Sunday, 13 July 2014

മാതൃത്വത്തിന്റെ മഹത്വം* *  conditions Apply


മാതൃത്വത്തെ കുറിച്ച് എന്റെ ഒരു സുഹൃത്ത് പോസ്ടിട്ടപ്പോൾ കണ്ട കമെന്റ് , "മാതൃത്വത്തിന്റെ മഹത്വം അറിയാത്ത തെവിടിശികൾക്കായി  ഈ പോസ്റ്റ്‌ സമർപ്പിക്കുന്നു.." എന്തായാലും രണ്ടു പെറ്റ എക്സ്പീരിയൻസ് ഉള്ള ഒരാളല്ല ഈ പോസ്ടിട്ടത്..അതുകൊണ്ട് തന്നെ അതേ പറ്റി എനിക്കുണ്ടായ സംശയം ഒന്ന് പങ്കു വക്കണമെന്ന് തോന്നി..
ബുദ്ധിയും വിവരവുമില്ലാത്തത് ഒരു കുറ്റമല്ല എന്നത് കൊണ്ട് ഇതുപോലെയുള്ള സന്മാര്ഗികളെയും സദാചാരവാദികളെയും തിരുത്താൻ നമ്മൾ ആളല്ല..എങ്കിലും "മാതൃത്വത്തിന്റെ മഹത്വം അറിയാത്ത തെവിടിശികൾ" ആരാണാവോ??

മാതാവിനെ തൊഴിച്ചു കൊല്ലുന്ന പെണ്മക്കളോ (അങ്ങനെ ഒരു വാർത്ത ഇതുവരെ കേട്ടിട്ടില്ല..അതോ ഇനി തൊഴിച്ചു കൊല്ലാനുള്ള ആരോഗ്യം ഇല്ലാഞ്ഞിട്ടാണോ ഇതെല്ലാം ആണ്മക്കളുടെ കുത്തകയായത്)??
അതോ കുട്ടികൾ വേണ്ടെന്നു വക്കുന്നവരോ??
ഇനി കുട്ടികൾ  വേണമെന്ന് ആഗ്രഹിച്ചിട്ടും പ്രസവിക്കാൻ കഴിയാത്തവരാണോ??
അതോ വിവാഹമേ കഴിക്കാതെ മാതൃത്വത്തിന്റെ "ഫീകര മഹത്വം" അനുഭവിക്കാതെ പോകുന്നവരോ??
സ്വന്തം കുഞ്ഞിനെ വളര്ത്താൻ "തേവിടിശി" ആകുന്നവരോ??
സ്വന്തം കുഞ്ഞിനേയും കൊന്നു ആത്മഹത്യ ചെയ്യുന്നവരോ??
നോക്കാൻ നിവൃത്തിയില്ലാതെ ഉപേക്ഷിക്കുന്നവരോ??
'അവിഹിത' ഗര്ഭം അലസിപ്പിച്ച്ചു കളയുന്നവരോ??
അതോ പെറ്റു കൂട്ടി കൂട്ടി ഒരു കുഞ്ഞിനെ പോലും അർഹിക്കുന്ന വിധത്തിൽ പരിചരിക്കാൻ കഴിയാത്തവരോ??
പെണ്കുഞ്ഞാനെന്നു കണ്ടു ഭര്ത്താവിന്റെ പ്രേരണക്ക് വഴങ്ങി അബോര്ട്ട് ചെയ്തവരോ??
അതോ പ്രസവിക്കും വരെ കാത്ത് വാ പിളര്ക്കുന്ന കുഞ്ഞിനു ഒരു അരിമണി കൊടുത്ത് കൊല്ലുന്നത് കാണേണ്ടി വരുന്നവരോ??
ഇതിലാരാണ് മാതൃത്വത്തിന്റെ മഹത്വം അറിയാത്ത "തേവിടിശി" ???

പ്രസവിക്കുന്നതാണ്, അത് മാത്രമാണ് മാതൃത്വം എന്ന് ധരിച്ചിരിക്കുന്നവരാണ് ഏറെ...അത് പോട്ടെ, അതിന്റെ പരിധിയിൽ നിന്ന് മാത്രം സംസാരിച്ചാൽ പോലും എനിക്ക് ആ കമന്റിയവനോടുള്ള ചോദ്യം ഇതാണ്.."ഇത്ര മാത്രം രോഷം കൊള്ളണമെങ്കിൽ  താങ്കൾ മാതൃത്വത്തിന്റെ മഹത്വം ശരിക്കും അറിയുന്ന ആളാണല്ലോ??താങ്കളുടെ ഭാര്യ/അമ്മ/പെങ്ങൾ/മകൾ ഇവരിലാരെങ്കിലും  സമൂഹം അറിയുന്ന/അന്ഗീകരിച്ച്ച്ച ബന്ധത്തിലൂടല്ലാതെ ഗര്ഭം ധരിച്ചാൽ ഈ മാതൃത്വ മഹത്വം അന്ഗീകരിച്ച് ആ കുഞ്ഞിനെ പ്രസവിച്ചു വളര്ത്താൻ അനുവദിക്കുമോ  നിങ്ങൾ??"

ഇല്ല..അവിടെ നിങ്ങളുടെ "അഭിമാനത്തിനു" കീഴെ ആണ് അവളുടെ മാതൃത്വം.. അന്യ മതത്തിൽ പെട്ട ഒരാളെ വിവാഹം കഴിച്ച് അതിലുണ്ടാവുന്ന കുഞ്ഞ് എത്രയോ ബന്ധുക്കൾക്കു അന്യരാണ്..അവരെന്താ കുഞ്ഞുങ്ങളല്ലേ?? പൊടി കുഞ്ഞുങ്ങളെ ഒക്കത്തെടുത്ത്‌
വഴിയിലൂടെ പിച്ച എടുത്തു നടക്കുന്ന സ്ത്രീകൾക്ക് ഈ മാതൃത്വത്തിന്റെ മഹത്വം നല്കാറുണ്ടോ നിങ്ങൾ??പോട്ടെ, വയനാട്ടിലെ അവിവാഹിതരായ ആദിവാസി അമ്മമാര്ക്ക്?? ഇല്ല...പ്രസവത്തിലൂടെ നിങ്ങൾക്ക് അഭിമാനിക്കാൻ തക്ക വണ്ണം ഒരു അവകാശിയെ പതിച്ചു നല്ക്കുന്നവരുടെ മാതൃത്വത്തിന് മാത്രേ വിലയുള്ളൂ..നിങ്ങൾ ആഗ്രഹിച്ച എണ്ണത്തിൽ, ആഗ്രഹിച്ച സമയത്ത്, ആഗ്രഹിച്ച പോലെ കിട്ടുമ്പോൾ..

ഒരു യുദ്ധം വരുമ്പോൾ, മത വെറി ഇളകുമ്പോൾ,ഏറ്റവും കൂടുതൽ  ഇരകളാകുന്നത് ചെറിയ കുഞ്ഞുങ്ങളും അവരുടെ അമ്മമാരുമാണ്..ആദ്യമാദ്യം കിട്ടുന്നതിന്റെയൊക്കെ തലവെട്ടാൻ നോക്കുമ്പോൾ എന്ത് മാതൃത്വ മഹത്വ ചിന്തകൾ?? പെണ്‍വർഗത്തിലെ മറ്റു സസ്തനികൾ പ്രസവിക്കാറായെന്ന്  കണ്ടാൽ അപ്പൊ ഓടിച്ചു വിടും നമ്മുടെ കണ്മുന്നിൽ നിന്ന് വരെ.. പൂച്ചയാവട്ടെ, പട്ടിയാവട്ടെ..പോട്ടെ, കോഴിമുട്ട തിന്നുമ്പോൾ അതൊരു മാതൃത്വത്തിന്റെ ലന്ഘനമാനെന്നു ഓർക്കാറുണ്ടോ?? ഇല്ല..അഭിമാനിക്കാവുന്ന തരത്തിൽ മക്കൾ വളർന്നാൽ അവർ "അച്ചൻ മക്കൾ", ഇല്ലെങ്കിൽ "അമ്മയുടെ വളർത്തു ദോഷം"..(പേരിന്റെ വാല്/കുടുംബപ്പേര്/ജാതിപ്പേര്/മതം എല്ലാം പൊതുവെ അച്ചന്റെത്..എല്ലാ ചടങ്ങുകൾക്കും അച്ചൻ മുന്നിൽ..ഇതെല്ലാം മാതൃത്വത്തിന്റെ മഹത്വം കൊണ്ടാണ്..എന്തൊരു വിലയാണ് അമ്മക്ക്..)

നമുക്ക് വേണ്ടത് നമ്മുടെ 'ചാരിത്ര്യവതി'കളായ സ്ത്രീകൾ പ്രസവിച്ചു തരുന്ന ജോണ്സൻ ആൻഡ്‌ ജോണ്സൻ പൌഡരിട്ട വെളുത്തു തുടുത്ത ചിരിക്കുന്ന കുഞ്ഞുങ്ങളെയാണ്..കറുത്ത് മെലിഞ്ഞ് മൂക്കട്ടയൊലിപ്പിച്ചു കരയുന്ന തെരുവോരത്തെ കുഞ്ഞിന്റെ അമ്മക്ക് മാതൃത്വം പോര..കുഞ്ഞുങ്ങളെ വേണ്ടെന്നു വയ്ക്കുന്ന/ഇല്ലാത്ത  (പല കാരണങ്ങൾ കൊണ്ട്) വിവാഹിതരായ സ്ത്രീകൾ, അവർ എന്തെങ്കിലും രീതിയിൽ സന്തോഷം അനുഭവിക്കുന്നവരാനെങ്കിൽ അവരോട്‌ പുച്ചമാണ്‌..എന്നാൽ ചൊവ്വാ ദോഷം കൊണ്ട് വിവാഹം നടക്കാതെ പോയവൾ/കന്യാസ്ത്രീ/വിധവ ഇവർ പ്രസവിച്ചാൽ അത് "വഴിപിഴക്കലുമാണ്"..

മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കാതെ പോകുന്നവർക്ക് പുല്ലിങ്ങമാണ് കൂടുതൽ ചേരുക, കാരണം സമൂഹത്തിന്റെ/കുടുംബത്തിന്റെ മുഴുവൻ "അഭിമാന പ്രശ്നങ്ങളും" തലയിലേറ്റി നടക്കേണ്ടി വരുന്നത് പുല്ലിങ്ങക്കാരാണ്.....ഇത് ഞാനൊരു ഫെമിനിസ്റ്റ് ആയതു കൊണ്ട് പറയുന്നതല്ല..നമ്മുടെ പുരുഷ കേന്ദ്രീകൃത വ്യവസ്ഥ അതാണ്‌ നമുക്ക് നല്കുന്നത്..അത് കൊണ്ട് ഇത്തരം മഹത്വത്തെ കുറിച്ചൊക്കെ വാചാലാനായെ മതിയാവൂ എങ്കിൽ , താങ്കൾ "തെവിടിശി"യുടെ പുല്ലിംഗം ഉപയോഗിക്കുന്നതാണ് അനുയോജ്യം..

PS: മാതൃത്വം/പ്രസവം ഇതിനു നിർണയിക്കാനുള്ളതല്ല 'സ്ത്രീത്വം' (femaleness, not femininity ) എന്ന് ഞാൻ വിശ്വസിക്കുന്നു..അതിനെ ഒരു ജൈവിക പ്രക്രിയയായി കാണാനിഷ്ടപ്പെടുന്ന ആളാണ്‌ ഞാൻ..ഇതിൽ  കൊട്ടേഷൻ ഉപയോഗിച്ച പദങ്ങളിലോന്നും ഞാൻ വിശ്വസിക്കുന്നില്ല..മാത്രമല്ല, ഇത് ആ കമ്മന്റിനുള്ള മറുപടി മാത്രമാണ്..അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളെ പറ്റിയൊന്നും ഞാൻ പരാമർശിച്ചിട്ടില്ല..ആ അർത്ഥത്തിൽ ഈ ലേഖനം അപൂർണമാണ്..)

1 comment:

  1. A great subject for a detailed debate, and need to say that the same may require in depth study. Well, very well narrated.

    ReplyDelete