Monday, 21 July 2014


ദ്യത്തെ പ്രേമലേഖനം...
2004
പ്ലസ്‌ വണ്‍ കാലം..
ഞാൻ അമ്മൂമ്മക്കും കസിൻ അപ്പുവിനുമൊപ്പം  തിരുവനന്തപുരത്ത് താമസിക്കുന്നു..
ഞങ്ങള്ക്ക് കൂട്ടായി ഒരു ജോലിക്കാരിയെ അങ്ങോട്ട് അയക്കുന്നുണ്ട് എന്ന് അച്ചൻ പറയുന്നു..
അങ്ങനെ ആ സാധനം ലാൻഡ് ചെയ്യുന്നു..
ലെഫ്റ്റ് റൈറ്റ് ലെഫ്ടിലെ ഇന്ദ്രജിത്തിന്റെ അമ്മയെ ഓർമ്മയുണ്ടോ??
അല്ലെങ്കിൽ സല്ലാപത്തിലെ മനോജ്‌ k  ജയന്റെ അമ്മക്ക് കുറച്ചൂടി തടി വച്ചെന്നു വക്കുക..
അങ്ങനൊരു കഥാപാത്രമാണ് വന്നു ചേർന്നിരിക്കുന്നത്..

പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്..അഹങ്കാരത്തിന്റെ ബാധ കേറിയ കുട്ടി പിശാച്ചുക്കളായിരുന്നു അന്ന് ഞാനും അപ്പുവും..ആരെയും അങ്ങട് ബോധിക്കില്യ..ഈ കുട്യോല്ടെ ഒരു കാര്യേ..

കവിയൂർ പൊന്നമ്മയെ ആഗ്രഹിച്ച ഞങ്ങള്ക്ക് ഫിലോമിനയെ കിട്ടിയത് പോലെയായി..സ്വന്തം അമ്മൂമ്മയെ തന്നെ സഹിക്കാൻ പാടായിരുന്നു..അങ്ങോട്ട്‌  പോകരുത് ഇങ്ങോട്ട് പോകരുത്  ഇരുന്നു പഠിക്കൂ തുടങ്ങി കാതിനും മനസ്സിനും അസ്വസ്ഥതയുണ്ടാക്കുന്ന വചനങ്ങളുമായി എപ്പൊഴും ചുറ്റിലുണ്ടാകും..പിന്നെ ആഹാരം കഴിപ്പിക്കൽ.. അങ്ങനെ ഞങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ മാത്രം ചെയ്യുന്നത് അമ്മൂമ്മയുടെ ഹോബ്ബി ആയിരുന്നു..ഒരു കൂട്ട് കിട്ടിയാൽ ഈ ദുശ്ശീലങ്ങൾ ഒക്കെ മാറിക്കോളും എന്ന് സമാധാനിച്ചിരിക്കുമ്പൊഴാനു നമ്മുടെ താരത്തിന്റെ വരവ്..

കുറ്റം പറയരുതല്ലോ..തങ്കപ്പെട്ട സ്വഭാവമാണ്..ഒന്നും അങ്ങൊട്ട് ചോദിക്കാതെ തന്നെ എല്ലാത്തിനും കേറി അഭിപ്രായം പറഞ്ഞോളും..പിന്നെ പെണ്ണെ ചെക്കാ എന്നൊക്കെയുള്ള വിളികൾ..അമ്മൂമ്മേടടുത്ത് എരിവു കേറ്റി കൊടുത്ത് ഞങ്ങളെ ചീത്ത വിളിപ്പിക്കുന്നതും താരത്തിന്റെ സവിശേഷതയാണ്..ഇത് മഹാ ശല്യമായല്ലോ..എന്ത് ചെയ്യും??ഞാനും അപ്പുവും മുറിയടച്ചിരുന്നു ഡിസ്കഷൻ തുടങ്ങി..
"കൊല്ലണ്ട..(കയ്യും കാലും ഓടിച്ചാ മതി) " എന്നൊക്കെ വിളിച്ചു പറയാൻ ഗുണ്ട ബിനുവിനെ പരിചയമില്ല..വീട്ടിൽ പറഞ്ഞാൽ "ആദ്യം ഹോസ്റെലീന്നു ചാടിപ്പോന്നു..ഇപ്പൊ ഈ ജോലിക്കാരിയെ ഓടിച്ചാൽ എനിക്ക് ഇനിയോരെണ്ണത്തെ കണ്ടു പിടിച്ചെടുക്കാൻ പറ്റില്ല" എന്നും പറഞ്ഞു അച്ചനെന്നെ കയ്യൊഴിയും..എന്താ ചെയ്യുക..??? സ്വന്തം ചിലവിൽ ഓടിക്കേണ്ടി വരും..ഞാനും അപ്പുവും ഒരു പ്ലാൻ തയാറാക്കി..

പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് അലാറം വെച്ച് ബുദ്ധിമുട്ടിയുണർന്നു ഞങ്ങൾ ആ കത്ത് മുൻവാതിലിന്റെ പടിയിൽ കൊണ്ടിട്ടു..പിന്നെ ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ പോലെ ഉറങ്ങി..രാവിലെ ഉണരുന്നത് താരത്തിന്റെ കരച്ചിൽ കേട്ട് കൊണ്ടാണ്..
"അയ്യോ എന്റെ ചേച്ചീ  ഞാനിനി എന്തോ ചെയ്യും?? ഇതെങ്ങാനറിഞ്ഞാ എന്റെ കെട്ടിയോൻ എന്നെ തല്ലികൊല്ലും.. ഞാനിവിടം വിട്ടു പോവാണേ..പെട്ടെന്ന് സാറിനെ വിളി.."
കാര്യം പ്രതീക്ഷിച്ചതിനേകാൾ ഏറ്റു !!!

"എന്താ എന്ത് പറ്റി അമ്മൂമ്മെ..??" എന്റെ അപ്പോഴത്തെ സ്നേഹം കണ്ടാൽ അവര് പോകുന്നില്ലെന്ന് വരെ വയ്ക്കും.. അത്രയ്ക്കാണ്  ഭാവാഭിനയം..
അവർ എന്നെ കത്ത് കാണിച്ചു..ഞാൻ തന്നെ കയ്യക്ഷരം മാറ്റി എഴുതിയ വരികൾ ചിരി ഒളിപ്പിച്ചു ഞാൻ തന്നെ വായിച്ചു..(കുറച്ചു ഗദ്ഗദം വേണം വോയ്സിൽ..)

"പ്രിയപ്പെട്ട സുമതീ..
നിനക്കെന്നെ അറിയുമോന്നറിയില്ല..പക്ഷെ എനിക്ക് നിന്നെ അറിയാം..ഓർമ വച്ച നാൾ മുതൽ നീയെന്റെ സ്വപ്നത്തിലെ രാജകുമാരിയായിരുന്നു സുമതീ..എന്നും ഞാൻ നിന്റെ പിന്നാലെ ഉണ്ടായിരുന്നു...എന്നിട്ടും നീയെന്നെ കണ്ടില്ല..എന്റെ സ്നേഹം തിരിച്ചറിഞ്ഞില്ല..നീ സുമംഗലിയായപ്പോൾ ആ കാഴ്ച കാണാനാകാതെ ഞാൻ നാട് വിട്ടു..ഒരു നിത്യ ബ്രഹ്മചാരിയായി മാറി..ഇപ്പോൾ വർഷങ്ങൾക്കു ശേഷം നിന്നെ ചന്തയിൽ വച്ചു കണ്ടപ്പോൾ എനിക്ക് സന്തോഷം സഹിക്കാൻ കഴിയുന്നില്ല..ഇനിയെങ്കിലും എനിക്ക് നിന്നെ വേണം..നീ എന്റെ കൂടെ പോരില്ലേ??

എന്ന് നിന്റെ സ്വന്തം കൃഷ്ണേട്ടൻ
(ഒപ്പ്)

ഇത്ര കടുത്തൊരു പ്രേമലേഖനം അവർ എന്റെ കയ്യിൽ തന്നതിനും ഞാൻ  അത് വായിച്ചതിനും അമ്മൂമ്മ നീരസപ്പെട്ടു..ആ അമ്മൂമ്മക്കറിയില്ലല്ലോ ഇതെഴുതിയ ഗൊച്ചുമോളുടെ റെയ്ഞ്ച്.. അമ്മൂമ്മ അച്ചനെ വിളിച്ചു വരുത്തി (അത് ഞങ്ങൾ പ്രതീക്ഷിച്ചില്ല) കത്ത് കാണിച്ചു..പിന്നെ ശബ്ദമടക്കി പറഞ്ഞു "ഇത് പ്രശ്നാവും..അയാൾ ഇവിടെങ്ങാനും കേറി വന്നാലോ..സുമതിയെ വീട്ടിൽ കൊണ്ടാക്കുന്നതാ ബുദ്ധി.."

കത്ത് കണ്ട ഉടൻ അച്ചൻ അകത്തേക്ക് നോക്കി..വാതിലിൽ മറഞ്ഞു നില്ക്കുന്ന എന്നെ തറപ്പിച്ച് നോക്കി കത്ത് വായിച്ചു തീർത്തു..പിന്നെ കത്ത് കുനുകുനെ കീറി കളഞ്ഞു..എന്നേം അപ്പൂനേം അകത്തെ മുറിയിൽ കൊണ്ട് പോയി നിർത്തി അച്ചൻ സ്റ്റൈലിൽ ചോദ്യം "ആരുടെ ഐടിയയാ..??" ഞങ്ങൾ തല കുനിച്ചു.. "എന്താ നിങ്ങള്ക്ക് അവരുമായുള്ള പ്രശ്നം..??" ഞങ്ങൾ പരാതിയുടെ കെട്ടഴിച്ചു..അച്ചന്റെ ഗൗരവം നിറഞ്ഞ മുഖത്ത് ചിരിയുടെ മിന്നലാട്ടങ്ങൾ ഞാൻ കണ്ടു.. അച്ചൻ സീരിയസ് ആവാൻ നോക്കി പരാജയപ്പെടുന്നു..
എന്തായാലും അച്ചൻ സുമതിയെ ആശ്വസിപ്പിച്ച് പറഞ്ഞു വിട്ടു..ഒരു ബാധ ഒഴിഞ്ഞ സന്തോഷം ഞങ്ങൾ അനുഭവിച്ചു..
അടുത്ത വലിയ ബാധ വരാൻ പോകുന്നതറിയാതെ..

PS : എന്റെ ആദ്യത്തെ പ്രേമലെഖനത്തെ കുറിച്ചാണിത്..ബട്ട്‌ എനിക്ക് കിട്ടിയ ആദ്യ പ്രേമലെഖനമാണ് നിങ്ങൾ പ്രതീക്ഷിച്ചതെന്നു തോന്നുന്നു..വിഷമിക്കണ്ട..നാളെ..നാളെ..നാളെ..ഏതെങ്കിലുമൊരു ദിവസത്തിന്റെ നാളെ ഞാനത് നിങ്ങൾക്കായി എഴുതുന്നതാണ്..ഓക്കെ ..??

3 comments:

  1. pavangalkku asha kodukarthu....:)

    ReplyDelete
  2. I couldn't stop laughing, not bcoz it's bad or something but bcoz even I had a similar situation long back. Pinne paryade vaya njan oru payngali prenya leganam predikshichu poyi....

    ReplyDelete
  3. awesome...... narration keep it up

    ReplyDelete