Wednesday, 30 July 2014

കൃഷ്ണ !!!

"അഴൽ മൂടുമെൻ ചിത്തിന്നുറവയിൽ നിന്നുമൊരു  
കുഴൽ വിളി കേട്ടു ഞാൻ മിഴി പരതീടവേ..
പുഴവക്കിൽ പൈക്കളോടൊത്ത് രസിക്കുന്ന
മഴമേഘ വർണ്ണനെ മിഴിവാർന്നു കണ്ടു ഞാൻ.."

എന്റെ രണ്ടാമത്തെ പുസ്തകത്തിലെ ആദ്യത്തെ കവിത 'അച്ച്യുതം' ആരംഭിക്കുന്നതിങ്ങനെയാണ്..
ഇതൊരു സ്വപ്നത്തിൽ നിന്നു പിറന്ന കവിതയാണ്..ഒൻപതാം ക്ലാസ്സിലെ വാർഷിക പരീക്ഷ കഴിഞ്ഞുള്ള അവധി ദിവസങ്ങൾ പരീക്ഷ തീർന്നതിന്റെ സന്തോഷത്തിലും ഇനി പത്തിലെക്കാണല്ലോ എന്ന ആധിയിലും മുന്നോട്ടു പോകുമ്പോൾ ഒരുച്ച മയക്കത്തിൽ കണ്ട വിഷ്വൽ ഉണർന്നെണീറ്റ പാടേ ഞാൻ കടലാസ്സിലേക്ക് പകര്ത്തിയതിങ്ങനെയാണ്..

പൊടുന്നനെ എന്റെ ഹൃദയം കൃഷ്ണപ്രണയം കൊണ്ട് വിങ്ങുകയാണ്..ദൈവ വിശ്വാസം പാടേ ഇല്ലാതിരുന്ന ഒരു പ്രായത്തിൽ ഞാൻ പെട്ടെന്ന് കൃഷ്ണനിലേക്ക് അടുക്കുന്നു..കാരണം ഒന്നുമില്ല..എനിക്ക് തോന്നുന്നു, എനിക്കൊരു സുഹൃത്തിനെ വേണമെന്ന്..അത് ഇവനാണെന്ന് ..അങ്ങനെ കണ്ണൻ കളിക്കൂട്ടുകാരനായി..എല്ലാമെല്ലാമായി..

പത്തു മണി വരെ കിടന്നുറങ്ങിയിരുന്ന പതിനാലു വയസ്സുകാരി രാവിലെ നാലു മണിക്കെണീറ്റു കുളിച്ച്  കൃഷ്ണന് മാല കെട്ടി ചാർത്തുന്നു..ഭാഗവതം വായിക്കുന്നു..കറന്റു പോകുമ്പോൾ 'കണ്ണാ, ചൂടെടുക്കുന്നു..എനിക്ക് ഫാൻ വേണ'മെന്ന് പറയുമ്പോൾ കറന്റു വരുന്നു.. വീട്ടുകാർ പേടിച്ചു തുടങ്ങി..

ഗുരുവായൂരമ്പലത്തിൽ പോയപ്പോൾ എനിക്കൊരു കൃഷ്ണന്റെ പടം വേണമെന്ന് മോഹം തോന്നി..ഞാനും കുഞ്ഞമ്മയും പല കടകളിൽ കയറി പല ചിത്രങ്ങൾ കണ്ടു..ഒന്നും എന്റെ മനസ്സിലെ കൃഷ്ണനാകുന്നില്ല..അങ്ങനെ നടന്ന് നടന്ന്, വഴിയിൽ നടന്ന് വിൽപ്പന നടത്തുന്ന ഒരാളുടെ കയ്യിൽ കണ്ട പടം എനിക്ക് 'എന്റെ കൃഷ്ണനാ'ണെന്ന് തോന്നി വാങ്ങാൻ നോക്കുമ്പോൾ പേഴ്സിൽ വെറും പത്തു രൂപ..പതിനഞ്ചു രൂപയാണ് പടത്തിന്..ഞങ്ങളാണെങ്കിൽ കൂട്ടം തെറ്റി എവ്ടെയോ എത്തിപ്പെട്ടിരിക്കുകയാണ്..ഒടുവിൽ വീണ്ടും വീണ്ടും തപ്പി പേഴ്സിന്റെ ഉള്ളറയിൽ നിന്നു കീറിയ അഞ്ചു രൂപാ നോട്ടു കിട്ടുന്നു..ആ പടം വാങ്ങുന്നു..

എവിടെ പോയാലും ഞാനാ പടം കൂടെ കൂട്ടും..എല്ലാം പറയുന്നത് അവനോടായി..ഞാനവനു കത്തുകളെഴുതാൻ തുടങ്ങി..എഴുതുന്നതെല്ലാം കവിതയായി മാറുന്നു..ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണൻ കാവലിരിക്കും..പുലരും വരെ..ഒരു പോള കണ്ണടക്കാതെ..

ഒരിക്കൽ എന്റെ പേരിലെ 'കൃഷ്ണ'യെ പറ്റി ചോദിച്ചപ്പോൾ അച്ചൻ പറഞ്ഞു, "ദ്രൌപദിയുടെ പേരാണ് കൃഷ്ണ"..
"അയ്യേ... ദ്രൌപദിയോ"
"എന്തേ..?? അഞ്ചു ഭർത്താക്കൻമാരെ സ്വീകരിച്ചിട്ടും ദ്രൗപദി പതിവ്രതാരത്നമെന്നു  വിളിക്കപ്പെട്ടു..അഞ്ചു ഭർത്താക്കന്മാർ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു..ഒരു ഭർത്താവിനോടൊപ്പം കഴിയുമ്പോൾ മറ്റു നാലു പേരെയും സഹോദരങ്ങളായി കരുതണം..ആരെ കൊണ്ട് പറ്റും അത്?? എന്നാൽ ദ്രൗപദിയെ കൊണ്ട് പറ്റി..കാരണം ജനിച്ച നാൾ മുതൽ മരിക്കും വരെ അവൾ പ്രണയിച്ചത് കൃഷ്ണനെ മാത്രമായിരുന്നു; ആറാമത്തെ ഇന്ദ്രിയം.."

 അതൊന്നും എനിക്ക് മനസ്സിലായില്ല..(പിന്നീട് പ്രതിഭ റേയുടെ ദ്രൗപദി വായിക്കും വരെ)

എനിക്ക് രാധയെക്കാളും ദ്രൗപദിയെക്കാളും മീരയെ ആയിരുന്നു ഇഷ്ടം..സ്വത്വം തേടി അലയുന്നവൾ.. പ്രണയവും ഭക്തിയും ഒന്നായ് അലിഞ്ഞു ചേർന്നവൾ .. ഇന്നും എന്റെ ഉള്ളിൽ ഏതു നിമിഷവും ലൗകിക ലോകം വെടിഞ്ഞ് ആത്മീയാന്വേഷണവുമായി അലയാൻ വെമ്പുന്നൊരു മീരയുണ്ട്..കവിത എഴുതുമ്പോൾ ഞാൻ മീരയാണ്; മറ്റൊരാളുടെ ദുഃഖം എന്നെ പിടിച്ചുലക്കുമ്പോഴും ..

എന്റെ ജീവിതത്തിൽ ഒരു കാലത്ത് ഞാനീ കൂട്ടുകാരനെ വിട്ടു പോയി..എങ്കിലും ഹൃദയത്തിൽ ഒരു തിരി കെടാതെ ഞാൻ കത്തിക്കാറുണ്ട്..എന്റെ മനസ്സാക്ഷിയുടെ വിളിപ്പേരാവും കണ്ണൻ; എന്റെ ആറാം ഇന്ദ്രിയവും..

പ്രണയദാഹിയായ ഒരു പെണ്‍കുട്ടി എന്നും എന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു..പ്രണയം, അതൊരു വ്യക്തിയോട് തോന്നുമ്പോൾ അത് അപൂർണ്ണമാണ്..ആ അപൂർണ്ണതയാണ് അതിന്റെ ഭംഗിയും അതിനെ മുന്നോട്ടു കൊണ്ട് പോകുന്നതും..ആ അപൂർണ്ണതയായ പ്രണയം ഇന്നെന്റെ ഹൃദയത്തിലില്ല..ഒരുപക്ഷെ അത്രത്തോളം പ്രണയിക്കാനുള്ള നിഷ്കളങ്കത എന്നെ വിട്ടു പോയിട്ടുണ്ടാവും..പ്രണയിച്ചു വേദനിക്കാൻ എനിക്ക് മടിയില്ല..എന്നാൽ ആരെയും പ്രണയിച്ചു വേദനിപ്പിക്കാൻ വയ്യ...രാഗ-ദ്വേഷമകന്നൊരു ഹൃദയമാണ് ഞാൻ എന്നിൽ തേടുന്നത്..
 
പുസ്തകത്തിലെ അവസാനത്തെ കവിതയുടെ പേര് 'മാധവം' എന്നാണ്..(പുസ്തകത്തിന്റെ പേരും)..പുസ്തകവും കവിതയും ഇങ്ങനെ അവസാനിക്കുന്നു..

"അന്ന്,
എന്നെ തനിച്ചാക്കി
നീ പിരിഞ്ഞു പോയപ്പോൾ
എന്ത് കൊണ്ട് നീയെനിക്ക്
എന്നെ തന്നില്ല?? "


(2005-ൽ അമൃത ടി.വിയിൽ വന്ന എന്റെ ഒരു ഇന്റർവ്യൂ ചുവടെ കൊടുക്കുന്നു..)
https://www.youtube.com/watch?v=FrrR3tq2i50
https://www.youtube.com/watch?v=tRL5K7fNTSA

1 comment: