Tuesday, 11 August 2015

ണ്ടു യാത്രകള്‍
 


യാത്ര ഒന്ന്
----------------


രാത്രി ഒന്‍പതിന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചാല്‍ ഏകദേശം രണ്ട്-രണ്ടരയാവുമ്പോള്‍ നമ്മടെ ഐ.ഐ.ടി. ഗേറ്റിനു മുന്‍പില്‍ വണ്ടിയെത്തും..മിക്കവാറും എന്റെ ഡല്‍ഹി ടു റൂര്‍ക്കി യാത്ര ഇങ്ങനെയാണ്..ഡല്‍ഹിയിലെ ബസ് ടെര്‍മിനലില്‍ നിന്ന് ഏ.സി. കോച്ചിലുള്ള യാത്ര സുഖം, സുന്ദരം, സുരക്ഷിതം..അങ്ങനെ ഒരു ഡിസംബര്‍ തണുപ്പില്‍ ഞാനും സംഗീതും ഡല്‍ഹിയില്‍ നിന്ന് റൂര്‍ക്കിയ്ക്ക് വരാന്‍ ബസും കാത്തിരിക്കുകയാണ്..ഏ.സി ബസൊന്നും കാണാത്തത് കൊണ്ട് നമുക്ക് സാദാ ബസില്‍ പോയാലോ എന്ന് പറഞ്ഞ സംഗീതിനെ രൂക്ഷമായി നോക്കിക്കൊണ്ട് ഞാന്‍ വീണ്ടും കാത്തിരിക്കല്‍ തുടര്‍ന്നു..പുറത്ത് അസഹനീയ തണുപ്പാണ്...സാദാ ബസില്‍ പോകാന്‍ ഒരു നിവൃത്തിയുമില്ല...മാത്രമോ, കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കൂടി ജീവന്‍ പണയം വെച്ച് വേണം സാദാ ബസില്‍ യാത്ര ചെയ്യാന്‍...അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവില്‍ വണ്ടിയെത്തി.. ഒടുക്കത്തെ ഗ്ലാമറുള്ള ഒരു ബസ്..ആകെ ഞങ്ങള്‍ നാല് പേരു മാത്രമേ കയറാനുള്ളൂ...രണ്ടു ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും..അങ്ങനെ റോയലായി, ഞങ്ങളുടെ സ്വന്തം വണ്ടിയിലെന്ന പോലെ യാത്ര മുന്നോട്ടു പോയി..


ഏകദേശം ഒരു മണിയായിട്ടുണ്ടാവണം..ഇടക്ക് ചായ കുടിക്കാനായി ഒരു ഹോട്ടലിന്‍റെ മുറ്റത്ത് ബസ് നിര്‍ത്താന്‍ പോവുകയാണ്..ഇങ്ങനെ പോവുകയാണ് കേട്ടോ..വണ്ടി പാര്‍ക്ക് ചെയ്യാന്‍ പോവുകയാണ് കേട്ടോ..ഇപ്പം പാര്‍ക്ക് ചെയ്യും കേട്ടോ.. അങ്ങനെ പാര്‍ക്ക് ചെയ്യാനായി ഡ്രൈവര്‍ വണ്ടി പുറകോട്ടെടുത്തതും ഉറക്കപിച്ചില്‍ ഒരു പൊട്ടിത്തെറി ശബ്ദമാണ് ഞാന്‍ കേട്ടത്...കുറെ കണ്ണാടി ചില്ലുകള്‍ മേത്ത് വന്നു വീണത് പോലെ...താഴെ വീഴാന്‍ പോയ എന്നെ സംഗീത് താങ്ങി പിടിച്ചിരിക്കുകയാണ്..ബസില്‍ ലൈറ്റ് വീണപ്പോഴാണ് മനസിലായത് വണ്ടിയുടെ പിറകു ഭാഗം അസലായി എവിടെയോ ചെന്ന് താങ്ങിയിരിക്കുന്നു..കണ്ണാടി മുഴുവന്‍ പൊട്ടി തകര്‍ന്ന് ബസിലാകെ വീണു ചിതറിയിരിക്കുന്നു..!!!


ഹൃദയം തകര്‍ന്ന ഞങ്ങള്‍ വിജ്രുംഭിതരായി ചായ കുടിച്ചു..കണ്ണാടി പൊട്ടി പോയ ഏ.സീ. ബസ് ഇനി എന്തിനു കൊള്ളാം..ഇനി തണുത്ത് വിറച്ചു വേണം ബാക്കി യാത്ര..
അങ്ങനെ വീണ്ടും യാത്ര തുടര്‍ന്നു..അപ്പോഴാണ് അടുത്ത പൊട്ടിത്തെറി ശബ്ദം..ഞാന്‍ മുന്‍പേ വിവരിച്ച എല്ലാ സംഗതികളും--കണ്ണാടി ചില്ല്, വീഴാന്‍ പോകുന്ന ഞാന്‍ തുടങ്ങിയവ--സെക്കണ്ട് പാര്‍ട്ട്..ഇത്തവണ മുന്നീന്നാണ്...ഡ്രൈവറും കണ്ടക്ടറും ജീവനോടെ ഉണ്ടോ എന്നറിയാന്‍ പോയി നോക്കിയപ്പോ പാതി ജീവനോടെ ഉണ്ട്..ഞങ്ങള്‍ നാല് യാത്രക്കാര്‍ ഇന്‍ എ ബസ്...വെറും ബസ് അല്ല..മുന്നും പിന്നും ചളുങ്ങി പൊട്ടി പോയ ഒരു ബസ്..."നിങ്ങള്‍ പെട്ടെന്ന് ഇറങ്ങ്..ഞങ്ങള്‍ വേറെ വണ്ടി പിടിച്ചു തരാം..ഇനി വണ്ടി ഓടിക്കാന്‍ പറ്റില്ല..." അതും കൂടി കേട്ടപ്പോള്‍ തൃപ്തിയായി..കൊടും തണുപ്പ്, യാത്ര പകുതി വഴി പോലും എത്തിയിട്ടില്ല, മൂടല്‍ മഞ്ഞു കാരണം മുന്നില്‍ നില്‍ക്കുന്ന ആളെ പോലും കാണാന്‍ വയ്യാത്ത അവസ്ഥ...ഞങ്ങള്‍ നാല് ജീവച്ഛവങ്ങള്‍..!!! ബാക്കിയെല്ലാരും സാദാ ബസില്‍ കയറി പോയപ്പോള്‍ പുച്ഛത്തോടെ ഏ.സീ. ബസിന് കാത്തു നിന്നവര്‍...ഒടുക്കം ഞങ്ങള്‍ ആ ബസിന്റെ ആത്മാവില്‍ (അത്രേം മാത്രേ ബാക്കിയുണ്ടാരുന്നുള്ളൂ) നിന്നും ഇറങ്ങി ഏതോ ഒരു വണ്ടിയ്ക്ക് കൈകാണിച്ച് അതില്‍ കയറി ആടിയുലഞ്ഞ് രണ്ടു മൂന്നു മണിക്കൂറു കൊണ്ട് റൂര്‍ക്കിക്കെത്തി...


യാത്ര രണ്ട്
-----------------

"നിന്ന് മൂത്രമൊഴിക്കണമത്രേ പെണ്ണുങ്ങള്‍ക്ക് " എന്നും പറഞ്ഞു പുച്ചിക്കുന്ന എല്ലാ മൂരാച്ചികള്‍ക്കും ഞാന്‍ ഈ കഥ ഡെഡിക്കെറ്റ്‌ ചെയ്യുകയാണ്..സമയം സ്ഥലം സാഹചര്യം എല്ലാം സെയിം..ചായ കുടിക്കാനായി വണ്ടി ഒരു ചെറിയ ഇടുങ്ങിയ ഹോട്ടലിന്റെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്നു..ചായ കുടിക്കുന്നതിനു മുന്‍പേ മൂത്രമൊഴിക്കാനായി ഞങ്ങള്‍ പെണ്ണുങ്ങള്‍ വരിവരിയായി മൂത്രപ്പുരക്ക്‌ മുന്നില്‍ പോയി..നല്ല തണുപ്പ് കാരണം എല്ലാരും വിറച്ചു വിറച്ചാണ് നില്‍ക്കുന്നത്..ആദ്യം അകത്തേക്ക് കാലെടുത്ത് വച്ച ഞാന്‍ ആര്‍ത്ത നാദത്തോടെ പുറത്തേക്ക് ഓടി..രണ്ടാമത് നിന്ന ചേച്ചിയോട് അരുതേ എന്ന് വിലക്കാന്‍ പറ്റുന്നതിനു മുന്പ് അവരും കയറി തിരിച്ചോടി..അകത്തെ അവസ്ഥ വിവരണാതീതമായിരുന്നു..(പിന്നെ ഞാന്‍ മൂന്നു ദിവസം ഭക്ഷണം കഴിച്ചില്ല)...ഒരുപാട് യാത്ര ചെയ്യുന്ന ആള്‍ എന്ന നിലയില്‍ നിവൃത്തിയില്ലാതെ ഒരുപാട് വൃത്തികെട്ട മൂത്രപ്പുരകളില്‍ പോകേണ്ടി വന്നിട്ടുണ്ട്..എന്നാലും ഇത് അസഹനീയമായിരുന്നു..നിയാണ്ടര്‍താല്‍ കാലഘട്ടം മുതലുള്ള മനുഷ്യന്റെ അപ്പി നിറഞ്ഞു കിടക്കുകയാണ് അവിടെ എന്ന് തോന്നി പോകും..

അങ്ങനെ ഞങ്ങ പെണ്ണുങ്ങള്‍ ചായ കുടിക്കാതെ, കടിച്ചു പിടിച്ച് വണ്ടിയില്‍ യാത്ര തുടര്‍ന്നു..ഉറങ്ങിയുറങ്ങി കുറെ ദൂരം പിന്നിട്ടപ്പോള്‍ എനിക്ക് മൂത്ര ശങ്ക അസഹനീയമായി..രണ്ടു മൂന്നു തവണ ഡ്രൈവറോട് പോയി പറഞ്ഞപ്പോഴും ഏതെങ്കിലും ഹോട്ടലിന്റെ മുന്നില്‍ വണ്ടി നിര്‍ത്തിത്തരാം എന്ന് തന്നെയായിരുന്നു പല്ലവി..പക്ഷെ ഹോട്ടലുകളൊന്നും കാണുന്നില്ല..അവസാനം തീരെ നിവര്‍ത്തിയില്ലാതെ, ഹോട്ടലൊന്നും വേണ്ട ഏതേലും വഴിയരികില്‍ നിര്‍ത്തിയാല്‍ മതീന്നും പറഞ്ഞ് ഞാനും സംഗീതും ഡ്രൈവറിന്റെയും കണ്ടക്ടറുടെയും അരികില്‍ പോയിരുന്നു..അങ്ങനെ മുന്നോട്ടു പോകവേ വണ്ടി ഒരു കുഴിയില്‍ ചെന്ന് ചാടി...ഞാന്‍ പിന്നെ ഒരൊറ്റ അലര്‍ച്ച യായിരുന്നു.."ഗാഡി രുക്കോ..."
വണ്ടി നിന്നു...ഞാന്‍ ബോധമില്ലാത്ത പോലെ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി ഓടി...സംഗീത് പുറകെ..അരികെ ഒരു കെട്ടിടത്തില്‍ ഒരു വാച്ച്മാനെ കണ്ടു...

"എനിക്ക് ടോയ്‌ലറ്റില്‍ പോണം" ഞാന്‍ കാര്യം പറഞ്ഞു..
"ഇവിടെ ടോയ്ലറ്റ് ഇല്ല" അയാള്‍ പറഞ്ഞു..
"ഞാന്‍ അവിടെ എവിടെയെങ്കിലും പോയി മൂത്രമൊഴിച്ചോളാം" ഞാന്‍ ആ കെട്ടിടത്തിന്റെ പരിസരം ചൂണ്ടി പറഞ്ഞു..
"ഇവിടെല്ലാം സീ.സീ.ടി.വി. ഉണ്ട്"...'എന്നിട്ട് വേണം നാളെ ആ ദൃശ്യം വൈറലാവാന്‍' എന്ന മുഖഭാവത്തോടെ അയാള്‍ മുന്നറിയിപ്പ് തന്നു...ഒടുക്കം ഞാന്‍ പറഞ്ഞു "അങ്കിള്‍, അത്യാവശ്യമാണ്...ഹെല്പ് ചെയ്യണം..
അയാള്‍ ഒന്നാലോചിച്ചിട്ടു പറഞ്ഞു.."ഇവിടെ ഒരു മൂത്രപ്പുര ഉണ്ട്..പക്ഷെ ആണുങ്ങളുടെതാ.." അപ്പോഴേക്കും ബസില്‍ നിന്ന് ഹോണടിയോട് ഹോണടി...എനിക്ക് ചിന്തിക്കാനുണ്ടായിരുന്നില്ല..അയാള്‍ താക്കോലും കൊണ്ട് വന്നു ഡോര്‍ തുറന്നതും ഞാന്‍ പാഞ്ഞു പോയി എങ്ങനെയോ മൂത്രമൊഴിച്ചു...നിന്നോ ഇരുന്നോ എന്നൊന്നും ഓര്‍മയില്ല...തിരിച്ചു വണ്ടിയില്‍ കയറി ഇരുന്നതും ഒരൊറ്റ ഉറക്കം ഉറങ്ങിയതും മാത്രമേ പിന്നെ ഓര്‍മയുള്ളൂ...

Monday, 3 August 2015

ചിമ്മുവേദിയില്‍ ഒരു അനുഗ്രഹീത കലാകാരിയുടെ ഭരതനാട്യം നടക്കുന്നു...അതില്‍ മുഴുകി ചേര്‍ന്നിരിക്കുമ്പോഴാണ്‌ തന്റെ മുടിയില്‍ ആരോ പിടിച്ചു വലിയ്ക്കുന്നതായി അലേഖ്യയ്ക്ക് തോന്നിയത്...തിരിഞ്ഞു നോക്കിയപ്പോള്‍ മുടിത്തുമ്പില്‍ പിടിച്ചു കളിക്കുകയാണ് കുറുംബിയായ ഒരു രണ്ടു വയസ്സുകാരി...അവളുടെ കവിളില്‍ വലിയൊരു വട്ടത്തില്‍ ചോര നീലിച്ചു കിടക്കുന്നു...അവളെ നോക്കി ചിരിച്ചപ്പോള്‍ അവളുടെ അമ്മ പെട്ടെന്ന് മുടിയില്‍ നിന്നും കൈ വേര്‍പെടുത്തിച്ച് അവളെയെടുത്ത് മടിയില്‍ വച്ച് എന്നെ നോക്കി ചിരിച്ചു...നല്ല പരിചയമുള്ള മുഖം..എവിടെയോ കണ്ട പോലെ...
പരിപാടി അവസാനിച്ചതിനു ശേഷം പുറത്തെക്കിറങ്ങുമ്പോള്‍ അവര്‍ അടുത്ത് വന്നു പറഞ്ഞു "പുതിയ താമസക്കാരാ...ഇതുവരെ പരിചയപ്പെടാന്‍ പറ്റിയില്ല.."...
അയ്യോ, ഇപ്പോഴാണ് പിടി കിട്ടിയത്..തന്റെ പുതിയ അയല്‍വാസിയാണ്..അലേഖ്യ നിന്ന് പരുങ്ങി.."ചേച്ചിയെ ഞാന്‍ കണ്ടിട്ടുണ്ട്..എന്താ പേര്??" അവള്‍ ചോദിച്ചു..
"മീര" അവര്‍ ഉത്സാഹത്തോടെ മറുപടി പറഞ്ഞു...
"മോള്‍ടെ പേരോ??" അവള്‍ അവരുടെ കയ്യിലിരുന്ന കുറുമ്പത്തിയുടെ താടിയില്‍ പിടിച്ച് ഓമനിച്ചു കൊണ്ട് ചോദിച്ചു..
"ചിമ്മു" മറുപടി പറഞ്ഞത് മീരയാണ്..
"ചിമ്മൂന്റെ കവിളത്ത് എന്ത് പറ്റി??" അലേഖ്യയുടെ നോട്ടം ആ നീലിച്ച പാടിലായിരുന്നു..
"ഇവള്‍ക്കൊരു ചേട്ടനുണ്ട്...കണ്ണന്‍..ഭയങ്കര വികൃതിയാ...സഹിക്കാന്‍ പറ്റില..ഹൈപ്പര്‍ ആക്ടീവാ...അവനെ കൊണ്ട് ഞങ്ങള്‍ പൊറുതി മുട്ടി ഇരിക്കുവാ..ഒരു ദിവസം അവന്‍ കടിച്ചതാ..." മീര ചെറുതായി മന്ദഹസിച്ചു...ചിമ്മുവും ചിരിച്ചു..അവള്‍ അലേഖ്യയെ നോക്കി സത്യമാണ് എന്ന മട്ടില്‍ തലയാട്ടി...

അന്ന് ഒരുമിച്ചാണ് അവര്‍ വീട്ടിലേക്ക് പോയത്..പോകുന്ന വഴിയില്‍ മീര വാ തോരാതെ സംസാരിച്ചു..അവരും നര്‍ത്തകിയാണ്..ഭരതനാട്യം പഠിക്കാന്‍ വന്നതാണ് ഈ നഗരത്തില്‍..ഭര്‍ത്താവിനു നാട്ടിലാണ് ജോലി..അവര്‍ കൂടുതലും സംസാരിച്ചത് കണ്ണനെ പറ്റിയായിരുന്നു..അവനെ കൊണ്ട് ഒരു നിവര്ത്തിയുമില്ല...ആരെയും ഏല്‍പ്പിച്ചു പോരാന്‍ പറ്റില്ല...എല്ലാവരെയും ഉപദ്രവിക്കും...അവന്റെ അച്ഛന്‍ കൂടി അടുത്തില്ലാത്തത് കൊണ്ട് അവനെ ഒട്ടും നിയന്ത്രിക്കാന്‍ പറ്റുന്നില്ല..കുഞ്ഞു ചിമ്മുവാകട്ടെ നേരെ വിപരീതമാണ് സ്വഭാവം..കരച്ചിലില്ല, വഴക്കില്ല, എപ്പോഴും ചിരി മാത്രം..അവളെ കണ്ണന്‍ എത്ര ഉപദ്രവിച്ചാലും അവള്‍ തിരിച്ച് ഉപദ്രവിക്കില്ല...'ചേട്ടാ' എന്നും വിളിച്ച് പുറകെ പോകും..കണ്ണനെ നാട്ടില്‍ അവന്റെ അച്ഛന്റെ അടുത്ത് ആക്കിയാലോ എന്ന് ചിന്തിക്കുകയാണ്..അങ്ങനെ പല പല കാര്യങ്ങള്‍...നേരം വൈകിയെങ്കിലും വീട്ടിലേക്ക് ക്ഷണിച്ച പ്പോള്‍ മീര വന്നു...മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചപ്പോള്‍ ചിമ്മുവിനെ താഴെ നിര്‍ത്തി അവര്‍ ബാഗ് തുറന്നു..മീരയ്ക്ക് ചായയും ചിമ്മുവിന് പാലുമായി അലേഖ്യ വന്നപ്പോഴേയ്ക്കും ഫോണ്‍ സംസാരം അവസാനിപ്പിച്ച് മീര പറഞ്ഞു: "ഹസ്ബന്ടാ വിളിച്ചത് ... വിനോദ് രണ്ടാഴ്ച കൂടുമ്പോള്‍ വരും...എനിക്ക് വിനോദിനെ പിരിഞ്ഞിരിക്കാന്‍ പാടാ..ഇപ്പൊ കണ്ണനും വിനോദും കൂടി ഒരു ബന്ധു വീട്ടില്‍ പോയിരിക്കുവാ..അര മണിക്കൂറിനകം വരും...ആള്‍ക്ക് നാളെ വെളുപ്പിനെ തിരിച്ചു പോകാനുള്ളതാ..ഞങ്ങള്‍ ഇറങ്ങട്ടെ"...
മീരയും ചിമ്മുവും യാത്ര പറഞ്ഞിറങ്ങി..എത്ര നിഷ്കളങ്കയായ സ്ത്രീയാണ് മീര..എന്തൊക്കെ സംസാരിച്ചു..ചിമ്മു ഒരു ഓമനയാണ്... അലേഖ്യ മെത്തയില്‍ പുതിയ വിരിപ്പിട്ടു...ഉറങ്ങുമ്പോഴും മനസ്സില്‍ മീരയായിരുന്നു...തനിക്ക് നല്ലൊരു കൂട്ടുകാരിയെ കിട്ടി..അവള്‍ മനസ്സില്‍ പറഞ്ഞു...

അടുത്ത രണ്ടാഴ്ച അലേഖ്യയ്ക്ക് തിരക്കോട് തിരക്കായിരുന്നു..ഇടയ്ക്ക് അവിനാഷ് വന്നപ്പോള്‍ അവനെ ശ്രദ്ധിക്കാന്‍ പോലും സമയം കിട്ടിയില്ല... ഇതിനിടയില്‍ മീരയെ രണ്ടു തവണ കണ്ടിരുന്നു..അടുത്ത് നല്ല ബ്യൂട്ടി പാര്‍ലര്‍ ഉണ്ടോ എന്നും ചോദിച്ച് ഒരു ദിവസം അവര്‍ വന്നിരുന്നു...അന്നാണ് ആ രഹസ്യം അവര്‍ ഒരു കള്ള ചിരിയോടെ പറഞ്ഞത്.."ഞാനും വിനോദും ഒളിച്ചോടിയതാ..രണ്ടു ജാതിയായിരുന്നു..വല്യ പ്രശ്നമായി..എന്റെ വീട്ടുകാര്‍ വല്യ ഉടക്കായിരുന്നു..ഇപ്പൊ ചിമ്മു ജനിച്ചതിനു ശേഷം എല്ലാരും വല്യ സ്നേഹത്തിലായി..".. "ചേച്ചി ഇത്രേം മുടി എങ്ങനെ നോക്കുന്നു??" അവരുടെ നീണ്ടിടതൂര്‍ന്ന മുടിയില്‍ തൊട്ടു നോക്കി അലേഖ്യ ആശ്ചര്യപ്പെട്ടു.."ഞാന്‍ ഇടയ്ക്കിടയ്ക്ക് ഹെന്ന ചെയ്യും..പിന്നെ വിനോദ് വരുമ്പോ നല്ല സുന്ദരിയായി ഇരിക്കണ്ടേ..അതോണ്ട് ഇത്തവണ ഫേഷ്യലും ചെയ്യണം.." അവര്‍ മറയില്ലാതെ സംസാരിച്ചു...
പിന്നീട് തന്റെ പ്രോജക്റ്റ് തിരക്ക് തീര്‍ന്ന ദിവസം രണ്ടു ദിവസത്തിന്റെ ഉറക്ക ചടവോടെ, വീട്ടില്‍ചെന്നു കയറിയാല്‍ തന്നെ കട്ടിലില്‍ വീഴണം എന്ന തീരുമാനത്തോടെ അലേഖ്യ വീട്ടിലേക്ക് തിരിക്കുമ്പോള്‍ അവിനാഷിന്റെ ഫോണ്‍: "അല്ലു, നീ കോഫീ ഷോപ്പിലേക്ക് വാ..ഞാന്‍ ഇവിടുണ്ട്.."
"അവീ, എനിക്ക് പെട്ടെന്ന് വീട്ടില്‍ പോവണം.." അലേഖ്യ അസ്വസ്ഥയായി..
"നമുക്ക് ഒരുമിച്ച് പോവാം..ഒരു രണ്ടു മിനിറ്റ്..നീ ഇങ്ങോട്ടൊന്നു വാ" അവി കെഞ്ചി..
അലേഖ്യ കോഫീ ഷോപ്പില്‍ ചെന്നിരുന്ന് കാപ്പി കുടിക്കുമ്പോള്‍ അവി ഫോണിലാണ്..അവള്‍ പുറത്തേക്ക് മിഴി പായിച്ചു...ഒരു ഓട്ടോയില്‍ മീരയും ചിമ്മുവും കണ്ണനും വന്നിറങ്ങുന്നു..മീര ഫോണില്‍ ആരോടോ സംസാരിക്കുകയാണ്..കണ്ണന്‍ റോഡ്‌ ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മീര അവനെ ചേര്‍ത്ത് പിടിക്കുകയാണ്..കണ്ണന്‍ വാശിയോടെ അവരെ ഉന്തി മാറ്റുന്നു...എന്തൊരു ചെക്കനാ ഇത് എന്ന് അരിശത്തോടെ ചിന്തിച്ച് അവിയോടു ഇപ്പൊ വരാം എന്ന് പറഞ്ഞ് അലേഖ്യ പുറത്തേക്കിറങ്ങി..മീരയുടെ കയ്യില്‍ നിന്ന് ചിമ്മുവിനെ വാങ്ങിച്ച് കണ്ണനോട് അടങ്ങി നില്‍ക്കാന്‍ മുഖം കൊണ്ട് സംജ്ഞ കാണിച്ച അലേഖ്യയോടു "നീ പോടീ" എന്നാണു അവന്‍ പ്രതികരിച്ചത്..മീര അസ്വസ്ഥയായി കാണപ്പെട്ടു..."വിനൂ, നീയെന്താ ഒന്നും മിണ്ടാത്തത്" എന്ന് അവര്‍ ഫോണിലൂടെ ചോദിക്കുകയാണ്..ചിമ്മുവാകട്ടെ പെട്ടെന്ന് അലേഖ്യയുടെ തോളോട്ടി കിടന്നു..കണ്ണുമടച്ച്...അലേഖ്യയ്ക്ക് എന്തോ ഒരു പന്തികേട്‌ തോന്നി..."ചേച്ചീ വാ, നമുക്ക് ആ കോഫീ ഷോപ്പില്‍ പോയി ഇരുന്നു സംസാരിക്കാം..റോഡില്‍ നില്‍ക്കണ്ട.." അലേഖ്യ മറുപടിക്ക് കാക്കാതെ മുന്നോട്ടു നടന്നു...മീര അവളെ അനുസരണയോടെ പിന്‍തുടര്‍ന്നു..

കോഫീ ഷോപ്പില്‍ അവിയ്ക്ക് മുഖം കൊണ്ട് മുന്നറിയിപ്പ് കൊടുത്തിട്ട് അവള്‍ മീരയ്ക്ക് നേരെ തിരിഞ്ഞതും മീരയുടെ ഫോണ്‍ ബെല്ലടിച്ചു..അതും മീര സംസാരിച്ചു കൊണ്ടിരിക്കെ..മീര ഫോണ്‍ അറ്റന്‍ഡ് ചെയ്തിട്ട് "അച്ഛാ, വിനു എന്നോട് സംസാരിക്കുന്നില്ല" എന്ന് പരാതി പറഞ്ഞു...പിന്നെ ഫോണ്‍ അലേഖ്യയുടെ നേര്‍ക്ക്‌ നീട്ടിയിട്ട് അച്ഛന് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു..അലേഖ്യ ഫോണ്‍ ചെവിയോടു ചേര്‍ത്തപ്പോള്‍ കേട്ടത് ഒരു തകര്‍ന്നുടഞ്ഞ ശബ്ദമായിരുന്നു "മോളേ, നീ മീരയെ ഒന്ന് വീട്ടിലേക്ക് കൊണ്ട് പോകാമോ?? വിനോദിന് ആക്സിഡന്ടായി...അവന്‍ പോയി മോളെ..അവളെ ആരോ വിളിച്ചു പറഞ്ഞു...രാവിലെ എന്നോട് നല്ല ധൈര്യത്തില്‍ പറഞ്ഞു ഞങ്ങള്‍ ഉടന്‍ തിരിക്കുകയാണെന്ന്..എന്നിട്ട് അവള്‍ എവിടൊക്കെയോ അലഞ്ഞു നടക്കുവായിരുന്നു...അവളിപ്പോ പിച്ചും പേയും പറയുകയാ...ഞാന്‍ അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്..ഒരു അഞ്ചു മണിക്കൂര്‍ പിടിക്കും..അവളെയും കുഞ്ഞുങ്ങളെയും അത്രേം നേരത്തേക്ക് ഒന്ന് നോക്കാമോ???"
അലേഖ്യ കേട്ടത് വിശ്വസിക്കാനാവാതെ തരിച്ചിരുന്നു..താന്‍ ഉറക്ക ക്ഷീണം കൊണ്ട് ഉണര്‍ന്നിരുന്നു സ്വപ്നം കാണുകയാണെന്ന് അവള്‍ വിചാരിച്ചു...കണ്ണന്‍ അപ്പോഴേക്കും കോള വേണം എന്ന് പറഞ്ഞു വഴക്കുണ്ടാക്കാന്‍ തുടങ്ങിയിരുന്നു..അവനു കോള വാങ്ങാന്‍ എന്ന മട്ടില്‍ കൌണ്ടറിലേക്ക് പോയി അവിടെ നിന്ന് ഞാന്‍ അവിയോടു കാര്യം അവതരിപ്പിച്ചു..കണ്ണന് രണ്ടു കുപ്പി കോള വാങ്ങി നല്‍കി മീരയെ തിരിഞ്ഞു നോക്കുമ്പോള്‍ അവര്‍ അപ്പോഴും ഫോണിലാണ്: "എന്നോട് മിണ്ടു വിനൂ" എന്നും പറഞ്ഞ്..
അടുത്ത അഞ്ചു മണിക്കൂര്‍ അലേഖ്യ ഒരിക്കലും മറക്കില്ല...മീരയെ ഒരു കൊച്ചു കുഞ്ഞിനെ എന്ന വണ്ണം ചേര്‍ത്ത് പിടിച്ച് അവള്‍ കാറില്‍ കയറ്റി..ചിമ്മു അവളോടൊട്ടി കിടന്നു..കണ്ണനെ കാറില്‍ കയറ്റാന്‍ അവി പാടുപെട്ടു..അവന് സര്‍ക്കസ് കാണാന്‍ പോവണമത്രേ..ഒടുവില്‍ എങ്ങനെയൊക്കെയോ വീട്ടില്‍ വന്നിറങ്ങി മീരയെ കട്ടിലിലേക്ക് കിടത്തി..കണ്ണന്‍ ടാങ്ക് കലക്കണം എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി..ചിമ്മു എന്റെ മുഖത്തേക്ക് നോക്കി "ശൂ" എന്ന് പറഞ്ഞു...അവളുടെ മുഖത്ത്അന്ന് കണ്ട നിസ്സഹായ അവസ്ഥ ഇനി ഒരു കുഞ്ഞിന്റെ മുഖത്തും കാണാന്‍ ഇട വരുത്തരുതേ എന്ന് അലേഖ്യ പിന്നീടെന്നും പ്രാര്തിക്കുമായിരുന്നു..അവളെ മൂത്രമൊഴിപ്പിക്കാന്‍ നോക്കുമ്പോള്‍ അവളുടെ നാപ്പിയും കവിഞ്ഞ് കാലു നിറയെ മൂത്രം ഒലിച്ചിറങ്ങിയിരിക്കുകയായിരുന്നു..അവള്‍ പേടിച്ചു വിറച്ചിരിക്കുകയാണ്..അച്ഛന്‍ പോയത് മനസിലാക്കാനുള്ള പ്രായമായിട്ടില്ലത്ത ഒരു കുഞ്ഞ്, അമ്മയ്ക്കെന്താ പറ്റിയത് എന്ന് അറിയാതെ മുഖം മുഴുവന്‍ വേദനയും ഭീതിയുമായിരിക്കുകയാണ്..കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം മാറ്റിച്ച് അലേഖ്യ പുറത്തിറങ്ങി വരുമ്പോള്‍ അവിയും കണ്ണനും വഴക്കിലാണ്..ടാങ്ക് എന്നും പറഞ്ഞ് അവന്‍ മാവ് കലക്കി അവന്റെ അമ്മയ്ക്ക് കുടിക്കാന്‍ കൊടുത്തു...അത് അവരുടെ കയ്യില്‍ നിന്നും അവി വാങ്ങി പുറത്തേക്ക് കളഞ്ഞു..കണ്ണന്‍ അവിയെ ഉപദ്രവിക്കാന്‍ തുടങ്ങി...ആറു വയസ്സുള്ള ഒരു ചെറുക്കന് ഇത്രേം അഹമ്മദിയോ.."മോനെ, വഴക്കുണ്ടാക്കല്ലേ" എന്നും പറഞ്ഞു സമാധാനിപ്പിക്കാന്‍ അലേഖ്യ അടുത്ത് ചെന്നപ്പോള്‍ അവിയോടുള്ള ദേഷ്യത്തിന് അവന്‍ അവളുടെ കയ്യിലിരുന്ന ചിമ്മുവിന്റെ കാലില്‍ കടിച്ചു..ചിമ്മു വേദനിച്ച് നിലവിളിച്ചു...അലേഖ്യയ്ക്ക് സഹിക്കാന്‍ പറ്റിയില്ല..അവള്‍ കണ്ണന്റെ കയ്യില്‍ ഒറ്റ അടി വച്ചു കൊടുത്തു..ആദ്യമായിട്ട് കിട്ടുന്ന അടി ആണെന്ന് തോന്നുന്നു..അവന്‍ അവിടെ കണ്ട സാധനങ്ങളൊക്കെ വാരി എറിയാന്‍ തുടങ്ങി..അലേഖ്യയും അവിയും ആകെ കുഴങ്ങി..
"എന്താ ഇവിടെ???" അത് മീരയുടെ ശബ്ദമായിരുന്നു...
കണ്ണന്‍ പ്ലേറ്റ് മാറ്റി: "അമ്മേ, ഇവര്‍ എന്നെ ഉപദ്രവിച്ചു.." അവന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി..
ഞാന്‍ കുറ്റബോധത്തോടെ മീരയെ നോക്കി
"ആരാ നിങ്ങള്‍?? എന്തിനാ എന്റെ വീട്ടില്‍ വന്നു എന്റെ കുട്ടിയെ തല്ലിയത്???" മീര മതിഭ്രമം ബാധിച്ചവളെ പോലെ ഉറഞ്ഞു തുള്ളി...
ഇനി ഇത് കയ്യില്‍ നില്‍ക്കില്ല എന്ന് ബോധ്യമായ
അവിനാഷ് അയല്‍പ്പക്കക്കാരെയൊക്കെ വിളിച്ചു കാര്യം പറഞ്ഞു...കുറച്ചു പേര്‍ വന്നു വീടിനു പുറത്ത് സിറ്റ് ഔട്ടില്‍ ഇരുന്നു..അച്ഛന്‍ ഇടയ്ക്കിടെ വിളിക്കുന്നുണ്ടായിരുന്നു..മീരയുടെ ഒരു അധ്യാപികയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഇന്സ്ടിട്യൂഷനില്‍ നിന്ന് ഒരു നേഴ്സിനെ കൂട്ടി വന്നു...അവര്‍ മീരയെ സമാധാനിപ്പിച്ച് കട്ടിലില്‍ കിടത്തി സെഡേഷന്‍ നല്‍കി..കണ്ണന്‍ അവരെ എല്ലാം തട്ടി മാറ്റി മീരയെ ഉറങ്ങാന്‍ അനുവദിക്കാതെ ശല്യം ചെയ്തു കൊണ്ടേയിരുന്നു..ചിമ്മുവിനു എന്തെങ്കിലും കൊടുക്കണം എന്ന് പറഞ്ഞ് അലേഖ്യ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയി..പെട്ടെന്ന് കണ്ണില്‍ കണ്ട ഒരു ചോക്കളേറ്റ് കൊടുത്തപ്പോള്‍ അവള്‍ പിടിച്ചു വാങ്ങി ആര്‍ത്തിയോടെ കഴിച്ചു..തനിക്ക് കണ്ണന്റെ ഭ്രാന്ത്‌ കാണാന്‍ വയ്യ...ആണുങ്ങള്‍ ആരെങ്കിലും അവനെ ഒന്ന് അടക്കട്ടെ..കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മം മക്കളാവുക എന്ന് പറയുന്നത് എത്ര സത്യമാണ്, അലേഖ്യ ചിന്തിച്ചു...അവള്‍ വാരി വാരി കൊടുത്ത ഭക്ഷണം മുഴുവന്‍ ചിമ്മു കഴിച്ചു...ചിമ്മു ഒരിക്കല്‍ പോലും മിണ്ടിയില്ല..അവള്‍ ഷോക്കിലാണ് എന്ന് തോന്നി..കാര്‍ട്ടൂണ്‍ കാണിക്കാന്‍ ശ്രമിച്ചപ്പോള്‍ മാത്രം അലെഖ്യയുടെ മുഖത്തേക്ക് ഒന്ന് നോക്കി അവളുടെ നെഞ്ചില്‍ ചേര്‍ന്ന് കിടന്നുറങ്ങി..രാത്രിയിലെപ്പോഴോ അച്ഛന്‍ വന്ന് അവരെ കൂട്ടി കൊണ്ട് പോയി..പിന്നെ മീരയും ചിമ്മുവും അലേഖ്യയുടെ ഓര്‍മകളില്‍ മാത്രം ബാക്കിയായി..
---------------------------------------------------------------------------------------------
വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു...

ഹൌസിംഗ് കോളനിയിലെ പാര്‍ക്കില്‍ ഊഞ്ഞാലാടുന്ന ഒരു പെണ്‍കുട്ടി..അവള്‍ ഊഞ്ഞാലിനോട് ദേഷ്യം തീര്‍ക്കുന്ന പോലെ തോന്നി.."ആട്ടി തരട്ടെ??" കുട്ടികളുടെ മുഖത്ത് സന്തോഷം വിരിയിക്കുന്ന ആ ചോദ്യവുമായി അലേഖ്യ അവള്‍ക്കടുത്തു ചെന്നു...അവള്‍ ദേഷ്യത്തോടെ നോക്കി ഊഞ്ഞാലില്‍ നിന്നിറങ്ങി ഒരു ബഞ്ചിലേക്ക് പോയിരുന്നു...അവിടെ പരിചിതയായ ഒരു സ്ത്രീ...മീര!!! മുറിച്ച മുടിയും പുതിയ വേഷ വിധാനവും കൊണ്ട് പെട്ടെന്ന് ആളെ മനസിലായില്ല..അടുത്ത് ചെന്നപ്പോള്‍ പിശുക്കി പിശുക്കി അവര്‍ സംസാരിച്ചു ...അവര്‍ പഠനം തുടരാന്‍ എത്തിയതാണ് എന്ന് മാത്രം മനസിലായി...
ലോകത്തോട്‌ മുഴുവന്‍ ദേഷ്യം നിറഞ്ഞ മുഖവുമായിരിക്കുന്ന ആ പെണ്‍കുട്ടി തന്റെ ചിമ്മുവാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അലേഖ്യയ്ക്ക് ഹൃദയം പിടഞ്ഞു.."അവള്‍ എന്നെന്നേക്കുമായി ചിരിക്കാന്‍ മറന്നു പോയിട്ടുണ്ടാവല്ലേ" എന്ന് മനസ്സില്‍ കരഞ്ഞു പ്രാര്‍തിച്ചു കൊണ്ട് അലേഖ്യ വീട്ടിലേക്ക് നടന്നു..

Sunday, 19 July 2015

"നീയില്ലയെങ്കില്‍ എനിക്കൊരു വീടില്ല
ഭൂമിയില്ലാകാശമില്ല...""

___________________________________


ഞാന്‍ ജനിച്ച് പാല് കുടിച്ച് തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടേ ഉള്ളൂ..എത്ര സുന്ദരമായ ലോകം, എത്ര മനോഹരമായ ആചാരങ്ങള്‍ എന്നൊക്കെ സന്തോഷിച്ചിരിക്കുമ്പോള്‍ പെട്ടെന്നൊരു ദിവസം അമ്മയ്ക്ക് എന്റെ പാല് കുടി നിര്‍ത്തിക്കണം..കാഞ്ഞിരം അരച്ച് പുരട്ടിയപ്പോള്‍ ഞാന്‍ നല്ല നീറ്റായി തുടച്ചു കളഞ്ഞ് മുല കുടിച്ചു..പഠിച്ച പണി പതിനെട്ടും നോക്കി അവസാനം എങ്ങനെയോ എന്നെ മുലക്കണ്ണില്‍ നിന്ന് വേര്‍പെടുത്തി; പണ്ട് ഗര്‍ഭപാത്രത്തില്‍ നിന്നും പിന്നെ പൊക്കിള്‍ക്കൊടിയില്‍ നിന്നും വേര്‍പെടുത്തിയ പോലെ..അനാദിയില്‍ നിന്നുള്ള അവസാനത്തെ സംരക്ഷണ കവചവും അങ്ങനെ എന്നെ വിട്ടു പോയി..

പിന്നെ പയ്യെ പയ്യെ അമ്മേടെ വയറു വീര്‍ത്തു വരാന്‍ തുടങ്ങി..എന്നെ എടുക്കാന്‍ വയ്യ, എടുത്തോണ്ട് നടക്കാന്‍ വയ്യ, ഒടുവില്‍ ആ വയറു പൊട്ടാറായപ്പോള്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടോയി..പിന്നെ കാണുമ്പോള്‍ അമ്മേടെ വയറൊക്കെ താണു...പക്ഷെ അടുത്ത് ഒരു ചെറിയ ബേബി കിടക്കുന്നു..
"എനിക്ക് അവിടെ കിടക്കണം" അമ്മേടെ അരികു ചൂണ്ടി ഞാന്‍ അമ്മൂമ്മയോട് പറഞ്ഞു... "മോള്‍ ഇന്ന് അമ്മൂമ്മേടെ കൂടെ കിടന്നാല്‍ മതി" അമ്മൂമ്മ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..
രാത്രി മുഴുവന്‍ നിര്‍ത്താതെ കരഞ്ഞിട്ട് ഒടുക്കം അമ്മേടെ കട്ടിലിന്റെ അടിയില്‍ പായ വിരിച്ച് അതില്‍ കിടക്കണമെന്ന് പറഞ്ഞു വാശി പിടിച്ചു നടപ്പിലാക്കി ഞാന്‍...എനിക്ക് ഇത്രേം വല്യ പണി തന്ന ആ ചെറിയ ബേബീനെ ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല എവ്ടെലും കൊണ്ട് പോയി കളഞ്ഞാലോന്നു വരെ തോന്നി..

പിറ്റേ ദിവസം അമ്മയെ കാണാന്‍ വന്ന ആരോ പറഞ്ഞു: "നിന്നെ ഇനി അമ്മയ്ക്ക് വേണ്ട..അമ്മയ്ക്ക് പുതിയ കുട്ടിയായി" എന്ന്..ആ മുതുക്കിയെ ബോംബ്‌ വെച്ച് പൊട്ടിക്കണമെന്ന് ചിന്തിക്കാന്‍ മാത്രമുള്ള പ്രായമില്ലാത്തത് കൊണ്ട് ഞാന്‍ അലറി കരഞ്ഞു...അച്ഛന്‍ എന്നെ എടുത്തു കൊണ്ട് ആശുപത്രിയില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു സമാധാനിപ്പിച്ചു...ആളുകള്‍ പുതിയ ബേബിക്ക് സാധനങ്ങള്‍ കൊണ്ട് വരുന്നത് എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല..വീട്ടില്‍ വന്നപ്പോള്‍ എന്നെ കുളിപ്പിച്ച് ഒരുക്കുമ്പോഴൊക്കെ എനിക്ക് ബേബീടെ കുഞ്ഞുടുപ്പ്‌ വേണം.."അത് നിനക്ക് പാകമാവില്ല" എന്ന് രണ്ടു വയസ്സുള്ള ഒരു കുട്ടിയോട് അമ്മയ്ക്ക് എങ്ങനെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റും..?? പിള്ളയുടുപ്പ് വലിച്ചു കയറ്റാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഞാന്‍ നടന്നു പോയി എവിടെ നിന്നോ ഒരു ചണമെടുത്ത് കൊണ്ട് വന്ന് ആ ഉടുപ്പില്‍ കെട്ടിയിട്ട് മറ്റേ അറ്റം എന്റെ ദേഹത്ത് കെട്ടി മുഴുവന്‍ കാളയായി നടന്നു..എപ്പോഴും ഇങ്ങനെ തുടരാന്‍ ഞാന്‍ ശ്രമിച്ചു..ബേബിയുടെ സാധനങ്ങളാണ് നല്ലത് എന്നായിരുന്നു എന്റെ ചിന്ത..അവന്‍ കുറച്ചു വലുതായപ്പോള്‍ അവന്റെ സൈക്കിളും എന്റെ സൈക്കിളും എക്സ്ചെയ്ഞ്ച് ചെയ്തു..അവന്‍ എന്റെ സൈക്കിളില്‍ ഇരുന്നു കാലെത്തിക്കാന്‍ പാട് പെടുമ്പോള്‍ ഞാന്‍ അവന്റെ സൈക്കളില്‍ ഇരുന്നു ഇഴഞ്ഞു ഓടിക്കാന്‍ കേണു പരിശ്രമിച്ചു..

ഒരു ദിവസം എന്റെ കണ്ണില്‍ എന്തോ കരടു പോയി.."കുഞ്ഞിന്റെ കണ്ണില്‍ കുറച്ചു മുലപ്പാലൊഴിക്കാന്‍" അമ്മൂമ്മ പറഞ്ഞു..അമ്മ വീണ്ടും എന്നെ എടുത്ത് മടിയില്‍ വച്ചു അമ്മിഞ്ഞ എനിക്ക് നേരെ നീട്ടി..കൊതിയോടെ ഞാന്‍ നോക്കുമ്പോള്‍ വായിലേക്കല്ല കണ്ണിലെക്കാണ് അമ്മ പിഴിഞ്ഞോഴിക്കുന്നത്..ഉടന്‍ ഞാന്‍ അടവ് പുറത്തെടുത്തു: "അയ്യോ അമ്മേ, എനിക്ക് പാല് കുടിക്കാന്‍ താ...ഞാന്‍ ചത്തു പോമേ...അയ്യോ.." അമ്മയ്ക്ക് സങ്കടം വന്നു...എനിക്ക് വീണ്ടും മുല തന്നു..അപ്പൊ എനിക്ക് വല്യ ടേസ്റ്റ്‌ ഒന്നും തോന്നുന്നില്ല..അയ്യേ ഇതെന്തു പറ്റി?? ഞാന്‍ ആ ശ്രമം പിന്നെ ഉപേക്ഷിച്ചു..പിന്നെ ലോകം തന്നെ മാറാന്‍ തുടങ്ങി..ഇപ്പൊ ആ ചെറിയ ബേബി വലുതായി വരുമ്പോള്‍ കാണാന്‍ ഒരു ചന്തമൊക്കെയുണ്ട്..വീട്ടില്‍ അമ്മ കുട്ടികള്‍ക്ക് മലയാളം ട്യൂഷന്‍ എടുക്കുകയാണ്.."ഇന്ദുലേഖ എഴുതിയതാര്??" അമ്മ ചോദിക്കുന്നു.. "ചന്തു മേനോന്‍" കുട്ടികള്‍ ഉത്തരം പറയുന്നു..അന്ന് മുതല്‍ ഞാന്‍ എന്റെ അനിയനെ ചന്തു എന്ന് വിളിച്ചു തുടങ്ങി..(അവന്റെ ഭാഗ്യം..വല്ല കീറ്റ്സിന്റെയോ ബര്‍ണാഡ് ഷായുടെയോ മറ്റോ പാഠ ഭാഗമായിരുന്നു അമ്മ പഠിപ്പിച്ചിരുന്നതെങ്കില്‍ ചെക്കന്റെ നിക്കറു കീറിയേനെ)...

പിന്നെ അവന്‍ കുറെ നാള്‍ എന്റെ അടിമയായിരുന്നു..ഞാനായിരുന്നു അവന്റെ റോള്‍ മോഡല്‍..സ്കൂളില്‍ മൂത്രമൊഴിക്കാന്‍ കൊണ്ട് പോകുന്നത്, അവന്റെ ഗുണ്ട് കഥകള്‍ കേള്‍ക്കുന്നത്,അവന്റെ മാക്രി പാട്ടുകള്‍ കേട്ട് പോലും അഭിമാന പൂരിതയായിരുന്നത് ഒക്കെ അവന്റെ ചേച്ചിയായ ഞാനായിരുന്നല്ലോ..
ഏകദേശം മൂന്നു വയസ്സ് മുതല്‍ അവന്‍ മനസ്സില്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്ത് അതില്‍ അഭിനയിച്ചായിരുന്നു ജീവിക്കുന്നത്..രാവിലെ അപ്പിയിടാന്‍ പറമ്പിലേക്കിറങ്ങി ബൈനോക്കുലറും തൂക്കി പക്ഷി നിരീക്ഷണം മറ്റൊരു പരിപാടിയായിരുന്നു..അവനു സ്കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴിയില്‍ വഴിയില്‍ നേരിടേണ്ടി വന്ന കടുവയുടെയും സിംഹത്തിന്റെയും കഥകള്‍ വേറെ..


എന്റെ അനിയന്‍!!!
കുട്ടികള്‍ക്കുള്ള കഥ പറച്ചില്‍ മത്സരത്തില്‍ അമ്മത്താറാവ് പറയുന്നത് അനുസരിക്കാത്ത കുഞ്ഞി താറാവുകള്‍ ആപത്തില്‍ പെടുന്ന കഥ പറയാന്‍ പോയിട്ട്, അനുസരണ കെട്ട കുഞ്ഞുങ്ങള്‍ അവസാനം ഒരു സ്വര്‍ഗത്തില്‍ എത്തി ചേരുന്നതും അവിടെ അറുമാദിക്കുന്നതുമായ ഒരു പുതിയ ക്ലൈമാക്സ് ഉണ്ടാക്കി പറഞ്ഞു തന്റെ റിബല്‍ സ്വഭാവം നാലാം വയസ്സില്‍ പുറത്തെടുത്തവനാണവന്‍...ഒരു ദിവസം "എന്നെ ശല്യം ചെയ്യരുതെന്ന്" ഞാന്‍ കടുപ്പിച്ച് പറഞ്ഞപ്പോള്‍ "ഞാന്‍ ചാവാണ്" എന്ന് ചോക്ക് കൊണ്ട് എഴുതി വെച്ച് അവന്‍ ഒരു പറമ്പില്‍ നിന്നും താഴേക്കുള്ള കുഴീലേക്ക് ചാടി എന്റെ കരളലിയിച്ചവനാണ്...ഞാന്‍ വയസ്സറിയിച്ചപ്പോള്‍ എനിക്ക് നിരവധി പലഹാരങ്ങളും സ്വര്‍ണാഭരണങ്ങളുമൊക്കെ കിട്ടുന്നത് കണ്ടു ആകെ കണ്ഫ്യൂഷനായി എന്നോട് കാര്യമന്വേഷിക്കുമ്പോള്‍ "പറയാതിനി വയ്യ, പറയാനും വയ്യ" എന്ന ദുര്‍ബല നിമിഷത്തില്‍ "ഞാന്‍ ഋതുമതിയായി" എന്നങ്ങോട്ടു വെച്ചു കാച്ചിയപ്പോള്‍ സന്തോഷത്തോടെ അമ്മെടടുത്ത് ചെന്ന് "അമ്മേ, ഞാനും ഋതുമതനായി" എന്ന് പറഞ്ഞവനാണ്‌...ഉറുമ്പുകള്‍ക്കുള്ള പാര്‍ക്കുണ്ടാകുമ്പോള്‍ അവാര്‍ഡ് നൈറ്റ് കളിക്കുമ്പോള്‍ ഒക്കെ ഞാനാണ് അവന്റെ സ്ഥിരം ഉത്ഘാടക..

ഒരു ദിവസം മതിലില്‍ ഇരുന്നു പഠിക്കുമ്പോള്‍ ഞാന്‍ നിരങ്ങി താഴേക്കു വീണ് എന്റെ കാല്‍ വണ്ണയില്‍ പൊട്ടിയ ട്യൂബ് കഷണങ്ങള്‍ കുത്തിക്കയറി..എന്നെ മുറിയില്‍ കൊണ്ട് പോയി കിടത്തി സകല ശുശ്രൂഷയും ചെയ്തു തന്നു ആരുമറിയാതെ നോക്കിയതും അവനായിരുന്നു..എന്റെ പത്തിലെ പരീക്ഷാ സമയത്ത് എനിക്ക് സ്വസ്ഥമായി ഇരുന്നു പഠിക്കാന്‍ വേണ്ടിയുള്ള ഒരു ഏര്‍പ്പാട് എന്ന ഉദ്ദേശത്തില്‍ അച്ഛന്‍ അവനെ ഓഫീസില്‍ കൊണ്ട് പോയി ഇരുത്തി ചെറിയ ജോലികള്‍ ചെയ്യിച്ച് പൈസ കൊടുക്കുമായിരുന്നു....ചെറുക്കന്‍ കിട്ടുന്ന പൈസ മുഴുവന്‍ കൂട്ടി വച്ച് ഒരു ലേഡീസ് സ്റ്റോറില്‍ പോയി "എന്റെ ചേച്ചിക്ക് എല്ലാ മേക്കപ്പ് സാധനവും വേണം" എന്ന് പറഞ്ഞ് അന്ന് വരെ കേട്ടിട്ടില്ലാത്ത മസ്കാര ഉള്‍പ്പടെ വാങ്ങി കൊണ്ട് തന്നു എന്നെ കരയിച്ചവനാണ്..തേങ്ങാ മുട്ടായി, തേന്‍ മുട്ടായി അങ്ങനെ എന്ത് വേണമെന്ന് പറഞ്ഞാലും ഡോര്‍ ഡെലിവറി ചെയ്യുന്ന ഒരു അനിയന്‍ വേറെ ആര്‍ക്കുണ്ടാവും..

ആ ചെറിയ ബേബി ജനിച്ചിട്ട് ദേ ഇപ്പൊ ഇരുപത്തി നാല് വര്‍ഷങ്ങള്‍ തികയുന്നു..ഈ പിറന്നാളിന് അവന്‍ ഞങ്ങളുടെ സ്വപ്നമായ സിനിമയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു..ഞാന്‍ കേട്ട തിരക്കഥകളൊക്കെ ഇനി തിരശീലയില്‍ കാണട്ടെ..ഞങ്ങള്‍ "എന്‍.ആര്‍.കെ'സ്" കണ്ട പഴയ സ്വപ്നങ്ങളൊക്കെ ഓരോരോ അറ്റത്ത് നിന്നായി പൊടി തട്ടിയെടുത്ത് യാഥാര്‍ത്യങ്ങളാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു..

അപ്പൊ, പ്ലങ്കാറേ, ഒരു കാര്യം പറയാനുണ്ട്...
"നീയില്ലയെങ്കില്‍ എനിക്കൊരു വീടില്ല
ഭൂമിയില്ലാകാശമില്ല..."

പിന്നെ, ഹാപ്പി ബര്‍ത്ത് ഡേ....ഞാന്‍ നിന്നെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു..
ജീവിതം മനോഹരമാണ്...
എങ്കിലും നമ്മള്‍ വളരേണ്ടിയിരുന്നില്ല അല്ലേ???

Saturday, 6 June 2015

ആധുനികകാല കവിത, മധ്യകാല കവിത എന്നൊന്നും എന്നോട് പറഞ്ഞേക്കല്ല്...ചെലപ്പം ഞാനൊരു രക്ത രക്ഷസ് ആയി മാറിയേക്കാം..അച്ഛന്‍ പുസ്തക പ്രസാധകനായത് കൊണ്ട് വീട്ടില്‍ പുസ്തകങ്ങള്‍ക്ക് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല..അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ഞാന്‍ എം.മുകുന്ദനെ വായിച്ചു തുടങ്ങി...അന്നത്തെ ഹിറ്റ് കേശവന്റെ വിലാപങ്ങളില്‍ തുടങ്ങിയതാണ്‌..പിന്നെ മുകുന്ദനെ പരിചയപ്പെട്ടു..ഒരു കൊച്ചു കുട്ടി തന്റെ പുസ്തകം വായിക്കുന്നുവെന്നോ എന്ന് അദ്ദേഹം അത്ഭുതം കൂറി..മുകുന്ദാ എന്ന് പേര് വിളിച്ചതിനു അമ്മ വഴക്കു പറഞ്ഞുവെങ്കിലും എനിക്ക് മുകുന്ദനെ വല്ലാതെ ഇഷ്ടായി.. മുകുന്ദനെ പിന്നെ മുകുന്ദാ എന്നല്ലാതെ എന്താ വിളിക്കുക?? ഞാന്‍ മുകുന്ദന്‍ ഫാനായി...

മൊയ് ചങ്ക് ഡാഡ് ആന്‍ഡ് മോം മകള്‍ ബുദ്ധിജീവി ആയിക്കൊണ്ടിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കുന്ന സമയം...ശിവകാശിയിലെ ഓഫീസില്‍ പോയി വരുമ്പോള്‍ അച്ഛന്‍ സ്ഥിരം കുറേ സ്വീട്സ് വാങ്ങി കൊണ്ട് വരും..അത് കഴിക്കുക പുസ്തകം വായിക്കുക, അല്ലെങ്കില്‍ പുസ്തകം വായിക്കുക അത് കഴിക്കുക..ഇനി സ്വീട്സ് തീര്‍ന്നാല്‍ ശര്‍ക്കര...അങ്ങനെ മാധവിക്കുട്ടി, ബഷീര്‍ സമ്പൂര്‍ണ്ണ കൃതികളൊക്കെ ഒരുവിധം വായിച്ച് തീരാറായി...

അങ്ങനെ പോകെ പോകെ പ്രതീക്ഷയ്ക്കു വിപരീതമായി ഞാന്‍ ഒരു അത്യാവശ്യം പൈങ്കിളിയായി രൂപപ്പെട്ടു വന്നു..അമ്മൂമ്മമാര്‍ക്കൊപ്പം സീരിയല്‍ കാണല്‍, പകല്‍ സ്വപ്‌നങ്ങള്‍, വായിയ്ക്കുന്നതൊക്കെ ക്ലാസ് ഇന്റെര്‍വല്ലിനു കൂട്ടുകാരോട് അവതരിപ്പിച്ചു കാണിക്കല്‍, സിനിമ, അനിയന്റെ ഭാവി സിനിമാ പദ്ധതികളെ പറ്റി അവന്‍ വാ തോരാതെ സംസാരിക്കുമ്പോള്‍ എന്നെ അതിലെ നായികയാക്കുമോ എന്ന കെഞ്ചല്‍, കിണറ്റു വക്കിലിരുന്നു മാധ്യമ പ്രവര്ത്തകരോടുള്ള സാങ്കല്‍പ്പിക ഇന്റര്‍വ്യൂ (ഞാന്‍ മിന്നിത്തിളങ്ങുന്ന ഒരു സിനിമാ താരമാണ്)..

അങ്ങനെ ജീവിച്ചു പോകെ അശനിപാതം പോലെ ആ രണ്ടു പുസ്തകങ്ങള്‍ അച്ഛന്‍ കൊണ്ട് വന്നു..ആധുനികകാല കവിത, മധ്യകാല കവിത കംപൈലേഷന്‍സ്...
ഒന്നാമത് എനിക്ക് ആധുനിക കവിതകള്‍ വായിക്കുന്നത് ഇഷ്ടമല്ല..രണ്ടാമത് അതിലെ ഒരു കവിയേയും എനിക്ക് അറിയില്ല..

"നീ കവിത എഴുത്ത് മാത്രമേ ഉള്ളൂ...അത് ശരിയല്ല...ധാരാളം കവിത വായിക്കണം.." അച്ഛന്റെ ഉപദേശം..

അന്ന് ഇന്നത് ഇഷ്ടമാണ് ഇന്നത് ഇഷ്ടമല്ല എന്നൊന്നും പറയാത്ത പാവം കുട്ടിയായിരുന്നു ഞാന്‍..എങ്കിലും പറഞ്ഞു "ഞാന്‍ നോവലൊക്കെ വായിക്കുന്നുണ്ട്"...

"നീ ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുണ്ടോ??" അച്ഛന്‍ വിടുന്ന മട്ടില്ല..

"അതിവിടെ ഇല്ലല്ലോ" എന്ന് ഞാന്‍...

"ഇവിടെ ധര്‍മപുരാണം ഇരിപ്പില്ലേ...അത് വായിച്ചോ??ഖസാക്ക് വേണമെന്ന് പറഞ്ഞിരുന്നേല്‍ ഞാന്‍ അപ്പൊ വാങ്ങി തന്നേനെ...ഈയിടെ ആയിട്ട് കുക്കു ഏതോ സ്വപ്നലോകത്താ ജീവിക്കുന്നെ...
നിനക്ക് ഓ.വി.വിജയനെ നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്...അദ്ദേഹത്തിന്റെ വീട്ടില്‍ നമ്മള്‍ പോയി താമസിച്ചിട്ടുണ്ട്..ഉഷയാന്റിയുടെ ബ്രദര്‍, ഓര്‍മയില്ലേ??...നിന്റെ പ്രായത്തിലുള്ള ഏതു കുട്ടിക്ക് ഈ ഭാഗ്യമുണ്ടാകും??" അച്ഛന്‍ മുഖം വീര്‍പ്പിച്ചു പോയി...

"ധര്‍മ പുരാണം ...ആ തീട്ട നോവല്‍..ഹും.." ഞാന്‍ മനസ്സില്‍ പറഞ്ഞു...എന്തോ നല്ല ഭക്ഷണവും കയ്യിലെടുത്താണ് അത് വായിക്കാന്‍ തുടങ്ങിയത്..."തൂറാന്‍ മുട്ടി" എന്ന, അന്ന് വരെയുള്ള എന്റെ ജീവിതത്തിലെ ഏറ്റവും അശ്ലീലമായ പദം കാരണം വായനയും കഴിപ്പും നിര്‍ത്തി അന്ന് ഉപേക്ഷിച്ചതാണ് ഓ.വി.വിജയനെ...(മുകുന്ദന്റെ അശ്ലീലങ്ങള്‍ മനസ്സിലാകാനുള്ള പ്രായമായിട്ടില്ലായിരുന്നു അന്ന്)...അച്ഛനു ഇങ്ങനൊക്കെ പറയാന്‍ നാണമില്ലല്ലോ..ചിറ്റൂരെ വീട്ടില്‍ കണ്ട മെലിഞ്ഞ, ആരോടും മിണ്ടാത്ത ആളാണോ ഇത് എഴുതിയത്??ഏയ്‌, ആവില്ല..ഞാന്‍ ആശ്വസിച്ചു.. മാത്രമല്ല സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് ഖസാക്ക് എടുത്ത് വായിച്ച് ഇഷ്ടപ്പെടാതെ നിര്‍ത്തിയ വിവരം ഞാന്‍ പരമ രഹസ്യമാക്കി വച്ചു..

അന്ന് തുടങ്ങിയതാണ്‌ എന്റെ തലവേദന...ചന്തുവുമായി അടികൂടിയാല്‍, പഠിക്കാതെ ഇരുന്നാല്‍, രാവിലെ എണീക്കാതെ ഇരുന്നാല്‍ അങ്ങനെ എന്തിനും ഏതിനും അച്ഛന്‍ റിയാക്റ്റ്‌ ചെയ്യുന്നത് ഇങ്ങനെയായിരുന്നു.. "നിനക്ക് നാണമില്ലേ കുക്കൂ???എപ്പോഴും കുട്ടിക്കളി..എന്തിന്, ഞാന്‍ കൊണ്ട് തന്ന ആധുനികകാല കവിതയും, മധ്യകാല കവിതയും നീ ഇതുവരെ തൊട്ടു നോക്കിയില്ല..പത്രമെങ്കിലും വായിച്ചൂടെ??"

"ഞാന്‍ പത്രം വായിക്കാറുണ്ട്", അപമാനിതയായി ഞാന്‍ പറഞ്ഞു..

"എന്നാല്‍ പറയ്‌ കേരള നിയമസഭയില്‍ എത്ര അംഗങ്ങളുണ്ട്??"

ഞാന്‍ വീണ്ടും അപമാനിതയായി തല താഴ്ത്തും..

അച്ഛന്‍ വിടുന്ന മട്ടില്ല, "കാവ്യാ മാധവന്റെ ആദ്യത്തെ സിനിമ ഏതാണ്??"

ഞാന്‍ പെട്ടെന്ന് സന്തോഷത്തോടെ, "ചന്ദ്രനുദിക്കുന്ന ദിക്കില്‍..പണ്ട് അഴകിയ രാവണനില്‍ അഭിനയിച്ചിട്ടുണ്ട്" എന്ന് നിഷ്കളങ്കമായി പറയും..

അച്ഛന്‍ ജ്വലിക്കും.."അതേ, നിനക്ക് കണ്ട സിനിമാക്കാര്യങ്ങള്‍ മുഴുവന്‍ അറിയാം..GKയും ഇല്ല, അതിലൊന്നും ഒട്ടു താത്പര്യവുമില്ല.."

സങ്കടത്തോടെ, ആധുനിക മധ്യകാല ഡാഷ്കളെ ശപിച്ചു കൊണ്ട് ഞാന്‍ പുസ്തക അലമാരിക്ക് നേരെ നീങ്ങും..

അങ്ങനെയിരിക്കെ അമ്മൂമ്മയുടെ കാഴ്ച മങ്ങുന്നത് കൊണ്ടും, ടി.വി.സീരിയല്‍ കാണുന്നത് കുറയ്ക്കാനും വേണ്ടി അച്ചന്‍ മനോരമ വീക്കിലി വാങ്ങിച്ചു കൊണ്ട് വരാന്‍ തുടങ്ങി..ഞാന്‍ അതില്‍ തൊടാന്‍ പാടില്ലെന്ന് അമ്മ ശഠിച്ചു..പിന്നെ പിന്നെ, ഫലിത ബിന്ദുക്കളും നടിമാരുടെ അഭിമുഖങ്ങളും വായിക്കാന്‍ അനുവദിച്ചു..ആധുനിക-മധ്യകാല കവിതകള്‍ എന്റെ ജീവിതത്തെ നശിപ്പിച്ച പ്രതികാരത്തില്‍ ഞാന്‍ ഒളിച്ചൊരു നോവല്‍ വായിക്കാന്‍ തുടങ്ങി..അച്ചനുംഅമ്മയും അറിയാതെ ചെയ്യുന്ന ആദ്യത്തെ കാര്യമാണ്...പാപബോധം എന്നെ വേട്ടയാടി..അന്ന് വായിച്ചത് കുട്ടിയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ദമ്പതികളെ കുറിച്ചുള്ള ഒരു നോവലാണ്‌..എന്ത് രസം...എത്ര സിമ്പിള്‍...ആന്റിയ്ക്ക് കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് ഓരോ വരിയും വേദനിച്ചാണ് ഞാന്‍ വായിച്ചത്..

അങ്ങനെ ആധുനികകാല-മധ്യകാല കവിതാ പുസ്തകങ്ങള്‍ക്കിടയില്‍ മനോരമ മടക്കി വച്ച് ഞാന്‍ ആസ്വദിച്ചു വായിച്ചു..അച്ഛനും അമ്മയും മകള്‍ക്ക് പക്വതയായല്ലോ എന്ന് സമാധാനിച്ചു.. അങ്ങനെ വായന ജോയ്സിയിലേക്കും മംഗളോദയത്തിലേക്കുമൊക്കെ നീണ്ടു...ഒരിക്കല്‍ മീസില്‍സ് പിടിച്ച് ആശുപത്രിയില്‍ അഡ്മിറ്റായ എന്നെ കാണാന്‍ കുറെ തദ്ദേശവാസികളായ കവികള്‍ വന്നു..ഇവിടേം സമാധാനം തരത്തില്ലല്ലോ ഇവന്മാര്‍ എന്നോര്‍ത്ത് ഞാന്‍ അരമണിക്കൂര്‍ ബോധക്ഷയം അഭിനയിച്ചു..പാവയെ വാങ്ങാന്‍ പോയ എന്നോട് "കവയത്രി പാവെ വാങ്ങാന്‍ നിക്കുന്നോ, ഹൂ ഹൂ" എന്ന് സലിം കുമാര്‍ സ്റ്റൈലില്‍ പറഞ്ഞു വെറുപ്പിച്ച വേറൊരു ഊശാന്‍ താടി "ഇപ്പൊ എന്താ എഴുതാറ്?" എന്ന് ചോദിച്ചപ്പോള്‍ "കണ്ണ്" എന്ന് പറയാനുള്ള ആര്‍ജവം കാണിച്ചു...

മുതിര്‍ന്നപ്പോള്‍ അച്ഛന്റെം അമ്മേടേം മുന്നില്‍ വച്ച് ആധികാരികമായി മനോരമ വായിച്ച് തുടങ്ങി.."എനിക്ക് പൈങ്കിളി ഇഷ്ടാണ്, ബികോസ് അയാമെ പൈങ്കിളി" എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു..വെറുത്ത് വെറുത്ത് വലുതാകും തോറും കവിതകളെ സ്നേഹിച്ചു തുടങ്ങി..കവിതാ പുസ്തകങ്ങള്‍ വാങ്ങാന്‍ ഡല്‍ഹിയിലെ പുസ്തക മേളകളില്‍ പോയി തുടങ്ങി..കേരള വര്‍മ്മയിലെ ഒരു ക്യാമ്പില്‍ വച്ച് ചുള്ളിക്കാടിനെ പരിചയപ്പെട്ടത് പറയാന്‍ ഓടിയെത്തുമ്പോഴേക്കും അച്ഛനെ ക്യാന്‍സര്‍ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരുന്നു..."ഞാന്‍ പുതിയ ഒരു കവിത എഴുതി അമ്മേ, അച്ഛനൊന്നു ഫോണ്‍ കൊടുക്കാമോ?? അല്ലേല്‍ അമ്മ ഒന്ന് കേള്‍ക്കാമോ??" എന്ന് ചോദിക്കുമ്പോള്‍ "അച്ഛനു സംസാരിക്കാന്‍ വയ്യ, ഞാന്‍ പിന്നെ വിളിക്കാം" എന്ന് കേട്ട് തുടങ്ങി..

ജീവനോടെ അവസാനമായി അച്ഛനെ കാണുന്നത് എസ്.യു.ടി.യില്‍ നിന്ന് രാവിലത്തെ ട്രയിന് കോഴിക്കോട്ടേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ്..ഞാന്‍ ആനന്ദധാര ചൊല്ലി..അച്ഛന്‍ തന്ന ഉമ്മക്കൊപ്പം മുഖത്ത് പറ്റിയ മരുന്ന് തുടച്ചു കളഞ്ഞ് ഞാനിറങ്ങിയപ്പോള്‍ അതെനിക്ക് ഈ ജന്മത്തില്‍ കിട്ടാന്‍ പോകുന്ന അവസാന പിതൃ ചുംബനമായിരുന്നെന്നു അറിയില്ലായിരുന്നു.."എന്റെ മോളൊരു ജീനിയസ്സാണ്" എന്ന് അബോധാവസ്ഥയില്‍ പറഞ്ഞ് മറഞ്ഞു പോയി അച്ഛന്‍...
പിന്നെ എന്റെ കവിതകള്‍ കേള്‍ക്കാന്‍ ആരും ഉണ്ടായിട്ടില്ല..ഞാന്‍ വായിച്ച പുസ്തകങ്ങളെ പറ്റി പറയാന്‍, എന്നോട് ഇന്നത് വായിക്കൂ എന്ന് ആജ്ഞാപിക്കുമ്പോള്‍ കിണ്ങ്ങാന്‍ ഇന്നൊരു വലിയ ശൂന്യതയാണ് മുന്നിലുള്ളത്..
ആ ആധുനികകാല മധ്യകാല കവിതാ പുസ്തകങ്ങള്‍ അമ്മ ആര്‍ക്കോ എടുത്തു കൊടുത്തു...ഹോം ലൈബ്രറി ശൂന്യമായി..ഞാന്‍ എന്റെ ഗവേഷണ വായനയിലേക്ക് ചുരുങ്ങി..
"കാലമിനിയുമുരുളും, വിഷു വരും വര്ഷം വരും തിരുവോണം വരും, പിന്നെയോരോ തളിരിലും പൂവരും കായ് വരും...അപ്പോള്‍ ആരെന്നുമെന്തെന്നുമാര്‍ക്കറിയാം..."

Friday, 22 May 2015

ഉത്തമ കാമുകനും ഉത്തമ ഭാര്യയും
 നമ്മുടെ ഇന്ത്യന്‍ സിനിമയില്‍ പ്രത്യേകിച്ച് മലയാള സിനിമയില്‍ വളരെ കാലമായി വിവേചനം നേരിടുന്ന രണ്ടു കൂട്ടരാണിവര്‍..അതായത് ഉത്തമാ, ഉത്തമ കാമുകന്‍ എന്ന് പറഞ്ഞാല്‍ അവന്‍ നായികയുടെ ആട്ടും തുപ്പുമേറ്റ് അവള്‍ക്കു പുറകെ അലയണം..അവളെ പ്രേമം സമ്മതിപ്പിക്കാന്‍ എന്ത് കടും കൈ ചെയ്യാനും തയാറാവണം..നാണം കെടണം , എല്ലാ സൌഭാഗ്യങ്ങളും വലിച്ചെറിയണം, മരണത്തെ വരെ വിരിമാറു നീട്ടി ഏറ്റു വാങ്ങാന്‍ ശ്രമിക്കണം (ശ്രമിച്ചാല്‍ മതി, ഓവറാക്കി മരിക്കാന്‍ നില്‍ക്കരുത്)...തമിഴ് സിനിമയിലാണേല്‍ കാമുകന്മാരുടെ സെല്‍ഫ് റെസ്പെക്ടിനെയൊക്കെ നിലത്തിട്ട് ചവുട്ടി അരച്ചാണ് നായികയുടെ ഹൃദയം (നമ്മുടെയും) കവരിപ്പിക്കുക (അല്ല പിന്നെ!!! അതിനൊക്കെ പറ്റിയ ഒരു വാക്ക് വേണ്ടേ??)...ചില സിനിമയില്‍ (പ്രത്യേകിച്ച് തെലുങ്ക്) നായകനെ അവസാനം 'നായികയെ കല്യാണം കഴിച്ചിട്ടും പ്രയോജനമൊന്നുമില്ല' എന്ന അവസ്ഥയിലാക്കി അടിച്ച് പരിപ്പിളക്കാറുണ്ട് നായികയുടെ അച്ചന്‍ അല്ലേല്‍ വേറെ വല്ല വില്ലന്മാരും..മലയാളത്തില്‍ ദിലീപിനൊക്കെ ഈ ഭാഗ്യം കിട്ടിയിട്ടുണ്ട്..എന്റെ പൊന്നോ, എന്തൊരു വിധിയാണിവരുടെത്..വേറൊന്നും അല്ല, കാമുകി ദുഷ്ടയായിട്ടും അല്ല..നമ്മുടെ മനസ്സലിയണമെങ്കില്‍ അതൊക്കെ വേണം..കാമുകി അങ്ങനെ എളുപ്പത്തില്‍ വളയുന്നവളല്ല എന്ന് തെളിയിക്കപ്പെടണം..അന്യ പുരുഷന്മാരെ തെറി വിളിക്കണം നമ്മുടെ ആര്‍ഷ ഭാരത ചാരിത്ര്യവതികള്‍..അതവരുടെ സ്വഭാവ മഹിമക്ക് ബോണസാണ്..


ഇനി വിവാഹ ജീവിതം കാണിക്കുന്ന സിനിമയാണെന്ന് വയ്ക്കുക...അപ്പൊ പ്ലേറ്റ് അപ്പാടെ തിരിയും..ഇനി നായികയുടെ ഊഴമാണ്...അവള്‍ ഉത്തമ ഭാര്യയും നായകന് കൂടെ ജീവിക്കാന്‍ പറ്റിയവളുമാണെന്നു ബോധ്യപ്പെട്ട് നമ്മള്‍ സര്‍ടിപ്രിക്കറ്റ് കൊടുക്കാന്‍ എന്തൊക്കെ ചെയ്‌താല്‍ മതിയാവും?? (പ്രിയമാന തോഴിയൊക്കെ കണ്ടിട്ട് ചത്താ മതീന്ന് തോന്നീട്ടുണ്ട്)...അവള്‍ അച്ചനും അമ്മയും സ്വത്തും സുഖ സൌകര്യങ്ങളും ഇഷ്ടങ്ങളും എല്ലാം ഭര്‍ത്താവിനു വേണ്ടി ത്യജിച്ചാലേ ഒരു "ഇത്" ഒള്ളൂ..പിന്നെ ഫര്ത്താവിനു വേണ്ടി മരിക്കാനും അവസാനം "ഈ താലി പീലി" എന്നൊക്കെ പറഞ്ഞ് നമ്മളെ മോറല്‍ സയന്‍സ് പഠിപ്പിക്കാനും അവള്‍ തന്നെ വേണം..സിനിമയില്‍ പോലും ഒരു ഉത്തമ ഭാര്യയാവാന്‍ എന്തൊരു കഷ്ടമാണെന്നെ..

ഈ കാമുക/ഭര്‍തൃ വ്യതാസത്തിനു ഒരു ചെറിയ ഉദാഹരണം പറയാം..അലൈ പായുതേയില്‍ വിവാഹ ശേഷം ശാലിനിയുടെ അച്ചനു അസുഖമാണെന്ന് അറിയുമ്പോള്‍ കൂടെ പോകാന്‍ മാധവന്‍ വിസമ്മതിക്കുന്ന ഒരു സീനുണ്ട്.."എന്നെ അന്ന് നാണം കെടുത്തി വിട്ട മനുഷ്യന്റെ അടുത്തേക്ക് ഞാന്‍ വരില്ല" എന്ന് മാധവന്‍ പറയുന്നുണ്ട്..അതേ മണി രത്നത്തിന്റെ അതേ ഫ്ലേവര്‍ സിനിമയായ ഓക്കേ കണ്മണിയില്‍ നായികയുടെ അമ്മ രണ്ടു ദിവസം ദുല്‍ക്കറിനെ ജയിലിട്ടിട്ടും എത്ര നന്നായി ആണ് ദുല്‍ക്കര്‍ അതിനെ കൈകാര്യം ചെയ്യുന്നത്...അത് നിത്യ അറിയേണ്ട എന്ന് പോലും അവന്‍ വിചാരിക്കുന്നു..കാരണം അവര്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആല്ല; ദുല്‍ക്കറിനു നല്ല കാമുകനായെ പറ്റൂ..


അത് പോലെയാണ് ഒരാളെ സ്നേഹത്തിന്റെ വില മനസ്സിലാക്കി കൊടുപ്പിക്കുന്നത് എപ്പോഴും പുരുഷനിലൂടെയാകുന്നത്...അത് സ്ത്രീയെ താഴ്ത്തിക്കെട്ടുകയല്ല, പകരം സ്ത്രീയുടെ സ്നേഹം ഒരു ഫിക്സെഡ് ഡെപ്പോസിറ്റ് ആണെന്നും പുരുഷന്റെ സ്നേഹം എപ്പോ വേണേലും മാറി മറിയാമെന്നും എന്നിട്ടും അങ്ങനെ സ്നേഹം നഷ്ടപ്പെട്ടു വിട്ടു പോകാത്ത പുരുഷന്മാരുണ്ടെന്നു കാണിക്കുകയും ചെയ്യുമ്പോള്‍ ശുഭം, ആരുടേയും കരളലിയും..ഭാര്യ വണ്ടിയോടിച്ച് ആക്സിടന്റ്റ് ഉണ്ടാക്കിയത് ഏറ്റെടുക്കുന്ന ഭര്‍ത്താവും (അലൈ പായുതേ), മറവി രോഗം ബാധിച്ച് ബുദ്ധിമുട്ടുകളുണ്ടാക്കുന്ന ഭാര്യയെ അതീവ കരുതലോടെ പരിചരിക്കുകയും വീട്ടുകാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഭര്‍ത്താവും (ഓക്കേ കണ്മണി) മറ്റു രണ്ടു പേര്‍ക്ക് വിവാഹ ജീവിതത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുകയാണ്.. (ഇതിലും മോശമായ അവസ്ഥയിലെ ഒരു മറവി രോഗിയായിരുന്നല്ലോ തന്മാത്രയിലെ മോഹന്‍ലാല്‍...അയാളുടെ ഭാര്യയുടെ പരിചരണത്തെ അതില്‍ മഹത്വവല്ക്കരിക്കുകയോ ഭാര്യയുടെ അവസ്ഥ എംഫസൈസ് ചെയ്ത് കാണിക്കുകയോ ചെയ്തിട്ടില്ല...കാരണം, അത് ഏതൊരു ഭാര്യയും ചെയ്യേണ്ട സാധാരണ കടമയാണ്..)
ഇതിനു മറ്റൊരു വശം കൂടി ഉണ്ട്..നമ്മുടെ നാട്ടില്‍ ഭാര്യക്ക് അസുഖമായി ഭര്‍ത്താവ് പരിചരിക്കുമ്പോള്‍ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്, "അവനെ പോലെ ഒരാണും ചെയ്യില്ല..വേറെ വല്ലോരുമായിരുന്നെങ്കില്‍ ഇട്ടിട്ടു പോയേനെ.." എന്ന്..എത്ര നിസാരവല്‍ക്കരിച്ചാണ് ആളുകള്‍ ഒരു പുരുഷന്റെ സ്നേഹത്തെയുംബന്ധങ്ങളേയും കാണുന്നത്!!! സ്ത്രീ ശരീരം ലൈംഗികതക്കോ മറ്റു പരിച്ചരണങ്ങള്‍ക്കോ വീട്ടുജോലികള്‍ക്കോ വഴങ്ങാത്ത ഒരു അവസ്ഥ വരുമ്പോള്‍ അവളെ പരിചരിക്കുന്ന ഭര്‍ത്താവ് എന്നത് അത്രയേറെ ത്യാഗ മനോഭാവം വേണ്ട ഒരു പ്രവര്‍ത്തിയാണ് എന്നാണു അതിന്റെ സാരം..അതെ സമയം ശരീരം തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനെ പരിചരിക്കുകയും കുട്ടികളെ വളര്‍ത്തുകയും വീട്ടുകാര്യവും പുറത്ത് പോയി പണിയെടുത്ത് സാമ്പത്തിക കാര്യവും നോക്കുന്ന ഒരു ഭാര്യ നമുക്ക് ഒരു അത്ഭുതമല്ല..അത് അവളുടെ കടമ; കൂടി പോയാല്‍ അവള്‍ക്ക് കഷ്ടപാടാണ് എന്ന് നമ്മള്‍ സഹതപിക്കും, അത്രമാത്രം!!! ഒന്നുമില്ലേലും അയാള്‍ ജീവനോടെ ഉണ്ടല്ലോ, അവള്‍ സുമംഗലിയാണല്ലോ എന്ന് സമാധാനിക്കും..അങ്ങനെയുള്ള അത്രമാത്രം സ്ത്രീകള്‍ നമ്മുടെ ചുറ്റുമുണ്ട്..


ഇതിനിടേല്‍ സ്ഥിരം കാണപ്പെടുന്ന മറ്റൊരു അവശ വിഭാഗമാണ്‌ എപ്പോഴും ത്യാഗം സഹിക്കേണ്ടി വരുന്ന ചില ഹാഫ് (വണ്‍ വേ) കാമുകി കഥാപാത്രങ്ങള്‍..ഒന്നുകില്‍ വില്ലത്തി, അല്ലേല്‍ ഒരു ഓവര്‍ പെണ്ണ്..അവള്‍ ഏകദേശം ക്ലൈമാക്സിനോടടുപ്പിച്ച് ത്യാഗം സഹിക്കാന്‍ തയാറാവും...നായികയ്ക്കോ നായകനോ പകരം മരണം ഏറ്റു വാങ്ങിയിട്ടോ ചിലപ്പോള്‍ നായകന്‍റെ ഒരു കോട്ടോ അണ്ടര്‍വെയറോ കൊണ്ട് ശിഷ്ടകാലം കഴിച്ചോ അവള്‍ ഒതുങ്ങിക്കോളും.. ഇനി അത് ഹാഫ് 'കാമുക'നാണെകില്‍ അത്രേം സഹിക്കേണ്ടി വരില്ല, അങ്ങേര്‍ക്ക് ക്ലൈമാക്സിനുള്ളില്‍ ഒരു പുതിയ പ്രേമം ഉണ്ടാകും..അങ്ങനെ നായകനും നായികയും കല്യാണം കഴിച്ച ആശ്വാസത്തില്‍, അല്ലെങ്കില്‍ അവരുടെ ബന്ധം അരക്കിട്ടുറപ്പിച്ച ആശ്വാസത്തില്‍ നമ്മള്‍ പ്രേക്ഷകര്‍ കൃതാര്‍ത്ഥരാകും..


അപ്പോള്‍ മുകളില്‍ പറഞ്ഞ വിവേചനം അനുഭവിക്കുന കഥാപാത്രങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നീതി ലഭിക്കുമാറാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു..

Saturday, 25 April 2015

പി.എസ്: ഐ ലവ് യു


പി.എസ്: ഐ ലവ് യു എന്ന ബുക്കിനെ കുറിച്ചോ സിനിമയെ കുറിച്ചോ അല്ല ഈ കഥ… ഇതിലെ പി.എസ്. എന്നത് പ്രിഥ്വിരാജ് സുകുമാരന്‍ ആണ്.. അതന്നെ, നമ്മുടെ സുകുമാരന്‍ അങ്കിളിന്റെ മോന്‍ പ്രിഥ്വിരാജ് തന്നെ...

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല..ഞാനും അനിയനും പണ്ട് മുതലേ ഭയങ്കര പ്രിഥ്വിരാജ് ഫാന്‍സ് ആണ്...ഫാന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു സിനിമ പോലും മിസ്സ്‌ ആക്കില്ല...അനിയനാണെങ്കില്‍ റിലീസ് ദിവസം തന്നെ കണ്ടിരിക്കും...അപ്പൊ ശരി പത്താം ക്ലാസില്‍ നിന്ന് തുടങ്ങാം..

സ്പൂഫ് ടെന്‍ത്


അനിയന്റെ സുഹൃത്തായിരുന്നു സനീഷ് (പേര് സാങ്കല്‍പ്പികം)...അവന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നാല്‍ പിന്നെ അവന്റെ പുളുവടി കേട്ട് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാവും നമ്മള്‍...ചെറിയ ഉദാഹരണങ്ങള്‍: എന്റെ അച്ചന്‍ മോഹന്‍ലാലിന്റെ കൂടെ പഠിച്ചതാ..അമ്മയുടെ കുഞ്ഞമ്മയുടെ ചേച്ചീടെ മൂത്തമ്മയുടെ മകളാണ് സംയുക്താ വര്‍മ..
ഒരു ദിവസം രണ്ടും കല്‍പ്പിച്ച് ഞങ്ങള്‍ അച്ചമ്മക്കൊപ്പം ഒരു സ്പൂഫ് പ്ലാന്‍ ചെയ്തു...
ആയിടക്ക് എന്റെ അനിയന്‍ ഒരു സിനിമയില്‍ ബാലതാരമായി അഭിനയിച്ചിരുന്നു..അവന്റെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞ്‌ ആ സംവിധായകന് ആ സിനിമ പിന്നീട് പൂര്‍ത്തിയാക്കാന്‍ പോലുമായില്ല എന്നതാണ് സത്യം...അതെന്തോ ആവട്ടെ...അന്ന് പ്രിഥ്വിരാജ് ഒരു താരമായി വളര്‍ന്നു വരികയാണ്..അപ്പോള്‍ സനീഷ് വീട്ടില്‍ വന്ന ഒരു ദിവസം..

അനിയന്‍: വെള്ളിത്തിര കാണാന്‍ പോവണ്ടേ..
സനീഷ്: ഏയ്‌ കൊള്ളൂല്ല എന്നാ കേട്ടത്..
അനിയന്‍: അതിലൊന്നും കാര്യമില്ല..
ഞാന്‍: എടാ, രാജുവേട്ടന്റെ സിനിമ ആണേല്‍ എന്നേം കൊണ്ട് പോണം, കേട്ടോ..
(സനീഷ് എന്നെ നോക്കുന്നു)
ഞാന്‍: അമ്മൂമ്മേ, വരുന്നോ സിനിമ കാണാന്‍??
അച്ചമ്മ: ഏത് സിനിമ??
ഞാന്‍: തു സിനിമ എന്നറിഞ്ഞാലേ വരുള്ളൂ?? രാജുവേട്ടന്റെ സിനിമയാ..
അച്ചമ്മ: ഓ, രാജു മോന്റെയാണോ...നമുക്ക് പോകാം..
(അത്ഭുത പരതന്ത്രനായി സനീഷ് ഞങ്ങളെ മാറി മാറി നോക്കുന്നു)
അനിയന്‍: ങ്ഹാ, എടാ രാജുവേട്ടന്‍ ഞങ്ങളുടെ സെക്കന്റ് കസിനാ..സുകുമാരന്‍ അങ്കിളിന്റെ മോന്‍..
സനീഷ്: ഏയ്‌...(സംശയം!!!)...ആണോ?? ശരിക്കും??
അനിയന്‍: രാജുവേട്ടന്‍ പറഞ്ഞിട്ടാ ഞാന്‍ സിനിമയില്‍ അഭിനയിച്ചേ..
സനീഷ്: എടാ, എനിക്കൊരു ഓട്ടോ ഗ്രാഫ് കിട്ടുമോ??

സ്പൂഫ് ട്വല്‍ത്ത്


അന്ന് ഞാനും കസിനും തിരുവനന്തപുരത്ത് അമ്മമ്മക്കൊപ്പമാണ് താമസം.. (പ്രേമലേഖനം ഓര്‍മയില്ലേ??)..ഒരു ദിവസം ക്ലാസ് കഴിഞ്ഞു ഞങ്ങള്‍ തിരുവനന്തപുരത്തൂടി കറങ്ങുകയാണ്..എന്നെ സംബന്ധിച്ച് തിരുവനന്തപുരം ഒരു അത്ഭുതമായിരുന്നു അന്ന്.. ബസ് കയറി, ഓട്ടോ കയറി ഇങ്ങനെ ലക്ഷ്യമില്ലാതെ സ്ഥലങ്ങള്‍ കണ്ട് വൈകും മുന്പ് വീട്ടിലെത്തുകയായിരുന്നു പ്ലാന്‍... അന്ന് എന്റെ കസിനെ പറഞ്ഞു വിശ്വസിപ്പിച്ചത് നമ്മള്‍ പ്രിഥ്വിരാജിന്റെ വീട്ടില്‍ പോകാന്‍ പോകുന്നു എന്നാണ്..ഒടുക്കം, ഏതോ ഒരു വല്യ വീടിന്റെ മുന്നിലെത്തി, "ഓ പ്രിഥ്വിരാജ് വല്ല ഷൂട്ടിംഗ് ലൊക്കെഷനിലും ആയിരിക്കും" എന്ന് പറഞ്ഞാണ് അവനെ തിരികെ കൊണ്ട് വന്നത്...

സ്പൂഫ് ഡിഗ്രി


ഡിഗ്രിക്ക് താമസിക്കുന്ന ഹോസ്റലില്‍ ഒരു വര്ഷം മുഴുവന്‍ ഒരു ബില്ഡിങ്ങില്‍ ഞാന്‍ ഒറ്റക്കായിരുന്നു താമസം..(അതിന്റെ കഥ മുന്പ് എഴുതീട്ടുണ്ട്)...
ബില്ഡിങ്ങ് വൃത്തിയാക്കാന്‍ വരുന്ന ആളായിരുന്നു സുഭാഷ് ഭയ്യ..(പേര് സാങ്കല്‍പ്പികം)...നല്ല ആത്മാര്‍ഥത ഉള്ള ഭയ്യ ആയിരുന്നു..പക്ഷെ, അസൂയ മൂത്ത ചില സാധനങ്ങള്‍, ഉദാഹരണത്തിന് വിനീത, എന്നെ കളിയാക്കാന്‍ തുടങ്ങി.."അക്കൂ, സുഭാഷ് ഭയ്യ എന്തിനാ ഇപ്പോഴും ഈ
ബില്ഡിങ്ങ് വൃത്തിയാക്കാന്‍ വരുന്നത്..ഞങ്ങളുടെ ഒന്നും
ബില്ഡിങ്ങ് ഇങ്ങനെ വൃത്തിയാക്കില്ലല്ലോ...ന്ഹും..." മുതലായ മുക്കലും മൂളലും..
പിന്നെ പിന്നെ എനിക്കും തോന്നി തുടങ്ങി, "ശരിയാണല്ലോ, എന്തോ ഒരു സ്പെല്ലിംഗ് മിസ്റെക്ക് ഇല്ലേ" എന്ന്..
അങ്ങനെയിരിക്കെ ഒരു ശിവരാത്രിക്ക് ഉറക്കമൊളച്ചിരിക്കുമ്പോള്‍ എന്തേലും വരയ്ക്കാമെന്ന് കരുതി..അപ്പോള്‍ (അവിചാരിതമായി, തികച്ചും അവിചാരിതമായി) അവിടെ കിടന്ന വനിതയില്‍ കണ്ട പ്രിഥ്വിരാജിന്റെ പടം വരയ്ക്കാം എന്ന് തീരുമാനിക്കുന്നു..അങ്ങനെ ഞാന്‍ വരച്ചു വരച്ചു എന്തോ ഒരു രൂപമാക്കി അതിനെ മാറ്റി..
പിറ്റേ ദിവസം രാവിലെ സുഭാഷ് ഭയ്യ വൃത്തിയാക്കാന്‍ വന്നപ്പോള്‍ ഞാന്‍ ഈ പടവും മിനുക്കി കൊണ്ട് ഒരു പടിയില്‍ ഇരിക്കുകയാണ്..ക്ലീന്‍ ചെയ്ത് പോവാന്‍ നേരം എന്നോട് "ഇത് ആരാ" എന്ന് ചോദിച്ചു..ലജ്ജയോടെ ഞ്യാന്‍: "എന്നെ കല്യാണം കഴിക്കാന്‍ പോകുന്ന ആളാ.."
പിന്നീട് ആ ബില്ഡിങ്ങ് വൃത്തിയാക്കാന്‍ സുഭാഷ് ഭയ്യയുടെ അനിയനായ രാമു ഭയ്യ മാത്രമേ വന്നിട്ടുള്ളൂ...

സ്പൂഫ് പി.ജി


ഇതാണ് ശരിക്കും സ്പൂഫ്...മറ്റേതൊക്കെ പോലെയല്ല...ഇതൊരു ഭീകരമായ സ്പൂഫ് ആയിരുന്നു..എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ജൂനിയര്‍ ഉണ്ടായിരുന്നു...(കുറെയധികം പേര്‍ ഉണ്ടായിരുന്നു, അതില്‍ അവളുടെ പിറക്കാതെ പോയ അമ്മൂമ്മയുടെ ചായയുണ്ട് എനിക്കെന്നു പറഞ്ഞ നായികയാണ് ഈ കഥയിലെ താരം!!!)...അവളുടെ സ്വന്തം പേര് തന്നെ ഞാന്‍ ഇവിടെ ഉപയോഗിക്കുകയാണ്..വിനി..!!!
(സത്യം പറയാല്ലോ, ഇത് അവളെ പറ്റിക്കാന്‍ വേണ്ടി ഉണ്ടാക്കിയ സ്പൂഫ് അല്ല, കളിയാക്കിയത് അവള്‍ തിരിച്ചറിയാതെ പോയപ്പോള്‍ കൊടുത്ത പണിയാണ്)
ഒരിക്കല്‍ ഞങ്ങള്‍ ഹോസ്റല്‍ ജീവിത ഗോസിപ്പ് വര്‍ത്തമാനങ്ങളില്‍ മുഴുകിയങ്ങനെ ഇരിക്കുകയാണ്..അപ്പോള്‍ പ്രിഥ്വിരാജിനെ പറ്റി ആരോ എന്തോ പറയുന്നു..
വിനി: നിങ്ങക്കറിയുമോ നിയതീ, പ്രിഥ്വിരാജ് ബുദ്ധിജീവിയായ പെണ്‍കുട്ടിയെ മാത്രേ കല്യാണം കഴിക്കൂ എന്നാണു പറയുന്നത്...
ഞാന്‍ ഒന്നും പറയാതെ പുഞ്ചിരിക്കുന്നു... 

വിനി: നിങ്ങളത്തെ പോലെ വല്ല ബുദ്ധിജീവിയെയും ആയിരിക്കും..
ഞാന്‍: എന്നെ പോലത്തെ അല്ലെടീ, അത് ഞ്യാന്‍ തന്നെയാ...
വിനി എന്നെ ഞെട്ടിത്തരിച്ച് തുറിച്ച് നോക്കുന്നു...
വിനി: സത്യാണോ നിയതീ?? ഏയ്‌, എന്നെ പറ്റിക്കാന്‍ പറയുവാ, അല്ലെ??
ഞാന്‍: അല്ലെടീ, സത്യമാ...
വിനി: എന്നാലുമെന്റെ നിയതീ, നിങ്ങള്‍ ഇതെന്നോട് ഇതുവരെ പറഞ്ഞില്ലല്ലോ..
(അപ്പോഴാണ്‌ ആ പാവം അത് സത്യമാണെന്ന് വിശ്വസിച്ചു എന്ന് മനസിലാകുന്നത്)
ഞാന്‍: എടീ, അതിപ്പോ, ഈ ഗോസിപ്പ് ഒക്കെ ഉണ്ടാവില്ലേ??അത് പ്രിത്വിയുടെ ഇമേജിനെ ബാധിക്കില്ലേ?? അതുകൊണ്ടാ...പിന്നേ, നീ ഇത് ആരോടും പറയല്ലേ..
വിനി: ഇല്ല നിയതീ, നിങ്ങള്‍ പറ...നിങ്ങള്‍ എങ്ങനാ കണ്ടു മുട്ടിയത്??
ഞാന്‍: എടീ അതൊക്കെ വേണോ??
വിനി: വേണം...പറ പറ..
ഞാന്‍: ഒരു ദിവസം ഞാന്‍ ഇങ്ങനെ നടന്നു വരികയായിരുന്നു...ഇങ്ങനെ നടന്നു വരികയായിരുന്നേ..കുറെ പുസ്തകങ്ങളൊക്കെ മാറോട് അടക്കി പിടിച്ച് എന്തൊക്കെയോ ചിന്തിച്ച്...അപ്പൊ ഞാന്‍ ഒരു വണ്ടിയുടെ മുന്നില്‍ ചെന്ന് കയറി...വണ്ടി പെട്ടെന്ന് സഡന്‍ ബ്രേക്ക് ഇട്ടു...പേടിച്ച് എന്റെ കയ്യിലെ പുസ്തകങ്ങളൊക്കെ താഴെ വീണു..
വിനി ഇതെല്ലാം വിശ്വസിച്ചങ്ങനെ രസിച്ചിരിക്കുകയാണ്..
ഞാന്‍: അപ്പൊ കാറിന്റെ ഡോര്‍ തുറന്ന് ഒരാള്‍ പുറത്തിറങ്ങി...ആരാ?
വിനി: പ്രിത്വിരാജ്???
ഞാന്‍: ങ്ഹാ...എന്നിട്ട് എന്നെ പുസ്തകങ്ങള്‍ എടുക്കാന്‍ സഹായിച്ചു..എന്റെ പുസ്തകങ്ങള്‍ സെക്കന്റ് സെക്സും ഫെമിനൈന്‍ മിസ്റെക്കും ഒക്കെ ആയിരുന്നു..ഉടന്‍ പ്രിഥ്വിരാജ് ചോദിച്ചു "താനൊരു ബുദ്ധിജീവി ആണല്ലേ??" എന്ന്... ഞാന്‍ ആണെന്ന് പറഞ്ഞു...അന്ന് തുടങ്ങിയ പ്രണയമാ....

ആ പെണ്ണ് അത് ആരോടും പറയാതെ ആറു മാസം വിശ്വസിച്ചു കൊണ്ട് നടന്നു....ഇനി നിങ്ങള്‍ പറയ്‌, അതാരുടെ കുറ്റമാ??/ :Dകുലുകുലോ കുലുകുല.... 
അതും വൊരു യേപ്രില്‍ ആയിരുന്നഡേയ്...
2008....
കഥ നടക്കുന്നത് ഡല്‍ഹിയില്‍ തന്നെ...

വെള്ളം കിട്ടാതെ മരിച്ചു പോയ ഒരു പെണ്‍കുട്ടിയുടെ ആത്മാവ് അര്‍മാദിച്ചു നടക്കുന്നുവെന്ന് ഞാന്‍ തന്നെ സങ്കല്‍പ്പിച്ചു പോന്ന ഒരു ഹോസ്റല്‍ കെട്ടിടത്തില്‍ ഞാന്‍ ഒറ്റയ്ക്ക് താമസിക്കുന്നു...യെസ്, ഒറ്റക്ക്..അവിടെ ഒരു പ്രശ്നമേ ഉള്ളൂ..വെള്ളം കിട്ടില്ല..പുറത്ത് പോയി വെള്ളം പിടിച്ചു കൊണ്ട് വരണം..വെള്ളം കിട്ടാതെ മരിച്ചു പോയ ആ പെണ്‍കുട്ടിയുടെ ആത്മാവ് ഞാനായി മാറാന്‍ വല്യ ബുദ്ധിമുട്ടില്ലാതില്ലാതില്ല എന്ന കാലഘട്ടം...

ആ കെട്ടിടത്തില്‍ മൂന്നു മുറികളാണ് ഉള്ളത്...രണ്ടു മുറികള്‍ അടഞ്ഞു കിടക്കുന്നു..ഒരു മുറിയില്‍ ഞാന്‍ മാത്രം..എനിക്ക് സ്വന്തമായി ആ കെട്ടിടത്തിലെ നാല് വാഷ് റൂമുകള്‍ (പക്ഷേങ്കി, വെള്ളം ചുമന്നോണ്ട് വരണം)...


രാത്രി പത്താവുമ്പോള്‍ ഞാന്‍ കെട്ടിടത്തിന്റെ ബല്യ കതവ് അടച്ചു പൂട്ടും; മണിച്ചിത്രത്താഴിട്ടു പൂട്ടും..പിന്നെ അകത്ത് ഞാനും പ്രേതോം മാത്രം!!!
അങ്ങനെ നമ്മള്‍ ഒരു കെട്ടിടം മൊതലാളിയായി ജീവിച്ചു പോകുമ്പോള്‍ കൂട്ടുകാരി  വിനീത എന്റെ കെട്ടിടത്തിനു മുന്നില്‍ "നിയതിയുടെ കുടില്‍" എന്ന് എഴുതി വച്ച് എന്നെ അപമാനിച്ചു...കുടില്‍ എന്നത് മായിച്ച് ഞാന്‍ കൊട്ടാരം എന്നാക്കി അഡ്ജസ്റ്റ് ചെയ്തു...

ഒടുക്കം ഏപ്രില്‍ വന്നു...പരൂക്ഷയാണ് മക്കളേ പരൂക്ഷ..പരീക്ഷയുടെ തലേന്ന് തന്നെ ഞാന്‍ പുസ്തകമൊക്കെ വാങ്ങിച്ചോണ്ട് വരും…പിന്നെ രാത്രി മൊത്തം പഠിത്തമാണ്…ആത്മാര്‍ഥത എന്നൊക്കെ പറഞ്ഞാന്‍ അതാണ്‌…പരൂക്ഷ കഴിയുമ്പോ തന്നെ പുസ്തകം കൊണ്ട് പോയി വിറ്റ്‌ അടുത്ത പരീക്ഷക്കുള്ള പുസ്തകം വാങ്ങിക്കും...അങ്ങനെ കഷ്ടപ്പെട്ട് പഠിച്ചാണ് നമ്മളൊക്കെ ഈ നിലയില്‍ എത്തിയത്...അതൊക്കെ ഒരു കാലം!!! (സനൂഷയിസം)


അങ്ങനത്തെ ഒരു രാത്രി പഠിച്ച് പഠിച്ച് ബോധം കെട്ടുറങ്ങുമ്പോള്‍ ദേ ആരാണ്ടെ നമ്മടെ കാലില്‍ പിടിച്ച് വലിക്കുന്നു…എന്നിട്ട് കട്ടില് കുലുക്കുന്നു.."അയ്യോ, ഉണ്ണിയപ്പം ഞാന്‍ കട്ടിട്ടില്ല" എന്നും പറഞ്ഞു ഉണര്‍ന്നപ്പോള്‍ കുറ്റാക്കൂരിരുട്ടാണ് ചുറ്റിലും…അപ്പോഴാണ്‌ ആ നഗ്ന സത്യം ഞാന്‍ മനസ്സിലാക്കുന്നത്…ആ കെട്ടിടത്തില്‍ ടോട്ടല്‍ ആകെ മൊത്തമായി ഞാന്‍ മാത്രമേ ഉള്ളൂ…അപ്പൊ എന്റെ കട്ടില്‍ ഉലക്കുന്നവള്‍/ന്‍ അതിക്രമിച്ചു കടന്ന ആരോ ആണ്; അതും എന്നെ കൊല്ലാന്‍..

നിലവിളി ഒന്നും പുറത്തേക്ക് വരുന്നില്ല…ഞാന്‍ കട്ടിലില്‍ ചേര്‍ന്ന്‍ അമര്‍ന്ന്‍ കിടന്നു…പേടിച്ച് മരിച്ചെന്നു കരുതിക്കോട്ടെ.. അപ്പോള്‍ ചുമരില്‍ ആണിയടിച്ച് വച്ചിരുന്ന കൃഷ്ണന്റെ ഫോട്ടോ തലയില്‍ വന്നു വീണു...(അപ്പൊ കൃഷ്ണനാണോ കംസനാണോ എന്നൊന്നും മനസ്സിലാകില്ലല്ലോ)…ഹമ്മേ, എന്നൊരു ദീന രോദനം പുറത്ത് വന്നു..ഹോ...ഇങ്ങനെ മരിക്കാനായിരുന്നെങ്കില്‍ ഇന്നലെ ഞാന്‍ പഠിക്കില്ലായിരുന്നു..
അത് മാത്രമോ?? "ഭാരത്‌ മാതാ കീ ജയ്‌" എന്നൊക്കെ വിളിച്ച് ഒരു പിടി മണ്ണ് വാരി എടുത്ത് ജീവന്‍ വെടിയണമെന്നുണ്ടായിരുന്നു…ഇനി നടക്കുമെന്ന് തോന്നുന്നില്ല..

ഉടനെ പുറത്ത് ഭയങ്കര ഒച്ചപ്പാട്…കട്ടില്‍ ഇപ്പോള്‍ കുലുങ്ങുന്നില്ല..ഞാന്‍ കട്ടിലില്‍ നിന്ന് നേരെ മുറിയുടെ കൊളുത്തിലേക്ക്, അവിടുന്ന് നേരെ വല്യ കതവിന്റെ കൊളുത്തി
ലേക്ക് ലക്ഷ്യമാക്കി പാഞ്ഞു…കെട്ടിടത്തിന്റെ കതവ് തുറന്നതും പുറത്ത് നിറയെ ആള്‍ക്കാര്‍…അപ്പോഴാണ്‌ മനസിലായത് ഭൂമി കുലുക്കമാണെന്നും എല്ലാരും മറ്റു കെട്ടിടങ്ങളിലെ മുറികളില്‍ നിന്നും പുറത്ത് ചാടിയതാണെന്നും..സമയം ഏതാണ്ട് നാല് മണി ആയിരുന്നു…കറന്റില്ല...
ഞാന്‍ പിന്നെ വിനീതേടെ കുടിലില്‍ പോയി കിടന്നു…അവള്‍ക്ക് ഒരു ധൈര്യത്തിന്…


തൂവാനം


"പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്" എന്ന തലക്കെട്ടിന്റെ കഥ പറഞ്ഞിരുന്നല്ലോ...
ഇപ്പൊ ഞാനിതാ ബ്ലോഗിന്റെ പേര് മാറ്റിയിരിക്കുന്നു...
ഒരു ചെറിയ പേര് വേണമെന്ന് കുറെ നാളായി ചിന്തിക്കുന്നു...
പല വിധ തിരക്കുകള്‍ കൊണ്ട് ബ്ലോഗിനെ കാര്യമായി ശ്രദ്ധിക്കാന്‍ തന്നെ സമയം കിട്ടിയില്ല...
പുതിയ പേര് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു കാണുമെന്നു കരുതുന്നു..:)
പുതിയ പോസ്ടുകളുമായി നോം ഉടന്‍ വരുന്നതാണ്...
വണക്കം!!!

Tuesday, 24 March 2015

പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്....അടുത്ത പത്ത് കവിതകള്‍ കൂടി..
അല്ല, ജീവിതത്തില്‍ സന്തോഷം മാത്രം പോരല്ലോ.. :)
Monday, 23 March 2015


പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്...


പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എന്തൊരു പേരാണിതെന്ന്..അതിന്റെ പിന്നിലെ കഥ പറയാന്‍ പോവ്വാണ് ഞാനിന്ന്...

എന്റെ മൂന്നാമത്തെ കവിതാ സമാഹാരത്തിന്റെ പേരായിരുന്നു 'പൂക്കളുടെ രാജകുമാരിക്ക് പറയാനുള്ളത്' എന്നത്...പല കാരണങ്ങള്‍ കൊണ്ട് അത് പ്രസിദ്ധീകരിച്ചില്ല...അപ്പോള്‍ ബ്ലോഗിന് ആ പേരിരിക്കട്ടെ എന്ന് കരുതി..ഇതില്‍ ഞാന്‍ പൂക്കളുടെ രാജകുമാരിയും എനിക്ക് പറയാനുള്ളത് ഈ ബ്ലോഗും എന്നൊന്നും അര്‍ഥമില്ല...ഒരു കവിതയുടെ പേരായിരുന്നു അത്; അത്രേയുള്ളൂ..എന്തായാലും 2006-2010 കാലഘട്ടത്തില്‍ എഴുതിയ ആ കവിതകള്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാം എന്ന് കരുതി..

ഒഴിവു നേരത്ത് ഒപ്പിച്ചതാണ്...ഇതില്‍ പത്ത് കവിതകളെയുള്ളൂ...ബാക്കി കവിതകള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കാം ഏന് കരുതുന്നു...എത്ര ബോറാണെങ്കിലും വായിച്ച് അഭിപ്രായം പറയണം കേട്ടോ...അപ്പോ ദാ പിടിച്ചോ...ഒര്‍ജിനല്‍ പൂക്കളുടെ രാജകുമാരിയെ... :) :)
Sunday, 11 January 2015

ടിംഗ് ടിംഗ്...


എന്നെ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് അമ്മയും അച്ചനും കൊല്ലത്തൊരു ഷോയ്ക്ക് പോയി ജെയിന്റ് വീലില്‍ കയറി. വീല്‍ കറങ്ങി മുകളിലെത്തിയപ്പോള്‍ അമ്മ അലറ്ച്ചയോടലര്ച്ച . അങ്ങനെ പേടി തട്ടിയതാവണം എനിക്ക്. എപ്പോഴും വീഴുമെന്ന പേടിയാണ്.
ഈ പേടീം വെച്ച് എങ്ങനെ നടക്കാന്‍ പഠിച്ചു എന്നത് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. അന്ന് ബോധമില്ലല്ലോ. വീഴുമെന്നു പേടിച്ച് സൈക്കിള്‍ പോലും ഓടിച്ചിട്ടില്ല. ഉയരങ്ങളില്‍ നിന്ന് താഴെ വീഴുന്നത് ഇപ്പോഴും സ്വപ്നം കാണും.
സ്വന്തം ജീവിതത്തില്‍ സ്വന്തം റിസ്കില്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് കൊണ്ട് പല വട്ടം ആലോചിച്ചാണ് ഒരു കാര്യം ചെയ്യുക. ഇതിനൊരു വലിയ ദൂഷ്യ വശം ഉണ്ട്. എപ്പോഴും ആഫ്ടര്‍ എഫക്ടിനെ പറ്റി ചിന്തിക്കുന്നോണ്ട് എന്തും ചെയ്യുന്നതിനെക്കാള്‍ ചെയ്യാതിരിക്കാനാണ് ടെന്ടന്‍സി.
മുറി ഹിന്ദി പറയുമ്പോള്‍ ആളുകള്‍ കളിയാക്കുമെന്നും വിചാരിച്ചിരുന്ന്‍ ഇത്രേം കാലമായിട്ടും മുറി ഹിന്ദി തന്നെ. അങ്ങനെ ഇമ്പ്രൂവ്മെന്റ് ഒന്നുമില്ലാതെ ഇങ്ങനെ ജീവിതം പോവുകയായിരുന്നു. നമ്മക്ക് ശാന്തീം സമാധാനവും മതിയേ..

എന്റെ കൂട്ടുകാരന്‍ ഇതിന്റെ ഓപ്പോസിറ്റ് ആണ്. ഭയങ്കര ഉത്സാഹമാണ്. അങ്ങനെ നിര്‍ബന്ധത്തിനു വഴങ്ങി വഴങ്ങി ഓരോന്ന് ചെയ്തു തുടങ്ങിയപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി. എനിക്ക് സ്റ്റാര്‍ട്ടിന്ഗ് ട്രബിളെ ഉള്ളു. തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പൊളിച്ചടുക്കും. :) തുടങ്ങാനുള്ള മടിയല്ല, ഭയമാണ് പ്രശ്നം.
എന്തായാലും ഇത്തവണ ചെറിയൊരു മാറ്റം വേണമെന്ന് എനിക്ക് തോന്നി. അങ്ങനെ ചാടി കേറി ഒരു സൈക്കിള്‍ വാങ്ങി. കയറിയതും ഞാനങ്ങു ഓടിച്ചു പോയി. അപ്പോഴാ നിര്‍ത്താന്‍ അറിയില്ലല്ലോ എന്ന് ഓര്‍ക്കുന്നത്. "ബ്രേക്ക്" "ബ്രേക്ക്" എന്നൊക്കെ സംഗീത് പറയുന്നുണ്ട്. ഞാനാണേ കൊന്നാലും ഹാന്റിലില്‍ നിന്നും കയ്യെടുക്കില്ല. അങ്ങനെ മറിഞ്ഞു വീണു പപ്പടം പോലെ പൊടിഞ്ഞു. വിന്റര്‍ ക്ലോത്ത്സ് ആയോണ്ട് ദേഹമൊന്നും മുറിഞ്ഞില്ല. പക്ഷെ കണ്ണിലോക്കെ ഇരുട്ട് കേറി പിന്നെ ബള്‍ബ് കത്താന്‍ ഏതാണ്ട് പത്തു മിനിറ്റ് വേണ്ടി വന്നു. 

അതേപ്പിന്നെ, ചേട്ടനൊരു സന്ദേഹമാണ്. "നമ്മക്ക് സൈക്കിള്‍ ഓടിക്കാന്‍ പോവാം"ന്നു പറയുമ്പഴെ "കൊറച്ചു കഴിയട്ടെ", "നാളെയാവട്ടെ " ഇങ്ങനെ പലവിധ എക്സ്ക്യൂസുകള്‍. എനിക്ക് പക്ഷെ പഠിച്ചേ പറ്റൂ. പിന്നേം പോയി, പിന്നേം വീണു. നമ്മള്‍ കുടുമ്പത്തി പിറന്നതാ, ബ്രേക്ക് പിടിക്കില്ലാന്നു പറഞ്ഞാ ബ്രേക്ക് പിടിക്കില്ല. ഒടുക്കം ചേട്ടനങ്ങ് തിരിഞ്ഞു. "സമ്മറാവട്ടെ", "നീ ഇങ്ങനെ മറിഞ്ഞു വീഴുന്നത് എനിക്ക് പേടിയാ" തുടങ്ങി പല വിധ ഒഴികഴിവുകള്‍. "മന്ഷ്യാ, എന്റെ നെര്‍വ് സെല്‍സ് വളര്‍ന്നോണ്ടിരിക്കുവാ. ഇപ്പം നിര്‍ത്തിയാ, ഞാന്‍ പിന്നേം തൊടങ്ങണം. എന്നെ പഠിപ്പീര്. ഈ ഇരുപത്തിയഞ്ചാം വയസ്സിലെങ്കിലും സൈക്കിള്‍ പഠിച്ചില്ലേല്‍ ഞാന്‍ ജീവിച്ചിരിക്കൂല്ല." തുടങ്ങിയ ഭീഷണികള്‍ ഞാനും മുഴക്കി.
അങ്ങനെ സൈക്കിള്‍ പഠനത്തിന്റെ നാലാം ദിവസമെത്തി. അതായത് ഇന്ന്."ഞാന്‍ വെറുതെ സൈക്കിളും പിടിച്ച് നടക്കാന്‍ പോവാ" എന്നും പറഞ്ഞു രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങി. ഓടിക്കാന്‍ നോക്കുമ്പോഴൊക്കെ  ഒട്ടും പറ്റുന്നില്ല. കാരണം ഇപ്പൊ എന്റെ മനസ്സില്‍ ബ്രേക്ക് മാത്രേ ഉള്ളു. (മനസ്സ് വിമോചന സമരമൊക്കെ നടത്തി തറവാട്ടു മഹിമ ഒക്കെ ഉപേക്ഷിച്ചു.)
അങ്ങനെ ഇപ്പൊ സൈക്കിള്‍ ഓടിക്കാനും കൂടി പറ്റാതായി. പിന്നെ ഞാന്‍ ശരിക്കും കുറെ നേരം വെറുതെ സൈക്കിളും പിടിച്ച് നടന്നു.
ഒടുക്കം ഒന്ന് കയറി ബ്രേക്കിനെ പറ്റി ചിന്തിക്കാതെ ഓടിച്ചു തുടങ്ങി. അപ്പൊ വണ്ടി ഓടുന്നുണ്ട്. പിന്നെ ബ്രേക്കില്‍ കൈവെക്കാന്‍ തുടങ്ങി. അങ്ങനെ ഓടിച്ചും നിര്‍ത്തീം ഓടിച്ചും നിര്‍ത്തീം പോയി, എന്തിനേറെ പറയുന്നു ഒടുക്കം വളച്ചു കൊണ്ട് ചെന്ന് ഷെഡില്‍ നിര്‍ത്തി. അങ്ങനെ കൊറച്ചു സമാധാനം വന്നു. കൂടെ ആത്മ വിശ്വാസവും. ടിംഗ് ടിംഗ്...
ഇനി നാളെ.
(തുടരും...)

വിധിയുടെ വൈപരീത്യം കൊണ്ട് ഇതുവരെ സൈക്കിള്‍ പഠിക്കാനാകാഞ്ഞ ഇവള്‍ സൈക്കിള്‍പഠനം പൂര്ത്തിയാക്കുമോ?? അതോ സംഗീത് അവളെ പിന്തിരിപ്പിക്കുമോ? ഇടയ്ക്കു റൂമില്‍ നിന്നിറങ്ങി ഒളിഞ്ഞു നോക്കുന്ന ചേട്ടന്‍ അവളെ പ്രോല്‍സാഹിപ്പിക്കുകയാണോ അതോ നിരുല്‍സാഹപ്പെടുത്തുകയാണോ?"നേരെ നോക്കി ഓടിക്കു മോളെ" എന്ന പല്ലവി എപ്പോഴും ആവര്‍ത്തിക്കുന്ന സെക്യൂരിറ്റി അങ്കിളിന്റെ ഉദ്ദേശ ശുദ്ധി സംശയാവഹമല്ലെ?? അവളെ പേടിപ്പിക്കാന്‍ സ്വന്തം സൈക്കിളില്‍ 'സൈക്കിള്‍ റാലി പോലൊരു ലോറി റാലി ' ഷോ കാണിക്കുന്ന അയല്പ്പക്കത്തെ എലുമ്പത്തി അത് തുടരുമോ??
ഉദ്വേഗജനകമായ സംഭവ പരമ്പരകളിലൂടെ
സൈക്കിള്‍ ഓട്ടം തുടരുന്നു...
എല്ലാ ദിവസവും രാത്രി ഏഴിനും എട്ടിനും മദ്ധ്യേ... നിങ്ങളുടെ സ്വന്തം ദേഷ്യാനെറ്റില്‍....

Friday, 2 January 2015

അച്ഛനെന്റെ ഹീറോ; പക്ഷെ ഇപ്പോഴെനിക്കൊരു സൂപ്പർ ഹീറോയിൻ ഉണ്ട്..  

ഇന്നലെ അച്ഛന്റെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് പുനലൂരിൽ ഒരു അനുസ്മരണ സമ്മേളനം നടന്നു..അതിഥികളും പങ്കെടുത്തവരും എല്ലാം അമ്മയോട് എന്നെ പറ്റി ചോദിച്ചുവത്രേ..ചെറിയ പ്രായത്തിൽ എഴുതി തുടങ്ങിയ ഞാൻ എന്താണ് ഇപ്പോൾ സാഹിത്യ രംഗത്ത് തുടരാത്തത്?? കല്യാണം കഴിച്ച് പോയിട്ട് (?? എങ്ങോട്ട്  പോയിട്ട്)  എഴുത്തൊക്കെ ഉണ്ടോ എന്നൊക്കെ...ഇതൊക്കെ കേട്ട് എനിക്ക് നല്ല കലി വന്നു..പിന്നെ ചിരിയും..

ഒന്നാമത്, ഞാൻ എഴുതി തുടങ്ങിയത് മൂന്നു വയസ്സിലോ മറ്റോ ആണ്..അന്ന് എഴുതാൻ തോന്നി എഴുതി..ഇന്നും എഴുതാൻ തോന്നുമ്പോ എഴുതും..പക്ഷെ ഞാൻ എഴുതാൻ തോന്നിപ്പിക്കാൻ ശ്രമിക്കാറില്ല..പിന്നെ പ്രസിദ്ധീകരിക്കുന്നില്ല എന്ന് കരുതി ഒരാള് എഴുതുന്നില്ല എന്ന് അർത്ഥമില്ല..പണ്ട് കവിത അച്ചടിച്ചു വരുന്നതൊക്കെ ഒരു സന്തോഷമായിരുന്നു..അന്നത് ചെയ്തു..പക്ഷെ ഇന്ന് എന്റെ റിസെർച്ചുമായി ബന്ധപ്പെട്ട പ്രബന്ധങ്ങൾ അച്ചടിച്ചു വരുന്നത് കാണുമ്പോഴാണ് കൂടുതൽ സന്തോഷം..അത് കൊണ്ട് അത് ചെയ്യുന്നു..ചെയ്യുന്ന കാര്യങ്ങൾ കൃത്യമായും വൃത്തിയായും ചെയ്യണമെന്ന കണിശക്കാരിയാണ് ഞാൻ.. ഇപ്പൊ ഒരു നോവൽ എഴുതണമെന്നുണ്ട്..തീസിസ് സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ അത് എഴുതണം എന്നാണു ആഗ്രഹം..അങ്ങനെ എന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾക്കനുസരിച്ച്  ജീവിക്കുന്ന ഒരാളാണ് ഞാൻ..അതുകൊണ്ട് തന്നെ ഞാൻ സംതൃപ്തയുമാണ്..

സാഹിത്യം ഒരു കരിയർ ആക്കാൻ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല..ക്രിയാത്മകത പിന്നെ ഒരു ബാധ്യതയാവും..സ്വിച്ചിട്ടാൽ അത് വരുത്താൻ എനിക്കറിയുകയുമില്ല.. മാത്രമല്ല പഠനത്തിലും അക്കാദമിക കാര്യങ്ങളിലുമായിരുന്നു കൂടുതൽ താത്പര്യം..എന്റെ കുടുംബം നോക്കാൻ എനിക്കിഷ്ടമുള്ള, എന്നാൽ ആവശ്യത്തിനു സാമ്പത്തിക ഭദ്രതയുമുള്ള ഒരു ജോലി ആഗ്രഹിച്ച് തന്നെയാണ് പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഞാനെന്റെ വിദ്യാഭ്യാസത്തെ ക്രമീകരിച്ചത്..

എം.എ ക്ക് ചേർന്നപ്പോഴാണ്‌ അച്ഛന്റെ മരണം..അച്ഛനെന്റെ സുഹൃത്തും വഴികാട്ടിയും ഹീറോയും എല്ലാം ആയിരുന്നു..അല്ല, ഇപ്പോഴും ആണ്..മരണം ഒരാളുടെ പരിപൂർണ നഷ്ടമായി അംഗീകരിക്കാൻ ഞാൻ ഇപ്പോഴും തയാറല്ല..കാരണം അച്ഛന്റെ ശാരീരിക സാമീപ്യം മാത്രമേ എനിക്ക് നഷ്ടമായിട്ടുള്ളൂ ..അത് എനിക്ക് ശീലമുള്ളതുമാണ്.. എങ്കിലും അച്ഛൻ പോയതിനു ശേഷമാണ് എന്റെ കുടുംബം എന്ന സംവിധാനത്തിന്റെ പ്രവർത്തനത്തെയും രീതികളേയും ഞാൻ അടുത്ത് അറിയുന്നത്.. വൈകാരിക തലം മാത്രമാണ് കുടുംബം എന്ന് വിശ്വസിച്ചിരുന്ന ഞാൻ അതിന്റെ സാമൂഹിക, സാമ്പത്തിക ഘടകങ്ങളെ കൂടി തിരിച്ചറിഞ്ഞപ്പോൾ, പറയാതിരിക്കുവാൻ വയ്യ, അന്നാണ് ഞാൻ എന്റെ അമ്മ എന്ന സൂപ്പർ ഹീറോയിനെ തിരിച്ചറിയുന്നത്..അമ്മയാണ് എന്റെ കുടുംബത്തിന്റെ ആണിക്കല്ല്‌..അമ്മയില്ലെങ്കിൽ ഞങ്ങളാരുമില്ല...

എപ്പോഴും പ്രകീർത്തിച്ചു കവിത എഴുതുകയും ഒടുക്കം കറിവേപ്പില പോലെ നാം മറന്നു കളയുകയും ചെയ്യുന്ന ഒരാളാണ് അമ്മ..അമ്മ ത്യാഗം ചെയ്യാൻ വേണ്ടി ജനിച്ചവളാണ്, നമ്മളെ പരിപാലിക്കുകയാണ് അമ്മയുടെ ജോലി എന്നൊരു ലൈനാണ് പലപ്പോഴും സമൂഹത്തിന്.. ഓരോ വേദിയിൽ കയ്യടി വാങ്ങുമ്പോഴും ഓരോ ക്ലാസ്സിൽ റാങ്ക് വാങ്ങുമ്പോഴും എല്ലാവർക്കും ഞാൻ "അച്ഛന്റെ മോൾ" ആയിരുന്നു..എന്റെ അമ്മ അതിലും മിടുക്കി ആയിരുന്നു..കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ അത് തിരിച്ചറിയുന്നു..
എം.എ കഴിഞ്ഞ് എനിക്കൊരു ജോലികിട്ടിയപ്പോൾ അതിൽ തുടരാൻ അമ്മക്ക് പറയാമായിരുന്നു..എന്നാൽ പി.എച്ച്.ഡി ക്ക് ഐ.ഐ.ടി യിൽ അഡ്മിഷൻ കിട്ടിയപ്പോൾ അതിനു പോകാൻ അനുമതി നൽകി..അനിയനെ പൂനെയിൽ ബി.ബി.എ.-എൽ.എൽ.ബി ക്ക് വിട്ടു..എന്റെ സ്റ്റൈപന്റ് കിട്ടി തുടങ്ങുന്നത് വരെ എല്ലാ ചിലവും അമ്മ വഹിച്ചു..ഇഷ്ടപ്പെട്ട ആളെ കെട്ടിച്ചു തന്നു..ഇപ്പോഴും അങ്ങോട്ട്‌  പൈസ അയച്ചു  കൊടുക്കുമ്പോൾ 'വേണ്ട' എന്നാണു പറയുക..എല്ലാ മാസവും അമ്മയുടെ വക ഒരു പാഴ്സൽ വരും..എനിക്കിഷ്ടമുള്ള എല്ലാ പലഹാരങ്ങളുമായി..

അറിയാതെ ആലോചിച്ചു പോകാറുണ്ട്..അച്ചനു പകരം അമ്മയാണ് പോയതെങ്കിൽ?? ഒരിക്കലും എനിക്ക് ഇങ്ങനെ ആകാൻ കഴിയില്ലായിരുന്നു..
അത് കൊണ്ട്, എന്റെ പ്രിയപ്പെട്ടവരേ, അച്ഛൻ മരിച്ചത് കൊണ്ട് നിർത്തിയതല്ല കവിത എഴുത്ത്..ഇഷ്ടപ്പെട്ട കാര്യങ്ങൾ, ഏറ്റെടുത്ത കാര്യങ്ങൾ ഒക്കെ കൃത്യമായി ചെയ്തു തീർക്കാനുള്ളത് കൊണ്ട് എന്റെ കവിതകളെ ഡയറിയിൽ വച്ചിരിക്കുകയാണ്..പിന്നെ കല്യാണത്തിനു ശേഷം എങ്ങോട്ടും പോയില്ല, ഞാൻ എന്റെ അമ്മയിലേക്ക്‌ കൂടുതൽ അടുക്കുകയാണ് ഉണ്ടായത്..അച്ചനും ഞാനും അനിയനും അമ്മൂമ്മമാരുമൊക്കെ അത്രമാത്രം അമ്മയോട് കടപ്പെട്ടിരിക്കുന്നു..ഒരാഗ്രഹം മാത്രം..അമ്മയുടെ വാർധക്യമെങ്കിലും അമ്മ ആഗ്രഹിക്കുന്നത് പോലെ, ആഗ്രഹിക്കുന്ന ഇടത്ത് കഴിയുവാൻ ഒരു ഭാഗഭാക്കാവണം ..

ആരെയും ആശ്രയിക്കാതെ, ആരുടേയും മുന്നിൽ തലകുനിക്കാതെ, ഒരു തുള്ളി കണ്ണീർ പോലും ഞങ്ങൾക്ക് മുൻപിൽ വീഴ്ത്തി ഞങ്ങളെ തളര്ത്താതെ, ഓരോ ദിവസവും പുതിയതെന്തെങ്കിലും പഠിച്ച്  ഒരുപാട് പുസ്തകങ്ങൾ വായിച്ച്  നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ/നടത്താൻ പോയി "തന്റെ സ്വത്വത്തെ തിരിച്ചറിയുകയാണ് ഒരു വ്യക്തിയുടെ ജന്മ ലക്‌ഷ്യം" എന്ന് പറയുന്ന  അമ്മയുടെ മോൾ എന്ന് കൂടി അറിയപ്പെടണം ഇനി എനിക്ക്...

[എന്ന് പറഞ്ഞു ആരും ഇനി സെന്റി അടിക്കാനൊന്നും നിക്കണ്ട..പകരം വീട്ടിൽ പോയി അമ്മയെ കുറച്ചു നേരം സഹായിക്ക്... ;) :) ]