Friday, 21 November 2014

മ്മുടെ കുഞ്ഞുങ്ങൾ....

ഞാൻ എം.എ ക്ക് പഠിക്കുമ്പോൾ ഇടക്ക് സ്കൂൾ കുട്ടികൾക്കായി 'ജെന്റർ സെൻസിറ്റൈസേഷൻ' ക്ലാസ്സുകൾ എടുക്കാൻ പോകാറുണ്ടായിരുന്നു..

'ജെന്റർ സെൻസിറ്റൈസേഷൻ' എന്ന് പറയുമ്പോൾ ആണ്‍/പെണ്‍ എന്ന സാമൂഹിക വേർതിരിവുകൾ നമ്മുടെ മനസ്സിൽ വേലി കെട്ടരുതെന്നും  ആണും പെണ്ണും ഒരേ അവകാശങ്ങളും കടമകളും ഉള്ള പൌരന്മാരാണെന്നും അവർ ഒപ്പത്തിനൊപ്പം നിന്നാലേ സമൂഹം പുരോഗമിക്കൂ എന്നും അതുകൊണ്ട് തന്നെ നിങ്ങൾ എല്ലാവരും ധൈര്യവും ആത്മവിശ്വാസവും തന്റേടവും പ്രാപ്തിയും സ്വാശ്രയ ശീലവും നന്മയും പരസ്പര സ്നേഹ-വിശ്വാസങ്ങളും എല്ലാമുള്ള വ്യക്തികളായി വളർന്നു വരണമെന്നുമൊക്കെ പറഞ്ഞ് കുട്ടികൾക്ക് ഒരു മോട്ടിവേഷൻ കൊടുത്ത് ചെറിയ കുറെ കഥകളൊക്കെ പറഞ്ഞ് ചൂഷണത്തെയും പീഡനത്തെയും പറ്റിയൊക്കെ വിശദീകരിച്ച് അതിനെതിരെ ഉള്ള മുൻകരുതൽ എന്തൊക്കെ, ആരോടൊക്കെ സഹായം ആവശ്യപ്പെടണം എന്നിങ്ങനെ കുറച്ച് നിയമ പരമായ ബോധവല്ക്കരണം നടത്തുക അവരുടെ ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും മറുപടി നല്കുക എന്നതൊക്കെയാണ് അതിന്റെ ലക്ഷ്യവും ഞാൻ ചെയ്തു കൊണ്ടിരുന്നതും..

എന്നാൽ ആദ്യം തന്നെ നമ്മൾ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അധ്യാപകർ ആവശ്യപ്പെടുന്നത്  ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും തമ്മിൽ സംസാരിക്കരുതെന്ന് പറഞ്ഞ് കൊടുക്കണം, പെണ്‍കുട്ടികൾ മാന്യമായി വസ്ത്രം ധരിക്കാൻ പറയണം, പ്രേമിക്കരുത് എന്ന് പറയണം, മൊബൈലും ഫെയ്സ്ബുക്കുമൊന്നും ഉപയോഗിക്കരുത് എന്ന് പറയണം എന്നൊക്കെയാണ്..

