Sunday, 26 October 2014

ഉമ്മ കേരളത്തിൽ ചുംബന സദാചാരം കൊടുമ്പിരി കൊള്ളുന്ന സമയത്ത് ഞാൻ ആലോചിച്ചത് എന്റെ ആദ്യത്തെ ചുംബനത്തെ പറ്റിയാണ്..അതൊരു ഒന്നൊന്നര ചുംബനമായിരുന്നു..

അച്ചന്റെ ഓഫീസ് വാർഷികമായിരുന്നോ അതോ അച്ചന്റെം അമ്മേടേം വിവാഹ വാർഷികമായിരുന്നോന്നു കൃത്യമായി ഓർമയില്ല..(ഡൌട്ട് തീർക്കാൻ അമ്മയെ വിളിച്ചപ്പോ പുള്ളിക്കാരി ഏതോ പ്രഭാഷണം കേൾക്കാൻ പോയിരിക്കുകയാണ്..).എന്തോ ആവട്ടെ...രംഗം ഒരു പാർട്ടി ആണ്..

അച്ചന്റെ കൂട്ടുകാരും ഓഫീസ് സ്ടാഫുകളും എല്ലാം ഉണ്ട്..
അതിൽ മായ ചേച്ചി, ഓഫീസ് തുടങ്ങിയ കാലം മുതൽ ഞങ്ങൾക്കൊപ്പം ഉണ്ട്..ചേച്ചിയുടെ മകനും ഞാനും ഒരേ പ്രായം, ചേച്ചിയുടെ മകളും എന്റെ അനിയനും ഒരേ പ്രായം..പിന്നെ, പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഞാനന്ന് എൽ.കെ.ജി യിലാണ് പഠിക്കുന്നത്..(അയ്യോടാ, പിന്നെന്താ വിചാരിച്ചത്???)..

പാർട്ടിയുടെ അവസാനം ഞങ്ങൾ കൂടിയിരുന്നു ഓരോ ഗിഫ്റ്റായി തുറന്നു തുറന്നു നോക്കുകയാണ്..ആർക്കും വേണ്ടാത്ത കുറെ കപ്പും സോസറും പൂവും കാടും പടലും എല്ലാം കഴിഞ്ഞ് വരുമ്പോൾ അതാ ഒരു കളിപ്പാട്ടം..(എന്ത് കളിപ്പാട്ടമാണെന്ന് ഓർമയില്ല, ട്ടോ)..എന്തായാലും ആർക്കും "എനിക്ക് വേണം" എന്ന് തോന്നുന്ന ഒരു സാധനം..ഞാനങ്ങനെ സന്തോഷത്തോടെ അതിന്മേൽ കൈ വെക്കവേ മറ്റൊരു ജോഡി ദുർബലമായ കൈകൾ കൂടി അതിന്റെ മുകളിൽ വന്നു വീഴുന്നു..അന്ന് എൻറെ അനിയന് ഒരു വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ടും അതുവരെ വീട്ടിലെ എല്ലാ സ്ഥാവര ജമ്ഗമങ്ങൾക്കും ഞാൻ മാത്രം അവകാശി ആയിരുന്നത് കൊണ്ടും, സത്യം പറയാല്ലോ, എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല..പൊതുവെ ഇത്തരം കണ്ഫ്യൂഷൻ എനിക്കിഷ്ടമല്ല...അതുകൊണ്ട് എതിരാളിയെ കടിക്കുക എന്നതാണ് എൻറെ രീതി..

എന്നാൽ ഇത് മായ ചേച്ചിയുടെ മോനാണ്..കടിച്ചാൽ എൻറെ ഇമേജ് തകരുമെന്ന് മാത്രമല്ല അച്ചൻ ഇടപെട്ടു ആ കളിപ്പാട്ടം അവനു കൊടുക്കാനും സാധ്യതയുണ്ട്..ഇനി എന്ത് ചെയ്യും??

മായ ചേച്ചിയുടെ മോനാണെങ്കിൽ ഒരു പാവം..അത് എൻറെ മുഖത്തേക്ക് നോക്കുകയാണ്.. (പിന്നീട് അവൻ ഇന്നേവരെ എൻറെ മുഖത്ത് നോക്കിയ ചരിത്രമില്ല)...അതെന്തോ ആവട്ടെ..ഞാൻ അവന്റെ കൈ തട്ടി മാറ്റി കളിപ്പാട്ടമെടുത്തു..

