Saturday, 25 April 2015

കുലുകുലോ കുലുകുല.... 
അതും വൊരു യേപ്രില്‍ ആയിരുന്നഡേയ്...
2008....
കഥ നടക്കുന്നത് ഡല്‍ഹിയില്‍ തന്നെ...

വെള്ളം കിട്ടാതെ മരിച്ചു പോയ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് അര്‍മാദിച്ചു നടക്കുന്നുവെന്ന് ഞാന്‍ തന്നെ സങ്കല്‍പ്പിച്ചു പോന്ന ഒരു ഹോസ്റല്‍ കെട്ടിടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്നു...യെസ്, ഒറ്റക്ക്..അവിടെ ഒരു പ്രശ്നമേ ഉള്ളൂ..വെള്ളം കിട്ടില്ല..പുറത്ത് പോയി വെള്ളം പിടിച്ചു കൊണ്ട് വരണം..വെള്ളം കിട്ടാതെ മരിച്ചു പോയ ആ പെണ്‍കുട്ടിയുടെ ആത്മാവ് ഞാനായി മാറാന്‍ വല്യ ബുദ്ധിമുട്ടില്ലാതില്ലാതില്ല എന്ന കാലഘട്ടം...

ആ കെട്ടിടത്തില്‍ മൂന്നു മുറികളാണ് ഉള്ളത്...രണ്ടു മുറികള്‍ അടഞ്ഞു കിടക്കുന്നു..ഒരു മുറിയില്‍ ഞാന്‍ മാത്രം..എനിക്ക് സ്വന്തമായി ആ കെട്ടിടത്തിലെ നാല് വാഷ് റൂമുകള്‍ (പക്ഷേങ്കി, വെള്ളം ചുമന്നോണ്ട് വരണം)...


രാത്രി പത്താവുമ്പോള്‍ ഞാന്‍ കെട്ടിടത്തിന്റെ ബല്യ കതവ് അടച്ചു പൂട്ടും; മണിച്ചിത്രത്താഴിട്ടു പൂട്ടും..പിന്നെ അകത്ത് ഞാനും പ്രേതോം മാത്രം!!!
അങ്ങനെ നമ്മള്‍ ഒരു കെട്ടിടം മൊതലാളിയായി ജീവിച്ചു പോകുമ്പോള്‍ കൂട്ടുകാരി  വിനീത എന്റെ കെട്ടിടത്തിനു മുന്നില്‍ "നിയതിയുടെ കുടില്‍" എന്ന് എഴുതി വച്ച് എന്നെ അപമാനിച്ചു...കുടില്‍ എന്നത് മായിച്ച് ഞാന്‍ കൊട്ടാരം എന്നാക്കി അഡ്ജസ്റ്റ് ചെയ്തു...

ഒടുക്കം ഏപ്രില്‍ വന്നു...പരൂക്ഷയാണ് മക്കളേ പരൂക്ഷ..പരീക്ഷയുടെ തലേന്ന് തന്നെ ഞാന്‍ പുസ്തകമൊക്കെ വാങ്ങിച്ചോണ്ട് വരും…പിന്നെ രാത്രി മൊത്തം പഠിത്തമാണ്…ആത്മാര്‍ഥത എന്നൊക്കെ പറഞ്ഞാന്‍ അതാണ്‌…പരൂക്ഷ കഴിയുമ്പോ തന്നെ പുസ്തകം കൊണ്ട് പോയി വിറ്റ്‌ അടുത്ത പരീക്ഷക്കുള്ള പുസ്തകം വാങ്ങിക്കും...അങ്ങനെ കഷ്ടപ്പെട്ട് പഠിച്ചാണ് നമ്മളൊക്കെ ഈ നിലയില്‍ എത്തിയത്...അതൊക്കെ ഒരു കാലം!!! (സനൂഷയിസം)


അങ്ങനത്തെ ഒരു രാത്രി പഠിച്ച് പഠിച്ച് ബോധം കെട്ടുറങ്ങുമ്പോള്‍ ദേ ആരാണ്ടെ നമ്മടെ കാലില്‍ പിടിച്ച് വലിക്കുന്നു…എന്നിട്ട് കട്ടില് കുലുക്കുന്നു.."അയ്യോ, ഉണ്ണിയപ്പം ഞാന്‍ കട്ടിട്ടില്ല" എന്നും പറഞ്ഞു ഉണര്‍ന്നപ്പോള്‍ കുറ്റാക്കൂരിരുട്ടാണ് ചുറ്റിലും…അപ്പോഴാണ്‌ ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത്…ആ കെട്ടിടത്തില്‍ ടോട്ടല്‍ ആകെ മൊത്തമായി ഞാന്‍ മാത്രമേ ഉള്ളൂ…അപ്പൊ എന്റെ കട്ടില്‍ ഉലക്കുന്നവള്‍/ന്‍ അതിക്രമിച്ചു കടന്ന ആരോ ആണ്; അതും എന്നെ കൊല്ലാന്‍..

