Saturday, 15 November 2014

പുതിയൊരു മതം
ഞാൻ കുറെ കാലമായി ആലോചിക്കുന്ന കാര്യമാണ്..ഒട്ടും ലോജിക് ഇല്ലാത്ത/ഒരിക്കലും സമ്മതിച്ചു കൊടുക്കാൻ കഴിയാത്ത എന്തെങ്കിലും ഒരു കാര്യം മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ പറ്റിയ ഏറ്റവും നല്ല (ഒരുപക്ഷെ ഒരേയൊരു) കാര്യമാണ് മതം/മതവിശ്വാസം..ഒരു മതവിശ്വാസി സ്വന്തം ആത്മീയ വളർച്ചക്കുള്ള  മാർഗമായി അതിനെ ഉപയോഗിക്കേണ്ടതിന് പകരം എന്തെങ്കിലും ഒരു സംവാദത്തിൽ ഉത്തരം മുട്ടി നിൽക്കുമ്പോൾ എടുത്തുപയോഗിക്കാൻ, സ്വന്തം സൌകര്യത്തിനു ജീവിച്ചിട്ട് അന്യനെ അതിനനുവദിക്കാതിരിക്കാൻ, താൻ വിശ്വസിക്കുന്നത് തന്നെ എല്ലാവരും അനുസരിച്ച് പൊയ്ക്കോളനം എന്ന് വാശി പിടിക്കാൻ എന്നിങ്ങനെ പരസ്പരം പകയും വെറുപ്പും അസഹിഷ്ണുതയും വളർത്താനാണ് ഭൂരിപക്ഷം പേരും മതത്തെ ഉപയോഗിക്കുന്നത് എന്ന് തോന്നി പോകുന്നു..സമാധാനത്തിനും ശാന്തിക്കും വേണ്ടി ഉണ്ടാകപ്പെട്ടു എന്ന് കരുതുന്നവയെ ഭീതി പരത്താനും മനുഷ്യ ജീവിതം നരക തുല്യമാക്കാനും ഉപയോഗിക്കുന്നു എന്നത് തന്നെ എന്തൊരു വല്യ വിരോധാഭാസമാണ്.. ഇതിൽ എവിടെയാണ് ഈശ്വരീയത???

പക്ഷെ അത് സത്യമാണ്...ഈ ലോകം ഇന്ന് കറങ്ങുന്നത് മതത്തിന്റെ കാൽകീഴിലാണ്..

'മതം' എന്ന വാക്കിനർഥം അഭിപ്രായം എന്നാണ്..അങ്ങനെ ആണെങ്കിൽ ഞാൻ ഒരു പുതിയ മതം എന്റെ ജീവിതത്തിൽ തുടങ്ങിയാലോ എന്ന് വിചാരിക്കുകയാണ്..

[ഒരാളെ ഇടിച്ചു തെറിപ്പിച്ചിട്ടു  പോകുന്ന വണ്ടിയുടെ ഡ്രൈവർ രക്ഷപെടുകയും ചോരയിൽ കുളിച്ചു കിടക്കുന്ന പരിക്കേറ്റയാളെ രക്ഷപെടുത്തുന്ന വഴിപോക്കൻ കുടുങ്ങി പോവുകയും ചെയ്യുന്ന നാട്ടിൽ, വെട്ടി കൊല്ലുന്ന/ബോംബ്‌ വെക്കുന്ന/ബലാല്സംഗം ചെയ്യുന്ന മനുഷ്യരെ പോലും ന്യായീകരിക്കാൻ ഒരുപാട് ആരാധകർ ഉള്ളപ്പോൾ നല്ല കാര്യം ചെയ്യുന്ന ഒരാളെ സംശയത്തിന്റെ കണ്ണിൽ കാണാനും പുറകെ നടന്നു കുറ്റം പറഞ്ഞു പരത്താനും താത്പര്യപ്പെടുന്ന ഭൂരിപക്ഷമുള്ള നാട്ടിൽ, മറ്റൊരാളെ സ്വന്തം താത്പര്യത്തിന്റെ/സ്വാര്ത്തതയുടെ ഇരയാക്കി വെച്ച് അതാണ്‌ പാരമ്പര്യം/സംസ്കാരം എന്ന് ഊറ്റം കൊള്ളുന്നവരുടെ നാട്ടിൽ ഞാൻ ഒരു മതം എസ്റ്റാബ്ലിഷ് ചെയ്‌താൽ (വളരെ സീരിയസ്സായി പറയുകയാണ്‌) ഒന്നുകിൽ ഞാൻ കൊല്ലപ്പെടും അല്ലെങ്കിൽ എന്നെ മറ്റേതെങ്കിലും വഴിയിൽ നിശബ്ദ ആക്കും..അതാണ്‌ സമൂഹത്തിന്റെ രീതി..]

എന്തായാലും ഞാൻ ഇവിടെ ഉദ്ദേശിക്കുന്നത് അതൊന്നും അല്ല...ഞാൻ പ്രവാചകയും  അല്ല..ഒരു മതത്തിന്റെ പേരിൽ അറിയപ്പെടാനും താത്പര്യമില്ല..ഞാൻ എസ്റ്റാബ്ലിഷ്ട്‌ മതങ്ങളിൽ വിശ്വസിക്കുന്ന ആളും അല്ല..എന്നിട്ടെന്തിനാണ്‌ പുതിയൊരു മതം എന്ന് ചോദിച്ചാൽ ഉത്തരം വളരെ സിമ്പിൾ..ഇത് ഞാൻ എന്റെ ജീവിത മാർഗമാക്കാൻ ആഗ്രഹിക്കുന്നു..ഈ അഭിപ്രായമാർഗം പിന്തുടരുന്നവരാവും അതിന്റെ വിശ്വാസികൾ..ആർക്കെങ്കിലും താത്പര്യമുണ്ടെൽ ആവാം...അത്ര തന്നെ...(ഇനി ഇതെന്തിനാണ് ഒരു മതം ആക്കുന്നത് എന്ന് ചോദിച്ചാൽ, എന്റെ സുഹൃത്തെ, ആൾക്കാരെ എങ്ങനെ എങ്കിലും ഒന്ന് ബോധവല്ക്കരണം നടത്താൻ ഇതേ മാർഗമുള്ളൂ..  )


എന്തായാലും എന്റെ മതത്തിന്റെ മാനിഫെസ്റ്റൊയിലെ ചില പ്രസക്ത ഭാഗങ്ങൾ താഴെ കൊടുക്കുന്നു..

1. നിങ്ങൾ മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന ആളോ, നിരീശ്വര വാദിയോ, മതമില്ല പക്ഷെ ഒരു ദൈവത്തിൽ വിശ്വസിക്കുന്ന ആളോ  അങ്ങനെ എന്തുമാകട്ടെ..താഴെ പറയുന്ന ചിന്താ/പ്രവർത്തി രീതികൾ ഉള്ളവർ ഈ മതത്തിൽ പെടുന്നു..ഈ മതത്തിനു പേരില്ല..എന്റെ മതം പറയുന്നത് അവനവനിൽ പൂർണമായും വിശ്വസിക്കാനാണ്..ആത്മവിശ്വാസം ഇല്ലാത്ത/വേണമെന്ന് ആഗ്രഹമില്ലാത്ത ഒരാൾക്ക് ഈ മതം യോജിക്കില്ല..

2. പ്രകൃതിയെ/മറ്റു ജീവജാലങ്ങളെ/സ്വയം സ്നേഹിക്കുകയും പരിപാലിക്കുകയും വേണം..ഒരിക്കലും ചൂഷണം ചെയ്യരുത്..

3. ഈ മതത്തിൽ എല്ലാ ജീവജാലങ്ങളും സമരാണ്..മനുഷ്യൻ എന്ന വർഗത്തിൽ പോലും ഒരു രീതിയിലുള്ള അസമത്വവും അനുവദിക്കുന്നതല്ല..(ജാതി/മതം/ലിംഗം/വർണം/പ്രായം/ശാരീരിക ക്ഷമത/സാമ്പത്തികം)

4. എല്ലാ മനുഷ്യരും ഇരുപത് വയസ്സ് കഴിഞ്ഞാൽ സാമ്പത്തികമായി എന്തെങ്കിലും വരുമാനം നേടിയിരിക്കണം..സ്വാശ്രയ ശീലം വളരെ അത്യാവശ്യമാണ്..വീട്ടു ജോലികൾ, കുട്ടികൾ/പ്രായമായവരുടെ പരിചരണം, പുറം ജോലികൾ ഉൾപ്പെടെ  എല്ലാത്തരം ജോലികൾക്കും ശമ്പളമുണ്ട്..ആരാണോ അതിന്റെ   ഉപഭോക്താവ് അയാൾ അതിന്റെ ശമ്പളം നൽകണം..

5. രണ്ടു പേർക്ക് ഒരുമിച്ച്  ജീവിക്കണം എന്ന് തോന്നുമ്പോൾ അതാവാം..പിരിയണം എന്ന് തോന്നുമ്പോൾ അതും ആവാം..രണ്ടു പേർക്ക് ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ കുറഞ്ഞത് ഇരുപത് വർഷക്കാലം ആ കുഞ്ഞിന്റെ എല്ലാ ഉത്തരവാദിത്തവും പങ്കിട്ടെടുക്കണം..പിരിഞ്ഞാലും അടുത്തടുത്ത് ജീവിക്കണം..പരസ്പര ധാരണയിലും അനുവാദത്തിലും മാത്രം അടുത്ത തലമുറയെ സൃഷ്ടിച്ചാൽ മതി...(എന്റെ മതത്തിൽ ആളെ കൂട്ടണമെന്നു നിർബന്ധമില്ല..സ്വന്തം ജീവിതത്തിലൂടെ മാത്രം ഈ മതം പ്രചരിപ്പിക്കുക..അല്ലാത്ത എന്ത് തരം പ്രചാരണവും അർത്ഥശൂന്യം ആണ്)

6. ഇണകളായി ഒരുമിച്ച് ജീവിക്കുന്നവർ സ്നേഹത്തിലും തുല്യതയിലുമുള്ള ആരോഗ്യകരമായ ബന്ധം കാത്തു സൂക്ഷിക്കണം..പരസ്പരമുള്ള സ്നേഹം എന്നത്  സ്വാതന്ത്ര്യം വര്ധിപ്പിക്കുന്നതാകണം....

6. വെറുപ്പ്, വിദ്വേഷം, ഹിംസ, അഴിമതി, ക്രൂരത (ക്രൂരത എന്ന് പറഞ്ഞാൽ മറ്റൊരു മനുഷ്യന് ന്യായമായും അവകാശമുള്ള/അർഹതയുള്ള കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുന്ന/ഉപദ്രവമാകുന്ന എന്ത് പ്രവർത്തിയും. ഉദാ: തുറിച്ചു നോട്ടം പോലും) എന്നിവ പാടില്ല..

7. തന്നെക്കാൾ ശാരീരികമായി ബലം കുറഞ്ഞവരെ ഉപദ്രവിക്കുക ഏറ്റവും വലിയ പാപം...

8. സ്നേഹിക്കുന്നവരെ വേർപിരിക്കുക എന്നത്  കൊടും പാപം..

9. കുഞ്ഞുങ്ങളെ, മോശമായ ആരോഗ്യ-മാനസിക അവസ്തകളിലുള്ളവരെ, ബുദ്ധിമുട്ട് നേരിടുന്നവരെ സംരക്ഷിക്കുക..

10. പ്രാർഥിക്കാം, മെഡിറ്റെട്ടു ചെയ്യാം അതിലൊന്നും ഒരു വിധത്തിലുള്ള നിർബന്ധവുമില്ല, എന്നാൽ സ്ഥിരമായി ഒരു മണിക്കൂർ വ്യായാമം ചെയ്യണം..

NB : ഇങ്ങനൊരു ജീവിതചര്യ പിന്തുടരുന്ന ഒരുപാട് പേര് കാണും..സന്തോഷമുള്ള കാര്യമാണ്..
എന്റെ മതത്തിൽ ഇത് പറഞ്ഞിട്ടുണ്ട്, അത് പറഞ്ഞിട്ടുണ്ട് എന്നൊന്നും പറഞ്ഞു വരണ്ട..ചർച്ച ചെയ്യാൻ താത്പര്യമില്ല..ലോജിക്കലായുള്ള എന്ത് സംശയവും/വിശദീകരണവും ചോദിക്കാവുന്നതാണ്..പക്ഷെ ഉത്തരം എന്റെ സമയവും സാവകാശവും സൌകര്യവും ഒക്കെ പോലിരിക്കും.. :)

5 comments:

 1. good one....any admission fees :)

  ReplyDelete
 2. Yup..Rs 10 per day for copy right... ;)

  ReplyDelete
 3. ആണോ...... കുറച്ചു കൂടതൽ അല്ലെ....സ്വല്ല്പം കുറക്കു....പ്ലീസ് ..........കുറയ്ക്കില്ലേ....നല്ല കുട്ടി അല്ലെ.....

  ReplyDelete
 4. ഹാ.
  ദീൻ ഇലാഃഹി എന്നൊരു മതം ഉണ്ടായിരുന്നു.അതോ മറ്റോ ആണോ???

  ReplyDelete