അന്ന് എൻറെ അച്ചൻ നല്ല മൂഡിലായിരുന്നു..പ്രശ്നം ഒഴിവാക്കാൻ അച്ചൻ ആ കളിപ്പാട്ടം എൻറെ കയ്യിൽ നിന്ന് വാങ്ങിയിട്ട് പറഞ്ഞു.."ആദ്യം നിങ്ങൾ പരസ്പരം ഉമ്മ കൊടുത്തെ.."..
ഞങ്ങൾ അനങ്ങിയില്ല..
ഞാൻ "എൻറെ പട്ടി കൊടുക്കും" എന്ന മട്ടിൽ നില്ക്കുന്നു..
അവൻ "ഞാൻ അത്തരക്കാരനല്ല" എന്ന മുഖഭാവത്തോടെയും..

ഉടൻ അച്ചൻ ടോണ്‍ മാറ്റി പുതിയ അനൗൻസ്മെന്റ്.."ആരാണോ ആദ്യം ഉമ്മ കൊടുക്കുന്നത് അവർക്ക് കളിപ്പാട്ടം.."

കേട്ട പാതി കേൾക്കാത്ത പാതി ഞാനാ ചെറുക്കനെ വലിച്ച് പിടിച്ച് ഒരുമ്മ..അവനൊന്നു പകച്ചു..പിന്നെ മുള ചീന്തുന്ന പോലെ ഒരു നിലവിളി..(മുള ചീന്തുന്ന ശബ്ദം എന്താണെന്ന് ഞാൻ കേട്ടിട്ടില്ല...അതൊരു ഭംഗിക്ക് പറഞ്ഞതാ...എന്നാലും മിനിമം ഒരു ചുവന്ന ലൈറ്റുള്ള ആംബുലൻസിന്റെ ഒച്ചയിൽ എന്ന് വിചാരിക്കുക..)..കരച്ചിൽ നില്ക്കുന്നില്ല..അച്ചന്റെ കൂട്ടുകാരെല്ലാം വലിയ ഒച്ചയിൽ ചിരി..ഞാനാണെങ്കിൽ കളിപ്പാട്ടം സ്വന്തമാക്കിയ ആവേശത്തിൽ നില്ക്കുന്നു..മായ ചേച്ചിയുടെ മകൻ എല്ലാം നഷ്ടപ്പെട്ടവനെ പോലെ എങ്ങി എങ്ങി കരയുന്നു.."എന്താ മോനെ കരയുന്നത്" എന്നും ചോദിച്ച് മായ ചേച്ചി ഓടി വന്നപ്പോൾ  എൻറെ കളിപ്പാട്ടം സെന്റിയടിച്ച് അവൻ കൊണ്ട് പോകുമോ എന്ന് ഭയന്ന് ഞാൻ നിൽക്കുമ്പോൾ അവൻ അവന്റെ അമ്മയോട് പറഞ്ഞു " ഇവളെന്നെ ഉമ്മ വച്ചു.."

അപ്പൊ തോറ്റതിനല്ല , ഞാൻ ഉമ്മ വച്ചതിനാണ് അവൻ കരഞ്ഞത്..എൻറെ ഉള്ളിൽ എന്തോ "പ്ലിംഗ്" എന്ന് തകർന്നു വീണു..

പിന്നെ അവൻ ചെറുപ്പത്തിലൊന്നും മായ ചേച്ചിയുടെ കൂടെ ഓഫീസിൽ വന്നിട്ടില്ല..ഇപ്പൊ കേൾക്കുന്നു ആ നാണം കുണുങ്ങി ചെക്കൻ വല്യ കേമനായെന്നും ചെക്കന്റെ നിശ്ചയം കഴിഞ്ഞു അടുത്ത ചിങ്ങത്തിൽ കല്യാണമാണെന്നും..അപ്പൊ പറഞ്ഞു വരുന്നത് അതൊക്കെ ആ ഒരു ഉമ്മേടെ ഐശ്വര്യമാണെന്നെ...അല്ലാതെന്തു പറയാൻ ...

2 comments: