Saturday, 12 July 2014

ന്നെ ഒന്ന് സംശയിക്കൂ..പ്ലീസ്..


പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു തോന്നൽ..നമ്മടെ മദറിനു തീരെ സ്നേഹമില്ലെന്ന്..നമ്മളെ ഒരു വെലയില്ല..എന്ത് പറഞ്ഞാലും കണ്ണുമടച്ചങ്ങു വിശ്വസിക്കും ..ഞാൻ ഭയങ്കര ഡീസെന്റ്റ്   ആണെന്ന് പുള്ളിക്കാരിയുടെ മനസ്സിലങ്ങുറച്ചു പോയി..
എനിക്കാണെങ്കിൽ പഠിത്തത്തിന്റെ ടെൻഷൻ ഒരു സൈഡിൽ കൂടി ശക്തമായിപോകുന്നുണ്ട്.. എന്റർറ്റയിന്മെന്റ്സ് തീരെയില്ലാതായി..ഒരു കൂട്ടുകാരിയുടെ വീട്ടിൽ ടൂഷന് പോകുന്നുണ്ട്.. അതാണ്‌ ഏക രസം..അന്നത്തെ എന്റെ പ്രണയത്തിന്റെ കോണ്‍സെപ്റ്  അനുസരിച്ച് കോളേജിൽ പഠിക്കുമ്പോഴാണ് പ്രേമം ഉണ്ടാവുന്നത്..അവിടുത്തെ മരം ചുറ്റാതെ, കോളേജ് ടൂർ പോകാതെ, സെന്റിയടിച്ച് യാത്ര പറയാതെ ഉണ്ടാവുന്ന പ്രേമത്തിനു എന്ത് ഭംഗിയാണുള്ളത്??  മാത്രമല്ല ഞാൻ ആ പുനലൂർ ചുറ്റുവട്ടത്തൊന്നും ഒരു പ്രേമിക്കബിൽ ആയ ചെക്കനെ കണ്ടിട്ടില്ല..എങ്കിലും പ്രണയം എന്ന ചിന്ത എന്റെ മനസ്സിൽ വരികളായും  തിരക്കഥകളായും വന്നു കൊണ്ടേയിരുന്നു..

ഞാൻ സ്വയം ഒരു ഹോബി  കണ്ടു പിടിച്ചു..പത്രത്തിൽ നിന്നും വാരികകളിൽ നിന്നുമൊക്കെ പടങ്ങൾ വെട്ടിയെടുക്കും..ഈ പടങ്ങൾ കൊളാഷ് പോലെ ഒട്ടിച്ച് തിരക്കഥ എഴുതി ഒരു പ്രണയ കഥ ഉണ്ടാക്കിയെടുക്കും.. ആരുമറിയാതെ ആണ് പരിപാടി..കാരണം ഒരുപാട് സമയമെടുക്കും ഇതുണ്ടാക്കാൻ..പത്താം ക്ലാസ്സാണേ..

അങ്ങനെയിരിക്കെ എന്റെ ഒരു കൂട്ടുകാരിയെ പുറകെ നടന്നു പ്രേമിച്ച്ചിരുന്നവൻ ആത്മഹത്യക്ക് ശ്രമിച്ചു ഐ.സി.യുവിലായി..ഞാനാകെ ഉലഞ്ഞു പോയി..ഇങ്ങനൊക്കെ ഒരു പ്രേമമുണ്ടോ??പത്തിൽ പഠിക്കുമ്പോ പ്രേമിച്ച പെണ്ണ് റിജെക്റ്റ് ചെയ്തതിനു മരിക്കാൻ നോക്കുക..ഹോ എനിക്ക് വേണ്ടി എതെങ്കിലുമൊരുത്തൻ ഇങ്ങനെ ചെയ്യുമോ??എന്റെ കൂട്ടുകാരി കഷ്ടിച്ച് പാസ്സാവുന്ന ഒരാളാണ്..അവനാണേൽ വേദനിക്കുന്ന കോടീശ്വരൻ..പത്തിൽ ക്ലാസ് ടോപ്പെറായ നമുക്ക് വേണ്ടി ചാവാൻ പോയിട്ട് പ്രേമിക്കാൻ പോലും ഒരു പട്ടിയുമില്ല (എന്നെ ആളുകൾ വണ്‍വേ പ്രേമിക്കുന്നതിൽ എനിക്ക് വിരോധമോന്നുമില്ലായിരുന്നു).. എനിക്ക് ഭയങ്കര സങ്കടം..നമ്മുടെ സെൽഫ് വർത്ത്ചോദ്യം ചെയ്യപ്പെടുന്നത് പോലെ.. എന്റെ കൂട്ടുകാര്ക്കെല്ലാം പ്രേമം മൊട്ടിട്ടു തുടങ്ങിയ സമയമായിരുന്നു അത്..അവരുടെ വീട്ടുകാർ വിവരമറിഞ്ഞ് ഫോണും കത്തുമെല്ലാം നിരോധിക്കുന്നതും ഫുൾ ടൈം നിരീക്ഷിക്കുന്നതുമെല്ലാം കേട്ട് എനിക്ക്കൊതിയായി..എന്റെ അമ്മ എന്നെ സംശയിച്ച് തുടങ്ങണം..ഫുൾ ടൈം നിരീക്ഷിക്കണം..എവിടെ പോയാലും കൂടെ വരണം..ഇതൊക്കെ എനിക്ക് ആ സമയത്തെ ആഗ്രഹങ്ങളായിരുന്നു..എനിക്ക് ഇന്നത് വളരെ വിചിത്രമായി തോന്നുന്നു..കാരണം വിശ്വാസം കൊണ്ടുള്ള കളിയാണ്.. അത് ഒരിക്കൽ നഷ്ടപ്പെട്ടാൽ തീർന്നു..അന്ന് പക്ഷെ കല്യാണ്‍ ജുവലെഴ്സിന്റെ പരസ്യം വന്നിട്ടില്ല..അങ്ങനെ നിഷ്കളങ്കയായ ഞാൻ മുകളിൽ പറഞ്ഞ കൂട്ടുകാരിയോട് ആഗ്രഹം ഉണർത്തിച്ചു..

എനിക്ക് നല്ല ഒന്നാന്തരം വട്ടാണെന്ന് നേരത്തെ അറിയാമെങ്കിലും അവൾ അത് ഒന്നുകൂടി ആവർത്തിച്ചു..ഒടുക്കം എന്റെ നിർബന്ധത്തിനു വഴങ്ങി സമ്മതിച്ചു..ഞങ്ങൾ അവളുടെ മുറിയിലിരുന്നു മാസ്റർ പ്ലാൻ തയാറാക്കി..ആദ്യം ഒരു നല്ല പേര് വേണം..കുറെ പേരുകൾ ചിന്തിച്ചു നോക്കി..ഒന്നും എനിക്കിഷ്ടപ്പെടുന്നില്ല..വെറും കഥയാണെങ്കിലും എന്നോട് ചേർത്ത് അപവാദം ഉണ്ടാക്കാനുള്ളതാണ്...അപ്പൊ മോശമാവാൻ പാടില്ല..അങ്ങനെ നീൽ എന്ന പേര് എനിക്കിഷ്ടപ്പെട്ടു..പിന്നെ ഒരു ദമ്മിന് മേനോൻ കൂടി ചേർത്ത് വളരെ ഭീകരമായ 'നീൽ മേനോൻ' എന്നൊരു പേരുണ്ടാക്കി..അങ്ങനെ കൊല്ലം ജില്ലയിൽ പോലും ഒരാളുണ്ടാവില്ലെന്നു എനിക്കുറപ്പായിരുന്നു...നാളെ അതിന്റെ പേരില് ആരും അന്വേഷിച്ച് വരരുതല്ലോ..

അടുത്ത ലെവൽ ഓപ്പറേഷൻ എന്റെ വീട്ടിലാണ്..ഞാൻ പറഞ്ഞ സമയമാകുമ്പോൾ അവൾ ഫോണ്‍ വിളിക്കും..ആ സമയമടുത്തപ്പോൾ  ഞാൻ തഞ്ചത്തിൽ അമ്മയെ ഡൈനിംഗ് ടേബിളിന്റെ അടുത്ത് കൊണ്ട് വന്നിരുത്തി..ഫോണ്‍ അവിടെയാണ് ഇരിക്കുന്നത്..അവൾ വിളിച്ചു..ഞാൻ ഫോണ്‍ എടുത്തു, എന്നിട്ട് പരുങ്ങലോടെ.."നീൽ ഞാൻ പിന്നീട് വിളിക്കാം..ഇപ്പൊ..ഇപ്പൊ പറ്റില്ല..ഹാ, ഞാൻ വിളിക്കാം.." എന്നൊക്കെ ഫുൾ സംശയം മോഡിൽ സംസാരിച്ചു..അമ്മ തീരെ താത്പര്യമില്ലാത്ത പോലെ എണീറ്റ് പോയി..ഇപ്പൊ ഒരു ചോദ്യോത്തര പംക്തി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ഞാൻ ശശി തരൂരായി..

അത് ഒരർത്ഥത്തിൽ എന്നെ വല്ലാതെ വിഷമിപ്പിച്ചു..ഒരാൾക്ക് എന്നോട് പ്രേമമുണ്ടെന്നു  മറ്റൊരാള്ക്ക് സംശയിക്കാൻ പോലും തോന്നാത്ത വിധം ഒരു ബോറത്തിയാണോ ഞാൻ എന്ന ചിന്ത എന്നെ വിഷമിപ്പിച്ചു..എന്താണ് ആരും എന്നെ പ്രേമിക്കാത്തതു??ഞാൻ പല തവണ തല പുകഞ്ഞാലോചിച്ചു..കണ്ണാടിയിൽ നോക്കിയിരുന്നു..ഒടുവിൽ ഞാനാ സത്യം വേദനയോടെ തിരിച്ചറിഞ്ഞു..എന്റെ മൂക്ക് ചപ്പിയിട്ടാണ്..ഞാൻ അട്ട്രാക്റ്റീവ് അല്ല..പഠിച്ച് ജോലിയൊക്കെ കിട്ടിയിട്ട് ഞാനത് പ്ലാസ്റ്റിക് സര്ജറി ചെയ്യും..എന്നാലും അതുവരെ..ആരും എന്നെ തിരിഞ്ഞു നോക്കില്ലല്ലോ..കണ്ണാടിയിൽ തന്നെ നോക്കിയിരിക്കുന്നതിനു ഞാനും അമ്മായുമായോന്നിടഞ്ഞു..അമ്മയറിയുന്നുണ്ടോ എന്റെ തിരിച്ചറിവിൽ ഞാനാകെ തകർന്നിരിക്കുകയാണെന്ന്..

കഥ ഇവിടം കൊണ്ടവസാനിക്കുന്നില്ല..അമ്മയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഞാനീ നമ്പർ പല തവണ ഇറക്കി..മൊബൈൽ വന്നതിനു ശേഷം വെറുതെ കാൾ വന്നെന്ന മട്ടിൽ അമ്മയുടെ മുന്നിൽ ചെന്ന് നിന്ന് സംസാരിക്കും..അമ്മ മൈൻഡ് ചെയ്യില്ല..ഡെൽഹിയിലായിരുന്നപ്പോൾ ഒർക്കുട്ട് ഉപയോഗിച്ചു തുടങ്ങിയ സമയത്തും ഞാനൊരു കഥയിറക്കാൻ  നോക്കി പരാജയപ്പെട്ടു.. എന്നാൽ ശരിക്കും ഒരാളെ പ്രേമിക്കാനും എന്നെ കൊണ്ട് വയ്യ..എന്നെ എല്ലാരും ഇങ്ങൊട്ട് പ്രേമിചോണ്ട് വന്നു കൊണ്ടേയിരിക്കണം, ഞാൻ അവരെ ഒക്കെ നിഷ്കരുണം ഉപേക്ഷിച്ചു കൊണ്ടേയിരിക്കണം..ഇതൊക്കെയാണ് എളിയ ആഗ്രഹങ്ങൾ ഇതെല്ലാം അമ്മേടെ മുന്നിൽ ആളാവാനാണ്.."എക്സ്ക്യൂസ് മി,എന്റെ ചുറ്റും ഒരുപാട് പേർ സ്നേഹവുമായി കാത്തു നില്ക്കുന്നു..എനിക്കതൊന്നും വേണ്ട..അമ്മ മാത്രമാണ് എനിക്ക് വലുത്" എന്ന ഒരു അവസ്ഥ ഉണ്ടാക്കി എടുത്താൽ അമ്മ എന്നെ അതി ഭീകരമായി സ്നേഹിക്കും എന്നാണു എന്റെ കണക്കു കൂട്ടൽ..അച്ഛനെ പോലെ അമ്മ എന്നെ ശ്രദ്ധിക്കുന്നില്ല എന്നത് എനിക്കെന്നും ഒരു വല്യ പ്രശ്നമായിരുന്നു..പതിനായിരം വട്ടം ഞങ്ങൾ ഇതും പറഞ്ഞു അടി കൂടിയിട്ടുണ്ട് വീട്ടിൽ.. അമ്മക്ക് പ്രകടനപരതയിൽ താത്പര്യമില്ലത്രേ.. എന്റെ മനസ്സിലെ അമ്മ സങ്കല്പം മിനി നായരാണ്.."ന്റെ ഉണ്ണീ" എന്നൊക്കെ വിളിച്ച് കരഞ്ഞു ചളമാക്കുന്ന ഒരു റ്റൈപ്പ്...എന്തായാലും ഇന്നെനിക്കറിയാം.."വിശ്വാസം, അതല്ലേ എല്ലാം.."

PS : ഒടുക്കം ഞാനോരുത്തനെ ശരിക്കുമങ്ങ്‌ പ്രേമിച്ചു..അവൻ പ്രൊപ്പോസ് ചെയ്ത് 'യെസ്' പറഞ്ഞു പ്രണയം ആദ്യമായി എന്റെ ഉള്ളിൽ വന്നു നിറഞ്ഞ അന്ന് തന്നെ അമ്മേടെ ചോദ്യം "എന്താ, പ്രണയത്തിൽ വീണോ നീ???"..അമ്മ ഒരൽഭുതമായത് അന്നായിരുന്നു..

3 comments:

  1. Well, it is not too late, we can handle this with some medications, give it a try, or later may need to use some electricity:):):)

    ReplyDelete
  2. :D I think it is too late..engine out completely...

    ReplyDelete