Monday, 15 September 2014

സുജ ടീച്ചർ
 
അഞ്ചാം ക്ലാസ്സിലെ വാർഷിക പരീക്ഷ തീരുന്ന ദിവസം...മലയാളം മീഡിയത്തിലെ ഒരു കൂട്ടുകാരിയെ വിളിക്കാൻ ഞാൻ അവരുടെ പരീക്ഷ നടക്കുന്ന ക്ലാസിലേക്ക് പോയി..പരീക്ഷ പേപ്പറുമായി ക്ലാസ്സിൽ നിന്നിറങ്ങി വന്ന ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ചു കടന്നു പോയി..ഞാൻ അസ്തപ്രജ്ഞയായി നിന്നു.. എനിക്ക് ആ ടീച്ചറിനോട് വല്ലാത്ത ഒരു ആത്മബന്ധം പോലെ..എവിടെയോ കണ്ടു മറന്ന മുഖം..(അന്ന് 'ദെജാവു' എന്ന വാക്ക് അറിയില്ലല്ലോ)..വളരെ  സുന്ദരിയായ ഒരു ടീച്ചർ..മനസ്സിൽ വിളിക്കാൻ തോന്നിയ പേര് "അമ്മ" എന്നാണ്..

പരീക്ഷ കഴിഞ്ഞിറങ്ങി വന്ന കൂട്ടുകാരിയോട് കൂടുതൽ അന്വേഷിച്ചു..സുജ ടീച്ചർ..അവരെ മലയാളം പഠിപ്പിക്കുന്നു..അവൾക്ക് ഏറ്റവും പ്രീയപ്പെട്ട ടീച്ചർ..
അന്ന് രാത്രി മുഴുവൻ ഈ സുജ ടീച്ചർ എന്നെ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു..ഞാൻ ഒരാളോട് ഇഷ്ടം തോന്നിയാൽ പെട്ടെന്ന് അറ്റാച്ച്ഡ്‌ ആകുന്ന ആളാണ്‌...അതിനു പ്രത്യേകിച്ച് ലോജിക് ഒന്നും ഇല്ല..പിന്നെ, എനിക്ക് ഒരാളോട് പെട്ടെന്ന് ഇഷ്ടം തോന്നാനും പാടാണ്..എന്തായാലും സുജ ടീച്ചർ ആദ്യം പറഞ്ഞ കൂട്ടത്തിലായി..മുൻജന്മ ബന്ധം എന്നാണ് എനിക്ക് തോന്നിയത്..

ആറാം ക്ലാസ് ആദ്യ ദിവസം..മഴയോടൊപ്പം എല്ലാരും പുത്തൻ കുടയും ഉടുപ്പും ബാഗുമൊക്കെയായി ക്ലാസ്സിൽ എത്തിയിട്ടുണ്ട്..കയ്യിൽ ചെറിയൊരു ചൂരലും അറ്റന്റൻസ് രെജിസ്റ്റരും ചോക്കുമായി സുജ ടീച്ചർ കടന്നു വന്നു..ഞങ്ങളുടെ ക്ലാസ് ടീച്ചറായി..മനസ്സിൽ സന്തോഷം നുരഞ്ഞു പൊങ്ങിയത് പറഞ്ഞറിയിക്കാൻ വയ്യ..അവധിക്കാലം മുഴുവൻ കണ്ടു നടന്ന സ്വപ്നമാണ് ഫലിച്ചത്.. എങ്കിലും എനിക്ക് ടീച്ചറോട് സംസാരിക്കാൻ നാണമായി..പിന്നെ പിന്നെ സുജ ടീച്ചറും എന്നോട് അടുത്തു..ടീച്ചറുടെ ഓരോ വാക്കും എനിക്ക് ഏറ്റവും വിലയേറിയതായി..ഒരു ദിവസം ടീച്ചർ ക്ലാസ്സിൽ വെറുതെ ഇരിക്കുന്ന സമയത്ത് ഞാൻ ടീച്ചറോട് ഇഷ്ടപ്പെട്ട ആഹാരം, ഇഷ്ടപ്പെട്ട നിറം, വീട്ടിൽ ആരൊക്കെയുണ്ട് ഇങ്ങനെ കുറെ ചോദ്യങ്ങൾ ചോദിച്ചു..ഒരു കളിയാണ് എന്നാണ് പറഞ്ഞത്..ടീച്ചര്ക്ക് മൂന്നു വയസ്സുള്ള ഒരു മകളുണ്ടേന്നറിഞ്ഞു ..എനിക്ക് ആ കുട്ടിയോട് അസൂയയായി..

