Wednesday, 16 July 2014

ജീവിതത്തിന്റെ റിംഗ് ടോണുകൾ..


ഫോണിൽ സംസാരിക്കുന്നത് തീരെ ഇഷ്ടമല്ലാത്തോരാളാണ് ഞാൻ..ആകെ ജീവിച്ചു തീർത്ത ഇരുപത്തഞ്ചു വർഷത്തെ ജീവിതത്തിന്റെ പത്തു വർഷങ്ങളും അന്യനാടുകളിലായിരുന്നത് കൊണ്ട് ഫോണ്‍ വിളിക്കലല്ലാതെ വേറെ മാർഗങ്ങളില്ല ബന്ധങ്ങൾ നിലനിർത്താൻ..എങ്കിലും ഒരു ദിവസം നൂറു പ്രാവശ്യം ഒരാളെ ഓർത്താലും വിളിച്ചൊന്നു സംസാരിക്കാൻ മടിയാണ് എനിക്ക്..എഫ്.ബിയും ഇ-മെയിലും ഒക്കെ വന്നതിനു ശേഷം അതിലൂടെ ആണ് സുഹൃത്തുക്കളുമായി   കുശലാന്വേഷണം..എനിക്ക് നേരിട്ട് കണ്ടു സംസാരിക്കുന്നത് പോലെ തോന്നുക, ഒരാളുടെ ശബ്ദം കേൾക്കുന്നതിനേക്കാൾ എഴുത്തിലൂടെ സംവദിക്കുമ്പൊഴാണ് ..വിചിത്രം...അല്ലെ???..

എൻറെ മിക്ക കൂട്ടുകാരും അങ്ങനെയാണ്..എന്റെ ജീവിതത്തിലെ ഒരു തമാശ എന്താണെന്ന് വച്ചാൽ ഒരാളുമായി കുറെ കാലം പരിചയം കാണും..ഒടുവിൽ അയാൾ എന്റെ കണ്ണകലത്തിൽ   നിന്ന് മാറി പോവാറാകുമ്പോഴാണ്  ഞാൻ കൂടുതലടുക്കുക..അത് കൊണ്ട് തന്നെ വിരഹം എനിക്കെപ്പോഴും പതിവുള്ളതാണ്..അല്ല,ഞാൻ ആദ്യമേ തന്നെ ഒരാളുമായി വലിയൊരു സൗഹൃദം ആരംഭിക്കുകയാണെങ്കിൽ പോലും  ഒന്ന് രണ്ടു വർഷങ്ങൾക്കകം ബാഹ്യമായെങ്കിലും പിരിയേണ്ടി വരും..എനിക്ക് ഒരുപാട് ബെസ്റ്റ് ഫ്രണ്ട്സ് ഉണ്ട്..പറഞ്ഞ്ട്ടെന്താ കാര്യം, കാണുന്നത് രണ്ടു മൂന്നു വർഷങ്ങൾ കൂടിയാവും..വിളിക്കുന്നത് ആറു മാസത്തിലൊരിക്കലാവും..എങ്കിലും അവരെല്ലാം എന്നും എൻറെ ബെസ്റ്റ് ഫ്രണ്ട്സ് തന്നെ ആണ്..ഒരു കാലഘട്ടത്തിൽ മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നവർ..മിക്കവാറും പേര് എൻറെ ഹോസ്റ്റൽ/റൂംമേറ്റ്സ്‌ ആണ്..അങ്ങനെ നോക്കുമ്പോൾ പ്ലസ് വണ്ണിൽ ഒരാള്, പ്ലസ്‌ ടുവിൽ മറ്റൊരാൾ അങ്ങനെ ഓരോ വര്ഷവും പുതിയൊരാൾ വരും എൻറെ ജീവിതത്തിൽ..പല പല സ്ഥലങ്ങളിൽ മാറി താമസിക്കേണ്ടി വരുന്നത് കൊണ്ട് ഒരാള്ക്കൊപ്പവും ഒരുപാട് കാലം ചിലവഴിക്കാൻ സാധിച്ചിട്ടില്ല..അതുകൊണ്ടാവും ആ ബന്ധങ്ങളിൽ ഇത്ര മധുരം കിനിയുന്നത്...(ഇപ്പൊ നൂനൂനോട് ചാറ്റ് ചെയ്തതെ ഉള്ളൂ..എട്ടു മാസങ്ങൾക്ക് ശേഷം...നൂനൂനെ നിങ്ങള്ക്ക് അറിയാം..എൻറെ പഴയ മൂവർ സംഘത്തിലെ    കഷ്ടമൂര്ത്തി..)

