനു (കുടലിനും) കുളിര് കോരുന്ന ഐറ്റങ്ങൾ എന്നെ കാത്ത്.. ഇതല്ലേ ഞാൻ കാത്തു കാത്തിരുന്ന മലബാർ രുചി..അവളുടെ നോമ്പ് തുറ കഴിഞ്ഞിരിക്കുന്നു...ഹോ കണ്ണിൽ ഇരുട്ട് കേറുന്നു...ഞാൻ എന്തൊക്കെയോ അകത്താക്കി..."എന്റുമ്മേ സൂപ്പെർ ഫുഡ്‌.." അങ്ങനെ എൻറെ ആദ്യത്തെ നോമ്പ് തുറ കഴിഞ്ഞു...
ഇന്നും നോമ്പുകാലത്തെ പകലുകളിൽ മലപ്പുറം മരിച്ച പോലെ കിടക്കുന്നു...മിൽക്ക് ഷേക്കുകളും കൂൾ ഡ്രിങ്ക്സുകളും പോലും നോമ്പിലാണ്...അന്ന് ഞാൻ ഓർഡർ ചെയ്ത് നാണം കെട്ട അവിൽ മിൽക്ക് ആണ് പിന്നീടുള്ള രണ്ടു വർഷവും എൻറെ മെയിൻ കോഴ്സ് ലഞ്ച് ആയി മാറിയത്..ഇവിടെ രൂർകിയിൽ ഇപ്പൊ എനിക്ക് അന്ന് കിടന്ന പട്ടിണിയോട് പോലും അസൂയ തോന്നുന്നു...ഹാ ഇത്രേയുള്ളൂ കഥ..എല്ലാരും പൊയ്ക്കോ...എനിക്കുറക്കം വരുന്നു...ടാറ്റാ...
തുടർ ഭ്രാന്ത്...

പിറ്റേ ദിവസമാണ് സംഭവങ്ങളുടെ ഒരേകദേശ രൂപം കിട്ടിയത്...രൊസമ്മാന്റിക്കു അന്ന് രാത്രി മറ്റൊരു പരാതി കൂടി കിട്ടി..യോമ്പിയുടെ മുറിയിൽ നിന്നു വില പിടിപ്പുള്ള കുറെ സാധനങ്ങൾ കരുണ എടുത്തു കൊണ്ട് പോയി..മാത്രമല്ല, അവളുടെ ഷാമ്പൂ, ലിക്വിഡ് സോപ്പ് തുടങ്ങിയ ദ്രാവകങ്ങലെല്ലാം ആ മുറിയിൽ കോരിയോഴിച്ചു..അതിനു ശേഷമാണ് കരുണ ഞങ്ങളുടെ അടുത്തെത്തിയത്..ആന്റി ഉടൻ തന്നെ അവളുടെ ലോക്കൽ ഗാർഡിയനെ വിളിച്ച് "എത്രയും പെട്ടെന്ന് ഇവിടെ എത്തുക, അല്ലെങ്കിൽ ഞങ്ങൾ പോലീസിനെ വിളിക്കും" എന്ന് പറഞ്ഞു..ആ പയ്യൻ പറന്നു വന്നു..അവൻ വന്നു വാതിലിൽ മുട്ടി കരുണയെ വിളിച്ചു..അവൾ കതകു തുറന്നപ്പോൾ "വാ, ഇപ്പൊ തന്നെ പോകാം" എന്ന് പറഞ്ഞു.. അവൾ വഴങ്ങിയില്ല..അവൻ അവളെ തല്ലി.. പിന്നെ രണ്ടുപേരും പൊട്ടി കരഞ്ഞു..അവൾ അവനൊപ്പം പോയി..

ശരിക്കുമുള്ള കഥ (ജീവിതം) ഇതാണ്..കരുണ എന്ന പെണ്‍കുട്ടി ബംഗാളിലെ ഏതോ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ജനിച്ചു വളർന്നത്..നന്നായി പഠിക്കുമായിരുന്ന അവൾ  ഡിഗ്രിക്ക് ഡല്ഹി യൂനിവേഴ്സിറ്റിയിൽ ചേർന്നു..മനോഹരമായി ഗിറ്റാർ വായിക്കുന്ന അന്യ ജാതിക്കാരനായ യുവാവുമായി പ്രണയത്തിലായി..ഇതിനിടയിൽ വീട്ടുകാർ അവളുടെ കല്യാണം ഉറപ്പിച്ചു..പ്രണയബന്ധം വീട്ടിൽ സമ്മതിക്കാത്തതിനാൽ പെട്ടെന്ന് കാമുകനെ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നു..അവന്റെ വീട്ടിലും അവരെ കയറ്റിയില്ല..ഇരുപത്-ഇരുപത്തൊന്നു വയസ്സ് മാത്രം പ്രായമുള്ള രണ്ടു പേർ..അവർ എങ്ങനെയോ എവിടെയോ താമസിച്ച് ജീവിതം കഷ്ടിച്ചു കഴിച്ചു പോന്നു..ഇതിനിടയിൽ അവൾ ഗർഭിണിയായി..ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചു..വളർത്താൻ ഒരു നിവൃത്തിയുമില്ല..കുടുംബത്തിനു പിടിച്ചു നില്ക്കാൻ അവന്റെ ഗിറ്റർ വായന പോരാതെ വന്നു..ആരൊക്കെയോ സഹായിച്ച് രണ്ടു പേരും തുടർ പഠനത്തിനു യൂനിവേഴ്സിറ്റിയിൽ എത്തി..തത്കാലം കുഞ്ഞിനെ ആരെയോ ഏൽപ്പിച്ചു..രണ്ടു ഹോസ്റെലുകളിലായി നിന്ന് പഠനം പുനരാരംഭിക്കാൻ ശ്രമിച്ചു..അവൻ രാത്രി ജോലിക്ക് പോയി..കരുണക്ക് കുഞ്ഞിനെ കുറിച്ചോർത്ത് എപ്പോഴും പേടിയും ആധിയുമായി..അവളുടെ ടെൻഷൻ കൂടിയപ്പോൾ ഒരു ഡോക്ടറെ കണ്ടു മരുന്ന് കഴിക്കാൻ തുടങ്ങി..സ്ഫടിക മാല അണിഞ്ഞു മെഡിറ്റേഷൻ ചെയ്യാൻ നോക്കി..ഒറ്റക്കിരുന്നു അവളുടെ അസ്വസ്ഥതകൾ കൂടി..അങ്ങനെ എപ്പോഴോ കണ്ട്രോൾ വിട്ടു പോയപ്പോഴാണ് ഇത് സംഭവിച്ചത്..ആ ലോക്കൽ ഗാർഡിയൻ പയ്യൻ, അവളുടെ ഭർത്താവ് പൊട്ടിക്കരഞ്ഞു കൊണ്ടാണിത് പറഞ്ഞത്..ഒരുമിച്ചു താമസിക്കാനും കുഞ്ഞിനെ കൊണ്ട് വരാനും വേണ്ടി അവൻ പെടാപാട് പെടുകയാണ്.. 

"മാഡം, പ്രശ്നമുണ്ടാക്കരുത്..ഞാൻ അവളെ കൊണ്ട് പോവുകയാണ്" എന്ന് പറഞ്ഞു അവർ പോയി..മറ്റൊരു വ്യക്തിയോടന്വേഷിച്ചപ്പോൾ ഇതെല്ലാം സത്യമാണെന്ന് വ്യക്തമായി..ഇപ്പോൾ കരുണ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ എനിക്ക്  അറിയില്ല..എവിടെയായാലും അവൾ കൂട്ടുകാരനോടും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണെന്നു ഞാൻ വിശ്വസിക്കുന്നു.. അവർ രണ്ടും പഠിച്ചു മിടുക്കരായി നല്ല ജോലി വാങ്ങിച്ചു കാണും എന്ന് പ്രതീക്ഷിക്കുന്നു..

ഇവിടെ ആര്ക്കാണ് ഭ്രാന്ത് എന്നാണു എന്റെ ചോദ്യം??
സ്വന്തം ജീവിത പങ്കാളിയെ സ്വയം കണ്ടെത്താൻ അനുവദിക്കാതിരിക്കുക, എന്നിട്ട് അങ്ങനെ സംഭവിച്ചാൽ ജീവിതത്തിൽ നിന്നേ പിണ്ഡം വച്ചുപെക്ഷിക്കുക..മകളെക്കാൾ വലുതാണ്‌ ഇവിടൊക്കെ അന്തസ്സും അഭിമാനവും..കരുണക്ക് സ്വന്തം കുഞ്ഞിനോട് തോന്നുന്ന സ്നേഹം അവളുടെ അച്ഛനമ്മമാർക്ക് അവളോടും കാണില്ലേ??അതിലും മീതെയാണോ സമൂഹത്തിന്റെ മുന്നിലുള്ള വില?? "സ്നേഹമേയല്ല അഖിലസാരമൂഴിയിൽ.."  എന്ന് തിരുത്തിപ്പാടട്ടെ സമൂഹം എന്നാണോ ??
കുഞ്ഞിനെക്കുറിച്ച്ചോര്ത്ത് മാത്രമാവില്ല കരുണയുടെ മനസ്സ് പതറിപ്പോയത്..സ്വന്തം അച്ഛനമ്മമാരെ കുറിച്ച്ചോര്ത്തും കൂടിയാവാം.. അവര്ക്ക് രണ്ടു പേര്ക്കും സ്വന്തം വീട്ടുകാരെ കൂടി തിരിച്ചു കിട്ടട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു..
NB : അന്ന് അവൾ കഴുകി ഉണക്കാനിട്ടത് സ്വന്തം കുഞ്ഞിന്റെ സോക്ക്സ് ആയിരുന്നു!!


ജീവിതത്തിന്റെ റിംഗ് ടോണുകൾ..


ഫോണിൽ സംസാരിക്കുന്നത് തീരെ ഇഷ്ടമല്ലാത്തോരാളാണ് ഞാൻ..ആകെ ജീവിച്ചു തീർത്ത ഇരുപത്തഞ്ചു വർഷത്തെ ജീവിതത്തിന്റെ പത്തു വർഷങ്ങളും അന്യനാടുകളിലായിരുന്നത് കൊണ്ട് ഫോണ്‍ വിളിക്കലല്ലാതെ വേറെ മാർഗങ്ങളില്ല ബന്ധങ്ങൾ നിലനിർത്താൻ..എങ്കിലും ഒരു ദിവസം നൂറു പ്രാവശ്യം ഒരാളെ ഓർത്താലും വിളിച്ചൊന്നു സംസാരിക്കാൻ മടിയാണ് എനിക്ക്..എഫ്.ബിയും ഇ-മെയിലും ഒക്കെ വന്നതിനു ശേഷം അതിലൂടെ ആണ് സുഹൃത്തുക്കളുമായി   കുശലാന്വേഷണം..എനിക്ക് നേരിട്ട് കണ്ടു സംസാരിക്കുന്നത് പോലെ തോന്നുക, ഒരാളുടെ ശബ്ദം കേൾക്കുന്നതിനേക്കാൾ എഴുത്തിലൂടെ സംവദിക്കുമ്പൊഴാണ് ..വിചിത്രം...അല്ലെ???..

എൻറെ മിക്ക കൂട്ടുകാരും അങ്ങനെയാണ്..എന്റെ ജീവിതത്തിലെ ഒരു തമാശ എന്താണെന്ന് വച്ചാൽ ഒരാളുമായി കുറെ കാലം പരിചയം കാണും..ഒടുവിൽ അയാൾ എന്റെ കണ്ണകലത്തിൽ   നിന്ന് മാറി പോവാറാകുമ്പോഴാണ്  ഞാൻ കൂടുതലടുക്കുക..അത് കൊണ്ട് തന്നെ വിരഹം എനിക്കെപ്പോഴും പതിവുള്ളതാണ്..അല്ല,ഞാൻ ആദ്യമേ തന്നെ ഒരാളുമായി വലിയൊരു സൗഹൃദം ആരംഭിക്കുകയാണെങ്കിൽ പോലും  ഒന്ന് രണ്ടു വർഷങ്ങൾക്കകം ബാഹ്യമായെങ്കിലും പിരിയേണ്ടി വരും..എനിക്ക് ഒരുപാട് ബെസ്റ്റ് ഫ്രണ്ട്സ് ഉണ്ട്..പറഞ്ഞ്ട്ടെന്താ കാര്യം, കാണുന്നത് രണ്ടു മൂന്നു വർഷങ്ങൾ കൂടിയാവും..വിളിക്കുന്നത് ആറു മാസത്തിലൊരിക്കലാവും..എങ്കിലും അവരെല്ലാം എന്നും എൻറെ ബെസ്റ്റ് ഫ്രണ്ട്സ് തന്നെ ആണ്..ഒരു കാലഘട്ടത്തിൽ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നവർ..മിക്കവാറും പേര് എൻറെ ഹോസ്റ്റൽ/റൂംമേറ്റ്സ്‌ ആണ്..അങ്ങനെ നോക്കുമ്പോൾ പ്ലസ് വണ്ണിൽ ഒരാള്, പ്ലസ്‌ ടുവിൽ മറ്റൊരാൾ അങ്ങനെ ഓരോ വര്ഷവും പുതിയൊരാൾ വരും എൻറെ ജീവിതത്തിൽ..പല പല സ്ഥലങ്ങളിൽ മാറി താമസിക്കേണ്ടി വരുന്നത് കൊണ്ട് ഒരാള്ക്കൊപ്പവും ഒരുപാട് കാലം ചിലവഴിക്കാൻ സാധിച്ചിട്ടില്ല..അതുകൊണ്ടാവും ആ ബന്ധങ്ങളിൽ ഇത്ര മധുരം കിനിയുന്നത്...(ഇപ്പൊ നൂനൂനോട് ചാറ്റ് ചെയ്തതെ ഉള്ളൂ..എട്ടു മാസങ്ങൾക്ക് ശേഷം...നൂനൂനെ നിങ്ങള്ക്ക് അറിയാം..എൻറെ പഴയ മൂവർ സംഘത്തിലെ    കഷ്ടമൂര്ത്തി..)

ഇനി ഒരു വർഷം കഴിഞ്ഞു സംസാരിച്ചാലും രണ്ടു വർഷം കഴിഞ്ഞു കണ്ടാലും അവസാനം പറഞ്ഞു നിര്ത്തിയിടത്തൂന്നു തുടരാൻ കഴിയും ഞങ്ങൾക്ക്.. ഇന്നേവരെ കാലം സൌഹൃദത്തിൽ വിള്ളൽ വീഴ്ത്തിയിട്ടില്ല..നാട്ടിൽ പോകുമ്പോഴൊക്കെ കൂട്ടുകാർ നാട്ടിലുണ്ടെങ്കിൽ ഞാൻ അവരുടെ വീട്ടില് പോയി ഒരു ദിവസമെങ്കിലും നിൽക്കാറുണ്ട്..എന്ന് പറയുമ്പോൾ എൻറെ അവസ്ഥ നിങ്ങളൊന്നാലൊചിച്ചു നോക്ക്..കൊച്ചിയിൽ പോയി ആശ ചേച്ചിയെ കാണണം..പെരുമ്പാവൂരിലൊ ആലുവയിലോ  പോയി  അച്ചൂനെം ആരൂനേം കാണണം..കോഴിക്കോട് കൂളിമാട് പോയി നൂനൂനേം ഫാരൂക്കിൽ പോയി ലില്ലിത്താനെം കാണണം..ഇതുവരെ പോയിട്ടില്ല എങ്കിലും സഫൂനെ കാണാൻ കാസർഗോട് പോണം,സജിയെ കാണാൻ കണ്ണൂരും വിനിയെ  കാണാൻ മാവേലിക്കരയിലും പോണം..എനിക്ക് ഒരു വർഷത്തിൽ കൂടിപ്പോയാൽ പത്തുദിവസത്തെ അവധി കിട്ടും നാട്ടിൽ വരാൻ..അപ്പൊ ഊഹിക്കാമല്ലോ ഇതിലെ പ്രാവർത്തികഅംശം..തിരുവനന്തപുരം മുതൽ കാസർഗോട് വരെ ട്രിപ്പ് അടിക്കേണ്ടി വരും.. ഇവരെ ഓരോരുത്തരെ കുറിച്ചും എനിക്ക് ഒരുപാട് കഥകൾ പറയാറുണ്ട്..ഇനിയുമുണ്ട് ചില സ്പെഷ്യൽ ആൾക്കാർ..പക്ഷെ ഇനി ഞാൻ പറയാൻ പോകുന്നത് റിംഗ് ടോണ്‌കളെ കുറിച്ചാണ്..

മൊബൈൽ കിട്ടിയ കാലം മുതൽക്കു ഞാൻ ഓരോരുത്തർക്കും സ്പെഷ്യൽ റിംഗ് ടോണ്‍ ഇടാറുണ്ട്..ആദ്യമാദ്യം മ്യൂസിക് ആയിരുന്നു..പിന്നീടത് വരികളും വീഡിയോയും ഒക്കെ ആയി..അപ്പൊ പിന്നെ മൊബൈൽ ചിലക്കുമ്പൊ തന്നെ അറിയാല്ലോ ആരാ വിളിക്കുന്നതെന്ന്..ആദ്യത്തെ മൊബൈൽ ഫോണ്‍ വാങ്ങിയത് മുതൽ ഈ നിമിഷം വരെ എന്നെ മുടങ്ങാതെ എന്നും വിളിക്കുന്ന ഒരേയൊരാൾ എൻറെ അമ്മയാണ്..അസുഖം വന്നു തീരെ അവശതയിലാകുന്നത് വരെ അച്ചനും..ഓർമ വച്ച കാലം മുതല്ക്കേ കേൾക്കുന്നതാണ്‌ മുപ്പത്തി രണ്ടു പൂജ്യം നാല്..അച്ചന്റെ ഓഫീസ് നമ്പർ..അന്ന് നാല് ടിജിട്ടാണ് നമ്പർ..അതുകൊണ്ട് തന്നെ "ഡാഡ്" എന്ന് പറഞ്ഞു സേവ് ചെയ്തത് ആ നമ്പരാണ്..പിന്നെ മുപ്പത്തി രണ്ടു പൂജ്യം നാലിൽ തന്നെ അവസാനിക്കുന്ന അച്ചന്റെ മൊബൈൽ  നമ്പർ..അത് ഞാൻ എന്ത് കൊണ്ടോ "ബിസി ഡാഡ്" എന്ന് സേവ് ചെയ്തു..അച്ചൻ പുറത്ത് പോയി തിരക്കിലായിരിക്കുമ്പോൾ വിളിക്കുന്നത്  എന്നായിരിക്കും അന്നുദ്ദേശിച്ച്ചിരുന്നത്..മൊബൈലുകൾ മാറിയപ്പോഴും ആ പേര് അങ്ങനെ തന്നെ കിടന്നു.. "യു ആർ മൈ ഹണി ബഞ്ച്" എന്ന് തുടങ്ങുന്ന "കപ്പി കേക്ക് സോങ്ങ്" ആയിരുന്നു എന്നും എനിക്ക് അച്ചന്റെ റിംഗ് ടോണ്‍..എൻറെ അനിയൻ പോലും പറയുന്നത് ബിസി ഡാടെന്താ വരാത്തത്, നീ ബിസി ഡാഡിനെ വിളി എന്നൊക്കെ ആയിരുന്നു..അച്ചൻ മരിച്ചതിനു ശേഷം അച്ചന്റെ രണ്ടു മൊബൈൽ നമ്പരുകളും ഓഫീസ് നമ്പരും അമ്മ ക്യാൻസൽ ചെയ്തു..ഇടയ്ക്കിടെ അതിലേക്കു വിളിച്ചു വെറുതെ അച്ചന്റെ ശബ്ദത്തിന് കാതോർക്കുന്ന പതിവ് ഞാൻ അതോടെ നിർത്തി..

ഇന്നും ആ പാട്ട് കേൾക്കുമ്പോൾ എനിക്ക് "ബിസി ഡാഡ്" എന്ന് സ്ക്രീനിൽ തെളിയുന്നത് ഓർമവരും..ചില ആൾക്കൂട്ടങ്ങളിൽ യാത്രകളിൽ അപ്രതീക്ഷിതമായി ഞാനത് കേൾക്കാറുണ്ട്..ചിലപ്പോ തോന്നുന്നതുമാവാം...
ഭ്രാന്ത്..

സോറി..ഇതെന്റെ ആത്മകഥയുടെ പേരാണെന്ന് കരുതിയെങ്കിൽ തെറ്റി..ഇത് അതിലെ മറക്കാനാകാത്ത ഒരു അധ്യായമാണ്..ഗാന്ധി ആശ്രമം ഹോസ്റെലിലെ എന്റെ അടുത്ത കൂട്ടുകാരിയായത് ആശ ചേച്ചിയാണ്..പറ്റിക്കൽ റാഗിംഗ് കഥ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ചേച്ചി നീനുവിന്റെ റൂം മേറ്റായി എന്റെ മുറിയുടെ അടുത്തായി..നീനു റൂം മാറിയപ്പോൾ ആശ ചേച്ചിയുടെ താമസം ഒറ്റക്കായി..സ്തുതി ഹോസ്റ്റൽ വിട്ടു..ഞാനും ആശ ചേച്ചിയും കങ്കണയും മാത്രമായി ആ ബ്ലോക്കിൽ കുറച്ചു കാലം..പഠിപ്പിസ്റ്റ് കങ്കണയെ ഉപദ്രവിക്കാതെ ഞാൻ മിക്കവാറും ആശ ചേച്ചിയുടെ മുറിയിലിരിക്കും.. ചേച്ചിയെ പറ്റി ഒരുപാട് പറയാനുണ്ട്..ഞങ്ങൾ രണ്ടു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ  നിന്ന് വന്നതാണ്..എനിക്ക്, ഒറ്റക്കുള്ള ഡൽഹി ജീവിതത്തെ പറ്റി ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട് ചേച്ചി..എന്റെ ജീവിതത്തെ ചിന്തകളിലൂടെയും പ്രവര്ത്തികളിലൂടെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ആശ ചേച്ചി..

ഞങ്ങളുടെ ഹോസ്റ്റലിൽ നാലുമണി ചായ കിട്ടാൻ ഏഴു മണി കഴിയും..രാത്രി എട്ടു മുതൽ ആണ് അത്താഴം..അതുകൊണ്ട് പാചകം വിംഗ് ചേച്ചിമാർ എത്തുന്നത് എഴുമണി കഴിഞ്ഞാണ്..ഒരു വെടിക്ക് രണ്ടു പക്ഷി..ബട്ട്‌ ഇതെന്നെ കുഴപ്പത്തിലാക്കി..ഊണ് കഴിഞ്ഞൊന്നുറങ്ങി ഉണരുമ്പോഴേക്ക് ആമാശയം കോളിംഗ് ബെല്ലടിക്കും..എനിക്ക് കഴിഞ്ഞ രണ്ടു വര്ഷമായി വിശപ്പിന്റെ അസുഖം ഉള്ളതാണ്..ചായ വേണം..പുറത്ത് പോകാനാണെങ്കിൽ ചായക്കട ഒരുപാട് ദൂരെയാണ്..എന്റെ ക്ലാസ്സുകൾ പൊതുവെ ഉച്ചക്കു തീരും..ആശ ചേച്ചി വരാൻ വൈകുന്നേരമാകും..എന്തായാലും കുളിച്ച് അഞ്ച്-അഞ്ചര മുതൽ ഞാൻ മെസ്സിന് മുന്നിൽ കാത്തിരിക്കും..അല്ല ഇനി ശരിക്കും മെസ്സ് ചേച്ചിമാർ നേരത്തെ വന്നാലോ..

ഈ കാത്തിരിപ്പിലാണ് ആശ ചേച്ചിയുമായി കൂടുതൽ അടുക്കുന്നത്..ഗാന്ധി ആശ്രമത്തിലെ ഏലക്ക ചായ ആശ ചേച്ചിക്ക് ഇഷ്ടമായിരുന്നു..ചേച്ചി വന്നിരിക്കുമ്പോൾ ഞങ്ങൾ മെല്ലെ മെല്ലെ സംസാരിച്ച് തുടങ്ങി..പുള്ളിക്കാരിയുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും അറിഞ്ഞപ്പോ നമ്മളൊക്കെ ഒരേ കുഴിയാണെന്ന് മനസ്സിലായി..പുസ്തകങ്ങൾ, പാട്ടുകൾ, സിനിമകൾ, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, വീട്ടു വിശേഷങ്ങൾ, കോളേജ് കഥകൾ ഇങ്ങനെ ഞങ്ങൾ പങ്കിടാത്തതൊന്നുമില്ലെന്നായി...ചേച്ചി നന്നായി എഴുതും, പാടും..ഇന്ഗ്ലീഷിലും മലയാളത്തിലും..ഇന്ഗ്ലീഷ്‌ ക്ലാസ്സിക്കുകളെ പറ്റി എനിക്ക് പറഞ്ഞു തരുന്നത് പുള്ളിക്കാരിയാണ്.. ചേച്ചി ഒരു വലിയ ചായ കോപ്പ വാങ്ങി..ഞങ്ങൾ ചായ കുടിച്ച് മണിക്കൂറുകളോളം കുശലം പറയും..പിന്നെ ചേച്ചിയുടെ റൂമിൽ പോയിരുന്നു  ഇരുട്ടി വെളുക്കുവോളം കഥകളും കവിതകളും പാട്ടും..ഇങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും  ജീവിച്ചു പോകുമ്പോൾ എന്റെയും ആശ ചേച്ചിയുടെയും മുറികൾക്ക് നടുക്കുള്ള മുറിയിൽ ഒരു അന്തേവാസി വരുന്നു..ശരിക്കും ആ വിംഗ് എന്റെം ആശ ചെച്ചിയുടെം കങ്കനയുടെം പ്രൈവറ്റ് പ്രോപെര്ടി പോലെ ആയിരുന്നു.. പുതിയ ആൾ എങ്ങനെയുണ്ടാവുമോ എന്തോ എന്ന് ഞങ്ങൾ ആകാംഷിച്ചു..

കരുണ എന്നായിരുന്നു ആ കുട്ടിയുടെ പേര്..എം.എ ചെയ്യുകയാണ്..സീനിയറാണ്..സ്ലീവ്ലെസ്സ് ടോപ്പും നീളൻ പാവാടയുമണിഞ്ഞ് കഴുത്തിൽ നീളമുള്ള സ്ഫടിക മാലയിട്ട ഒരു ചുരുണ്ട മുടിക്കാരി..ഡൽഹിയിലെ പെണ്‍കുട്ടികളുടെ പ്രത്യേകത എല്ലാർക്കും സ്വന്തമായി ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഉണ്ട് എന്നതാണ്..അതുകൊണ്ട് കരുണ എന്ന് പറയുമ്പോൾ ഈ രൂപമാണ് മനസ്സിൽ വരിക..ഞാൻ ആദ്യം കാണുമ്പോൾ പുള്ളിക്കാരി വരാന്തയിലെ പടിയിലിരുന്നു ഒരു ഫോട്ടോ ആൽബം നോക്കുകയാണ്..പരിചയപ്പെട്ടു..എങ്കിലും അധികം അടുക്കാൻ പോയില്ല..സീനിയറല്ലെ..

ഒരാഴ്ച കഴിഞ്ഞു..കരുണ മിക്കവാറും അപ്പുറത്തെ വിങ്ങിലെ കുട്ടികൾക്കൊപ്പം അവരുടെ മുറിയിലാണ്..ഞങ്ങൾ ഇങ്ങനോരാളുന്ടെന്നുള്ള കാര്യം തന്നെ മറന്നു..ഒരു ദിവസം (ദി ഡേ!!) ഞാൻ തുണികൾ കഴുകി വിരിക്കുമ്പോൾ അയയിൽ ചെറിയ കുട്ടികളുടെത് പോലെയുള്ള സോക്ക്സുകൾ കഴുകി വിരിച്ചിരിക്കുന്നത് കണ്ടു..ഞാൻ അവ താഴെ വീഴാതെ എന്റെ തുണികൾ വിരിച്ചു മുറിയിൽ പോയി..വലിയ ഒച്ചപ്പാട് കേട്ടാണ് ഞാൻ ഉച്ചമയക്കം വിട്ടുണരുന്നത്..ആശ ചേച്ചി എന്റെ മുറിയിൽ വന്നു നില്ക്കുന്നു.."നീ തുണി വിരിക്കുമ്പോൾ കരുണയുടെ സോക്ക്സ് താഴെ കളഞ്ഞോ കോഴിപ്പൂ??" (ആശ ചേച്ചി എന്നെ അങ്ങനെയാണ് വിളിക്കുന്നത് ജസ്റ്റ് ബികോസ് ഓഫ് മൈ ഹെയർ സ്റ്റൈൽ..). ചേച്ചി കുറച്ച് ടെൻഷനിലായിരുന്നു..
"ഇല്ല ചേച്ചി..ഞാൻ ശ്രദ്ധിച്ചാ വിരിച്ചത്..കുഞ്ഞിപിള്ളേരുടെ പോലുള്ള സോക്ക്സ് കരുണയുടെ ആണോ??" ഞാനും ചേച്ചിയും പുറത്തിറങ്ങി അയയുടെ മുന്നിലെത്തി..അവിടെ കരുണയും യോമ്പിയും (ഈ പേര് നിങ്ങൾ കേട്ടിട്ടുണ്ട്) നില്ക്കുന്നു..യോമ്പി എന്റെ നേർക്ക്‌ ചാടി.."എന്തിനാ ഈ പാവത്തിന്റെ സോക്ക്സ് തറയിൽ കളഞ്ഞത്??"
ഞാൻ ഞെട്ടി പോയി.."ഞാനെന്തിനു തറയിൽ കളയണം??കാറ്റടിച്ചോ മറ്റോ വീണതാവും.." ഞാൻ ന്യായീകരിച്ചു..പക്ഷെ കരുണയും ഉറഞ്ഞു തുള്ളുകയാണ്..ഞാൻ തന്നെ ഇത് ചെയ്തതാണെന്നും പറഞ്ഞ്.. ഒടുക്കം ആരൊക്കെയോ അവളെ സമാധാനിപ്പിച്ച് കൊണ്ട് പോയി..എനിക്കാണെങ്കിൽ കരച്ചിൽ വരുന്നു..ചായ കുടിച്ചു കഴിഞ്ഞ് ഞങ്ങൾ ആശ ചേച്ചിയുടെ മുറിയിൽ ഇരുന്നു സംസാരിക്കുകയാണ്.."എന്താ ചേച്ചീ ഇവരൊക്കെ ഇങ്ങനെ??ആരെങ്കിലും മനപൂർവം മറ്റൊരാളുടെ തുണി എടുത്തു കളയുമോ" എന്റെ സങ്കടം മാറിയില്ല..
അപ്പോൾ അച്ഛൻ വിളിച്ചു..അവധിക്കു നാട്ടിൽ വരുമ്പോ പാലപ്പവും താറാവ് കറിയും തിന്നാൻ കൊതിയാവുന്നൂന്നു ഞാൻ പറഞ്ഞു..അങ്ങനെ പതിയെ മൂഡ്‌ മാറി വരുമ്പോഴാണ് ഞങ്ങളുടെ മുറിക്കു പുറത്ത് കരുണയുടെ കാൽ പെരുമാറ്റം..അവൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്..അല്ല ഉലാത്തുകയാണ്..ഞാൻ പിന്നെ വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.."ഇവള..ഇവളാ അത് ചെയ്തത്" എന്നൊക്കെ അവൾ പുലമ്പുന്നുണ്ട്..ഞങ്ങൾക്ക് പേടിയായി..പെട്ടെന്ന് ഞങ്ങളുടെ മുറി പുറത്ത് നിന്ന് ലാച്ച് ചെയ്യുന്ന ശബ്ദം !!! ഈശ്വരാ ഇതെന്തു പരീക്ഷണം?? ഞങ്ങൾ ജനാലയുടെ വിടവിലൂടെ പുറത്തോ നോക്കി..അയ്യോ....അവളുടെ കയ്യിലൊരു കത്തി.."ഞാനിന്നു കൊല്ലും എല്ലാരേം കൊല്ലും" എന്നൊക്കെ അവൾ പറയുന്നുണ്ട്..ദൈവമേ, പാലപ്പവും താറാവ് കറിയും കഴിക്കും മുൻപേ ഈ ഭൂമിയിൽ നിന്ന്, അതും ഒരു കത്തിക്കിരയായി പോവാനാണോ എന്റെ വിധി..

ഞങ്ങളെ കിടുക്കി കൊണ്ട് ഫോണ്‍ ബെല്ലടിച്ചു ..അപ്പുറത്തെ മുറിയിൽ നിന്ന് കങ്കണയാണ്..അവളും പേടിച്ചിരിക്കുകയാണ്..മുറി ഒരു കാരണവശാലും തുറക്കരുതെന്ന് ഞങ്ങൾ അവളോട് പറഞ്ഞു.."നിയതീ, എനിക്ക് മൂത്രമൊഴിക്കണം..ഞാൻ നിന്റെ ബക്കറ്റിൽ ഒഴിച്ചോട്ടെ??" അവൾ കേണു.. "നീ മൂത്രമോഴിക്കരുതെന്നു മാത്രമല്ല, ഉച്ചത്തിൽ ശ്വാസം പോലും വിടരുത്..കരുണക്ക് അതൊരു പ്രകോപനമാകും.." ഞാൻ ക്രൂരമായി പറഞ്ഞു.. ആശ ചേച്ചി ഇതിനിടയിൽ ഒച്ച താഴ്ത്തി രൊസമ്മാന്റിയെ കാര്യങ്ങൾ ധരിപ്പിച്ചു..ആന്റി ആകെ പേടിച്ചു പോയി..മാത്രമല്ല കരുണ ആ വിങ്ങിന്റെ മുന്നിലെ വാതിൽ അകത്തു നിന്നടച്ചു..ഇനി പുറത്ത് നിന്ന് ആര്ക്കും അകത്ത് കയറാൻ പറ്റില്ല..നികേഷ് കുമാർ, ഇപ്പോൾ കിട്ടിയ വാര്ത്ത, അകത്ത് പേടിച്ച് വിറച്ച് മൂന്നു നിരപരാധികളും പിന്നെ കരുണയുമാണുള്ളത്..ഇതു നിമിഷവും എന്തും സംഭവിക്കാം..

ഞാനും ആശ ചേച്ചിയും ഭ്രാന്തിന്റെ വക്കിലായി..കരുണ ഇപ്പോഴും ഉലാത്തുകയാണ്..ഞങ്ങളെ തീരെ കരുണയില്ലാതെ ഹിന്ദിയിൽ നല്ല ഉഗ്രൻ തെറി വിളിക്കുന്നുണ്ട്..ഞങ്ങളാണെങ്കിൽ, പേടി ഉണ്ടെങ്കിലും,മലയാളത്തിൽ തിരിച്ചും (മനസ്സിൽ) വിളിക്കുന്നുണ്ട്.. ഒടുക്കം ആരൊക്കെയോ വന്നു വാതിലിൽ മുട്ടി,അവൾ കതകു തുറന്നു, ഇത്യാദി ശബ്ദങ്ങൾ കേട്ടു.. ആരോ വന്നു ഞങ്ങളുടെ റൂം തുറന്നു തന്നു..അത് കങ്കണയായിരുന്നു..അവളും ഞങ്ങളുടെ മുറിയിൽ കയറി..ഒന്നും പേടിക്കെണ്ടാന്നു രോസംമാന്റി പറഞ്ഞു..ഞങ്ങൾ വിങ്ങിന്റെ കതകടച്ചു  കുറ്റിയിട്ടു മൂന്നു പേരും ഒരു മുറിയിൽ കിടന്നുറങ്ങി.. 

പിറ്റേ ദിവസമാണ് സംഭവങ്ങളുടെ ഒരേകദേശ രൂപം കിട്ടിയത്... (ഇന്റെർവൽ...)

പോയി ചായ കുടിച്ചിട്ട് വാടെ..

Sunday, 13 July 2014

മാതൃത്വത്തിന്റെ മഹത്വം* *  conditions Apply


മാതൃത്വത്തെ കുറിച്ച് എന്റെ ഒരു സുഹൃത്ത് പോസ്ടിട്ടപ്പോൾ കണ്ട കമെന്റ് , "മാതൃത്വത്തിന്റെ മഹത്വം അറിയാത്ത തെവിടിശികൾക്കായി  ഈ പോസ്റ്റ്‌ സമർപ്പിക്കുന്നു.." എന്തായാലും രണ്ടു പെറ്റ എക്സ്പീരിയൻസ് ഉള്ള ഒരാളല്ല ഈ പോസ്ടിട്ടത്..അതുകൊണ്ട് തന്നെ അതേ പറ്റി എനിക്കുണ്ടായ സംശയം ഒന്ന് പങ്കു വക്കണമെന്ന് തോന്നി..
ബുദ്ധിയും വിവരവുമില്ലാത്തത് ഒരു കുറ്റമല്ല എന്നത് കൊണ്ട് ഇതുപോലെയുള്ള സന്മാര്ഗികളെയും സദാചാരവാദികളെയും തിരുത്താൻ നമ്മൾ ആളല്ല..എങ്കിലും "മാതൃത്വത്തിന്റെ മഹത്വം അറിയാത്ത തെവിടിശികൾ" ആരാണാവോ??

മാതാവിനെ തൊഴിച്ചു കൊല്ലുന്ന പെണ്മക്കളോ (അങ്ങനെ ഒരു വാർത്ത ഇതുവരെ കേട്ടിട്ടില്ല..അതോ ഇനി തൊഴിച്ചു കൊല്ലാനുള്ള ആരോഗ്യം ഇല്ലാഞ്ഞിട്ടാണോ ഇതെല്ലാം ആണ്മക്കളുടെ കുത്തകയായത്)??
അതോ കുട്ടികൾ വേണ്ടെന്നു വക്കുന്നവരോ??
ഇനി കുട്ടികൾ  വേണമെന്ന് ആഗ്രഹിച്ചിട്ടും പ്രസവിക്കാൻ കഴിയാത്തവരാണോ??
അതോ വിവാഹമേ കഴിക്കാതെ മാതൃത്വത്തിന്റെ "ഫീകര മഹത്വം" അനുഭവിക്കാതെ പോകുന്നവരോ??
സ്വന്തം കുഞ്ഞിനെ വളര്ത്താൻ "തേവിടിശി" ആകുന്നവരോ??
സ്വന്തം കുഞ്ഞിനേയും കൊന്നു ആത്മഹത്യ ചെയ്യുന്നവരോ??
നോക്കാൻ നിവൃത്തിയില്ലാതെ ഉപേക്ഷിക്കുന്നവരോ??
'അവിഹിത' ഗര്ഭം അലസിപ്പിച്ച്ചു കളയുന്നവരോ??
അതോ പെറ്റു കൂട്ടി കൂട്ടി ഒരു കുഞ്ഞിനെ പോലും അർഹിക്കുന്ന വിധത്തിൽ പരിചരിക്കാൻ കഴിയാത്തവരോ??
പെണ്കുഞ്ഞാനെന്നു കണ്ടു ഭര്ത്താവിന്റെ പ്രേരണക്ക് വഴങ്ങി അബോര്ട്ട് ചെയ്തവരോ??
അതോ പ്രസവിക്കും വരെ കാത്ത് വാ പിളര്ക്കുന്ന കുഞ്ഞിനു ഒരു അരിമണി കൊടുത്ത് കൊല്ലുന്നത് കാണേണ്ടി വരുന്നവരോ??
ഇതിലാരാണ് മാതൃത്വത്തിന്റെ മഹത്വം അറിയാത്ത "തേവിടിശി" ???

പ്രസവിക്കുന്നതാണ്, അത് മാത്രമാണ് മാതൃത്വം എന്ന് ധരിച്ചിരിക്കുന്നവരാണ് ഏറെ...അത് പോട്ടെ, അതിന്റെ പരിധിയിൽ നിന്ന് മാത്രം സംസാരിച്ചാൽ പോലും എനിക്ക് ആ കമന്റിയവനോടുള്ള ചോദ്യം ഇതാണ്.."ഇത്ര മാത്രം രോഷം കൊള്ളണമെങ്കിൽ  താങ്കൾ മാതൃത്വത്തിന്റെ മഹത്വം ശരിക്കും അറിയുന്ന ആളാണല്ലോ??താങ്കളുടെ ഭാര്യ/അമ്മ/പെങ്ങൾ/മകൾ ഇവരിലാരെങ്കിലും  സമൂഹം അറിയുന്ന/അന്ഗീകരിച്ച്ച്ച ബന്ധത്തിലൂടല്ലാതെ ഗര്ഭം ധരിച്ചാൽ ഈ മാതൃത്വ മഹത്വം അന്ഗീകരിച്ച് ആ കുഞ്ഞിനെ പ്രസവിച്ചു വളര്ത്താൻ അനുവദിക്കുമോ  നിങ്ങൾ??"

ഇല്ല..അവിടെ നിങ്ങളുടെ "അഭിമാനത്തിനു" കീഴെ ആണ് അവളുടെ മാതൃത്വം.. അന്യ മതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ച് അതിലുണ്ടാവുന്ന കുഞ്ഞ് എത്രയോ ബന്ധുക്കൾക്കു അന്യരാണ്..അവരെന്താ കുഞ്ഞുങ്ങളല്ലേ?? പൊടി കുഞ്ഞുങ്ങളെ ഒക്കത്തെടുത്ത്‌
വഴിയിലൂടെ പിച്ച എടുത്തു നടക്കുന്ന സ്ത്രീകൾക്ക് ഈ മാതൃത്വത്തിന്റെ മഹത്വം നല്കാറുണ്ടോ നിങ്ങൾ??പോട്ടെ, വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാര്ക്ക്?? ഇല്ല...പ്രസവത്തിലൂടെ നിങ്ങൾക്ക് അഭിമാനിക്കാൻ തക്ക വണ്ണം ഒരു അവകാശിയെ പതിച്ചു നല്ക്കുന്നവരുടെ മാതൃത്വത്തിന് മാത്രേ വിലയുള്ളൂ..നിങ്ങൾ ആഗ്രഹിച്ച എണ്ണത്തിൽ, ആഗ്രഹിച്ച സമയത്ത്, ആഗ്രഹിച്ച പോലെ കിട്ടുമ്പോൾ..

ഒരു യുദ്ധം വരുമ്പോൾ, മത വെറി ഇളകുമ്പോൾ,ഏറ്റവും കൂടുതൽ  ഇരകളാകുന്നത് ചെറിയ കുഞ്ഞുങ്ങളും അവരുടെ അമ്മമാരുമാണ്..ആദ്യമാദ്യം കിട്ടുന്നതിന്റെയൊക്കെ തലവെട്ടാൻ നോക്കുമ്പോൾ എന്ത് മാതൃത്വ മഹത്വ ചിന്തകൾ?? പെണ്‍വർഗത്തിലെ മറ്റു സസ്തനികൾ പ്രസവിക്കാറായെന്ന്  കണ്ടാൽ അപ്പൊ ഓടിച്ചു വിടും നമ്മുടെ കണ്മുന്നിൽ നിന്ന് വരെ.. പൂച്ചയാവട്ടെ, പട്ടിയാവട്ടെ..പോട്ടെ, കോഴിമുട്ട തിന്നുമ്പോൾ അതൊരു മാതൃത്വത്തിന്റെ ലന്ഘനമാനെന്നു ഓർക്കാറുണ്ടോ?? ഇല്ല..അഭിമാനിക്കാവുന്ന തരത്തിൽ മക്കൾ വളർന്നാൽ അവർ "അച്ചൻ മക്കൾ", ഇല്ലെങ്കിൽ "അമ്മയുടെ വളർത്തു ദോഷം"..(പേരിന്റെ വാല്/കുടുംബപ്പേര്/ജാതിപ്പേര്/മതം എല്ലാം പൊതുവെ അച്ചന്റെത്..എല്ലാ ചടങ്ങുകൾക്കും അച്ചൻ മുന്നിൽ..ഇതെല്ലാം മാതൃത്വത്തിന്റെ മഹത്വം കൊണ്ടാണ്..എന്തൊരു വിലയാണ് അമ്മക്ക്..)

നമുക്ക് വേണ്ടത് നമ്മുടെ 'ചാരിത്ര്യവതി'കളായ സ്ത്രീകൾ പ്രസവിച്ചു തരുന്ന ജോണ്സൻ ആൻഡ്‌ ജോണ്സൻ പൌഡരിട്ട വെളുത്തു തുടുത്ത ചിരിക്കുന്ന കുഞ്ഞുങ്ങളെയാണ്..കറുത്ത് മെലിഞ്ഞ് മൂക്കട്ടയൊലിപ്പിച്ചു കരയുന്ന തെരുവോരത്തെ കുഞ്ഞിന്റെ അമ്മക്ക് മാതൃത്വം പോര..കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കുന്ന/ഇല്ലാത്ത  (പല കാരണങ്ങൾ കൊണ്ട്) വിവാഹിതരായ സ്ത്രീകൾ, അവർ എന്തെങ്കിലും രീതിയിൽ സന്തോഷം അനുഭവിക്കുന്നവരാനെങ്കിൽ അവരോട്‌ പുച്ചമാണ്‌..എന്നാൽ ചൊവ്വാ ദോഷം കൊണ്ട് വിവാഹം നടക്കാതെ പോയവൾ/കന്യാസ്ത്രീ/വിധവ ഇവർ പ്രസവിച്ചാൽ അത് "വഴിപിഴക്കലുമാണ്"..

മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കാതെ പോകുന്നവർക്ക് പുല്ലിങ്ങമാണ് കൂടുതൽ ചേരുക, കാരണം സമൂഹത്തിന്റെ/കുടുംബത്തിന്റെ മുഴുവൻ "അഭിമാന പ്രശ്നങ്ങളും" തലയിലേറ്റി നടക്കേണ്ടി വരുന്നത് പുല്ലിങ്ങക്കാരാണ്.....ഇത് ഞാനൊരു ഫെമിനിസ്റ്റ് ആയതു കൊണ്ട് പറയുന്നതല്ല..നമ്മുടെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥ അതാണ്‌ നമുക്ക് നല്കുന്നത്..അത് കൊണ്ട് ഇത്തരം മഹത്വത്തെ കുറിച്ചൊക്കെ വാചാലാനായെ മതിയാവൂ എങ്കിൽ , താങ്കൾ "തെവിടിശി"യുടെ പുല്ലിംഗം ഉപയോഗിക്കുന്നതാണ് അനുയോജ്യം..

PS: മാതൃത്വം/പ്രസവം ഇതിനു നിർണയിക്കാനുള്ളതല്ല 'സ്ത്രീത്വം' (femaleness, not femininity ) എന്ന് ഞാൻ വിശ്വസിക്കുന്നു..അതിനെ ഒരു ജൈവിക പ്രക്രിയയായി കാണാനിഷ്ടപ്പെടുന്ന ആളാണ്‌ ഞാൻ..ഇതിൽ  കൊട്ടേഷൻ ഉപയോഗിച്ച പദങ്ങളിലോന്നും ഞാൻ വിശ്വസിക്കുന്നില്ല..മാത്രമല്ല, ഇത് ആ കമ്മന്റിനുള്ള മറുപടി മാത്രമാണ്..അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെ പറ്റിയൊന്നും ഞാൻ പരാമർശിച്ചിട്ടില്ല..ആ അർത്ഥത്തിൽ ഈ ലേഖനം അപൂർണമാണ്..)

Saturday, 12 July 2014

ന്നെ ഒന്ന് സംശയിക്കൂ..പ്ലീസ്..


പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു തോന്നൽ..നമ്മടെ മദറിനു തീരെ സ്നേഹമില്ലെന്ന്..നമ്മളെ ഒരു വെലയില്ല..എന്ത് പറഞ്ഞാലും കണ്ണുമടച്ചങ്ങു വിശ്വസിക്കും ..ഞാൻ ഭയങ്കര ഡീസെന്റ്റ്   ആണെന്ന് പുള്ളിക്കാരിയുടെ മനസ്സിലങ്ങുറച്ചു പോയി..
എനിക്കാണെങ്കിൽ പഠിത്തത്തിന്റെ ടെൻഷൻ ഒരു സൈഡിൽ കൂടി ശക്തമായിപോകുന്നുണ്ട്.. എന്റർറ്റയിന്മെന്റ്സ് തീരെയില്ലാതായി..ഒരു കൂട്ടുകാരിയുടെ വീട്ടിൽ ടൂഷന് പോകുന്നുണ്ട്.. അതാണ്‌ ഏക രസം..അന്നത്തെ എന്റെ പ്രണയത്തിന്റെ കോണ്‍സെപ്റ്  അനുസരിച്ച് കോളേജിൽ പഠിക്കുമ്പോഴാണ് പ്രേമം ഉണ്ടാവുന്നത്..അവിടുത്തെ മരം ചുറ്റാതെ, കോളേജ് ടൂർ പോകാതെ, സെന്റിയടിച്ച് യാത്ര പറയാതെ ഉണ്ടാവുന്ന പ്രേമത്തിനു എന്ത് ഭംഗിയാണുള്ളത്??  മാത്രമല്ല ഞാൻ ആ പുനലൂർ ചുറ്റുവട്ടത്തൊന്നും ഒരു പ്രേമിക്കബിൽ ആയ ചെക്കനെ കണ്ടിട്ടില്ല..എങ്കിലും പ്രണയം എന്ന ചിന്ത എന്റെ മനസ്സിൽ വരികളായും  തിരക്കഥകളായും വന്നു കൊണ്ടേയിരുന്നു..

ഞാൻ സ്വയം ഒരു ഹോബി  കണ്ടു പിടിച്ചു..പത്രത്തിൽ നിന്നും വാരികകളിൽ നിന്നുമൊക്കെ പടങ്ങൾ വെട്ടിയെടുക്കും..ഈ പടങ്ങൾ കൊളാഷ് പോലെ ഒട്ടിച്ച് തിരക്കഥ എഴുതി ഒരു പ്രണയ കഥ ഉണ്ടാക്കിയെടുക്കും.. ആരുമറിയാതെ ആണ് പരിപാടി..കാരണം ഒരുപാട് സമയമെടുക്കും ഇതുണ്ടാക്കാൻ..പത്താം ക്ലാസ്സാണേ..

