Friday, 2 January 2015

അച്ഛനെന്റെ ഹീറോ; പക്ഷെ ഇപ്പോഴെനിക്കൊരു സൂപ്പർ ഹീറോയിൻ ഉണ്ട്..  

ഇന്നലെ അച്ഛന്റെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് പുനലൂരിൽ ഒരു അനുസ്മരണ സമ്മേളനം നടന്നു..അതിഥികളും പങ്കെടുത്തവരും എല്ലാം അമ്മയോട് എന്നെ പറ്റി ചോദിച്ചുവത്രേ..ചെറിയ പ്രായത്തിൽ എഴുതി തുടങ്ങിയ ഞാൻ എന്താണ് ഇപ്പോൾ സാഹിത്യ രംഗത്ത് തുടരാത്തത്?? കല്യാണം കഴിച്ച് പോയിട്ട് (?? എങ്ങോട്ട്  പോയിട്ട്)  എഴുത്തൊക്കെ ഉണ്ടോ എന്നൊക്കെ...ഇതൊക്കെ കേട്ട് എനിക്ക് നല്ല കലി വന്നു..പിന്നെ ചിരിയും..

ഒന്നാമത്, ഞാൻ എഴുതി തുടങ്ങിയത് മൂന്നു വയസ്സിലോ മറ്റോ ആണ്..അന്ന് എഴുതാൻ തോന്നി എഴുതി..ഇന്നും എഴുതാൻ തോന്നുമ്പോ എഴുതും..പക്ഷെ ഞാൻ എഴുതാൻ തോന്നിപ്പിക്കാൻ ശ്രമിക്കാറില്ല..പിന്നെ പ്രസിദ്ധീകരിക്കുന്നില്ല എന്ന് കരുതി ഒരാള് എഴുതുന്നില്ല എന്ന് അർത്ഥമില്ല..പണ്ട് കവിത അച്ചടിച്ചു വരുന്നതൊക്കെ ഒരു സന്തോഷമായിരുന്നു..അന്നത് ചെയ്തു..പക്ഷെ ഇന്ന് എന്റെ റിസെർച്ചുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അച്ചടിച്ചു വരുന്നത് കാണുമ്പോഴാണ് കൂടുതൽ സന്തോഷം..അത് കൊണ്ട് അത് ചെയ്യുന്നു..ചെയ്യുന്ന കാര്യങ്ങൾ കൃത്യമായും വൃത്തിയായും ചെയ്യണമെന്ന കണിശക്കാരിയാണ് ഞാൻ.. ഇപ്പൊ ഒരു നോവൽ എഴുതണമെന്നുണ്ട്..തീസിസ് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ അത് എഴുതണം എന്നാണു ആഗ്രഹം..അങ്ങനെ എന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾക്കനുസരിച്ച്  ജീവിക്കുന്ന ഒരാളാണ് ഞാൻ..അതുകൊണ്ട് തന്നെ ഞാൻ സംതൃപ്തയുമാണ്..

സാഹിത്യം ഒരു കരിയർ ആക്കാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല..ക്രിയാത്മകത പിന്നെ ഒരു ബാധ്യതയാവും..സ്വിച്ചിട്ടാൽ അത് വരുത്താൻ എനിക്കറിയുകയുമില്ല.. മാത്രമല്ല പഠനത്തിലും അക്കാദമിക കാര്യങ്ങളിലുമായിരുന്നു കൂടുതൽ താത്പര്യം..എന്റെ കുടുംബം നോക്കാൻ എനിക്കിഷ്ടമുള്ള, എന്നാൽ ആവശ്യത്തിനു സാമ്പത്തിക ഭദ്രതയുമുള്ള ഒരു ജോലി ആഗ്രഹിച്ച് തന്നെയാണ് പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഞാനെന്റെ വിദ്യാഭ്യാസത്തെ ക്രമീകരിച്ചത്..

എം.എ ക്ക് ചേർന്നപ്പോഴാണ്‌ അച്ഛന്റെ മരണം..അച്ഛനെന്റെ സുഹൃത്തും വഴികാട്ടിയും ഹീറോയും എല്ലാം ആയിരുന്നു..അല്ല, ഇപ്പോഴും ആണ്..മരണം ഒരാളുടെ പരിപൂർണ നഷ്ടമായി അംഗീകരിക്കാൻ ഞാൻ ഇപ്പോഴും തയാറല്ല..കാരണം അച്ഛന്റെ ശാരീരിക സാമീപ്യം മാത്രമേ എനിക്ക് നഷ്ടമായിട്ടുള്ളൂ ..അത് എനിക്ക് ശീലമുള്ളതുമാണ്.. എങ്കിലും അച്ഛൻ പോയതിനു ശേഷമാണ് എന്റെ കുടുംബം എന്ന സംവിധാനത്തിന്റെ പ്രവർത്തനത്തെയും രീതികളേയും ഞാൻ അടുത്ത് അറിയുന്നത്.. വൈകാരിക തലം മാത്രമാണ് കുടുംബം എന്ന് വിശ്വസിച്ചിരുന്ന ഞാൻ അതിന്റെ സാമൂഹിക, സാമ്പത്തിക ഘടകങ്ങളെ കൂടി തിരിച്ചറിഞ്ഞപ്പോൾ, പറയാതിരിക്കുവാൻ വയ്യ, അന്നാണ് ഞാൻ എന്റെ അമ്മ എന്ന സൂപ്പർ ഹീറോയിനെ തിരിച്ചറിയുന്നത്..അമ്മയാണ് എന്റെ കുടുംബത്തിന്റെ ആണിക്കല്ല്‌..അമ്മയില്ലെങ്കിൽ ഞങ്ങളാരുമില്ല...

എപ്പോഴും പ്രകീർത്തിച്ചു കവിത എഴുതുകയും ഒടുക്കം കറിവേപ്പില പോലെ നാം മറന്നു കളയുകയും ചെയ്യുന്ന ഒരാളാണ് അമ്മ..അമ്മ ത്യാഗം ചെയ്യാൻ വേണ്ടി ജനിച്ചവളാണ്, നമ്മളെ പരിപാലിക്കുകയാണ് അമ്മയുടെ ജോലി എന്നൊരു ലൈനാണ് പലപ്പോഴും സമൂഹത്തിന്.. ഓരോ വേദിയിൽ കയ്യടി വാങ്ങുമ്പോഴും ഓരോ ക്ലാസ്സിൽ റാങ്ക് വാങ്ങുമ്പോഴും എല്ലാവർക്കും ഞാൻ "അച്ഛന്റെ മോൾ" ആയിരുന്നു..എന്റെ അമ്മ അതിലും മിടുക്കി ആയിരുന്നു..കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ അത് തിരിച്ചറിയുന്നു..
എം.എ കഴിഞ്ഞ് എനിക്കൊരു ജോലികിട്ടിയപ്പോൾ അതിൽ തുടരാൻ അമ്മക്ക് പറയാമായിരുന്നു..എന്നാൽ പി.എച്ച്.ഡി ക്ക് ഐ.ഐ.ടി യിൽ അഡ്മിഷൻ കിട്ടിയപ്പോൾ അതിനു പോകാൻ അനുമതി നൽകി..അനിയനെ പൂനെയിൽ ബി.ബി.എ.-എൽ.എൽ.ബി ക്ക് വിട്ടു..എന്റെ സ്റ്റൈപന്റ് കിട്ടി തുടങ്ങുന്നത് വരെ എല്ലാ ചിലവും അമ്മ വഹിച്ചു..ഇഷ്ടപ്പെട്ട ആളെ കെട്ടിച്ചു തന്നു..ഇപ്പോഴും അങ്ങോട്ട്‌  പൈസ അയച്ചു  കൊടുക്കുമ്പോൾ 'വേണ്ട' എന്നാണു പറയുക..എല്ലാ മാസവും അമ്മയുടെ വക ഒരു പാഴ്സൽ വരും..എനിക്കിഷ്ടമുള്ള എല്ലാ പലഹാരങ്ങളുമായി..

അറിയാതെ ആലോചിച്ചു പോകാറുണ്ട്..അച്ചനു പകരം അമ്മയാണ് പോയതെങ്കിൽ?? ഒരിക്കലും എനിക്ക് ഇങ്ങനെ ആകാൻ കഴിയില്ലായിരുന്നു..
അത് കൊണ്ട്, എന്റെ പ്രിയപ്പെട്ടവരേ, അച്ഛൻ മരിച്ചത് കൊണ്ട് നിർത്തിയതല്ല കവിത എഴുത്ത്..ഇഷ്ടപ്പെട്ട കാര്യങ്ങൾ, ഏറ്റെടുത്ത കാര്യങ്ങൾ ഒക്കെ കൃത്യമായി ചെയ്തു തീർക്കാനുള്ളത് കൊണ്ട് എന്റെ കവിതകളെ ഡയറിയിൽ വച്ചിരിക്കുകയാണ്..പിന്നെ കല്യാണത്തിനു ശേഷം എങ്ങോട്ടും പോയില്ല, ഞാൻ എന്റെ അമ്മയിലേക്ക്‌ കൂടുതൽ അടുക്കുകയാണ് ഉണ്ടായത്..അച്ചനും ഞാനും അനിയനും അമ്മൂമ്മമാരുമൊക്കെ അത്രമാത്രം അമ്മയോട് കടപ്പെട്ടിരിക്കുന്നു..ഒരാഗ്രഹം മാത്രം..അമ്മയുടെ വാർധക്യമെങ്കിലും അമ്മ ആഗ്രഹിക്കുന്നത് പോലെ, ആഗ്രഹിക്കുന്ന ഇടത്ത് കഴിയുവാൻ ഒരു ഭാഗഭാക്കാവണം ..

ആരെയും ആശ്രയിക്കാതെ, ആരുടേയും മുന്നിൽ തലകുനിക്കാതെ, ഒരു തുള്ളി കണ്ണീർ പോലും ഞങ്ങൾക്ക് മുൻപിൽ വീഴ്ത്തി ഞങ്ങളെ തളര്ത്താതെ, ഓരോ ദിവസവും പുതിയതെന്തെങ്കിലും പഠിച്ച്  ഒരുപാട് പുസ്തകങ്ങൾ വായിച്ച്  നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ/നടത്താൻ പോയി "തന്റെ സ്വത്വത്തെ തിരിച്ചറിയുകയാണ് ഒരു വ്യക്തിയുടെ ജന്മ ലക്‌ഷ്യം" എന്ന് പറയുന്ന  അമ്മയുടെ മോൾ എന്ന് കൂടി അറിയപ്പെടണം ഇനി എനിക്ക്...

[എന്ന് പറഞ്ഞു ആരും ഇനി സെന്റി അടിക്കാനൊന്നും നിക്കണ്ട..പകരം വീട്ടിൽ പോയി അമ്മയെ കുറച്ചു നേരം സഹായിക്ക്... ;) :) ]

6 comments:

  1. നിയതീീീീീീീീ......................

    ReplyDelete
  2. Superb....great lines...if you keep penning down such lines how can we keep away from being sentimental after all we all are simple humans. Keep the spirit going in high levels.

    ReplyDelete
  3. ഇല്ല.ഒന്നും പറയുന്നില്ല.!!!!!

    ReplyDelete