നിലവിളി ഒന്നും പുറത്തേക്ക് വരുന്നില്ല…ഞാന്‍ കട്ടിലില്‍ ചേര്‍ന്ന്‍ അമര്‍ന്ന്‍ കിടന്നു…പേടിച്ച് മരിച്ചെന്നു കരുതിക്കോട്ടെ.. അപ്പോള്‍ ചുമരില്‍ ആണിയടിച്ച് വച്ചിരുന്ന കൃഷ്ണന്റെ ഫോട്ടോ തലയില്‍ വന്നു വീണു...(അപ്പൊ കൃഷ്ണനാണോ കംസനാണോ എന്നൊന്നും മനസ്സിലാകില്ലല്ലോ)…ഹമ്മേ, എന്നൊരു ദീന രോദനം പുറത്ത് വന്നു..ഹോ...ഇങ്ങനെ മരിക്കാനായിരുന്നെങ്കില്‍ ഇന്നലെ ഞാന്‍ പഠിക്കില്ലായിരുന്നു..
അത് മാത്രമോ?? "ഭാരത്‌ മാതാ കീ ജയ്‌" എന്നൊക്കെ വിളിച്ച് ഒരു പിടി മണ്ണ് വാരി എടുത്ത് ജീവന്‍ വെടിയണമെന്നുണ്ടായിരുന്നു…ഇനി നടക്കുമെന്ന് തോന്നുന്നില്ല..

ഉടനെ പുറത്ത് ഭയങ്കര ഒച്ചപ്പാട്…കട്ടില്‍ ഇപ്പോള്‍ കുലുങ്ങുന്നില്ല..ഞാന്‍ കട്ടിലില്‍ നിന്ന് നേരെ മുറിയുടെ കൊളുത്തിലേക്ക്, അവിടുന്ന് നേരെ വല്യ കതവിന്റെ കൊളുത്തി
ലേക്ക് ലക്ഷ്യമാക്കി പാഞ്ഞു…കെട്ടിടത്തിന്റെ കതവ് തുറന്നതും പുറത്ത് നിറയെ ആള്‍ക്കാര്‍…അപ്പോഴാണ്‌ മനസിലായത് ഭൂമി കുലുക്കമാണെന്നും എല്ലാരും മറ്റു കെട്ടിടങ്ങളിലെ മുറികളില്‍ നിന്നും പുറത്ത് ചാടിയതാണെന്നും..സമയം ഏതാണ്ട് നാല് മണി ആയിരുന്നു…കറന്റില്ല...
ഞാന്‍ പിന്നെ വിനീതേടെ കുടിലില്‍ പോയി കിടന്നു…അവള്‍ക്ക് ഒരു ധൈര്യത്തിന്…


9 comments:

 1. Now only I came to know about the earth quake happened in Nepal today...
  Coincidence!!! :(
  This post was written before that....

  ReplyDelete
 2. Wat s behind the selection of 'thoovanam' ??

  ReplyDelete
 3. ok.. ippo kurachokke manasilay..ippozhe kuduthal vayichullu..

  ReplyDelete
 4. എന്നിട്ട്‌ പരൂഷ കൂലങ്കഷമായ്‌ എഴുത്യോ??

  (അന്തരീക്ഷത്തിൽ നിന്നും ഒരു പിടി വായു വാരി എടുത്ത്‌ ഭാരത്‌ മാതാ കീ ജെയ്‌ എന്ന് വിളിക്കാൻ പാടില്ലായിരുന്നോ??)

  ReplyDelete
 5. @കിഷോര്‍: തൂവാനത്തുള്ളികളെന്നോ തൂ-വാനമെന്നോ എടുക്കാം...:)

  @സുധി: എന്തായാലും പരൂഷ പാസായി...

  ReplyDelete