അങ്ങനെയിരിക്കെ എന്റെ ഒരു കൂട്ടുകാരിയെ പുറകെ നടന്നു പ്രേമിച്ച്ചിരുന്നവൻ ആത്മഹത്യക്ക് ശ്രമിച്ചു ഐ.സി.യുവിലായി..ഞാനാകെ ഉലഞ്ഞു പോയി..ഇങ്ങനൊക്കെ ഒരു പ്രേമമുണ്ടോ??പത്തിൽ പഠിക്കുമ്പോ പ്രേമിച്ച പെണ്ണ് റിജെക്റ്റ് ചെയ്തതിനു മരിക്കാൻ നോക്കുക..ഹോ എനിക്ക് വേണ്ടി എതെങ്കിലുമൊരുത്തൻ ഇങ്ങനെ ചെയ്യുമോ??എന്റെ കൂട്ടുകാരി കഷ്ടിച്ച് പാസ്സാവുന്ന ഒരാളാണ്..അവനാണേൽ വേദനിക്കുന്ന കോടീശ്വരൻ..പത്തിൽ ക്ലാസ് ടോപ്പെറായ നമുക്ക് വേണ്ടി ചാവാൻ പോയിട്ട് പ്രേമിക്കാൻ പോലും ഒരു പട്ടിയുമില്ല (എന്നെ ആളുകൾ വണ്‍വേ പ്രേമിക്കുന്നതിൽ എനിക്ക് വിരോധമോന്നുമില്ലായിരുന്നു).. എനിക്ക് ഭയങ്കര സങ്കടം..നമ്മുടെ സെൽഫ് വർത്ത്ചോദ്യം ചെയ്യപ്പെടുന്നത് പോലെ.. എന്റെ കൂട്ടുകാര്ക്കെല്ലാം പ്രേമം മൊട്ടിട്ടു തുടങ്ങിയ സമയമായിരുന്നു അത്..അവരുടെ വീട്ടുകാർ വിവരമറിഞ്ഞ് ഫോണും കത്തുമെല്ലാം നിരോധിക്കുന്നതും ഫുൾ ടൈം നിരീക്ഷിക്കുന്നതുമെല്ലാം കേട്ട് എനിക്ക്കൊതിയായി..എന്റെ അമ്മ എന്നെ സംശയിച്ച് തുടങ്ങണം..ഫുൾ ടൈം നിരീക്ഷിക്കണം..എവിടെ പോയാലും കൂടെ വരണം..ഇതൊക്കെ എനിക്ക് ആ സമയത്തെ ആഗ്രഹങ്ങളായിരുന്നു..എനിക്ക് ഇന്നത് വളരെ വിചിത്രമായി തോന്നുന്നു..കാരണം വിശ്വാസം കൊണ്ടുള്ള കളിയാണ്.. അത് ഒരിക്കൽ നഷ്ടപ്പെട്ടാൽ തീർന്നു..അന്ന് പക്ഷെ കല്യാണ്‍ ജുവലെഴ്സിന്റെ പരസ്യം വന്നിട്ടില്ല..അങ്ങനെ നിഷ്കളങ്കയായ ഞാൻ മുകളിൽ പറഞ്ഞ കൂട്ടുകാരിയോട് ആഗ്രഹം ഉണർത്തിച്ചു..

എനിക്ക് നല്ല ഒന്നാന്തരം വട്ടാണെന്ന് നേരത്തെ അറിയാമെങ്കിലും അവൾ അത് ഒന്നുകൂടി ആവർത്തിച്ചു..ഒടുക്കം എന്റെ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു..ഞങ്ങൾ അവളുടെ മുറിയിലിരുന്നു മാസ്റർ പ്ലാൻ തയാറാക്കി..ആദ്യം ഒരു നല്ല പേര് വേണം..കുറെ പേരുകൾ ചിന്തിച്ചു നോക്കി..ഒന്നും എനിക്കിഷ്ടപ്പെടുന്നില്ല..വെറും കഥയാണെങ്കിലും എന്നോട് ചേർത്ത് അപവാദം ഉണ്ടാക്കാനുള്ളതാണ്...അപ്പൊ മോശമാവാൻ പാടില്ല..അങ്ങനെ നീൽ എന്ന പേര് എനിക്കിഷ്ടപ്പെട്ടു..പിന്നെ ഒരു ദമ്മിന് മേനോൻ കൂടി ചേർത്ത് വളരെ ഭീകരമായ 'നീൽ മേനോൻ' എന്നൊരു പേരുണ്ടാക്കി..അങ്ങനെ കൊല്ലം ജില്ലയിൽ പോലും ഒരാളുണ്ടാവില്ലെന്നു എനിക്കുറപ്പായിരുന്നു...നാളെ അതിന്റെ പേരില് ആരും അന്വേഷിച്ച് വരരുതല്ലോ..

അടുത്ത ലെവൽ ഓപ്പറേഷൻ എന്റെ വീട്ടിലാണ്..ഞാൻ പറഞ്ഞ സമയമാകുമ്പോൾ അവൾ ഫോണ്‍ വിളിക്കും..ആ സമയമടുത്തപ്പോൾ  ഞാൻ തഞ്ചത്തിൽ അമ്മയെ ഡൈനിംഗ് ടേബിളിന്റെ അടുത്ത് കൊണ്ട് വന്നിരുത്തി..ഫോണ്‍ അവിടെയാണ് ഇരിക്കുന്നത്..അവൾ വിളിച്ചു..ഞാൻ ഫോണ്‍ എടുത്തു, എന്നിട്ട് പരുങ്ങലോടെ.."നീൽ ഞാൻ പിന്നീട് വിളിക്കാം..ഇപ്പൊ..ഇപ്പൊ പറ്റില്ല..ഹാ, ഞാൻ വിളിക്കാം.." എന്നൊക്കെ ഫുൾ സംശയം മോഡിൽ സംസാരിച്ചു..അമ്മ തീരെ താത്പര്യമില്ലാത്ത പോലെ എണീറ്റ് പോയി..ഇപ്പൊ ഒരു ചോദ്യോത്തര പംക്തി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ഞാൻ ശശി തരൂരായി..

അത് ഒരർത്ഥത്തിൽ എന്നെ വല്ലാതെ വിഷമിപ്പിച്ചു..ഒരാൾക്ക് എന്നോട് പ്രേമമുണ്ടെന്നു  മറ്റൊരാള്ക്ക് സംശയിക്കാൻ പോലും തോന്നാത്ത വിധം ഒരു ബോറത്തിയാണോ ഞാൻ എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു..എന്താണ് ആരും എന്നെ പ്രേമിക്കാത്തതു??ഞാൻ പല തവണ തല പുകഞ്ഞാലോചിച്ചു..കണ്ണാടിയിൽ നോക്കിയിരുന്നു..ഒടുവിൽ ഞാനാ സത്യം വേദനയോടെ തിരിച്ചറിഞ്ഞു..എന്റെ മൂക്ക് ചപ്പിയിട്ടാണ്..ഞാൻ അട്ട്രാക്റ്റീവ് അല്ല..പഠിച്ച് ജോലിയൊക്കെ കിട്ടിയിട്ട് ഞാനത് പ്ലാസ്റ്റിക് സര്ജറി ചെയ്യും..എന്നാലും അതുവരെ..ആരും എന്നെ തിരിഞ്ഞു നോക്കില്ലല്ലോ..കണ്ണാടിയിൽ തന്നെ നോക്കിയിരിക്കുന്നതിനു ഞാനും അമ്മായുമായോന്നിടഞ്ഞു..അമ്മയറിയുന്നുണ്ടോ എന്റെ തിരിച്ചറിവിൽ ഞാനാകെ തകർന്നിരിക്കുകയാണെന്ന്..

കഥ ഇവിടം കൊണ്ടവസാനിക്കുന്നില്ല..അമ്മയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഞാനീ നമ്പർ പല തവണ ഇറക്കി..മൊബൈൽ വന്നതിനു ശേഷം വെറുതെ കാൾ വന്നെന്ന മട്ടിൽ അമ്മയുടെ മുന്നിൽ ചെന്ന് നിന്ന് സംസാരിക്കും..അമ്മ മൈൻഡ് ചെയ്യില്ല..ഡെൽഹിയിലായിരുന്നപ്പോൾ ഒർക്കുട്ട് ഉപയോഗിച്ചു തുടങ്ങിയ സമയത്തും ഞാനൊരു കഥയിറക്കാൻ  നോക്കി പരാജയപ്പെട്ടു.. എന്നാൽ ശരിക്കും ഒരാളെ പ്രേമിക്കാനും എന്നെ കൊണ്ട് വയ്യ..എന്നെ എല്ലാരും ഇങ്ങൊട്ട് പ്രേമിചോണ്ട് വന്നു കൊണ്ടേയിരിക്കണം, ഞാൻ അവരെ ഒക്കെ നിഷ്കരുണം ഉപേക്ഷിച്ചു കൊണ്ടേയിരിക്കണം..ഇതൊക്കെയാണ് എളിയ ആഗ്രഹങ്ങൾ ഇതെല്ലാം അമ്മേടെ മുന്നിൽ ആളാവാനാണ്.."എക്സ്ക്യൂസ് മി,എന്റെ ചുറ്റും ഒരുപാട് പേർ സ്നേഹവുമായി കാത്തു നില്ക്കുന്നു..എനിക്കതൊന്നും വേണ്ട..അമ്മ മാത്രമാണ് എനിക്ക് വലുത്" എന്ന ഒരു അവസ്ഥ ഉണ്ടാക്കി എടുത്താൽ അമ്മ എന്നെ അതി ഭീകരമായി സ്നേഹിക്കും എന്നാണു എന്റെ കണക്കു കൂട്ടൽ..അച്ഛനെ പോലെ അമ്മ എന്നെ ശ്രദ്ധിക്കുന്നില്ല എന്നത് എനിക്കെന്നും ഒരു വല്യ പ്രശ്നമായിരുന്നു..പതിനായിരം വട്ടം ഞങ്ങൾ ഇതും പറഞ്ഞു അടി കൂടിയിട്ടുണ്ട് വീട്ടിൽ.. അമ്മക്ക് പ്രകടനപരതയിൽ താത്പര്യമില്ലത്രേ.. എന്റെ മനസ്സിലെ അമ്മ സങ്കല്പം മിനി നായരാണ്.."ന്റെ ഉണ്ണീ" എന്നൊക്കെ വിളിച്ച് കരഞ്ഞു ചളമാക്കുന്ന ഒരു റ്റൈപ്പ്...എന്തായാലും ഇന്നെനിക്കറിയാം.."വിശ്വാസം, അതല്ലേ എല്ലാം.."

PS : ഒടുക്കം ഞാനോരുത്തനെ ശരിക്കുമങ്ങ്‌ പ്രേമിച്ചു..അവൻ പ്രൊപ്പോസ് ചെയ്ത് 'യെസ്' പറഞ്ഞു പ്രണയം ആദ്യമായി എന്റെ ഉള്ളിൽ വന്നു നിറഞ്ഞ അന്ന് തന്നെ അമ്മേടെ ചോദ്യം "എന്താ, പ്രണയത്തിൽ വീണോ നീ???"..അമ്മ ഒരൽഭുതമായത് അന്നായിരുന്നു..
താരകാസുര വധം അഥവാ ഒരു താരൻ നിർമാർജന യജ്ഞം..
താരൻ!! ആ പേര് കേൾക്കുമ്പോ എന്റെ മനസ്സിൽ തോന്നുന്നത് മാനത്ത് നിന്ന് ഒരു താരകക്കുഞ്ഞു മണ്ണിൽ വന്നു വീണു സുന്ദരനായ യുവാവായി മാറിയതാണീ താരനെന്നാണ്....പക്ഷെ അത് തലയിൽ വന്നു കൂടുകെട്ടി പാർത്താൽ തീർന്നു..ചൂടും വിയർപ്പും പൊടിയും കൊണ്ട് തലയിൽ 'താരസാമ്രാജ്യം' സ്ഥാപിതമായിട്ട് നാൾ കുറെയായി..നഖ ക്ഷതങ്ങളെൽപ്പിച് തുരത്താൻ ശ്രമിച്ച് എന്റെ തലയൊരു ചോരക്കളമാകാറായപ്പോ തീരുമാനിച്ചു കേന്ദ്ര സഹായം തേടേണ്ടി വരുമെന്ന്..
സ്റ്റൈപെന്റ് കിട്ടിയപ്പോ തന്നെ 'ഹെൽപ് ഹെൽപ്' എന്നും വിളിച്ചു കൊണ്ട് അടുത്തുള്ള ബ്യൂട്ടി പാർലറിലെക്കോടി..അതാ ഗന്ധർവൻ നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെ ഒരു ഹെയർ സ്റ്റൈലിസ്റ്റ് നില്ക്കുന്നു.. "എന്ത് വരമാണ് മകളെ നിനക്ക് വേണ്ടത്??" ഗന്ധർവൻ അലിവോടെ ചോദിച്ചു..

"എന്റെ താരനൊന്നു മാറ്റി തരുമോ ഗന്ധർവേട്ടാ??"  ഞാൻ എന്റെ തല ആ കൈകളിൽ സമർപ്പിച്ചു..പിന്നെ എല്ലാം അവ്യക്ത ദൃശ്യങ്ങളാണ് ..
മുടി ചീകുന്നു മരുന്ന് തേക്കുന്നു മസ്സാജ് ചെയ്യുന്നു തല കഴുകി തോര്ത്തുന്നു ഒരുവല്യ ഹെൽമട്ടിനുള്ളിൽ  തല വച്ച് പുകക്കുന്നു (പുകച്ച് പുറത്ത് ചാടിക്കുന്നതാണ്) പിന്നേം മസ്സാജ്, മുടി കഴുകി തോര്ത്തൽ..ഒടുക്കം സഹായിയായ ഗന്ധർവിയെ കൊണ്ട് എന്റെ തലക്കും മുതുകത്തും  നടുവിനുമിട്ടു കൊട്ടോട് കൊട്ട്..
"സത്യം പറ, നീ പോകില്ലേ.." ഗന്ധർവി മസ്സിലു കാണിച്ച് താരനോട്...
"ഇല്ല ഇല്ല ഇല്ല..നല്ല വളക്കൂറുള്ള ഈ മണ്ണ് വിട്ടു ഞങ്ങളെങ്ങോട്ടുമില്ല.." താരന്റെ കടും പിടുത്തം..
"നിന്നെ ഞാനിപ്പം പറ പറത്തും..ഓം ഹ്രീം സ്വാഹ.." ഗന്ധർവി ഹെയർ ഡ്രൈയ്യെർ എടുത്ത് ഒരൊറ്റ വീശൽ..

അങ്ങനെ താരൻ പറന്നോടി..താരകാസുര വധത്തിനു ശേഷം ദക്ഷിണ സമർപ്പിച്ചു നോം മടങ്ങി..തലയിലെ ഇളകിക്കിടന്ന നട്ടും ബോല്ട്ടുമൊക്കെ ശരിയായത് പോലെ..മുടി നല്ല സ്റ്റൈലായി പാറി പറക്കുന്നു..എന്നും ഗന്ധർവൻ വന്നു ഇത് പോലെ മുടി കഴുകി തന്നിരുന്നെങ്കിൽ..

Friday, 11 July 2014

ക്രഷിന്റെ അർത്ഥവും റാഗിങ്ങും...

ഞാൻ ഡൽഹിയിൽ ഡിഗ്രിക്ക് ജോയിൻ ചെയ്തു ഗാന്ധി ആശ്രമം ഹോസ്റ്റലിൽ താമസം തുടങ്ങിയ ദിവസം..ആകെ മൂന്നു പേരാണ് മുറിയിൽ..ആസാമിൽ നിന്നുള്ള കങ്കണയും ഒറീസക്കാരി സ്തുതിയും പിന്നെ ഞാനും.... എന്റെ അച്ചന്റെ കസിൻ ഡൽഹിയിലുണ്ട്..അങ്കിളും ഞാനും  എല്ലാരോടും സംസാരിച്ച് പെട്ടിയും മെത്തയുമൊക്കെ അടുക്കി വെച്ച് എന്റെ അച്ചനെയും അമ്മയെയും റെയിൽവേ സ്റെഷനിൽ കൊണ്ടാക്കാൻ പോയി..ട്രെയിൻ നീങ്ങി തുടങ്ങിയ ആ നിമിഷം അച്ചൻ എന്റെ കയ്യിൽ നിന്നുള്ള പിടി വിട്ടു..കണ്ണീരിന്റെ പാടയിലൂടെ കേരള എക്സ്പ്രസ്സ് കടന്നു പോയി .. അവരെ യാത്ര പറഞ്ഞു പിരിഞ്ഞ് ഞാൻ ഹൊസ്റ്റെലിലെത്തി..