വീട്ടിൽ ഞാൻ പറഞ്ഞിരിക്കുന്നത് സുജ ടീച്ചർ എന്റെ അമ്മയാണ് എന്നാണ്..ടീച്ചർ പറയുന്നത് മാത്രേ ഞാൻ അനുസരിക്കൂ എന്നും..എല്ലാ ദിവസവും സ്കൂളിൽ പോകുന്നത് പോലും ടീച്ചറിനെ കാണാനാണ്..കളിക്കാൻ വിടുമ്പോഴും സ്കൂൾ വിടുമ്പോഴുമെല്ലാം ഞാൻ കാരണങ്ങളുണ്ടാക്കി സ്റ്റാഫ് റൂമിൽ പോയി..ടീച്ചർ കണ്ണിൽ നിന്നു മായുന്നത് വരെ നോക്കി നില്ക്കുന്നതൊക്കെ ഇന്നോർക്കുമ്പോൾ കണ്ണ് നിറയും..

ഏഴാം ക്ലാസ്സിലും ടീച്ചർ തന്നെ ആയിരുന്നു ക്ലാസ് ടീച്ചർ..അന്ന് പ്രിയപ്പെട്ട ടീച്ചറെ പറ്റി എഴുതാൻ അഷറഫ് സാർ ഒരു അസ്സൈന്മെന്റ് തന്നപ്പോൾ ഞാൻ ഒരു കാർഡ് ഉണ്ടാക്കി  ടീച്ചറെ പറ്റി എഴുതി..(ക്ലാസ്സിലെ മിക്ക കുട്ടികളും ടീച്ചറിന്റെ പേരാണ് എഴുതിയത്)..അന്ന് അഷറഫ് സാർ ചോദിച്ചു  "നീയിതെന്തൊക്കെയാണ് എഴുതിയിരിക്കുന്നത്??'മൈ ടീച്ചർ ഈസ് ബ്യൂടിഫുൾ' എന്നും 'മൈ ടീച്ചർ ഈസ് മൈ ഗോഡ്' എന്നും ഒക്കെ??"..
(ആ കാർഡ് ഇപ്പോഴും എന്റെ കയ്യിലുണ്ട്..അത് മാത്രമല്ല എന്റെ പ്രീയപ്പെട്ട അദ്ധ്യാപകർ എനിക്ക് സമ്മാനിച്ച എല്ലാം ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്..അത് ഒരു മുട്ടായിയാണെങ്കിൽ പോലും അതിന്റെ കവർ വരെ..അതെന്റെ ഒരു വട്ടാണ്..)

ഏഴാം ക്ലാസ് പാതിയിൽ ടീച്ചർ ബി.എഡ് നു പോയി..അന്നൊരു ക്ലാസ് മുഴുവൻ കരഞ്ഞു..താൻ തിരിച്ചു വരുമെന്നും അന്ന് സെവൻ-എ ആണ് ഏറ്റവും മികച്ച ക്ലാസ് എന്ന് കേൾക്കണമെന്നും പറഞ്ഞാണ് ടീച്ചർ പോയത്.. എന്റെ ജീവിതം ഇരുട്ടിലായത് പോലെയായി ..എന്നാൽ എട്ടാം ക്ലാസ്സിൽ ടീച്ചർ തിരിച്ചു വന്നു..എന്റെ മലയാളം ടീച്ചറായി..അന്നെനിക്ക് ഫുൾ മാർക്ക് കിട്ടിയപ്പോൾ ടീച്ചർ ഒരു പാർക്കർ പേന സമ്മാനിച്ചു..പിറ്റേ ദിവസം ആ പേന കൊണ്ട് ടീച്ചറെ പറ്റി ഒരു കവിത എഴുതി ഞാൻ കൊണ്ട് കൊടുത്തു..ഒരുപാട് പൈസ കൂട്ടി വച്ച് വില കൂടിയ, തുറക്കുമ്പോൾ പാട്ട് കേൾക്കുന്ന ഒരു കാർഡ് വാങ്ങി ടീച്ചറിനയച്ചു കൊടുത്തതും ഓർക്കുന്നു..

ടീച്ചർ എല്ലാ കുട്ടികളെയും സ്നേഹിച്ചിരുന്നു..പഠിക്കുന്നവരേയും പഠിക്കാത്തവരെയും..എല്ലാ കുട്ടികളും തിരിച്ചും സ്നേഹിച്ചിരുന്നു..എനിക്ക് പക്ഷെ അതൊരു ഒബ്സെഷനായിരുന്നു..ഒൻപതാം ക്ലാസ്സിൽ വച്ച് ടീച്ചറെന്നെ വീട്ടിൽ കൊണ്ട് പോയി എല്ലാവരെയും പരിചയപ്പെടുത്തി..പത്താം ക്ലാസ്സിൽ പിരിഞ്ഞു പോകുന്നത് വേദന തന്നെ ആയിരുന്നു...എത്രയോ രാത്രികളിൽ ഞാൻ കരഞ്ഞിരിക്കുന്നു..എങ്കിലും ഞാൻ പുതിയൊരു സ്ഥലത്തിന്റെ ബഹളങ്ങളുമായി വൈകാതെ പരിചയപ്പെട്ടു പൊരുത്തപ്പെട്ടു...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ  അധ്യാപക-വിദ്യാര്തീ ബന്ധം പലപ്പോഴും പൊള്ളയായി  (അതിൽ തന്നെ റിസേർച്ച് ഒക്കെ ആകുമ്പോഴേക്കും അത് പലപ്പോഴും ചൂഷണവും കൂടി ആകുന്നു)  മാറുന്ന പോലെയാണ് തോന്നുന്നത്..വലിയ ശമ്പളവും പ്രശംസയും എല്ലാവിധ സൌകര്യങ്ങളും അനുഭവിക്കുന്ന, കുട്ടികളെ മാത്രം വിലമതിക്കാത്ത അധ്യാപകരെക്കാൾ എന്നും ഓർക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും പൂജിക്കപെടുകയും ചെയ്യുന്നത് സ്കൂൾ അധ്യാപകർ തന്നെ ആയിരിക്കും...(ഇന്നത്തെ കാലത്ത് അതും സംശയമാണ്..)...എന്റെ അഭിപ്രായത്തിൽ ഒരു രാഷ്ട്രം ഏറ്റവും കൂടുതൽ ശ്രദ്ധിച്ചു തിരഞ്ഞെടുക്കേണ്ടതും ഏറ്റവും കൂടുതൽ ശമ്പളം നല്കേണ്ടതും എൽ.കെ.ജി മുതൽ പത്താം ക്ലാസ്സ് വരെയുള്ള അധ്യാപകർക്ക് അവരോഹണ ക്രമത്തിലാണ്.. കാരണം പിഞ്ചു കുഞ്ഞുങ്ങളുടെ  സ്വഭാവ രൂപീകരണത്തിൽ ഏറ്റവും കൂടുതൽ പങ്കു വഹിക്കുന്നവരെ ആണ് നമ്മൾ ഏറ്റവും കരുതലോടെ തിരഞ്ഞെടുക്കേണ്ടത്...ഒരു തലമുറയെ തന്നെ വാര്ത്തെടുക്കുന്നവരാണ് അധ്യാപകർ എന്നത് എത്ര സത്യം.. 

ടീച്ചർ സ്കൂള് മാറി പോയെങ്കിലും ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ പോയി കണ്ടിരുന്നു..പിന്നീട് കണ്ടിട്ടേ ഇല്ല..കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു..മക്കൾ സ്വാതിയും നന്ദനയും ഇപ്പൊ വലിയ കുട്ടികൾ ആയിട്ടുണ്ടാവും..ഈ ടീച്ചേഴ്സ് ഡെയിൽ ഞാൻ സുജ ടീച്ചറിനെ ഒരുപാട് ഓർത്തു..ഒരു കൊച്ചു കുട്ടിയുടെ മനസ്സിലെ ഏറ്റവും വലിയ ഹീറോ ആയതിന്, ഒരുപാട് നല്ല വാക്കുകളും പുഞ്ചിരിയും തന്നതിന്, നന്നായി പഠിപ്പിച്ചതിന്, പ്രചോദനം ആയതിന് എന്റെ പ്രണാമം..