ഞാൻ മറുപടി ഒന്നും തിരിച്ചു പറയാറില്ല..കാരണം ആണിനേയും പെണ്ണിനേയും രണ്ടു പന്തലിലാക്കിയല്ല അവരെ നന്നാക്കേണ്ടത്; അവർക്കിടയിലുള്ള ബന്ധത്തെ ആരോഗ്യപരമാക്കിയാണ് എന്ന് ഞാൻ കരുതുന്നു..പ്രേമവും ഫോണും ഫെയ്സ്ബുക്കുമൊക്കെ നിരോധ്ധിച്ചല്ല, പകരം അതിലെ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കൊടുത്ത് അവരെ നല്ലത് ചെയ്യാൻ പ്രേരിപ്പിക്കുകയാണ് വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്...അതുകൊണ്ട് തന്നെ ഞാൻ എന്റെ വഴിക്ക് നീങ്ങും..ചൂഷണവും പീഡനവുമെല്ലാം പെണ്‍കുട്ടികളിൽ മാത്രമല്ല ആണ്‍കുട്ടികളിലും നടക്കുന്നുണ്ട്..ലഹരി ഉപയോഗം മറ്റൊരു പ്രശ്നമാണ്...മലപ്പുറത്ത് പെണ്‍കുട്ടികളുടെ ശൈശവ വിവാഹത്തിന്റെ തോതും വളരെ വലുതാണ്‌..ഞാൻ ഇത്തരം കാര്യങ്ങളിലൊക്കെ ഊന്നൽ കൊടുത്തു സംസാരിച്ചു..സ്വന്തം ശരീരത്തെ ഭയക്കരുതെന്നു പറഞ്ഞു കൊടുത്തു..മാത്രമല്ല, അവസാനത്തെ ചോദ്യം ചോദിക്കൽ സെഷൻ മാറ്റി പകരം അതൊക്കെ എഴുതി തരാൻ പറഞ്ഞു..ഉച്ചയൂണിനുള്ള ബ്രേക്കിന് മുൻപ് കുട്ടികൾ അവരുടെ സംശയം പേര് വെക്കാതെ എഴുതി തരുo..ഞാൻ ഉച്ചക്കു ശേഷമുള്ള സെഷനിൽ അതിനു മറുപടി നല്കും.. ഇത് വളരെ ഇഫക്റ്റീവ് ആയി എനിക്ക് തോന്നി..കാരണം മറ്റുള്ളവരുടെ മുൻപിൽ വെച്ചു ചോദിക്കാൻ ഭയക്കുന്ന/നാണമുള്ള/ആത്മവിശ്വാസം ഇല്ലാത്ത പലരുടേയും പല ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞു..ആണ്‍കുട്ടികൾ ചോറ്റുപാത്രത്തിൽ വെച്ച് ലഹരി മരുന്നുകൾ കടത്തുന്നത് മുതൽ മൊബൈൽ ചൂഷണം വരെ പലതും..

എനിക്ക് ഈ ക്ലാസ്സുകൾക്ക്‌ പോകുന്നത് വലിയ സന്തോഷമായിരുന്നു..എല്ലാരോടും ഞാൻ അവസാനം ചോദിക്കും..."നിങ്ങൾക്ക് ആരാവണം??"...നാല് വശത്ത് നിന്നും പല പല ഉത്തരങ്ങൾ വരും..അപ്പോൾ ഞാൻ പറയും "അതെല്ലാം നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കട്ടെ..അതിനൊപ്പം തന്നെ നിങ്ങൾ നന്മയുള്ള വ്യക്തികളുമായി തീരട്ടെ എന്ന്.." പോകാനിറങ്ങുമ്പോൾ കുട്ടികൾ ഇറങ്ങി വന്നു നമ്മുടെ കയ്യിൽ പിടിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യും..എന്റെ ജീവിതത്തിൽ ഞാൻ പ്രാവർത്തികം ആക്കാത്ത ഒന്നും ഞാൻ അവരോട് ആവശ്യപ്പെട്ടിട്ടില്ല..അതിന്റെ ആത്മവിശ്വാസം ഉണ്ടായിരുന്നു എനിക്ക്..

എന്നാൽ പെട്ടെന്നൊരു ദിവസം ഞാനീ പരിപാടി നിർത്തി..അതൊരു വലിയ കഥയാണ് കുഞ്ഞേ..അത് പറയാം..

അന്ന് 'ജെന്റർ സെൻസിറ്റൈസേഷൻ' ക്ലാസ്സിന് ഞാനും നിയമപരമായ ബൊധവൽക്കരനത്തിനു ഒരു പോലീസുകാരനും ഉണ്ടായിരുന്നു വേദിയിൽ..എന്റെ ക്ലാസ്സ് കഴിഞ്ഞു പോലീസിന്റെ ക്ലാസ് തുടങ്ങി...അതിലെ ചില മൊഴി മുത്തുകൾ..(പിന്നെ അതിൽ ബ്രാക്കറ്റിൽ എഴുതീരിക്കുന്നതൊക്കെ എന്റെ വികാര വിചാരങ്ങളാണ് കേട്ടോ)

1. പെണ്‍പിള്ളേർ മൊബൈൽ ഉപയോഗിക്കാനേ പാടില്ല...അങ്ങനെ ഉപയോഗിക്കുന്നവരെല്ലാം ചീത്ത...അത് അവരുടെ വിവാഹ ജീവിതത്തെ ബാധിക്കും.. (ഓ അങ്ങനെ..ആണുങ്ങൾ വിവാഹം കഴിക്കാത്തോണ്ട് കുഴപ്പമില്ലായിരിക്കും..പെണ്ണുങ്ങൾ മാത്രം വിവാഹം കഴിക്കുന്ന നാടല്ലെ നമ്മുടെ) 

2. ആണുങ്ങൾ എന്ന് പറഞ്ഞാലേ പെണ്ണിന്റെ ശരീരത്തിനു കാത്തിരിക്കുന്നവരാണ്...ഒരുത്തനേം വിശ്വസിക്കരുത്..ആണ്‍പിള്ളേരുമായി മിണ്ടരുത്..അവർ അപ്പൊ തന്നെ പീഡിപ്പിക്കും.. (അപ്പൊ ഈ പറയുന്ന മഹാൻ ആണല്ലേ?? ഇയാളും അങ്ങനെ തന്നെ ആണോ??)

3. മുഴുവൻ സമയം പഠിക്കണം...പെണ്‍പിള്ളേർക്ക് വീട്ടു പണി ചെയ്യാം..പാട്ട്, നൃത്തം, പടം വര, ക്രിക്കെറ്റ് കളി ഇതെല്ലാം വിദ്യാർഥികളെ നശിപ്പിക്കുന്നു.. (പിന്നെ അവരും നിങ്ങളെ പോലെ  കാക്കിക്കുള്ളിലെ "കൊലാ"കാരാൻ ആകണോ??)

4. എന്ത് പറഞ്ഞാലും അധ്യാപകരെ അനുസരിക്കണം...(അവർ പീഡിപ്പിച്ചാലും??)

പിന്നെ ഒരു ഓവർ സെന്റി കഥ..പുള്ളിക്കാരന്റെ ജീവിതം..മണ്ണെണ്ണ വിളക്ക്..നനഞ്ഞൊലിച്ച കൂര...വൻ പഠിത്തം..അങ്ങനെ ഈ "നിലയിൽ" എത്തി.. (കുട്ടികൾ ഉറങ്ങാൻ തുടങ്ങി)

പിന്നെ അടുത്ത കഥ..ഒരു പെണ്ണ് ഇറുകിയ ഡ്രസ്സ് ഇട്ടു വന്നു...അവൾ കുനിഞ്ഞപ്പോ ഡ്രസ്സിന്റെ മൂട് കീറി..നിവർന്നപ്പൊ വേറെവിടെയോ കീറി...(ശരിക്കും??ഇങ്ങേരു അതും നോക്കി ഇരിക്കയായിരുന്നു അല്ലെ???)

ഇതൊക്കെ സഹിച്ചു മക്കളെ..എന്നിട്ട് പിള്ളേരോട്  സംശയമുണ്ടോന്നു ചോദിച്ചപ്പോ ഒരു കുസൃതിക്കാരൻ "സാറന്മാര് ക്ലാസ്സിൽ മൊബൈൽ ഉപയോഗിക്കുന്നത് തെറ്റല്ലേ സാർ??"
ആശാനൊന്നു ചമ്മി..എന്നിട്ട്..."ഇല്ല..അത് എന്തേലും അത്യാവശ്യം കാരണം ആവും..ഗുരൂർ ദേവോ ഭവ.."

എപ്പോ തീരും ഈ കുരിശ് എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോ ദേ അടുത്ത വെടി...
" എല്ലാരും എണീറ്റ്‌ നിക്കുക"
ഞാനുല്പ്പെടെ എല്ലാരും എണീറ്റു.. (ഓ ദേശീയ ഗാനത്തിനു ആയിരിക്കും..)
"എല്ലാരും കൈ ചുരുട്ടി പിടിച്ച് മുന്നിലേക്ക്‌ നീട്ടുക"... (ന്ഹെ?? അറ്റൻഷൻ ആവണ്ടേ??)

എന്നെ ഞെട്ടിച്ചു കൊണ്ട് അദ്ദേഹം തുടങ്ങി "ഞാൻ പറയുന്നത് എല്ലാരും ഏറ്റു പറയുക..
ഞാൻ....എന്റെ സ്കൂളിൽ പഠിക്കുന്ന..... ഒരു പെണ്‍കുട്ടിയുമായും/ആങ്കുട്ടിയുമായും ....മിണ്ടില്ല..അവർ എല്ലാരും....എന്റെ സഹോദരീ സഹോദരൻമാരാണ്.. (സഹോദരീ സഹോദരൻമാർ തമ്മിൽ മിണ്ടൂല്ലേ??)...ഞാൻ....എന്റെ അധ്യാപകരെ സ്നേഹിക്കുന്നു...(ന്ഹെ..ഇതെവിടെയോ കേട്ടിട്ടുണ്ടെല്ലോ..)..ഞാൻ മൊബൈൽ ഫോണും..... ഫെയ്സ്ബുക്കും.... ഉപയോഗിക്കില്ല.."

കഴിഞ്ഞു...ഇപ്പൊ ഇതാണ് നാളത്തെ തലമുറ എടുക്കേണ്ട പ്രതിജ്ഞ..പിള്ളേർ ഉഴപ്പി എന്തൊക്കെയോ ചുണ്ടനക്കി പറഞ്ഞു തീർത്തു..എനിക്ക് അവരോട് സഹതാപം തോന്നി..ഇവർക്ക് സ്നേഹവും അലിവുമുള്ള അധ്യാപകരുണ്ടാവുമോ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രചോദനമാകാൻ??എന്ത് വിഷമവും പറയാൻ??എന്ത് ഭയവും പങ്കുവെക്കാൻ??നല്ല പോലെ പഠിപ്പിക്കാൻ??അതോ ഇവരുടെ അധ്യാപകരും ഇത് തന്നെ ആവുമോ ക്ലാസ്സിൽ പറയുന്നത്?? ടീനേജു കുട്ടികൾക്ക് നല്ല ശിക്ഷണവും ബോധവല്ക്കരണവും ആവശ്യമുണ്ട്..അതോ ഇങ്ങനെ ഉള്ള ശിക്ഷ ആണോ അവർക്ക് നല്കേണ്ടത്?? അവരുടെ ഹൃദയത്തിൽ തൊടാത്ത പൊള്ളയായ ചില വാക്കുകളിലൂടെ അവരെ എങ്ങനെ മാറ്റാൻ പറ്റും?? ഈ ഉപദേശങ്ങൾ തന്നെ എന്തുമാത്രം അപകടകരമാണ്??

ഞാൻ പിന്നെ ക്ലാസ്സെടുക്കാൻ പോയിട്ടില്ല..ഇത്തരം പ്രഹസനങ്ങളുടെ ഭാഗമാകരുതെന്നു തോന്നി..ഇപ്പൊ ഇത് എഴുതുന്നത് നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം ഇത്രയൊക്കെ ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ഇത്രയേറെ പീഡനങ്ങളും ഉണ്ടാവുന്നത്??അധ്യാപകരെന്നോ സഹപാഠികൾ എന്നോ ഉള്ള വ്യത്യാസമില്ലാതെ?? പിഞ്ചു കുഞ്ഞിനെ എന്നോ വൃധ്ധരെ എന്നോ  ഉള്ള വ്യത്യാസം ഇല്ലാതെ??

നല്ല ആണ്‍-പെണ്‍ സൗഹൃദങ്ങൾ കുറയുന്നു...ഉറപ്പുള്ള ബന്ധങ്ങൾ കുറയുന്നു..ആർക്കും ആരെയും വിശ്വാസമില്ല, എന്നിട്ടും ഒരുപാട് പേരാൽ നാം വഞ്ചിക്കപ്പെടുന്നു..ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാതിരിക്കാൻ അവൾ തന്റെ സഹോദരിയോ അമ്മയോ ആവണം എന്നുണ്ടോ??? മറ്റൊരു മനുഷ്യജീവി എന്ന് ചിന്തിച്ചാൽ പോരെ?? അതെന്തു കൊണ്ട് പറ്റുന്നില്ല?? പീഡനം എന്നത് ബലാല്സംഗം മാത്രമല്ല..ഫെയ്സ്ബുക്കിൽ ഇടുന്ന ഒരു അശ്ലീല/സ്ത്രീവിരുദ്ധ കമന്റു മുതൽ തുടങ്ങുന്നു അത്.."നന്നായി വസ്ത്രം ധരിക്കാത്ത സ്ത്രീ" എന്ന് പറഞ്ഞാൽ ഒരു സൗദി അറേബ്യൻ കണ്‍സർവേട്ടീവിന്റെ മനസ്സിൽ വരുന്നത് ശരീരം മുഴുവൻ മൂടിയെങ്കിൽ പോലും കണ്ണുകൾ മൂടാത്ത ഒരു സ്ത്രീയും ഒരു മിയാമിക്കാരന്റെ മനസ്സിൽ വരുന്നത് പൂർണ നഗ്നയായ സ്ത്രീയും ആയിരിക്കും.. അത് നമ്മുടെ ചിന്താഗതി  പോലെ ഇരിക്കും..എന്നിട്ടും നമ്മളിൽ പലരും പീഡകനെ ന്യായീകരിക്കാനും അത് സമൂഹത്തിന്റെ മുന്നിൽ നിന്ന് മറച്ചു വെക്കാനും ശ്രമിക്കുന്നു.. നമ്മുടെ ആണ്‍കുഞ്ഞുങ്ങളും  വളരെ അധികം പീഡിപ്പിക്കപ്പെടുന്നത് നമ്മൾ കണ്ടില്ലെന്നു നടിക്കുകയാണോ??

പീഡനം പീഡനം എന്ന് മുറവിളി കൂട്ടിയിട്ട് അതൊഴിവാക്കാൻ ചെയ്യുന്നത് ആണിനേം പെണ്ണിനേം കണ്‍വെട്ടത്തു   പോലും കാണിക്കാതിരിക്കലാണ്..അങ്ങനെ ചെയ്യുന്നത് കൊണ്ടാണ് കിട്ടുന്ന ആദ്യത്തെ അവസരത്തിൽ അവർ വേലി ചാടുന്നത്...മറ്റേ ആളോട് വെറും ആസക്തിയായി അത് പരിണമിക്കുന്നത്..സ്ത്രീ പുരുഷ ബന്ധങ്ങളിലെല്ലാം "കാമം" മാത്രമേ ഉള്ളു എന്ന ധാരണ വരുന്നത്..അത് കൊണ്ടാണ് പ്രേമത്തിനു പകരം നമ്മൾ ചുറ്റിക്കളിക്ക് പോകുന്നത്...എതിർ ലിംഗം ചരക്കും പീസും അലവലാതിയും വായ്നോക്കിയുമൊക്കെ മാത്രം ആയി തോന്നുന്നത്..

പെണ്‍കുഞ്ഞുങ്ങളെ പീഡനത്തിൽ നിന്ന് രക്ഷിക്കുമ്പോൾ അതിലേറെ നമ്മുടെ ആണ്‍കുഞ്ഞുങ്ങളെ പീഡകൻമാർ ആകുന്നതിൽ നിന്ന് രക്ഷിക്കണ്ടേ??

അപരിചതനായ നിങ്ങളോട്  ഒരു സഹായം ആവശ്യപ്പെട്ടിട്ട്  നിങ്ങൾ  അത് ചെയ്തു കൊടുക്കുമ്പോൾ "നന്ദി സുഹൃത്തെ" എന്ന് പറഞ്ഞു നിറചിരിയോടെ നന്ദിയോടെ ഒരു പെണ്‍കുട്ടി നടന്നകലുന്നത് കാണാൻ നിങ്ങൾക്ക് അവകാശമുണ്ട് പുരുഷന്മാരെ...
അസമയത്ത്  ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വന്നാൽ നിരത്തിലൊ വാഹനത്തിലോ സ്ത്രീകൾ ആരെങ്കിലും കൂട്ടിനുണ്ടോ എന്ന് ആകുലപ്പെടെണ്ടതിനു പകരം ഒരുപുരുഷനെ കണ്ടാലും സമാധാനിക്കുന്നൊരു കാലത്തിനു കാത്തിരിക്കാൻ നിങ്ങൾക്കും അവകാശമുണ്ട് സ്ത്രീകളെ..റീപ്രോടക്ഷൻ മര്യാദക്കു പഠിപ്പിച്ചു കൊടുക്കാൻ പോലും ചമ്മലുള്ള അധ്യാപകരുള്ള ഈ നാട്ടിൽ എന്നെങ്കിലും വരുമോ വിഷം കലരാത്ത ഒരു വ്യക്തിത്വ വികസന പാഠപധ്ധതി...??? എന്നിട്ട് ആ പാഠപധ്ധതി പഠിപ്പിച്ചു കൊടുക്കണം  പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചവൻമാർക്കും അതിലും ഇക്കിളി കണ്ടെത്തി പുല്ലിങ്ങമുയർത്തുന്ന അവന്റെ ഒക്കെ സംരക്ഷകൻമാർക്കും..

4 comments:

  1. ഇതുപോലത്തെ അണ്ണന്മാര് ഇപ്പോളും ഉണ്ടല്ലേ....ഇതൊക്കെ തീര്ന്നു കാണും എന്നാ ജ്ഞാൻ കരുതിയെ.....ഏതായാലും കൊള്ളം പഠിപ്പിക്കൽ ....ഈ പരുപാടിക്കു ഇനി പോകണ്ട എന്ന് തീരുമാനിച്ചത് നന്നായി.....നമ്മളും ഇ category ആണ് എന്ന് പിള്ളാര്‌ കരുതണ്ട.............

    ReplyDelete
  2. നല്ലൊരു നാടിനായി ആഗ്രഹിക്കാം ,നാളെയുടെ നാട്ടുകാർക്കെങ്കിലും അത് ലഭിക്കട്ടേ .

    ReplyDelete