ഹൊസ്റ്റെലിലെ ആദ്യ ദിനം..മുറിയെല്ലാം അടുക്കി പെറുക്കി കുളിച്ച് വേഷം മാറി വന്നപ്പോഴേക്കും വൈകുന്നേരമായി..പിറ്റേ ദിവസം ക്ലാസ്സ് തുടങ്ങും..ഞങ്ങൾ പരസ്പരം പലഹാരങ്ങൾ പങ്കിട്ടു കഴിച്ചു..എന്റെ മീൻ അച്ചാർ സ്തുതിക്ക് നന്നേ പിടിച്ചു..കങ്കണയുടെ പുളി അച്ചാർ എനിക്കും..ഓരോരോ വിശേഷങ്ങൾ പറയുന്നതിനിടയിൽ സ്തുതി എന്നോട് ചോദിച്ചു , "നിനക്ക് ക്രഷുണ്ടോ??"..
എനിക്ക് ചോദ്യം മനസ്സിലായില്ല.."ക്രഷെന്നു വച്ചാൽ?"..ഞാൻ കുറെ ആലോചനക്കു ശേഷം ചോദിച്ചു.. "എന്ന് വച്ചാൽ ഇന്ഫാച്ചുവേഷൻ...ആരോടെങ്കിലുമുള്ള ആ ഒരു തരത്തിലുള്ള ഇഷ്ടം..??" അവൾ വിശദീകരിച്ചു..
ഇതിപ്പം ക്രഷായിരുന്നു ഭേദം..അതെന്താന്നു മനസ്സിലായില്ലന്നു പറഞ്ഞപ്പോ ഇത്ര 'സിമ്പിളായി' അവൾ വിശദീകരിച്ചു തരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..ആകെ ഗുലുമാലായല്ലൊ.."യു മീൻ ആൻ അഫയർ??" ഞാൻ വീണ്ടും ചോദിച്ചു..
"ഏയ് അല്ല..ഇത് വെറും ക്രഷ്.." അവൾ മൊഴിഞ്ഞു..
പണ്ടാരം..അപ്പൊ ഈ ക്രഷ് പ്രേമമല്ല..വേറെന്തോ സ്നേഹമാണ്..ഇനി ഗുരുശിഷ്യ ബന്ധമാണോ??" ഞാൻ ആകെ കണ്ഫ്യൂസ്ട്ട് ആയി..

ഒടുക്കം ധൈര്യം സംഭരിച്ചു ഒരു പേര് പറഞ്ഞു..എന്റെ പ്ലസ് ടു സാറിന്റെ പേര്..എനിക്ക് സാറിനെ വല്യ ബഹുമാനമാണ്.. ഞാൻ എനിക്കൊരു ചേട്ടനുന്ടെങ്കിൽ അത് സാറാണ് എന്നാണു വീട്ടിൽ പറഞ്ഞോണ്ട് നടക്കുന്നത്..അവരും അവരുടെ സ്കൂൾ കഥകൾ പറഞ്ഞു..
അതിനിടയിൽ അപ്പുറത്തെ മുറിയിൽ ഒരു മലയാളിക്കുട്ടി വന്നു..നീനു..അവളും ഞങ്ങളോടൊപ്പം കൂടി..അവളാണ് എനിക്ക് ക്രഷിന്റെ അർഥം പറഞ്ഞു തന്നത്..ഭഗവാനെ, ഗുരു നിന്ദയാണല്ലോ ഞാൻ കാണിച്ചത്..ഞാൻ അവരെ പറഞ്ഞു മനസ്സിലാകാൻ ശ്രമിച്ചു..അവർ "ഹും കൊച്ചു കള്ളി" എന്ന മട്ടിൽ എന്നെ കളിയാക്കാൻ തുടങ്ങി..എനിക്ക് കരച്ചിൽ വന്നു..ഞാൻ അവരെ വിട്ട് നീനുവിനോട് സംസാരിക്കാൻ തുടങ്ങി..
അങ്ങനെ രാത്രി ഭക്ഷണം എങ്ങനൊക്കെയോ കഴിച്ച് ഞങ്ങൾ വീണ്ടും മുറിയിലെത്തി..

എന്നെ നൊസ്റ്റാൽജിയ ഭീകരമായി പിടി കൂടി..എനിക്കിപ്പോ വീട്ടിൽ പോകണം..അച്ചനോട് പറഞ്ഞാൽ എന്നെ കൊല്ലും..പെട്ടികളെല്ലാം അടുക്കി ഡൽഹിക്ക് തിരിക്കുന്നതിന്റെ തലേ ദിവസം ഞാൻ അച്ചനെ കെട്ടി പിടിച്ച് കിടക്കുകയാണ്.."നീ പോണ്ട.." പെട്ടെന്ന് അച്ചൻ പറഞ്ഞു.."എനിക്ക് നിന്റെ കൗമാരം മിസ്സ് ചെയ്യാൻ വയ്യ 'പൂനി കൊച്ചേ' (അച്ചൻ മാത്രം വിളിക്കുന്ന പേര്)..നമ്മക്ക് കൊല്ലത്ത് അഡ്മിഷൻ വാങ്ങിക്കാം.." "അയ്യട മോനെ..എനിക്ക് ദൽഹീൽ തന്നെ പഠിക്കണം" എന്ന് ഞാൻ തിരിച്ചു പറഞ്ഞെങ്കിലും എന്റെ ഹൃദയത്തിന്റെ ഒരു കോണ് അതാഗ്രഹിച്ചു..ഇപ്പൊ എല്ലാം കഴിഞ്ഞ് ഡൽഹിയിലെത്തിയപ്പോൾ എനിക്ക് വീട്ടീ പോണം..ഞാൻ കണ്ണുകളടച്ചു കിടന്നു..  അപ്പൊ വാതിലിൽ ആരോ മുട്ടി..
കങ്കണ പോയി വാതിൽ തുറന്നു..കടന്നു വന്നത് മൂന്നു പെണ്കുട്ടികൾ..അതിൽ ആദ്യം വന്നത് ഒരൊന്നൊന്നര സാധനമായിരുന്നു..

സ്പഗെറ്റിയും ഷോര്ട്ട് സ്കെര്ട്ടുമണിഞ്ഞു  മുടി ബോബ് ചെയ്ത് നോസ് റിങ്ങിട്ട ഒരു ഐറ്റം..പുറകെ വന്നത് വേറെ രണ്ടു "മാലാഖമാർ".. ആദ്യത്തെ പെണ്ണ് ഒരു ഹോളീവുഡ് സിനിമയിലെ പോലീസായും പുറകെ വന്നവർ നെഴ്സുമ്മാരായും ഞാൻ ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിയായും എനിക്ക് തോന്നി..ഞാൻ എണീറ്റിരുന്നു..അവർ കടന്നു വന്നു ഞങ്ങളുടെ അരികിലിരുന്നു..പോലീസുകാരിയുടെ മുഖത്ത് ഒരു ക്രൗര്യത .. മറ്റു രണ്ടു പേരും കുറച്ചു സൌമ്യരാണ്..
"അയാം മരിയ ഫ്രം ഗോവ..യുവർ സീനിയർ.. " ഈശ്വരാ..സോറി, കര്ത്താവീശോ മിശിഹായെ... ഈ ഗോവക്കാരി ഞങ്ങളെ റാഗ് ചെയ്യാൻ വന്നതാണോ??റാഗിംഗ് നിയമ വിരുദ്ധമല്ലേ..ഞാൻ കിടുങ്ങി പോയി..സത്യത്തിൽ നീനുവിനെയും കൂട്ടി ഞങ്ങൾ നാലും കിടുങ്ങി പോയി..പിന്നെ സമയം കളഞ്ഞില്ല..അവർ പറഞ്ഞതനുസരിച്ച് ഞങ്ങൾ അനുസരണയുള്ള കുഞ്ഞാടുകളെ പോലെ വരിവരിയായി നിരന്നിരുന്നു..ഇന്ട്രോടക്ഷൻ കഴിഞ്ഞ് കങ്കണയെ കൊണ്ട് പാട്ട് പാടിച്ചു..സ്തുതിയെ കൊണ്ട് അവളുടെ സ്കൂളിലെ പ്രാര്ത്ഥന ചൊല്ലിച്ചു..അടുത്തത് എൻറെ നേര്ക്ക്..ഇപ്പൊ കരയും എന്ന മട്ടിൽ ആൾറെടി നൊസ്റ്റാൽജിച്ചും  പിന്നെ ഭയന്നും ഇരിക്കുന്ന എന്നോട് എൻറെ നെറ്റിയിലെ ഭസ്മവും കാതിലെ ജിമുക്കിയും കണ്ടിട്ടെന്ന പോലൊരു ചോദ്യം.."യു ആർ ഫ്രം വിച്ച് പാർട്ട് ഓഫ് കേരള??" "ട്രിവാണ്ട്രം" ഞാൻ വിക്കി പറഞ്ഞു..നീനുവിന്റെ നേരെ നോക്കിയപ്പോൾ അവൾ "കാലിക്കട്ട്.." എന്ന് പറഞ്ഞു..പോലീസുകാരി ദയവില്ലാതെ ഞങ്ങളെ നോക്കി പറഞ്ഞു "ശരി, ബനാന ചിപ്സ് ഉണ്ടാക്കുന്നതെങ്ങനാന്നു പറ..നീ ട്രിവാണ്ട്രതെയും നീ കാലിക്കട്ടിലെയും രീതി പറയ്‌.."

ബനാന ചിപ്സ് ശരിക്കും ഉണ്ടാക്കാനറിയുന്ന നീനു അത് പറഞ്ഞു, ഞാൻ അതെപടി ആവർത്തിച്ചു..പിന്നെയും ചില ചോദ്യങ്ങൾ, ചില ഉത്തരങ്ങൾ..അങ്ങനെ തുടരവേ പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പോലീസുകാരി ഒന്ന് ചിരിച്ചു..ഞങ്ങൾ ഞെട്ടി..പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.. "ഞാൻ മലയാളിയാ കൊച്ചുങ്ങളെ..നിങ്ങളെ ഒന്ന് പറ്റിക്കാൻ വന്നതാ.." പോലീസുകാരി (ഇപ്പൊ നായികയായി മാറിയ) കട്ടിലിൽ ചരിഞ്ഞു കിടന്നു ചിരിച്ചു.. "റോസമ്മാന്ടി പറഞ്ഞു മലയാളി പിള്ളേർ വന്നിട്ടുണ്ടെന്ന്..ഞാൻ ആശ..സെന്റ്‌ സ്റ്റീഫെൻസിൽ പഠിക്കുന്നു.."

ഹും..മനുഷ്യന്റെ ജീവനെടുത്തിട്ടാ ഒരു കോമഡി..ഞാൻ കുറച്ച് നേരം സംസാരിച്ചിരുന്നിട്ട് പുതച്ചു മൂടി കിടന്നുറങ്ങി..ബാക്കി ഉള്ളവർ ആശ  ചേച്ചിയോട് സംസാരിച്ചിരുന്നു..ഇതിനിടയിൽ മറ്റു രണ്ടു മാലാഖമാർ ഞങ്ങളെ ഉപദേശിച്ച് ഉപദേശിച്ച് ചെകുത്താന്റെ അവതാരങ്ങളായി മാറി..ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ലാസ്റ്റ് ഇമ്പ്രെഷൻ..അല്ലാണ്ട് പിന്നെ..ഞാൻ നേരം വെളുക്കാൻ കാത്തു കിടന്നു..അല്ല, അതിപ്പോ ഞാൻ അറിയുന്നുണ്ടോ, പിന്നീടെന്റെ ജീവിതത്തിൽ ഈ ആശ ചേച്ചി വല്യൊരു സംഭവമായി മാറാൻ പോവുആണെന്ന്??

Thursday, 10 July 2014

മുടന്തിയ താജ് മഹൽ യാത്ര...
 കാര്യം എനിക്കൊരെല്ല് കൂടുതലാണെന്ന് എല്ലാരും സമ്മതിക്കാറുന്ടെങ്കിലും എന്റെ എല്ലുകളുടെ ആരോഗ്യം കമ്മിയാണ്..മുട്ടിന്റെ ചിരട്ട തെറ്റി പണ്ടാരടങ്ങി കിടന്ന ഒരു ജാനുവരി 24 നു ഒരു മോഹം..താജ് മഹലൊന്നു കാണണം.. അപ്പൊ നിങ്ങക്ക് തോന്നും അതൊരു അതിമോഹമല്ലല്ലോന്നു.. എന്നാൽ...കാലിൽ മുഴുവൻ ബാണ്ടെജിട്ടു പരസഹായം കൂടാതെ നടക്കാനാവാതെ 'ജാൻ ടെസ്റ്റ്' എന്ന് പേരുള്ള ഇന്റെർണൽ അസ്സെസ്സ്മെന്റ്റ് പരൂക്ഷ എഴുതാതെ ചെദൻ ഭഗത് നോവലും വായിച്ച് പരിപൂർണ റെസ്റ്റ് എടുക്കുന്ന എനിക്ക് പിറ്റേന്ന് തന്നെ പോണം.. അല്ലേലും നല്ല കാര്യങ്ങൾ വൈകിപ്പിക്കാൻ പാടുണ്ടോ??സമയം രാത്രി പത്തെ ആയിട്ടുള്ളൂ..പിറ്റെന്നു വെളുപ്പിനേ വെച്ചു തിരിക്കണം.. ഡൽഹീന്നു മൂന്നു മണിക്കൂർ യാത്രയെ ഉള്ളൂ..സില്ലി ആഗ്രഹം..

നമ്മുടെ മൂവർ സംഘത്തോട് പറഞ്ഞപ്പോ അവര്ക്ക് സമ്മതം..അതിലൊരാൾ ആൾറെഡി പോയിട്ടുമുണ്ട്..അപ്പൊ എല്ലാം ഓക്കേ..എന്നെ ആരെങ്കിലുമൊന്നു പിടിച്ചു നടത്തിയാൽ മതി..മാത്രമല്ല ടൂറെന്നൊക്കെ  ചിന്തിച്ചാൽ എന്റെ കാലുകൾ നടക്കുക മാത്രമല്ല ഓടുകേം ചെയ്യും..ദാദാണ്..ചെറിയൊരു പ്രോബ്ലം എന്താന്നു വെച്ചാ,വയ്യാത്ത എന്നെ വാർഡൻ വിടൂല്ല.. അത് സാരമില്ല..രാത്രിയാവുംപോഴേക്കും തിരിച്ചെത്താം..ജാനുവരി എന്ന് പറയുമ്പോ കൊടും തണുപ്പാണ് ഡൽഹിയിൽ..രാവിലെ നാല് മണിക്ക് തിരിക്കണം..ആറേ കാലിന്റെ ആഗ്ര ട്രെയിനുണ്ട്..ആരും വീട്ടിൽ പറഞ്ഞില്ല..ഈ ഞാൻ പോലും..എന്റെ ഉദ്ദേശം വേറെ ആണ്..അച്ചനെ ഒന്ന് ഞെട്ടിക്കണം..താജ് മഹാളിന്റെ മുന്നിൽ ചെന്ന് നിന്ന് വിളിക്കണം..

രാവിലെ തന്നെ എണീറ്റ് ഒരുങ്ങി ഓട്ടോയിൽ സ്റെഷനിലെത്തി ചായയും സമോസയും കഴിച്ച് ട്രെയിനിൽ കയറി..ലോക്കൽ ട്രെയിനാണ്..അധികം ആളുകളില്ല..നമ്മൾ വാചകമടിയും ഫോട്ടോ എടുക്കലുമോക്കെയായി യാത്ര തുടങ്ങി..ഒരു പത്തു മിനിറ്റായില്ല..ട്രെയിൻ ഒരിടത്തു നിന്നു..കുറെ ആളുകൾ ലോക്കൽ കമ്പാർറ്റ്മെന്റിൽ കയറി പറ്റി..ഞങ്ങളെയൊക്കെ ഞെക്കി ഞെരുക്കി കുറെ ഹിന്ദിക്കാർ...ഇതിങ്ങനെ ഓരോ പത്തു മിനിട്ടിലും ആവർത്തിച്ചു..പിന്നീടാണ് മനസ്സിലായത് ആളുകൾ ചെയിൻ വലിച് വണ്ടി നിര്ത്തും...തോന്നുന്നിടത്തുന്നു കയറും തോന്നുന്നിടത്ത്‌ ഇറങ്ങും..വൻ സെറ്റ് അപ്പ്‌.. കപ്പലണ്ടി കൊറിച്ചും ബീഡി വലിച്ചും ഉച്ചത്തിൽ സംസാരിച്ചും അവർ ഞങ്ങളെ ആകുന്നത്ര ഉപദ്രവിച്ചു..ഒരു ഗുണം ഉണ്ടായി..ഇത്രയും പേര് തിങ്ങി നിറഞ്ഞത്‌ കാരണം കൊടും തണുപ്പ് മാറി കിട്ടി..

അങ്ങനെ എഴ് ഏഴര മണിക്കൂർ കൊണ്ട് ഞങ്ങൾ ആഗ്രയിലെത്തി..ക്യൂ നിന്നു നിന്നു പൊരിഞ്ഞു തളര്ന്നു അകതെത്തിയപ്പോ ദേണ്ടെ രണ്ടു കബറ്..ഇത് കാണാൻ വല്ല സ്മശാനത്തിലും പോയാ പോരെ??താജ് മഹലിന്റെ സൗന്ദര്യമൊന്നുമാസ്വദിക്കാൻ ഞങ്ങള്ക്ക് തോന്നീല്ല..നാല് പേരും കൂടി നിന്നു ക്യാമറമാനെ കൊണ്ട് ഫോട്ടോയെടുത്തു.. ഒരു മണിക്കൂർ കഴിഞ്ഞാൽ തരാംന്ന് പറഞ്ഞു അങ്ങേര് നമ്പരും തന്നു പോയി..ഞങ്ങൾ അവിടൊക്കെ കറങ്ങി നടന്നു ആറരയായി..ഏഴേ മുക്കാലിനാണ് തിരിച്ചുള്ള ട്രെയിൻ..ഫോട്ടോ ചേട്ടനെ വിളിച്ചപ്പോ ഒരു മണിക്കൂർ കൂടി, രണ്ടു മണിക്കൂർ കൂടി എന്നൊക്കെ പറയുന്നു..പണ്ടാരം...ഇരുന്നൂറു രൂപ പോട്ടെന്നു വച്ചു..പിന്നെ ഓട്ടോ വിളിച്ച് റെയിൽവേ സ്റെഷനിലേക്ക്...

ഓട്ടോ യാത്ര തുടങ്ങിയപ്പോ മുതൽ ഞങ്ങള്ക്കൊരു സംശയം ഇവൻ ആത്മഹത്യ ചെയ്യാൻ പ്ലാനിട്ടു വന്നതാനോന്നു..അത്രക്ക് സ്പീഡ്..ട്രഫ്ഫിക്കിലൂടെ വണ്ടി പറക്കുകയാണെന്ന് തോന്നി..ഞങ്ങള്ക്ക് പെട്ടെന്ന് റെയിൽവേ സ്റെഷനിലെത്താനുള്ളത് കൊണ്ട് ഒന്നും പറഞ്ഞില്ല...ഉടനെ അവൻ റിയർ വ്യൂ മിററിലൂടെ ഞങ്ങളെ ഇളിച്ചു നോക്കി കൊണ്ട് സ്റ്റൈൽ കാണിക്കാൻ തുടങ്ങി..ഒരു കൈ കൊണ്ട് ഓടിക്കുന്നു..ഒരു കൈ പൊക്കി കൊണ്ട് ഓടിക്കുന്നു..എന്റമ്മോ..ഞങ്ങൾ മലയാളത്തിൽ അവന്റെ അപ്പൂപ്പനേം അമ്മുമ്മേനേം ഒക്കെ ചീത്ത വിളിച്ചു..എന്തായാലും ഉടൻ തന്നെ വണ്ടി വേറൊരു വണ്ടിയുടെ കുണ്ടിയിൽ ചെന്നിടിച്ചു..പിന്നെ അയാള് ഇവനെ പിടിച്ച് വലിച്ച് പുറത്തിറക്കി രണ്ടു ചെകിട്ടതും   കൊടുത്തു.. അവൻ പിന്നെ ജന ഗണ മന പോലെ ശാന്തനായി ഞങ്ങളെ സ്റെഷനിൽ കൊണ്ട് പോയിറക്കി..Mrs. സൂര്യ പറഞ്ഞു.."ഭയ്യ,ഇത്ന ഓവർ സ്മാർട്ട്‌ മത് ദിഖാനാ"..പിന്നല്ല..

അങ്ങനെ ഞങ്ങൾ ട്രെയിനിൽ കയറി യാത്ര സുഗമമായി മുന്നോട്ടു പോയി..സിട്ടെർ ആയിരുന്നത് കൊണ്ട് ജനപ്പെരുപ്പം കുറവായിരുന്നു..രാത്രി പന്ത്രണ്ടു മണിയായപ്പോ ഞങ്ങൾ "ഹാപ്പി ബെര്ത്ടെ ടു യു" പാടി Mrs .സൂര്യയെ വിഷ് ചെയ്തു..അതെ, അവളുടെ ബെര്ത്ടെ ആയി..ജനുവരി 26..റിപ്പബ്ലിക്ക് ഡേ..ദൈവമേ ചതിച്ചോ??അർത്ഥരാത്രിക്ക് ഡൽഹിയിൽ ചെന്നിറങ്ങിയാൽ ഫുൾ സെക്യൂരിറ്റി ആയിരിക്കില്ലേ??റോഡുകൾ ബ്ലോക്ക് ചെയ്യില്ലേ??എങ്ങനെ ഹോസ്റെലിലെത്തും.. ??കൂട്ടുകാരിയുടെ വീട്ടിലാണെന്ന് വാര്ടെനെ വിളിച്ചു പറഞ്ഞപ്പോ നാളെ വന്നാൽ മതിയെന്ന് അവർ ഇങ്ങോട്ട് പറഞ്ഞത് ഇതായിരുന്നു അല്ലെ??ഇനിയെന്ത് ചെയ്യും??സ്റ്റെഷനിലിരിക്കാം നാളെ ഉച്ച വരെ..പക്ഷെ ഈ കൊടും തണുപ്പ്..???

രാത്രി ഒരു മണിക്ക് ഞങ്ങൾ സ്റെഷനിലെത്തി..അവിടുത്തെ സെകുരിട്ടിയോടു   സംസാരിച്ചപ്പോ പ്രീ പെയ്ഡ് ഓട്ടോയിൽ ഹോസ്റ്റലിൽ എത്തിക്കാംന്നു പറഞ്ഞു..ഞങ്ങൾ വർണാഭമായ, നിശബ്ദവും സെക്യൂരിട്ടി അലെർട്ടുമായ ദൽഹി രാജ വീഥിയിലൂടെ യാത്ര ചെയ്തു..ഇത്ര മനോഹരമായി ഇത്ര ശാന്തമായി ഡൽഹിയെ കണ്ടിട്ടേ ഇല്ല..മൂടൽ മഞ്ഞു പുതച്ച ആട്യയായ ഡല്ഹി തലയുയർത്തി നില്ക്കുന്നു.... രണ്ടു മണിക്ക് ഞങ്ങൾ ഹൊസ്റ്റെലിലെതി..  സെക്യൂരിറ്റി ചേട്ടൻ അങ്ങേ അറ്റതെത്തിയപ്പോ പൂട്ടിക്കിടക്കുന്ന ഗേറ്റിന്റെ അടിയിൽ പട്ടികൾ മാന്തി മാന്തി കുഴിച്ച വിടവിലൂടെ ഞങ്ങൾ അകത്തു കയറി..പുറത്തൂന്നു ലോക്ക് ചെയ്ത മുറിയുള്ള ദീപുമോന്റെ മുറിയിൽ എല്ലാരും പോയി കിടന്നു കൂർക്കം വലിച്ചുറങ്ങി.. 

ഡൽഹിയിൽ റേപ്പ് എന്ന് ഓരോ തവണ പത്രത്തിൽ വായിക്കുമ്പോഴും ഞാനീ യാത്ര ഓർക്കും...എനിക്കറിയാവുന്ന ഡല്ഹി പതിനേഴു വയസ്സ് മുതൽ ഇരുപതു വയസ്സ് വരെ എന്നെ ഒരു പോറലുമെൽപ്പിക്കാതെ  പോന്നു പോലെ  വളർത്തിയ സ്ഥലമാണ്.. എനിക്ക് ധൈര്യം തന്ന, സൗഹൃദം തന്ന, സ്വാശ്രയം തന്ന സ്ഥലം..ഇന്നെനിക്കു വൈകുന്നേരം പോലും അവിടെ കൂട്ടത്തോടെ/ഒറ്റയ്ക്ക് നടക്കാനുള്ള ധൈര്യമില്ല..അങ്ങനെ സുരക്ഷിതത്വമുള്ള ഓരോ ഓരോ സ്ഥലങ്ങളായി ഇന്ത്യയിൽ നിന്നു കൊഴിഞ്ഞു പോകുന്നു...
ങ്കടം വന്നാലെന്തു  ചെയ്യണം...????
എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു സ്വഭാവ സവിശേഷതയുണ്ട്..സന്തോഷമായാലും സങ്കടമായാലും എന്ത് വികാരമായാലും ഒരുപാട് നേരം ഞാൻ അതിന്റെ ഹാങ്ങോവെറിലായി പോകും..പിന്നെ കമ്പ്ലീറ്റ് കണ്ട്രോൾ പോകും..
പണ്ട് സങ്കടമോ നിരാശയോ തോന്നുമ്പോ കവിതയെഴുതും..ചിലപ്പോ നല്ല റൊമാന്റിക്‌ കോമഡി മൂവീസ് കാണും..അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളോട് സംസാരിച്ചിരിക്കും..അപ്പോഴേക്കും ഞാൻ ഹാപ്പിയാവും..എന്തായാലും ഒരുപാട് നേരം ഒന്നും ചെയ്യാതെ ഒറ്റക്കിരിക്കില്ല...കാരണം, എനിക്കറിയാം അല്ലെങ്കിൽ ആ 'സങ്കടലിൽ' മുങ്ങി കിടക്കും ഞാൻ..
സംഗീത്‌ എന്നോട് പറഞ്ഞു 'ഇതൊക്കെ escapism  ആണ്..നീയതിനെ കോണ്‍ഫ്രന്റ്   ചെയ്യണ'മെന്ന്..ശരിയാണെന്ന് എനിക്കും തോന്നി..ഞാൻ എഴുതുന്ന കവിതകൾ സങ്കടത്തിൽ നിന്ന് പിറക്കുന്നത്‌ കൊണ്ട് അത് വായിക്കുന്നവര്ക്ക് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല,അതുകൊണ്ട് ഇതൊന്നും പബ്ലിഷ് ചെയ്യരുതെന്നും പറഞ്ഞു..അത് കേട്ട് ഞാൻ അന്നത്തെ എന്റെ ബോഗ് വരെ ഡിലീറ്റ് ചെയ്തു...
അങ്ങനെ ഞാൻ 'കോണ്‍ഫ്രന്റ്' ചെയ്യാൻ തീരുമാനിച്ചു..അനന്തര ഫലമായി, നല്ല ഭക്ഷണവും കാലാവസ്ഥയും സ്നേഹിതരും ഒന്നുമില്ലാത്ത ഈ രൂർകിയിൽ ഞാനനുഭവിക്കുന്ന 'injustices ' ആണ് എന്റെ നിരാശയുടെയും ദുഖത്തിന്റെയും കാരണം എന്ന് കണ്ടെത്തി..ഉപദ്രവിക്കുന്നവർ മാത്രം ചുറ്റിലും..ഒരു കാരണവുമില്ലാതെ ആരെയെങ്കിലും പീഡിപ്പിക്കുന്നത് ഹോബി ആക്കിയ കുറെ ആളുകൾ..ഞാൻ ഇവിടെ ജോയിൻ ചെയ്യാൻ തോന്നിയതിനെ പ്രാവി..എനിക്ക് ദേഷ്യം കൂടി..സാധനങ്ങൾ വലിച്ചെറിഞ്ഞു പൊട്ടിച്ചു..ചെറിയ കാര്യങ്ങൾക്കു പോലും കരച്ചിലും തുടങ്ങി..അപ്പൊ എനിക്കൊരു കാര്യം മനസ്സിലായി..കോണ്‍ഫ്രന്റ് ചെയ്തു കഴിഞ്ഞിട്ട് അതെ അവസ്ഥയിൽ തുടരുന്നതിൽ അർത്ഥമില്ല..അത് കൂടുതൽ frustration ഉണ്ടാക്കും..
എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ഞാൻ തല പുണ്ണാക്കിയിട്ട്   കാര്യമില്ലല്ലോ..എനിക്ക് വല്ലാതെ ബോറടിക്കാൻ തുടങ്ങി..ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ..ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാമെന്ന് കരുതിയാൽ അതും നടക്കുന്നില്ല..അങ്ങനെയിരിക്കെ എനിക്ക് പിന്നെയും ശുഭാപ്തി വിശ്വാസം വന്നു..അതൊരു പുതിയ തിരിച്ചറിവും തന്നു..
Escapism അല്ലാത്ത എത്രയോ വഴികളുണ്ട് വിഷമങ്ങളെ അതിജീവിക്കാൻ..
വിഷമം വരുമ്പോ അത് എന്ത് കൊണ്ടാണെന്നും എന്ത് കിട്ടിയാൽ മാറും എന്നും  ചിന്തിക്കുക.. അതിൽ നമുക്ക് ഒന്നും ചെയ്യാനില്ലെന്ന് മനസ്സിലാക്കിയാൽ പിന്നെ ആദ്യം ചെയ്യേണ്ടത്, നമുക്ക് നന്നായി ചെയ്യാൻ പറ്റുന്ന മറ്റു കാര്യങ്ങൾ, നമ്മുടെ ഇഷ്ടങ്ങൾ, ഇവയിൽ കൂടുതൽ സമയം ചിലവിടുക എന്നതാണ്..ഇത് Escapism അല്ല..ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്നതാണ് ഏറ്റവും അപകടം..

എന്റെ കാര്യം പറയാം..എനിക്ക് എഴുത്ത് വളരെ liberating  ആയ ഒന്നാണ്..പ്രത്യേകിച്ച് കവിത..അത് ഒരു ലക്ഷ്യവും കരുതി കൂട്ടിയുള്ള ചിന്തകളുമില്ലാതെ ഒഴുകി വരുന്നിടത്തോളം കാലം..ഞാൻ വീണ്ടും എഴുതി തുടങ്ങി..സങ്കട കവിത ആണേലും സാരമില്ല..ആ നിമിഷത്തിൽ അതാണ്‌ ഞാൻ, അതാണ്‌ സത്യം..അത് മറ്റൊരാളോട് ഞാൻ share ചെയ്യുന്നില്ല...പക്ഷെ ഞാൻ എഴുതി എന്റെ മനസ്സിനെ സ്വതന്ത്രമാക്കുന്നു..ആ വികാരം അവിടെ channelise  ആവുന്നു എന്നതാണ് പ്രധാനം ..എഫ് ബിയിലും ബ്ലോഗിലുമൊക്കെ എന്തെങ്കിലും എഴുതുമ്പോൾ എനിക്ക് സന്തോഷം ഉണ്ടാവാറുണ്ട്..ഞാൻ അങ്ങനെ ചെയ്യാൻ തുടങ്ങി..

പെട്ടെന്നൊരു സങ്കടം വന്നാൽ ഇഷ്ടമുള്ള,നല്ല ഭക്ഷണം കഴിക്കുന്നത് വലിയ ആശ്വാസമാണ്..അത് നമ്മുടെ മൂഡ്‌ പെട്ടെന്ന് മാറ്റും..മധുരമുള്ള ഭക്ഷണമാണ് ഏറ്റവും നല്ലത്..എനിക്ക് കട്ടൻ ചായയും മുട്ട പുഴുങ്ങിയതും കഴിച്ച് പുസ്തകം വായിക്കുന്നത് വല്യ ഇഷ്ടമാണ്..ഒരുവിധം എല്ലാ പലഹാരങ്ങളും ഇഷ്ടമാണ്..അതിൽ അപ്പൊ അപ്പൊ കഴിക്കാൻ തോന്നുന്നതും ലഭ്യമായതുമായ ഭക്ഷണം തിരഞ്ഞെടുക്കുക..

വെറുതെ ലക്ഷ്യമൊന്നുമില്ലാതെ നടക്കാനിറങ്ങുന്നതും നല്ലതാണ്..ഒരു മുറിയിൽ തന്നെ അടച്ചിരുന്നു സങ്കടപ്പെട്ടാൽ ആ നെഗറ്റീവ് എനർജി ഒരുപാട് നേരം മുറിയിൽ തങ്ങി നിന്ന് നമ്മളെ ശ്വാസം മുട്ടിക്കും..പ്രകൃതിയോളം നമ്മെ ആശ്വസിപ്പിക്കാൻ പോന്ന ഒന്നുമില്ല..അത് നമ്മുടെ ജീവദായിനിയാണ് .. നടക്കാനിറങ്ങാം, നല്ല ശാന്തതയും ഭംഗിയുമുള്ള എവിടെയെങ്കിലും പോയിരിക്കാം..വേണമെങ്കിൽ ഒരു ചെടി നടാം,മറ്റു ചെടികളെ പരിപാലിക്കാം..അങ്ങനെ മനോധര്മം പോലെ ചെയ്യാം..

ഇനി ഒരു പ്രത്യേക തരം കുളിയുണ്ട്..ഉറങ്ങാൻ പോകുന്നതിനു മുന്പും മറ്റും നമ്മൾ മൂഡ്‌ ഓഫ്‌ ആണെങ്കിൽ ചിലപ്പോ ഉറങ്ങാൻ പറ്റീല്ലെന്ന് വരാം, അല്ലെങ്കിൽ തന്നെ ആ ഉറക്കം ശരിയാവാതെ വരാം..എന്റെ അഭിപ്രായത്തിൽ ഒരു പുഞ്ചിരിയോടല്ലാതെ ഉറങ്ങരുത്..നാളെ ഉണരുമോന്നുറപ്പില്ല ..ആ അസമയത്ത് മുകളിൽ പറഞ്ഞ കാര്യങ്ങളൊന്നും നടക്കില്ലല്ലോ...സാധാരണ എല്ലാ ദിവസവും മേൽ കഴുകിയിട്ട് ഉറങ്ങുന്ന ശീലം ഉണ്ടെങ്കിൽ ഏറ്റവും നന്ന്..അത് എല്ലാ നെഗറ്റീവ് എനെര്ജിയും കഴുകി കളയും..ആൾറെടി  മൂഡ്‌ ഓഫ്‌ ആണെങ്കിൽ  അതിനുള്ള പോംവഴിയാണ് എന്റെ സ്പെഷ്യൽ കുളി..കുളിമുറിയിൽ കുറെ മെഴുകുതിരി കത്തിച്ചു വയ്ക്കാം..ഇല്ലേലും ഓക്കേ..കുളിക്കുന്ന വെള്ളത്തിൽ ഒരു ചെറു നാരങ്ങ പിഴിഞ്ഞൊഴിക്കാം..ഭയങ്കര refreshing  ആണിത്.. വളരെ ഒച്ച കുറച്ചു പാട്ട് വയ്ക്കാം..വരികളേക്കാൾ നല്ല സംഗീതമുള്ളവ തിരഞ്ഞെടുക്കാം..അല്ലെങ്കിൽ ഏറ്റവുമിഷ്ടമുള്ള പാട്ട്..എന്തായാലും സങ്കട പാട്ട് ആവരുത്..നമ്മളിൽ പലരുടെയും കുഴപ്പം സങ്കടമുള്ളപ്പോ സങ്കട പാട്ട് കേൾക്കുന്നതാണ്‌..സാവധാനം കുളിക്കാം..സങ്കടമുണ്ടെങ്കിൽ കരഞ്ഞു തീർക്കണം..കരച്ചിൽ ഒതുക്കരുത്..കരച്ചിലും ചില സമയങ്ങളിൽ നമ്മെ ശക്തരാക്കും..

എന്തെങ്കിലും കളികൾ എപ്പൊഴും നല്ലതാണ്..indoor /outdoor  സ്പോർട്സ്‌ ആകാം..അത് പറ്റില്ലെങ്കിൽ,addict ആവില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ആവശ്യത്തിനു കമ്പ്യൂട്ടർ ഗേമും ആവാം..എനിക്ക് concentration കൂട്ടാൻ അത് സഹായിക്കുന്നുണ്ട്..അതുപോലെ ഓരിഗാമി, പെയിന്റിംഗ്, ക്രാഫ്റ്സ് ഇതിലൊക്കെ ഒരു കൈ നോക്കാവുന്നതാണ്..പൂർണതക്ക് വേണ്ടിയല്ല..നമ്മുടെ സന്തോഷത്തിന്.. കാരണം ഇതൊക്കെ ചെയ്യുമ്പോൾ നമ്മൾ productive  ആയി ഒരു കാര്യം ഉണ്ടാക്കുകയാണ്.. അത് ഉടനടി നമ്മുടെ മുന്നിൽ ഉണ്ടായി വരികയാണ്..അത് നമ്മുടെ സന്തോഷവും അഭിമാനവും കൂട്ടും.. 

ഇനി ബന്ധങ്ങൾ..നല്ല ആരോഗ്യപരമായ ബന്ധങ്ങൾ.. അതെപ്പോഴും കാത്ത് സൂക്ഷിക്കണം..തിരക്കിനിടയിൽ എല്ലാവരെയും വിളിക്കാൻ മാസത്തിൽ ഒരു ദിവസമെങ്കിലും കരുതി വയ്ക്കാം..ബന്ധങ്ങൾ എപ്പൊഴും തുല്യതയുള്ളതാവണം..ഭരണം/വിധേയത്വം ഇത് രണ്ടും വേണ്ട..'സ്നേഹത്തിന്റെ വിധേയത്വം' എന്നൊന്നും പറഞ്ഞു ഒഴിയാൻ നോക്കേണ്ട..പരസ്പര ബഹുമാനവും വിശ്വാസവും സ്നേഹവും നിറഞ്ഞ ബന്ധങ്ങളിൽ adjustments വേണ്ടി വരില്ല..ഇത് മാനസിക പിരിമുറുക്കം കുറയ്ക്കും..നമുക്ക് ഫേക്ക്  ആവേണ്ടി വരില്ല..ബന്ധങ്ങൾ പരസ്പരം നമ്മളെ ഉയർത്തണം..

എനിക്ക് ഇപ്പോൾ സങ്കടം വരാറില്ല...വന്നു തുടങ്ങുമ്പോഴേ ഞാനതിനെ മനസ്സിലാക്കുന്നു..നമ്മുടെ ഉള്ളിൽ സന്തോഷം നിറയുമ്പോൾ സ്നേഹം തിങ്ങി നിറയും..അതാണ്‌ ശരിയായ സന്തോഷം..ഈ സന്തോഷ വികിരണങ്ങൾ  ചുറ്റും പരക്കും, അപ്പോൾ നല്ല മനുഷ്യർ നമ്മളോട് അടുക്കാൻ തുടങ്ങും..നല്ല കാര്യങ്ങൾ തനിയെ വന്നു ചേരും..നമുക്ക് ഒരു ജീവിതമേ ഇപ്പൊ നിലവിൽ ഉള്ളൂ..അത് സന്തോഷത്തോടങ്ങ്‌   കൊണ്ടാടാം,അല്ലെ???
ചില കുട്ടി പിശാചുക്കൾ...

ദൈവത്തിന്റെ അവതാരങ്ങളാണ് കുഞ്ഞുങ്ങൾ എന്ന്  പൊതുവെ പറയാറുണ്ട്...ഒരു കുഞ്ഞിന്റെ കണ്ണുകളിൽ, ചിരിയിൽ കാണുന്ന നിഷ്കളങ്കത അനുപമമാണ്...ബട്ട്‌...
ദൈവത്തിൽ ചെകുത്താന്റെ സോഫ്റ്റ്‌വെയർ ക്രാക്ക് ചെയ്തു കയറ്റിയത് പോലുള്ള ചില കുട്ടികളുണ്ട്..എന്താന്നറിയില്ല...ഇത്തരം കുട്ടികളുടെ സ്നേഹത്തിന്റെ സ്ഥിരം രക്തസാക്ഷിയാണ് ഞാൻ..എന്നെ കാണുമ്പോ അവർക്കൊരു പ്രത്യേക താത്പര്യമാണ്..യാത്രകളിലാണ് ഞാൻ കുടുങ്ങിയിട്ടുള്ളത്..അതാവുമ്പോ ഇടക്ക് സ്കൂട്ട് ചെയാൻ പറ്റില്ലല്ലോ...യാത്ര തീരും വരെ സഹിക്കണം..
കഥ പറഞ്ഞു തുടങ്ങുമ്പോ എന്റെ കന്നി വിമാന യാത്രയിൽ നിന്ന് തുടങ്ങാം..തിരുവനന്തപുരം ടു ഡല്ഹി വയ ബാംഗ്ലൂർ യാത്ര..അങ്ങനെ വിൻഡോ സീറ്റിൽ ഇരിപ്പുറപ്പിച്ചു പുറം കാഴ്ചകളിലെ വിസ്മയങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് നടും പുറത്തിനിട്ടൊരു ചവിട്ട്!!!

വാട്ട്... 'ആരാടാ അത്‌' എന്ന അലർച്ച ഒരു മണ്ടൻ ചിരിയിലോളിപ്പിച് ഞാൻ തിരിഞ്ഞു നോക്കി...ഒരു തക്കിടി മുണ്ടൻ പുറകിലത്തെ സീറ്റിൽ അവന്റെ അമ്മയുടെ മടിയിലിരിക്കുന്നു...അമ്മ അവനോട് നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്നു... അമ്മേടെ ഓരോ സെന്റെൻസിനും അവൻ  ഫുൾ സ്ടോപ്പിടുന്നത് എന്റെ സീറ്റിൽ ആഞ്ഞു തോഴിച്ചാണ്...ഉദാ: ദേഖോ യെ ക്യാ ഹൈ മേരാ ബച്ച.. (ആഞ്ഞു തൊഴി)...യെ തോ ബാദൽ ഹൈ...(ആഞ്ഞു തൊഴി)
സീറ്റാനെന്കി ഇപ്പൊ പൊളിയുമെന്നു തോന്നും.. 

ആദ്യമാദ്യം സഹിച്ച്ചെങ്കിലും അവർ രണ്ടുപേരും അന്തമില്ലാതെ ഇത് തുടർന്നപ്പോ ഞാൻ തിരിഞ്ഞു ആ സ്ത്രീയോട് 'മകൻ ഇങ്ങനെ ചവിട്ടുന്നത് കൊണ്ട് എനിക്ക് ഇരിക്കാൻ പറ്റുന്നില്ലെ'ന്നു പറഞ്ഞു..അവർ ക്രുദ്ധയായി എന്നെ നോക്കി...'നീയെന്താടീ പിള്ളാരെ കണ്ടിട്ടില്ലേ' എന്ന ഭാവത്തോടെ...'ഇങ്ങനത്തെ പിള്ളാരേം, അത്‌ പ്രോസ്ലാഹിപ്പിക്കുന്ന ചവറു പെരെന്റ്സിനെയും കണ്ടിട്ടില്ല' എന്ന മട്ടിൽ ഞാനും തിരിച്ചു നോക്കി...എന്നിട്ടെന്താ?? തള്ളയും മോനും വീണ്ടും ഈ കലാപരിപാടി തുടർന്നു... അതും അഞ്ച് മണിക്കൂർ...  ആദ്യമായി, അതും ഒറ്റക്ക്, ബീമാനത്തീ കയറിയ എനിക്ക് ഒരു പ്രശ്നമുണ്ടാക്കാൻ വയ്യാരുന്നു... സീറ്റിൽ നടു ഉറപ്പിക്കാതെ ഞാൻ കമിഴ്ന്നു കിടന്നുറങ്ങി...

അടുത്ത സാധനത്തെ ഞാൻ കണ്ടു മുട്ടുന്നത് ട്രെയിനിലാണ്...ഡല്ഹി ടു ട്രിവാണ്ട്രം കേരള എക്സ്പ്രസ്സ്‌..രണ്ടു പഞ്ജാബി കുടുംബങ്ങൾ, നാല് കുട്ടികൾ..അച്ചനമ്മമാർ ഫുൾ ടൈം തീറ്റി, ഉറക്കം, പരദൂഷണം ഇത്യാദി നേരമ്പോക്കുകളിൽ മുഴുകിയിരിക്കുന്നു...കുട്ടികൾ മോളിലത്തെ ബർത്തിൽ നിന്ന് മിടിലിലേക്ക് ചാടും അവ്ടുന്നു താഴേക്ക്‌...നിലവിളിക്കും അടികൂടും ബഹളം വക്കും..അച്ചനമ്മമാർ ഞങ്ങൾ ഈ നാട്ടുകാരല്ലെന്ന മട്ടിൽ സ്വന്തം (മുകളിൽ പറഞ്ഞ) നേരമ്പോക്കുകളിൽ മുഴുകിയിരിക്കുന്നു... മൂന്നു ദിവസത്തെ യാത്രയാണ്...ആദ്യ ദിനം വിജയകരമായി പൂര്തിയാക്കിയപ്പോഴേക്ക് ആ ബോഗ്ഗിയിലുള്ള മുഴുവൻ യാത്രകാര്ക്കും മടുത്തു...അച്ചനമ്മമാർക്കു പോലും ഈ കുട്ടികളെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.. 'ഞങ്ങള്ക്ക് പണ്ടേ കണ്ട്രോൾ ചെയ്യാൻ പറ്റില്ലെന്നുല്ലതിന്റെ തെളിവല്ലേ ഇവർ' എന്ന മട്ടിൽ  ഞങ്ങളെ അലസമായി നോക്കി അവർ വീണ്ടും,അതേ (മുകളിൽ പറഞ്ഞ) നേരമ്പോക്കുകളിൽ മുഴുകിയിരിക്കുന്നു..പിന്നെ 'ഇതുങ്ങളുടെ അടവൊക്കെ എത്ര സഹിക്കുന്നതാ ഞങ്ങൾ' എന്നൊരു തോന്നലും കാണും ഉള്ളിൽ..അതിനിടയിൽ, കൂട്ടത്തിൽ ഏറ്റവും ഇളയ സാധനത്തിനു (എന്തുകാര്യത്തിനും മറ്റുള്ളവരുടെ സ്വനപേടകം പൊട്ടുന്ന രീതിയിൽ ഉറക്കെ അലറുക എന്നതാണ് അവളുടെ പ്രത്യേകത) എന്റെ മടിയിൽ കയറണം...ഞാനാണെങ്കിൽ അപ്പെർ ബർത്തിൽ നിന്നിറങ്ങാതെ ഇരിക്കുകയാണ്...അവൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോ തന്നെ 'അയ്യോ ഞങ്ങൾ മലയാളികള്ക്ക് ഹിന്ദി അറിയില്ലല്ലോ...ഹീ ഹീ' എന്ന മട്ടിൽ തിരിഞ്ഞു കിടന്നു കണ്ണടച്ചു...

പക്ഷെ ആ കില്ലാടി പിന്തിരിഞ്ഞില്ല..അവൾ ആദ്യം അവളുടെ അച്ഛന്റെ മടിയിൽ കയറി വലിഞ്ഞു തൂങ്ങി മിഡിൽ ബെർതിലെത്തി..കണ്ണ് തുറന്നു നോക്കിയ ഞാൻ ഞെട്ടി..അവളുടെ ലക്‌ഷ്യം അപ്പെർ ബര്താണ്...'ഈ ക്രൂരതയൊന്നും ആരും കാണുന്നില്ലേ' എന്ന മട്ടിൽ ഞാൻ ചുറ്റും നോക്കി..മനസ്സ് മടുത്തു മറ്റു യാത്രക്കാർ സർദാർജി ജോക്സ് പറഞ്ഞു സ്വയം ആശ്വസിച്ച്ചിരിപ്പാണ്..അവളുടെ കണ്ണുകൾ എന്നിൽ തന്നെ ഉറപ്പിച്ച് അവൾ എന്റെ മുടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങിയതും ട്രെയിൻ നിന്നു.. അവൾ ടപ്പേന്ന് താഴെ വീണു...വല്ലാതെ ഞെട്ടി പോയെങ്കിലും പയ്യെ എണീറ്റ്‌ നിന്നു അവൾ എല്ലാരേം നോക്കി...അപ്പോഴാണ്‌ ഫ്രെണ്ട്സിലെ ശ്രീനിവാസനെ പോലൊരു ചിരി ഞാൻ കേൾക്കുന്നത്... നിര്ത്താതെയുള്ള ചിരി..സോറി അതെന്റെ സ്വന്തം വായിൽ നിന്നായിരുന്നു... 
എന്റെ ചിരി കേട്ടതും അവൾ കരയാൻ തുടങ്ങി...മുൻപ് പറഞ്ഞ അതെ കീറ്റൽ ...എങ്കിലും ഞാൻ പ്രതികാരം വീട്ടിയ സന്തോഷത്തിലും അവളുടെ പിടിയിൽ നിന്നു രക്ഷപെട്ട  ആശ്വാസത്തിലും നന്നായുറങ്ങി..

അടുത്ത താരം ഇവരെക്കാളൊക്കെ റെയ്ൻചുള്ള  ആളാണ്‌..പക്ഷെ സരസയും പ്രതികരണ ശേഷിയുമുള്ള ഒരമ്മ അവൾക്കുള്ളത്‌ കൊണ്ട് ഞാൻ രക്ഷപെട്ടു... ഡല്ഹി ടു ഗുവഹാടി യാത്ര..ഒരു കൊണ്ഫെരെൻസ് അറ്റൻഡ് ചെയ്യാൻ പോവാണ് ..അതിന്റെ പവർ പോയിന്റ്‌ പ്രസന്റേഷൻ  തയാറാക്കി കൊണ്ടിരിക്കുമ്പോഴാണ് താഴത്തെ ബെര്തീന്നു ചോദ്യം.."ആപ്കാ നാം ക്യാ ഹൈ??" ഒരു അഞ്ചു വയസ്സുകാരി കുറുമ്പി.."കുക്കു"  ഞാൻ എന്റെ വിളിപ്പേര് പറഞ്ഞു മോള്ടെ പെരെന്താന്നു ചോദിക്കും മുൻപേ..."കുക്ക്??യെ കൈസാ വാല നാം ഹൈ??"  "ഇതെന്തൊരു മറ്റേ പേരാ?? ഇത് പേര് പോലുമല്ല...ഇതൊരു ജീവിയാ..ഒരു ബ്ലാക്ക് ജീവി" എന്നൊക്കെ അർഥം വരുന്ന ഹിന്ദി പുലമ്പി കൊണ്ട് അവൾ വന്നപ്പോഴേ അവളുടെ അമ്മ തടഞ്ഞു..."നോക്ക്...അത്‌ ചേച്ചിയുടെ പേരാണ്..അങ്ങനൊന്നും പറയരുത്..ചേച്ചി പഠിക്കുകയാണ്..ശല്യം ചെയ്യരുത്..അങ്ങേനെയാണ് നല്ല കുട്ടികൾ" എന്ന് പറഞ്ഞു മയപ്പെടുത്തി..അവൾ വിട്ടില്ല.."എന്ത് പഠിക്കുകയാ ??പൈലട്റ്റ് ആവാനാണോ??എനിക്കും പൈലട്റ്റ് ആവണം..എന്നിട്ട് വിമാനം ക്രാഷ് ചെയ്യിക്കണം" എന്നൊക്കെ പറഞ്ഞു ആ 'കുട്ടി റ്റെറരിസ്റ്റ്' വീണ്ടും വന്നപ്പോ അമ്മ പറഞ്ഞു "ഭവ്യക്ക് അടി കൊളളും"...ഉടൻ അവൾ അമ്മയോട്.."നിങ്ങൾ ഒരു അമ്മയാണോ??കൊച്ചു കുട്ടികളെ തല്ലിയാൽ പാപം കിട്ടില്ലേ??ഗോഡ് നിങ്ങളെ നരകത്തിലിട്ടു പൊരിക്കും" എന്ന്...ഞങ്ങള്ക്ക് ചിരിയടക്കാനായില്ല..ഉടൻ വന്നു അമ്മയുടെ മറുപടി.."ഭവ്യ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാലേ     അമ്മ തല്ലുള്ളൂ...അപ്പൊ ഗോഡ് ഭവ്യക്കാ ശിക്ഷ തരിക...ചേച്ചി മോള്ടെ അടുത്ത് കുറച്ചു കഴിഞ്ഞു വരും..അപ്പൊ സംസാരിക്കാം..ഇപ്പൊ അമ്മയോട് സംസാരിക്ക്.."
എനിക്ക് ശരിക്കും ബഹുമാനം തോന്നി  യുവതിയായ ആ അമ്മയോട്..കുഞ്ഞുങ്ങളെ എല്ലാര്ക്കും ഇഷ്ടമാണ്...പക്ഷെ ദൂരയാത്രകളിൽ  നമ്മൾ റസ്റ്റ്‌ എടുക്കാൻ ആഗ്രഹിക്കുമ്പോൾ അവർ ബുദ്ധിമുട്ടിക്കുന്നത് ആരും ഇഷ്ടപ്പെടില്ല..അവർ നമ്മെളെ ബുദ്ധിമുട്ടിക്കുന്നത് അച്ചനമ്മമാർ അവരെ ശ്രദ്ധിക്കാത്തപ്പോഴാണ്..

കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കാൻ അപരിചിതരായ നമുക്ക് കഴിയില്ല..അവർ അനുസരിക്കില്ല..ചിലർ പേടിപ്പിക്കുന്നത് കാണാം..അതെനിക്ക് തീരെ ഇഷ്ടമല്ല..അച്ഛനമ്മമാർ കൂടി ഇടപെട്ടാൽ നമുക്ക് കുട്ടികൾക്കൊപ്പം കളിക്കുന്നതും ഒന്നും പ്രശ്നമായി തോന്നില്ല.. അവർ പറഞ്ഞാൽ മാത്രേ കുട്ടികൾ കേള്ക്കുള്ളൂ..ചെറിയ കുട്ടികളെ കൊണ്ട് അമ്മമാർ യാത്ര ചെയ്യുമ്പോൾ അവർ ടോയ്ലെറ്റിൽ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കുഞ്ഞിനെ നോക്കുന്നത് നമ്മളാണ്..അതൊരു സന്തോഷമുള്ള കാര്യമാണ്..ഉടുപ്പ് മാറ്റാനും ഉറക്കാനുമൊക്കെ കൂടും..പക്ഷെ ഇത്തിരി മുതിർന്ന ഹൈപർ ആക്ടിവ് ആയുള്ള കുട്ടികളെ അച്ഛനമ്മമാർ നിയന്ത്രിച്ചില്ലെങ്കിൽ മറ്റു യാത്രകാരുടെ അവസ്ഥ കഷ്ടമാണ്.. 

ആദ്യ ഉദാഹരണത്തിലെ അമ്മയോട് എനിക്ക് ദേഷ്യമാണ്..അവർ കൈ കൊണ്ട്  അവന്റെ കാലൊന്നു ചേർത്ത് വച്ചിരുന്നെങ്കിൽ എനിക്ക് യാത്ര സുഗമമായെനെ..മറ്റൊരാളുടെ ബുദ്ധിമുട്ട് തിരിച്ചറിയാൻ ആ സ്ത്രീക്ക്പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് പറയാൻ..?? പല അച്ചന്മാരും 'ഇത് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റല്ല'  എന്ന ഭാവത്തിലിരിക്കുന്നത് കാണാം..അണുകുടുംബ വ്യവസ്ഥയിൽ  എല്ലാ വാശികളും സാധിച്ചും പങ്കു വയ്ക്കാതെയും വളരുന്ന കുട്ടികള്ക്ക് വളരുന്നു കഴിയുമ്പോഴും മറ്റൊരാളെ മനസ്സിലാവില്ല.. സഹജീവിയെ സ്നേഹിക്കണമെങ്കിൽ, മനസ്സിലാക്കണമെങ്കിൽ തന്റെ കൈവീശാനുള്ള സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻ തുമ്പിനരികത്തു വരെയേ ഉള്ളു എന്ന് മനസ്സിലാക്കാൻ സാധിക്കണം..

കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞാണ്..ആ കുഞ്ഞുങ്ങളുടെ വ്യക്തി വികാസം അപ്പോൾ  എത്രയോ പ്രധാനമാണ്.. ലിവ് ആൻഡ്‌ ലെറ്റ്‌ ലിവ് എന്ന ചിന്തയിൽ വളര്ന്നു വരട്ടെ നമ്മുടെ യുവ തലമുറ..

Monday, 7 July 2014


വിശപ്പിന്റെ തന്തക്കു വിളി...


യുവ തലമുറ വിശപ്പിന്റെ വില അറിയുന്നില്ല എന്നൊക്കെ മുറവിളി കൂട്ടുന്നവരുണ്ട്...ദാ പിടിച്ചോ ഒരു വിശപ്പിന്റെ കഥ..ഇത് രണ്ടായിരത്തിയെട്ടിലെ കഥയാണ്...ഈ "കെഥ" നടക്കുന്നത് കൊച്ചിയിലോ കൊടംബാക്കത്തോ അല്ല നമ്മുടെ സ്വന്തം റേപ്പ് കാപിറ്റൽ ഓഫ് ഇന്ത്യ ആയ ഡൽഹിയിലാണ് (അന്ന് ഉത്തർപ്രദേശ്‌ അത്രക്ക് ഉദ്ധരിച്ച്ചിട്ടില്ല)..
ഏതോ സെന്റി കഥയാണെന്ന് ധരിച്ചെങ്കിൽ നിങ്ങള്ക്ക് തെറ്റി..ഇതൊരു Empowerment 'ന്റെ കഥയാണ്..
ഞാനും എന്റെ മൂവർ സംഘവും ഡൽഹിയിൽ ഡിഗ്രിക്ക് പഠിക്കുന്നു...ഗാന്ധി ആശ്രമത്തിലാണ് താമസം..കുറ്റം പറയരുതല്ലോ അങ്ങ് വല്ലാത്ത ലളിത ജീവിതമാണ്..കറണ്ടും വെള്ളവുമൊന്നും കാര്യമായി കിട്ടാത്തത് കൊണ്ട് നമ്മൾ പൈപ്പിൽ പോയി പിടിച്ചു കൊണ്ട് വന്നൊക്കെ കുളിക്കുകയും നനക്കുകയും ചെയ്യും..ആഹാരംന്നു പറഞ്ഞാലോ..മെസ്സ് ചേച്ചിമാർ പാത്രമങ്ങോട്ടു തുറക്കുമ്പോ എന്റെ സാറേ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല..മണമടിക്കുമ്പോ തന്നെ തല കറങ്ങും..(ന്റെ റോസമ്മാന്ടി ക്ഷമിക്കണേ...നിങ്ങളൊരു ഹോസ്റ്റൽ വാർഡൻ ആവേണ്ട ആളേ ആയിരുന്നില്ല..നമ്മടെ കഥകൾ പിന്നീട് എഴുതുന്നതായിരിക്കും..)
അങ്ങനൊരു രാത്രി പതിവ് പോലെ ഞങ്ങൾ കാര്യായിട്ടൊന്നു കഴിക്കാതെ ഒരു കൂട്ടാളീടെ മുറിയിൽ കൂടി.. ഓൾടെ വിളിപ്പേര് കഷ്ടമൂർതീന്നാ.. ദീപുമോനും Mrs.സൂര്യയുമൊക്കെ ഉണ്ട് (ഒക്കെ വിളിപ്പേരാണെ). സ്ഥിരം പരിപാടി സിനിമാ കഥ, ഗോസ്സിപ്പ്,ഡാൻസ്, അഭിനയം അങ്ങനെ രാത്രി കടന്നു പോകുന്നു..(പറയാൻ വിട്ടുപോയി..ഞങ്ങള് വല്യ സംഭവങ്ങളായിരുന്നു കേട്ടോ..)..ഏകദേശം ഒരു രണ്ടു മണിയായി കാണും...നല്ല വിശപ്പ്‌..കൊടല് 'കുച്ച് കുച്ച് ഹോതാ ഹൈ'ന്നും പറഞ്ഞു ഡിസ്കോ കളിക്കാൻ തുടങ്ങി..പയ്യെ ഈ പ്രതിഭാസം എല്ലാവരിലേക്കും പടര്ന്നു..ഇതൊരു രോഗമാണോ ഡോക്ടർ??
ആരുടെ കയ്യിലും ബേക്കറി ഐറ്റെംസൊ സ്നാക്ക്സോ ഇല്ല..പാതിരാത്രി കഴിഞ്ഞു...നാളെ വരെ സഹിക്കാൻ കഴിയില്ല..എന്താണൊരു വഴി...വെള്ളം കുടിച്ചു വിശപ്പടക്കാൻ മെസ്സിന് മുന്പിലെ വാട്ടർ കൂളറിന്റെ മുന്നിലെത്തിയപ്പോഴാണ് അതുവരെ ചതുർതിയായിരുന്ന മെസ്സ് ഡോർ നല്ല റംസാൻ നിലാവ് പോലെ ഞങ്ങളെ നോക്കി നില്ക്കുന്നത്..കുബുദ്ധി എന്റെ തലയിലാണ് ആദ്യം ഉദിച്ചത്..മോഷണം!!!വിധിയുടെ വികൃതി പോലെ അണ്ണാക്കിലോട്ടു കുത്തികേറ്റി തന്നാലും തിന്നാത്ത സാധനങ്ങൾ കട്ട് തിന്നേണ്ടി വരുന്ന അസുലഭ അവസരം.. മൂന്നു പേര് സജീവ മോഷണം ഒരാള് കാവൽ...അങ്ങനെ ഞങ്ങൾ മൂന്നുപേർ മേശയിൽ കയറി മുകളിലൂടെ അകത്ത് കയ്യിട്ട് വാതിൽ തുറന്നു...ശബ്ദമൊന്നും കേൾപ്പിക്കാതെ ഞങ്ങൾ പതുങ്ങി പതുങ്ങി അകത്ത് കടന്നു...ശ് മിണ്ടരുത്...അകത്ത്‌ കനത്ത ഇരുട്ട്...സോറി അന്ധഗാരം.. പുറത്ത് നായകൾ ഓലിയിടുന്ന കേൾക്കാം.. (ഞാൻ കേട്ടോന്നു ചോദിച്ചാ.. ഇല്ല..എങ്കിലും പൊതുവെ ഇങ്ങനത്തെ സീനുകളിൽ നായകൾ ഓലിയിടാറുണ്ട്)..Mrs .സൂര്യ(ജ്യോതികയല്ല എങ്കിലും ശരിക്കും ജ്യോതികയാവേണ്ടിയിരുന്നവൾ) ഒടുവിൽ ആ വലിയ പാത്രത്തിന്റെ അടപ്പ് കണ്ടു..സ്വാസമാടക്കിപിടിച്ച്ഞങ്ങൾ ആ മൂടി തുറന്നു..ഒരു ഗ്യാസ് കുറ്റി..വാട്ട്??? മെസ്സ് ചേച്ചിമാർ ആ പാത്രം ഗ്യാസ് കുട്ടിക്ക് ഒരു തലപ്പാവെന്ന പോലെ വെച്ചിരിക്കുകയായിരുന്നു...ഒടുവിൽ അലമാര കുത്തി തുറന്നു..(സംശയിക്കണ്ട..അത് പൂട്ടിയിട്ടില്ലായിരുന്നു...എങ്കിലും പറയുമ്പോ ഒരു ദം വേണ്ടേ??) അകത്തു നിന്ന് നാലുമണി ചായയുടെ ബിസ്കറ്റുകൾ കട്ടെടുത്തു..ഈ സമയമത്രയും ദീപുമോൻ പുറത്തു കാത്തിരിക്കുകയായിരുന്നു... തനിക്കു സംഭവിക്കാൻ പോകുന്നതോന്നുമറിയാതെ... (തുടരും...)

തുടരുന്നു...യോമ്പീന്നോ കൊമ്പീന്നോ എങ്ങാണ്ടു പേരുള്ളൊരു പെണ്ണ് കാമുകനോട് ഫോണിൽ സ്രിങ്ങരിച്ചു കൊണ്ട് വെള്ളമെടുക്കാൻ വരികയായിരുന്നു..ദീപുമോൻ അവളെ നോക്കി ദയനീയമായി പുഞ്ചിരിച്ചു..അവളുടെ ശബ്ദം കേട്ടതും തൊണ്ടിയുമായി പുറത്തേക്കിറങ്ങാൻ തുടങ്ങിയ ഞങ്ങൾ അകത്ത്‌ സ്റ്റാച്യു ആയി..ആ പുന്നാര ഡോട്ടർ ഏകദേശം അര മണിക്കൂർ അവിടെ നിന്ന് സംസാരിച്ചു...ഉറക്കം വന്നത് കൊണ്ടോ അതോ കാമുകന്റെ ബാലന്സ് കമ്മിയായത്‌ കൊണ്ടോ പിന്നെ പോയി.. സ്റാച്യുക്കൾക്ക് ജീവൻ വെച്ചു..തിരികെയിറങ്ങി റൂമിലേക്ക്‌ ഒറ്റയോട്ടം...കതകടച്ചു കുറ്റിയിട്ടു തൊണ്ടി മുതൽ പങ്കു വെച്ചു..വയർ ആനന്ദ സൂചകമായി ഏമ്പക്കം വിട്ടു...കട്ട് തിന്നുന്നതിന്റെ സുഖം മാത്രമല്ല ഡിഗ്രി പഠിച്ചു കഴിഞ്ഞാൽ ഒരു ബാക്കപ്പ് ജൊലിയുമായല്ലൊ എന്ന ആശ്വാസത്തോടെ ഞങ്ങൾ ഉറങ്ങാൻ കിടന്നു...ഏറ്റവും മനോഹരമായ രാത്രി.."അധ്വാനിച്" ഉണ്ടതിന്റെ സുഖം...ദാദാണ്!! ഈ കാരണവന്മാരോക്കെ കിടിലംസ് ആണല്ലേ..അവരുടെ ബനാന ടോക്ക്സ് എത്ര സത്യമാ..

ഇനി പറയുന്നത് നിങ്ങള് വിശ്വസിച്ചാലും ഇല്ലേലും സത്യം തന്നെയാണ്..
രാവിലെ ഞങ്ങളുണർന്നത്‌ കഷ്ടമൂര്ത്തിയുടെ ഉറക്കത്തിൽ നിന്നുള്ള നിലവിളി (സോറി രോദനം) കേട്ടാണ്.."അയ്യോ എന്നെ ഒന്നും ചെയ്യല്ലെ...ഞാൻ കട്ടിട്ടില്ല.."