Sunday, 26 October 2014

മാന്ഗല്യം തന്തു നാനെനാ..പിന്നെ ജീവിതം.......
 


സീൻ ഒന്ന്

കുട്ടികൾക്കായി കോവളത്ത് വച്ചൊരു ക്യാമ്പ്..ക്യാമ്പിന്നവസാനം സെലക്റ്റ് ചെയ്ത മൂന്നു കുട്ടികളെ അതിൽ നിന്ന് ബെസ്റ്റ് ക്യാമ്പറെ തിരഞ്ഞെടുക്കാൻ വേണ്ടി ഇന്റെർവ്യൂ ചെയ്യാൻ വിളിച്ചിരുത്തിയിരിക്കുന്നു..അതിൽ രണ്ടായി മുടി പിന്നിയിട്ട, അധികം ആരോടും സംസാരിക്കാത്ത, ഗൌരവക്കാരിയായ ഒരു പെണ്‍കുട്ടിയും വാ തുറന്നാൽ പിന്നെ അടച്ചു വയ്ക്കാത്ത എപ്പോഴും ചിരിക്കുന്ന നീണ്ടു മെലിഞ്ഞ ഒരു ആണ്‍കുട്ടിയും പിന്നെ മറ്റൊരു അജ്ഞാതനും ഉണ്ട്..ഇന്റെർവ്യൂനു കയറി പോകും മുൻപ് ആണ്‍കുട്ടി ആ പെണ്‍കുട്ടിയെ തിരിഞ്ഞു നോക്കുന്നു...അവൾ ചിരിക്കാതെ മറ്റെന്തിലോ മുഴുകി ഇരിക്കുകയാണ്..

സീൻ രണ്ട്

ഇന്ത്യൻ പ്രസിടന്റ്റ് അബ്ദുൽ കലാം എറണാകുളത്ത് ലെ മെരിടിയനിൽ വച്ച് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള കുട്ടികളോട് സംസാരിക്കുന്നു..കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച കുട്ടികൾ ഒരുമിച്ച് ഒരു ബസിലാണ് വന്നത്..തിരിച്ചും പോകും വഴി, മുകളിൽ പറഞ്ഞ പെണ്‍കുട്ടിയുടെ അച്ചനും മുകളിൽ പറഞ്ഞ ആണ്‍കുട്ടിയും "അശ്വമേധം" കളിക്കുന്നു..പെണ്‍കുട്ടി അപ്പോഴും വഴിയോര കാഴ്ചകളിൽ കണ്ണ് നട്ടങ്ങനെ..

സീൻ മൂന്ന്

പെണ്‍കുട്ടിയെ ഇന്റെർവ്യൂ ചെയ്യാൻ ഒരു മാഗസിൻ റിപ്പോർട്ടർ എത്തുന്നു..തങ്ങൾ എല്ലാ ലക്കവും ഒരു ബാല പ്രതിഭയെ കുറിച്ച് എഴുതാരുണ്ടെന്നും കഴിഞ്ഞ ലക്കത്തിൽ വന്നയാളുടെ ഇന്റെർവ്യൂ നോക്കൂ എന്നും പറഞ്ഞ് റിപ്പോർട്ടർ മാഗസിൻ പെണ്‍കുട്ടിയെ എല്പ്പിക്കുന്നു..അവൾ നോക്കുമ്പോൾ ആ ആണ്‍കുട്ടിയുടെ ഇന്റെർവ്യൂ..

സീൻ നാല്

അവിചാരിതമെങ്കിലും ആ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരേ വർഷം തന്നെ അതേ പ്രസിടന്റിന്റെ രണ്ടു വ്യത്യസ്ത പുരസ്കാരങ്ങൾ ലഭിക്കുന്നു..അവർ തമ്മിൽ കാണുന്നില്ല..

സീൻ അഞ്ച്

പെണ്‍കുട്ടി വളർന്നു ഒരുപാട് ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്ന ഒരുവളായി മാറിയിരുന്നു....ഒരു ദിവസം എഫ്.ബിയിൽ ഒരു ഫ്രെണ്ട് റിക്യസ്റ്റ്.."പണ്ട് ബാലജന സഖ്യത്തിൽ ഉണ്ടായിരുന്ന കുട്ടിയാണോ" എന്നും ചോദിച്ച്..അതെ എന്ന് മറുപടി അയക്കുകയും എന്നാൽ ഇദ്ദേഹത്തെ അത്ര ഓർമ കിട്ടുന്നില്ലല്ലോ എന്ന് വിചാരിച്ച് പയ്യന്റെ പ്രൊഫൈൽ നോക്കുകയും ചെയ്യുമ്പോൾ അത് ആ പഴയ ആണ്‍കുട്ടി..അങ്ങനെ അവർ നല്ല സുഹൃത്തുക്കളായി മാറുന്നു..

സീൻ ആറ്

പെണ്‍കുട്ടിയുടെ നാട്ടിൽ ഒരു ഡോക്യുമെന്റെഷനായി ആണ്‍കുട്ടി വരുന്നു..അവൾ അവനെ വീട്ടിലേക്കു ക്ഷണിച്ചു..ഉച്ചക്കു ശേഷം ഒരു കവിയരങ്ങിൽ പങ്കെടുക്കെണ്ടതുള്ളതിനാൽ അവൾ അതിനു പോകാൻ തയാറായി ഇരിക്കുകയാണ്..ആണ്‍കുട്ടി വരുന്നു..വീട്ടിൽ എല്ലാരോടും സൗഹൃദം പുതുക്കുന്നു..അമ്മയും അമ്മൂമ്മമാരും എല്ലാം വളരെ മതിപ്പോടെ പയ്യനോട് സംസാരിക്കുന്നു..പെണ്‍കുട്ടി കവിയരങ്ങ് ക്യാൻസൽ ചെയ്ത് ഒപ്പം കൂടുന്നു..വീടിന്റെ നടുത്തളത്തിൽ മഴ തകർത്തു പെയ്യുന്നു..

സീൻ ഏഴ്‌

പെണ്‍കുട്ടി തിയറ്ററിൽ സിനിമ കാണുകയാണ്...അപ്പൊ ആണ്‍കുട്ടിയുടെ മെസ്സേജ്..."സിനിമ കഴിഞ്ഞു വീട്ടിലെത്തിയാൽ എന്നെ ഒന്ന് വിളിക്കൂ"...

സീൻ എട്ട്

പാട്ട് കേട്ട് കുളിച്ചിറങ്ങി വരുമ്പോൾ ആണ്‍കുട്ടിയുടെ ഫോണ്‍..വർത്തമാനത്തിനിടയിൽ "ഇനി ജീവിത കാലം മുഴുവൻ എന്റെ ഒപ്പം കൂടുമോ" എന്ന ചോദ്യം..കാര്യം മനസ്സിലായെങ്കിലും പരിഭ്രമത്തിൽ പെണ്‍കുട്ടി "ഞാൻ നല്ല സുഹൃത്തല്ലേ..അത് മതി..അതിനപ്പുറമുള്ള കാര്യങ്ങൾ എനിക്ക് ഇപ്പൊ തീരുമാനിക്കാൻ പറ്റില്ല" എന്ന് പറയുന്നു..എങ്കിലും രാത്രി മുഴുവൻ അവൾ അങ്ങനെ ഒരു ബന്ധത്തിനെ പറ്റി മനസ്സിൽ ചിന്തിച്ചു നോക്കുന്നു..എനിക്ക് പ്രേമമുണ്ടോ പ്രേമമുണ്ടോ എന്ന് മനസ്സിൽ പലകുറി ചോദിച്ച് "ഹോ, ഇല്ല" എന്ന് ആശ്വസിക്കുമ്പോൾ ഇയർ ഫോണിൽ  "ഒരു ഗീതമെന്റെ മനസ്സിൽ വരുന്നുണ്ട്, നീ വരാതെങ്ങനെ മുഴുവനാകും??" എന്ന് വേണുഗോപാൽ പാടുന്നു..ഇത് ആ ആണ്‍കുട്ടി തനിക്കു തന്ന കവിതകളിൽ ഒന്നാണല്ലോ എന്നവൾ പകയ്ക്കുന്നു ..
രാത്രി രണ്ടു മണി...സാരമില്ല, അവൾ അവനു മെസേജ് അയക്കുന്നു "ഐ തിങ്ക്‌ ഇറ്റ്‌ ഈസ്‌ ആൻ യെസ്"...ഉടൻ അവൻ തിരിച്ചു വിളിക്കുന്നു..."ഞാൻ ഉറങ്ങിയിട്ടില്ല"..
"ഇപ്പൊ സംസാരിക്കാൻ പറ്റില്ല, നാളെ പകലാകട്ടെ" എന്ന് പറഞ്ഞ്  അവൾ ഉറക്കത്തിലേക്ക്..

സീൻ ഒൻപത്

"ആ പയ്യൻ കൊള്ളാം, ഇനി വല്ല പ്രേമവുമാണോ" എന്ന് അമ്മ കളിയാക്കുന്നു.."മം..അങ്ങനെ പറയുന്നു" എന്ന് അവൾ..ഞെട്ടുന്ന അമ്മ..കുഞ്ഞമ്മയും അമ്മൂമ്മയും ഒക്കെ പല തവണ കളിയാക്കുന്നു..കാര്യം പറയുമ്പോൾ അവരും ഞെട്ടുന്നു.."നീ എന്ത് പറഞ്ഞു??" എല്ലാവരും ചോദിക്കുന്നു..അവൾ "ഞാൻ ഒന്നും പറഞ്ഞില്ല" എന്ന് പറയുന്നു..

സീൻ പത്ത്

ആരുടെ ഫോണ്‍വന്നാലും വീട്ടുകാർ ജാഗരൂകരാകുന്നു..എന്നിട്ട് "ഏയ്‌ ഞാനീ വഴി വന്നപ്പോ വെറുതെ" എന്നാ ഭാവത്തിൽ കടന്നു പോകുന്നു..പെണ്‍കുട്ടി ആണ്‍കുട്ടിയോട് പറഞ്ഞു "അമ്മ ചോദിക്കുന്നു, എന്ത് പറയണം??"
"ഒന്നും പറയണ്ട, ഞാൻ വന്നു പറഞ്ഞോളാം"
ആണ്‍കുട്ടി ആ ഞായറാഴ്ച തന്നെ വീട്ടിൽ വന്നു കാര്യം അവതരിപ്പിക്കുന്നു...അമ്മയുമായി ഈ ബന്ധത്തിന്റെ ഗുണത്തെ പറ്റി രണ്ടു മണിക്കൂർ തർക്കിക്കുന്നു.. ഒടുവിൽ നിവൃത്തി ഇല്ലാതെ അമ്മ, "മോൻ വീട്ടിൽ സംസാരിച്ചു തീരുമാനിക്കൂ"..

സീൻ പതിനൊന്ന്

ഹോസ്പിറ്റലിൽ, അതും ഒരു ഗൈനകോളജി വാർഡിനു മുൻപിൽ വെച്ച് (ആകസ്മികം!!) പെണ്‍കുട്ടിയും ചെക്കപ്പിനു വന്ന ഭാവി അമ്മായി അമ്മയും സംഗമിക്കുന്നു.. അവർ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നു...സുഹൃത്തുക്കളെ പോലെ പിരിയുന്നു..പിരിയും മുൻപ് പപ്സ് വാങ്ങി തന്നിട്ട് അമ്മായി അമ്മ, "കുറച്ചൊക്കെ വണ്ണം വെക്കണ്ടേ??വല്ലതും നല്ലപോലെ കഴിക്കണം കേട്ടോ??"

സീൻ പന്ദ്രണ്ട്

കോളേജിൽ ഒരുമിച്ച് പഠിക്കുമ്പോൾ പ്രേമിക്കുന്നവരുണ്ട്..പക്ഷെ ഈ ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രേമിച്ചിട്ട്, കാർന്നോമ്മാരെ ഒക്കെ അറിയിച്ചിട്ട് ഒരേ കോളേജിൽ പഠിക്കാൻ പോകുന്നു..കൊളെജല്ല, ഐ.ഐ.ടി ആണ്..അഡ്മിഷൻ കിട്ടിയാൽ കാർന്നൊമാർക്ക് വിട്ടല്ലേ പറ്റൂ..

സീൻ പതിമൂന്ന്

ഐ.ഐ.ടിയിലേക്ക്‌ കൊണ്ടാക്കാൻ വരുമ്പോൾ ഭാവി അമ്മായി അച്ചനെ പരിചയപ്പെടുന്നു..അങ്ങനെ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ട്രെയിൻ കയറുന്നു..

അപ്പോൾ സ്ക്രീനിൽ വലിയ അക്ഷരത്തിൽ എഴുതി കാണിക്കുന്നു...

"രണ്ടര വർഷങ്ങൾക്കു ശേഷം..."

സീൻ പതിനാല്

"ഇനി എന്താ എഴുതുന്നത്??" പെണ്‍കുട്ടിയുടെ മടിയിൽ വന്നു കിടന്നു കൊണ്ട് ആണ്‍കുട്ടി..
"നമ്മുടെ പ്രേമ കല്യാണ കഥ" സ്ക്രീനിൽ തന്നെ ശ്രദ്ധിച്ച് പെണ്‍കുട്ടി റ്റൈപ്പ് ചെയ്യുന്നു..
"അത് വേണോ"
"പിന്നല്ലാതെ"
"എങ്കി എഴുതീട്ട് പെട്ടെന്ന് വന്നു ആഹാരം കഴിക്ക്.." ആണ്‍കുട്ടി എണീറ്റ്‌ പോകുന്നു..
പിന്നെ അപ്പുറത്തെ മുറിയിൽ നിന്ന്..
"എടീ, എന്നെ ഫുൾ വായിച്ച് കേൾപ്പിച്ചിട്ടെ പോസ്ടാവേ.."
"പിന്നല്ലാതെ.." എന്നും പറഞ്ഞു ചിരിയടക്കി പെണ്‍കുട്ടി അത് തന്റെ ബ്ലോഗിൽ പോസ്റ്റുന്നു..

3 comments:

 1. A good guy is like a four leave clover. Lucky to have but hard to find. This blog shows you're lucky. Live long, love long..

  ReplyDelete
 2. I ll tell u a secret...He is THE lucky guy...ആരോടും പറയണ്ട...ശ്....ശ്.. :)

  ReplyDelete
 3. വൗ!!!!!

  അൽപം തമാശയും റൊമാൻസും കൂട്ടിച്ചേർത്ത്‌ എഴുതാരുന്നു... നന്നായിട്ടുണ്ട്‌!!!

  ReplyDelete