ഇനി ഒരു വർഷം കഴിഞ്ഞു സംസാരിച്ചാലും രണ്ടു വർഷം കഴിഞ്ഞു കണ്ടാലും അവസാനം പറഞ്ഞു നിര്ത്തിയിടത്തൂന്നു തുടരാൻ കഴിയും ഞങ്ങൾക്ക്.. ഇന്നേവരെ കാലം സൌഹൃദത്തിൽ വിള്ളൽ വീഴ്ത്തിയിട്ടില്ല..നാട്ടിൽ പോകുമ്പോഴൊക്കെ കൂട്ടുകാർ നാട്ടിലുണ്ടെങ്കിൽ ഞാൻ അവരുടെ വീട്ടില് പോയി ഒരു ദിവസമെങ്കിലും നിൽക്കാറുണ്ട്..എന്ന് പറയുമ്പോൾ എൻറെ അവസ്ഥ നിങ്ങളൊന്നാലൊചിച്ചു നോക്ക്..കൊച്ചിയിൽ പോയി ആശ ചേച്ചിയെ കാണണം..പെരുമ്പാവൂരിലൊ ആലുവയിലോ  പോയി  അച്ചൂനെം ആരൂനേം കാണണം..കോഴിക്കോട് കൂളിമാട് പോയി നൂനൂനേം ഫാരൂക്കിൽ പോയി ലില്ലിത്താനെം കാണണം..ഇതുവരെ പോയിട്ടില്ല എങ്കിലും സഫൂനെ കാണാൻ കാസർഗോട് പോണം,സജിയെ കാണാൻ കണ്ണൂരും വിനിയെ  കാണാൻ മാവേലിക്കരയിലും പോണം..എനിക്ക് ഒരു വർഷത്തിൽ കൂടിപ്പോയാൽ പത്തുദിവസത്തെ അവധി കിട്ടും നാട്ടിൽ വരാൻ..അപ്പൊ ഊഹിക്കാമല്ലോ ഇതിലെ പ്രാവർത്തികഅംശം..തിരുവനന്തപുരം മുതൽ കാസർഗോട് വരെ ട്രിപ്പ് അടിക്കേണ്ടി വരും.. ഇവരെ ഓരോരുത്തരെ കുറിച്ചും എനിക്ക് ഒരുപാട് കഥകൾ പറയാറുണ്ട്..ഇനിയുമുണ്ട് ചില സ്പെഷ്യൽ ആൾക്കാർ..പക്ഷെ ഇനി ഞാൻ പറയാൻ പോകുന്നത് റിംഗ് ടോണ്‌കളെ കുറിച്ചാണ്..

മൊബൈൽ കിട്ടിയ കാലം മുതൽക്കു ഞാൻ ഓരോരുത്തർക്കും സ്പെഷ്യൽ റിംഗ് ടോണ്‍ ഇടാറുണ്ട്..ആദ്യമാദ്യം മ്യൂസിക് ആയിരുന്നു..പിന്നീടത് വരികളും വീഡിയോയും ഒക്കെ ആയി..അപ്പൊ പിന്നെ മൊബൈൽ ചിലക്കുമ്പൊ തന്നെ അറിയാല്ലോ ആരാ വിളിക്കുന്നതെന്ന്..ആദ്യത്തെ മൊബൈൽ ഫോണ്‍ വാങ്ങിയത് മുതൽ ഈ നിമിഷം വരെ എന്നെ മുടങ്ങാതെ എന്നും വിളിക്കുന്ന ഒരേയൊരാൾ എൻറെ അമ്മയാണ്..അസുഖം വന്നു തീരെ അവശതയിലാകുന്നത് വരെ അച്ചനും..ഓർമ വച്ച കാലം മുതല്ക്കേ കേൾക്കുന്നതാണ്‌ മുപ്പത്തി രണ്ടു പൂജ്യം നാല്..അച്ചന്റെ ഓഫീസ് നമ്പർ..അന്ന് നാല് ടിജിട്ടാണ് നമ്പർ..അതുകൊണ്ട് തന്നെ "ഡാഡ്" എന്ന് പറഞ്ഞു സേവ് ചെയ്തത് ആ നമ്പരാണ്..പിന്നെ മുപ്പത്തി രണ്ടു പൂജ്യം നാലിൽ തന്നെ അവസാനിക്കുന്ന അച്ചന്റെ മൊബൈൽ  നമ്പർ..അത് ഞാൻ എന്ത് കൊണ്ടോ "ബിസി ഡാഡ്" എന്ന് സേവ് ചെയ്തു..അച്ചൻ പുറത്ത് പോയി തിരക്കിലായിരിക്കുമ്പോൾ വിളിക്കുന്നത്  എന്നായിരിക്കും അന്നുദ്ദേശിച്ച്ചിരുന്നത്..മൊബൈലുകൾ മാറിയപ്പോഴും ആ പേര് അങ്ങനെ തന്നെ കിടന്നു.. "യു ആർ മൈ ഹണി ബഞ്ച്" എന്ന് തുടങ്ങുന്ന "കപ്പി കേക്ക് സോങ്ങ്" ആയിരുന്നു എന്നും എനിക്ക് അച്ചന്റെ റിംഗ് ടോണ്‍..എൻറെ അനിയൻ പോലും പറയുന്നത് ബിസി ഡാടെന്താ വരാത്തത്, നീ ബിസി ഡാഡിനെ വിളി എന്നൊക്കെ ആയിരുന്നു..അച്ചൻ മരിച്ചതിനു ശേഷം അച്ചന്റെ രണ്ടു മൊബൈൽ നമ്പരുകളും ഓഫീസ് നമ്പരും അമ്മ ക്യാൻസൽ ചെയ്തു..ഇടയ്ക്കിടെ അതിലേക്കു വിളിച്ചു വെറുതെ അച്ചന്റെ ശബ്ദത്തിന് കാതോർക്കുന്ന പതിവ് ഞാൻ അതോടെ നിർത്തി..

ഇന്നും ആ പാട്ട് കേൾക്കുമ്പോൾ എനിക്ക് "ബിസി ഡാഡ്" എന്ന് സ്ക്രീനിൽ തെളിയുന്നത് ഓർമവരും..ചില ആൾക്കൂട്ടങ്ങളിൽ യാത്രകളിൽ അപ്രതീക്ഷിതമായി ഞാനത് കേൾക്കാറുണ്ട്..ചിലപ്പോ തോന്നുന്നതുമാവാം...

1 comment: