Thursday, 24 July 2014

നസ്സിൽ അസ്സമയത്ത് "ലഡ്ഡു" പൊട്ടിയാൽ...

രാജസ്ഥാനിലുള്ള അപ്പച്ചിയും മാമനും അവരുടെ മക്കളും ഞങ്ങളുടെ വീട്ടിലെത്തുന്നത് ഉത്സവം പോലെയാണ്..അച്ചന്റെയും അമ്മയുടെയും ബന്ധുക്കളെല്ലാം ഒരു ഇട്ടാ വട്ടത്തു തന്നെയാണ് താമസം..ഇത്ര ദൂരെ താമസിക്കുന്നത് അപ്പച്ചി മാത്രമാണ്..അതുകൊണ്ട് അവരുടെ വരവ് ഞങ്ങളുടെ വീടിനെ ബഹളമയം ആക്കും..

അപ്പച്ചിക്ക് രണ്ടു പെണ്മക്കളാണ്..രണ്ടു മിടുക്കികൾ..എന്നാൽ കുട്ടിക്കാലത്ത് മൂത്തവളോട്  തല്ലു കൂടാതെ എനിക്കും അനിയനും ഇരിക്ക പൊറുതിയില്ല.. വരുമ്പോ ദീദീന്നൊക്കെ വിളിച്ച് ഭയങ്കര സ്നേഹമാണ്..രണ്ടു ദിവസം കഴിയുമ്പോ തുടങ്ങും അടി..പിന്നെ പോകുമ്പോ ഭയങ്കര സങ്കടം വരും..ഇതിങ്ങനെ ആവർത്തിച്ചു കൊണ്ടേ ഇരിക്കും..

ഇളയവൾക്കു മൂന്നു വയസ്സുള്ള സമയത്ത് അവളെ വീട്ടിലാക്കി അപ്പച്ചിയും മാമനും മൂത്തവളും കൂടി സിനിമക്ക് പോയി..അന്ന് ഞങ്ങൾ അച്ചന്റെ കുടുംബ വീട്ടിലാണ് താമസം..ഒരു വശത്ത് ടാറിട്ട റോഡുള്ള വഴിയുണ്ട്..പക്ഷെ അത് പോകുന്ന റൂട്ട് ഞങ്ങള്ക്ക് സ്ഥിരം സഞ്ചരിക്കേണ്ട ഏരിയയിലേക്ക് അല്ല..പിന്നെയുള്ള വഴി വീടിനു പിറകു വശത്ത്   കൂടെ 'ആദിയുഷസ്സന്ധ്യപൂത്തതിവിടെ' എന്ന ലൈനിലുള്ള കല്ലും മുള്ളും പാറയും കാടും തോടുമൊക്കെ ഉള്ള വഴിയാണ്..അതാണ്‌ നമ്മൾ സ്ഥിരം ഉപയോഗിക്കുന്നത്..

ഇളയവൾ എന്നോട് കൂട്ടുകൂടി ഇരുന്നു..വൈകിട്ടായപ്പോൾ ഏതോ കല്യാണവീട്ടിൽ  പോകാൻ അമ്മ എന്നെ കൂട്ട് വിളിച്ചു..ഇളയവളും ഒപ്പം കൂടി..ഞാൻ അന്ന് അഞ്ചിൽ പഠിക്കുകയാണ്..ഞങ്ങൾ മുകളിൽ പറഞ്ഞ  സുന്ദരമായ വഴിയിലൂടെ പോകാനിറങ്ങി..ഇളയവൾക്കു അത്ര ദുർഘടമായ വഴിയിലൂടെ നടക്കാൻ പറ്റുന്നില്ല..അമ്മ എടുക്കാമെന്ന് പറഞ്ഞപ്പോ അവൾ 'ദീദി' എന്ന് ആംഗ്യം കാണിച്ചു..  അങ്ങനെ നമുക്ക് പണി കിട്ടി..വഴു വഴുക്കുള്ള പാറയും കാടും മേടുമൊക്കെ ഞാൻ അവളെയും എടുത്ത് താണ്ടി..
അന്ന് ഞാൻ ഓഞ്ഞിരിക്കുകയാനേലും നല്ല  ആരോഗ്യമായിരുന്നു..പതിനഞ്ചു തൊട്ടി വെള്ളമൊക്കെ മടമടാന്നു കോരും.. എന്നാലും ഇളയവൾക്ക് ഭാരം കൂടി കൊണ്ടേയിരുന്നു.. വളരുന്ന പ്രായമായത് കൊണ്ട്  എന്റെ കയ്യിലിരുന്നങ്ങു വളരുന്നതായിരിക്കും..

എന്തായാലും കല്യാണ വീട്ടിൽ പോയി ഞങ്ങൾ തിരികെ വരികയാണ്..അമ്മയുടെ കയ്യിൽ കല്യാണ പെണ്ണ് ദക്ഷിണ കൊടുത്ത നാരങ്ങയുണ്ട്.. 
ഞങ്ങൾ കയറ്റം കയറാൻ തുടങ്ങിയപ്പോൾ ഇളയവൾ അമ്മയുടെ നാരങ്ങക്ക് നേരെ കൈനീട്ടി 'ലഡ്ഡു' 'ലഡ്ഡു' എന്ന് പറയാൻ തുടങ്ങി..അത് ലഡ്ഡുവല്ല എന്ന് പറഞ്ഞിട്ടൊന്നും അവൾ കേൾക്കുന്നില്ല..ഒടുവിൽ നാരങ്ങ നേരിട്ട് കൊടുത്തു..അപ്പൊ അവൾ ഏകദേശം സമ്മതിച്ച മട്ടായി..ഒടുക്കം മൊഴിഞ്ഞു.."മുജെ ലഡ്ഡു ചാഹിയെ.."

മനസ്സിലായില്ലേ?? അവൾക്കിപ്പോ ലഡ്ഡു വേണമെന്ന്..നന്നായി..ആ കാട്ടു മുക്കിൽ എവിടേം ലഡ്ഡു കിട്ടില്ല..അന്ന് ആർക്കും മൊബൈൽ ഫോണില്ല..ഞങ്ങള്ക്ക് ലാൻഡ് കണക്ഷൻ വരെ പോയി കിടക്കുകയാണ്..രാത്രി എട്ടര ആയി കാണും..അവള്ടെ അച്ഛനുമമ്മേം വരാൻ എന്തായാലും പത്തു മണി ആവും..പെണ്ണ് കീറ്റല് തുടങ്ങിയാൽ പിന്നെ പിടിച്ചു നിർത്താൻ പറ്റില്ല..അതും പവർ ഹൗസിലെ സൈറനെ വെല്ലുന്ന ഒച്ചയിൽ..പകച്ചു നില്ക്കുന്ന എന്നോടും അമ്മയോടും അവൾ ആവശ്യം ആവർത്തിച്ചു..ഇത്തവണ ഇത്തിരി വിതുമ്പലിന്റെ   സ്വരത്തിൽ..ഇനി അടുത്തത് നിലവിളിയാണ്.. ഈശ്വരാ, എന്ത് ചെയ്യും???

അമ്മ അവളെ ആവും വിധം സമാധാനിപ്പിക്കാൻ നോക്കി..പിന്നീട് അവളുടെ ആവശ്യത്തിന്റെ പ്രായോഗിക തലത്തിലെ അസാധ്യതയുടെ ഏതാണ്ട് മാങ്ങ ഒക്കെ വിവരിച്ചു..എനിക്ക് അന്നേ ഈ മുതിർന്നവരോടുള്ള ഒരു ബഹുമാനകുറവ് ഇതാണ്.. എല്ലാത്തിനേം അങ്ങ് ലോജിക്കലായി അപ്പ്രോച്ച് ചെയ്യും..പില്ലെർക്കെന്താ അറിയില്ലേ ഇതൊന്നും നടക്കൂല്ലാന്നു ..?? അത് കൊണ്ടാണല്ലോ വാശി പിടിച്ച് നടത്തിക്കുന്നത്..പിന്നെ നിലവിളിച്ച് സെന്റിമെന്റ്സ് ഇളക്കുന്നതൊക്കെ അവരുടെ കിടിലൻ തന്ത്രങ്ങളാണ്..വലുതായാൽ പിന്നെ എല്ലാം മണ്ടന്മാരും മണ്ടത്തികളുമാകും.. (ഞാനന്ന് ചെറുതല്ലേ..മാത്രമല്ല അച്ചൻ എന്നെ വിളിക്കുന്നത് തന്നെ വാശിപ്പൂനീന്നാ...നമ്മക്ക് ഇതിന്റെ സകല റ്റെക്നിക്കുമറിയാം..)

ഉടൻ തന്നെ ഞാൻ ചാടിക്കേറി പറഞ്ഞു.." ബേട്ട, ലഡ്ഡു വീട്ടിലുണ്ട്..നമ്മൾ ഇപ്പൊ വീട്ടിലെത്തൂല്ലേ..അപ്പൊ തന്നെ ബഡാ ബഡാ ലഡ്ഡു ഇങ്ങനെ ഇങ്ങനെ കഴിക്കും.." പിന്നെ മോണോ ആക്ടിനും മിമിക്രിക്കും ഇടയിലുള്ള ഒരു കലാരൂപത്തിൽ ലഡ്ഡു കഴിക്കുന്നതൊക്കെ അവതരിപ്പിച്ചു കാണിച്ച് തഞ്ചത്തിൽ പുള്ളിക്കാരിയേം കൊണ്ട് കയറ്റം കയറി..അമ്മ പുറകീന്ന് വഴക്ക് പറയുന്നു.."വീട്ടിൽ ഒരു കുന്തവും ഇരിപ്പീല്ല..ഇവൾ അവിടെ എത്തുമ്പോ വഴക്കുണ്ടാക്കിയാ  നമ്മൾ എന്ത് ചെയ്യും.. നീയാനെങ്കി കൊച്ചിനെ ആശിപ്പിക്കുവാ.."

 'ഓ പിന്നെ..കൊച്ചു വീടെത്തുമ്പോ അതൊക്കെ മറന്നോളും..ഞങ്ങൾ പിള്ളേർ അങ്ങനെയാ..വീട്ടിലെത്തിയാലുടനെ ടി.വി വെച്ചു കൊടുത്ത് ഞാനവളുടെ ശ്രദ്ധ മാറ്റും..ഈ സൈക്കോളജിക്കൽ അപ്പ്രോച്ച് ഒന്നും അമ്മക്കറിയില്ല..കഷ്ടം!! '..ഇങ്ങനൊക്കെ മനസ്സില് പുച്ചിച്ച്  ഞാൻ ആ പെണ്ണിനേം ഒക്കത്ത് വച്ച് വിയർത്തു കിതച്ച്  കയറ്റം കയറി..പിന്നെ പാട്ടൊക്കെ പാടി വീട്ടിലെത്തി..അവളെ തറയിൽ നിർത്തി നടു നിവർത്തിയപ്പൊ ആ നിഷ്കളങ്കമായ ചോദ്യം.."ദീദീ, ലഡ്ഡു.."

"ലഡ്ഡു..അതെ ലഡ്ഡു..പിന്നേ, തീര്ച്ചയായും ലഡ്ഡു" എന്നൊക്കെ പറഞ്ഞു  പതുങ്ങി ഞാൻ അടുക്കളയിൽ പോയി..എന്തെങ്കിലും മധുരമുള്ള സാധനം കിട്ടീരുന്നെങ്കിൽ അതിന്റെ അണ്ണാക്കിൽ തിരുകാരുന്നു എന്നൊക്കെ കരുതി ഓരോ പലഹാര പാത്രവും തുറന്നടച്ചു  നിരാശയായി..അപ്പോഴാണ്‌ കപ്പ വേവിച്ചത് എന്റെ കണ്ണിൽ പെട്ടത്..കപ്പയെങ്കിൽ കപ്പ..ഞാൻ അവസാനത്തെ അടവെടുത്തു..കപ്പയെ ലഡ്ഡു പോലെ ചെറിയ ഉരുളകളായി ഉരുട്ടി ഒരു പാത്രത്തിൽ വച്ചു..പിന്നെ അവളുടെ അടുത്ത് പോയി നീട്ടി.."ഇന്നാ മോളെ 'ലട്‌ട്ടു'..ഖാവോ ഖാവോ.."

വായിൽ ലഡ്ഡു വച്ചതും അവളുടെ മുഖം ഇഞ്ചി കടിച്ച കുരങ്ങിന്റെത് പോലെയായി.. ഞാൻ പെട്ടെന്ന് 'കാകളി മോഹൻ' എന്ന  അരുമ പാവയുമായി വന്നു അതവൾക്ക്‌ കളിയ്ക്കാൻ നല്കി.. (ഫോർ യുവർ ഇൻഫോർമേഷൻ: എന്റെ എല്ലാ പാവകൾക്കും ഫുൾ നെയിം ഉണ്ട്..അവരെല്ലാം എന്റെ വിദ്യാര്ത്തിനികളാണ്.. എല്ലാര്ക്കും അറ്റെന്ടൻസ്  ഇടാറുമുണ്ട്..ഞാൻ അവരെ ആർക്കും തൊടാൻ പോലും കൊടുക്കാറില്ല.. ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്റെ അനിയൻ ഒരു പാവയെ അതി ദാരുണമായി കൊലപ്പെടുത്തി അതിന്റെ കാലു പറിച്ചെടുത്ത് ചിക്കൻ കറിയിൽ ഇട്ടതിലും  കണ്ണ് കുത്തിപോളിച്ച് അവന്റെ കാറിന്റെ ഹെഡ് ലൈറ്റിൽ ഒട്ടിച്ചതിലും പ്രതിഷേധിച്ച്.. )

പാവയെ കിട്ടിയ സന്തോഷത്തിൽ അവൾ ലഡ്ഡുവോക്കെ മറന്നു ഹാപ്പിയായി..പിന്നീട് അപ്പച്ചിയും മാമനും വരുന്ന വരെ ഞാൻ കാകളി മോഹന്റെ ഭാവിയെ പറ്റി ആശങ്കാകുലയായി അവിടെ തന്നെ ചുറ്റി പറ്റി നിന്നു..

NB : രണ്ടാമത്തെ അപ്പച്ചി രണ്ടാമത്തെ പ്രസവത്തിനു വീട്ടിൽ വന്നു നിന്നു..പുലർച്ചെ വേദന കൂടി അപ്പച്ചിയെ ആശുപത്രിയിൽ അട്മിറ്റാക്കിയപ്പോൾ, എന്റെ അമ്മ  അപ്പച്ചിയുടെ മൂത്ത മകനെ വീട്ടിൽ സമാധാനിപ്പിച്ചു നിർത്തിയത് എന്റെ കാകളി മോഹന്റെ ജീവൻ പണയം വെച്ചിട്ടായിരുന്നു..എന്നെ കോപ്പിയടിച്ച്..

3 comments:

  1. Another splendid version of the Lost Paradise, or shall be renamed as the " The Lost LADDU desire":)

    ReplyDelete
  2. oooo, hindi, mey gurka hum, ho hai:)

    ReplyDelete