Wednesday, 16 July 2014

തുടർ ഭ്രാന്ത്...

പിറ്റേ ദിവസമാണ് സംഭവങ്ങളുടെ ഒരേകദേശ രൂപം കിട്ടിയത്...രൊസമ്മാന്റിക്കു അന്ന് രാത്രി മറ്റൊരു പരാതി കൂടി കിട്ടി..യോമ്പിയുടെ മുറിയിൽ നിന്നു വില പിടിപ്പുള്ള കുറെ സാധനങ്ങൾ കരുണ എടുത്തു കൊണ്ട് പോയി..മാത്രമല്ല, അവളുടെ ഷാമ്പൂ, ലിക്വിഡ് സോപ്പ് തുടങ്ങിയ ദ്രാവകങ്ങലെല്ലാം ആ മുറിയിൽ കോരിയോഴിച്ചു..അതിനു ശേഷമാണ് കരുണ ഞങ്ങളുടെ അടുത്തെത്തിയത്..ആന്റി ഉടൻ തന്നെ അവളുടെ ലോക്കൽ ഗാർഡിയനെ വിളിച്ച് "എത്രയും പെട്ടെന്ന് ഇവിടെ എത്തുക, അല്ലെങ്കിൽ ഞങ്ങൾ പോലീസിനെ വിളിക്കും" എന്ന് പറഞ്ഞു..ആ പയ്യൻ പറന്നു വന്നു..അവൻ വന്നു വാതിലിൽ മുട്ടി കരുണയെ വിളിച്ചു..അവൾ കതകു തുറന്നപ്പോൾ "വാ, ഇപ്പൊ തന്നെ പോകാം" എന്ന് പറഞ്ഞു.. അവൾ വഴങ്ങിയില്ല..അവൻ അവളെ തല്ലി.. പിന്നെ രണ്ടുപേരും പൊട്ടി കരഞ്ഞു..അവൾ അവനൊപ്പം പോയി..

ശരിക്കുമുള്ള കഥ (ജീവിതം) ഇതാണ്..കരുണ എന്ന പെണ്‍കുട്ടി ബംഗാളിലെ ഏതോ ഒരു ഉൾനാടൻ ഗ്രാമത്തിലാണ് ജനിച്ചു വളർന്നത്..നന്നായി പഠിക്കുമായിരുന്ന അവൾ  ഡിഗ്രിക്ക് ഡല്ഹി യൂനിവേഴ്സിറ്റിയിൽ ചേർന്നു..മനോഹരമായി ഗിറ്റാർ വായിക്കുന്ന അന്യ ജാതിക്കാരനായ യുവാവുമായി പ്രണയത്തിലായി..ഇതിനിടയിൽ വീട്ടുകാർ അവളുടെ കല്യാണം ഉറപ്പിച്ചു..പ്രണയബന്ധം വീട്ടിൽ സമ്മതിക്കാത്തതിനാൽ പെട്ടെന്ന് കാമുകനെ വിവാഹം കഴിക്കേണ്ട സാഹചര്യം വന്നു..അവന്റെ വീട്ടിലും അവരെ കയറ്റിയില്ല..ഇരുപത്-ഇരുപത്തൊന്നു വയസ്സ് മാത്രം പ്രായമുള്ള രണ്ടു പേർ..അവർ എങ്ങനെയോ എവിടെയോ താമസിച്ച് ജീവിതം കഷ്ടിച്ചു കഴിച്ചു പോന്നു..ഇതിനിടയിൽ അവൾ ഗർഭിണിയായി..ഒരാണ്‍ കുഞ്ഞിനെ പ്രസവിച്ചു..വളർത്താൻ ഒരു നിവൃത്തിയുമില്ല..കുടുംബത്തിനു പിടിച്ചു നില്ക്കാൻ അവന്റെ ഗിറ്റർ വായന പോരാതെ വന്നു..ആരൊക്കെയോ സഹായിച്ച് രണ്ടു പേരും തുടർ പഠനത്തിനു യൂനിവേഴ്സിറ്റിയിൽ എത്തി..തത്കാലം കുഞ്ഞിനെ ആരെയോ ഏൽപ്പിച്ചു..രണ്ടു ഹോസ്റെലുകളിലായി നിന്ന് പഠനം പുനരാരംഭിക്കാൻ ശ്രമിച്ചു..അവൻ രാത്രി ജോലിക്ക് പോയി..കരുണക്ക് കുഞ്ഞിനെ കുറിച്ചോർത്ത് എപ്പോഴും പേടിയും ആധിയുമായി..അവളുടെ ടെൻഷൻ കൂടിയപ്പോൾ ഒരു ഡോക്ടറെ കണ്ടു മരുന്ന് കഴിക്കാൻ തുടങ്ങി..സ്ഫടിക മാല അണിഞ്ഞു മെഡിറ്റേഷൻ ചെയ്യാൻ നോക്കി..ഒറ്റക്കിരുന്നു അവളുടെ അസ്വസ്ഥതകൾ കൂടി..അങ്ങനെ എപ്പോഴോ കണ്ട്രോൾ വിട്ടു പോയപ്പോഴാണ് ഇത് സംഭവിച്ചത്..ആ ലോക്കൽ ഗാർഡിയൻ പയ്യൻ, അവളുടെ ഭർത്താവ് പൊട്ടിക്കരഞ്ഞു കൊണ്ടാണിത് പറഞ്ഞത്..ഒരുമിച്ചു താമസിക്കാനും കുഞ്ഞിനെ കൊണ്ട് വരാനും വേണ്ടി അവൻ പെടാപാട് പെടുകയാണ്.. 

"മാഡം, പ്രശ്നമുണ്ടാക്കരുത്..ഞാൻ അവളെ കൊണ്ട് പോവുകയാണ്" എന്ന് പറഞ്ഞു അവർ പോയി..മറ്റൊരു വ്യക്തിയോടന്വേഷിച്ചപ്പോൾ ഇതെല്ലാം സത്യമാണെന്ന് വ്യക്തമായി..ഇപ്പോൾ കരുണ എവിടെയാണെന്നോ എന്ത് ചെയ്യുകയാണെന്നോ എനിക്ക്  അറിയില്ല..എവിടെയായാലും അവൾ കൂട്ടുകാരനോടും കുഞ്ഞിനുമൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണെന്നു ഞാൻ വിശ്വസിക്കുന്നു.. അവർ രണ്ടും പഠിച്ചു മിടുക്കരായി നല്ല ജോലി വാങ്ങിച്ചു കാണും എന്ന് പ്രതീക്ഷിക്കുന്നു..

ഇവിടെ ആര്ക്കാണ് ഭ്രാന്ത് എന്നാണു എന്റെ ചോദ്യം??
സ്വന്തം ജീവിത പങ്കാളിയെ സ്വയം കണ്ടെത്താൻ അനുവദിക്കാതിരിക്കുക, എന്നിട്ട് അങ്ങനെ സംഭവിച്ചാൽ ജീവിതത്തിൽ നിന്നേ പിണ്ഡം വച്ചുപെക്ഷിക്കുക..മകളെക്കാൾ വലുതാണ്‌ ഇവിടൊക്കെ അന്തസ്സും അഭിമാനവും..കരുണക്ക് സ്വന്തം കുഞ്ഞിനോട് തോന്നുന്ന സ്നേഹം അവളുടെ അച്ഛനമ്മമാർക്ക് അവളോടും കാണില്ലേ??അതിലും മീതെയാണോ സമൂഹത്തിന്റെ മുന്നിലുള്ള വില?? "സ്നേഹമേയല്ല അഖിലസാരമൂഴിയിൽ.."  എന്ന് തിരുത്തിപ്പാടട്ടെ സമൂഹം എന്നാണോ ??
കുഞ്ഞിനെക്കുറിച്ച്ചോര്ത്ത് മാത്രമാവില്ല കരുണയുടെ മനസ്സ് പതറിപ്പോയത്..സ്വന്തം അച്ഛനമ്മമാരെ കുറിച്ച്ചോര്ത്തും കൂടിയാവാം.. അവര്ക്ക് രണ്ടു പേര്ക്കും സ്വന്തം വീട്ടുകാരെ കൂടി തിരിച്ചു കിട്ടട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു..
NB : അന്ന് അവൾ കഴുകി ഉണക്കാനിട്ടത് സ്വന്തം കുഞ്ഞിന്റെ സോക്ക്സ് ആയിരുന്നു!!


2 comments:

  1. This comment has been removed by the author.

    ReplyDelete
  2. hope that they are in a safe position now, poor couples indeed. May God help them.

    ReplyDelete