Wednesday, 23 July 2014

ഞാൻ എങ്ങനാ ഉണ്ടായത് അമ്മേ??


ഞാൻ അമ്മയോട് ഇങ്ങനെ ഇത്ര കൃത്യമായിട്ട്ചോദിച്ചിട്ടൊന്നും ഇല്ല..എല്ലാം സ്വന്തമായി കണ്ടു പിടിക്കുന്ന ആൾക്കാരായിരുന്നു ഞാനും അനിയനും..എന്തായാലും കല്യാണം കഴിക്കണം വാവ ഉണ്ടാവാൻ എന്നറിയാം..പക്ഷെ കല്യാണം കഴിച്ചിട്ടും വാവ ഉണ്ടാവാതെ ചികിത്സിക്കുന്ന ഒരു അമ്മായി ഉണ്ടായിരുന്നു എനിക്ക്..അതാണ്‌ ഞങ്ങൾക്ക് ഫുൾ കണ്‍ഫ്യൂഷനായത്.. ഞാൻ മൂന്നിൽ പഠിക്കുന്നു..അനിയൻ നേഴ്സറി..എന്നും പറഞ്ഞ് അവനെ അത്ര കൊച്ചായി കാണണ്ട..അവൻ ഓരോ ദിവസവും സ്കൂൾ വിട്ടു വരുന്ന വഴിയിൽ റ്റൈഗറിനെയും 'സിങ്ക'ത്തെയും  ഒക്കെ മല്പിടുത്തത്തിൽ തോൽപ്പിച്ച കഥകളാണ് വീട്ടിൽ വന്നു പറയുന്നത്..സ്കൂളിൽ കൊണ്ട് പോകുന്ന സുശീല ചേച്ചിയോട് പറയുന്നത് ഞങ്ങളുടെ വീടിന്റെ അടിയിൽ ഒരു ചേംബർ ഉണ്ടെന്നും അവിടെ ബോബ് ചെയ്ത മുടിയുള്ള ഒരു അമ്മയുണ്ടെന്നും ഒക്കെയാണ്..അങ്ങനെ പണ്ടേ അച്ചനു ചിന്നവീടുണ്ടാക്കി കൊടുത്ത പുള്ളിയാണ്..

എന്തായാലും എന്റെ അടുത്ത കൂട്ടുകാരി കുഞ്ഞമ്മയാണ്..ഞാൻ എന്ത് കാര്യവും പറയുന്നത് അവളോടാണ്..കുഞ്ഞമ്മ തിരിച്ചും..കോളേജിലെ വിശേഷങ്ങൾ, സംശയങ്ങൾ എല്ലാം എന്നോട് വന്നാണ് പറയുക..അതൊരു വെറും പാവമായിരുന്നു..
ഉദാഹരണത്തിന്.." കുക്കൂ, മഴയെത്തും മുൻപേ ഇറങ്ങിയിട്ടുണ്ട്..ആനിയായിരിക്കുമോ അതോ ശോഭനയായിരിക്കുമോ അവസാനം മമ്മൂട്ടിയെ കെട്ടുക..??"
"ശോഭന ആയിരിക്കും..എന്താ സംശയം..ധൈര്യമായിട്ടിരി ചീയേ.." എന്ന് ഞാനങ്ങ് ഉറപ്പു കൊടുക്കും..(എന്റെ കുഞ്ഞമ്മയെ ഞാൻ ചീയ എന്നാണു വിളിക്കുക..)

അങ്ങനെ ഇരിക്കെ, ഒരു ദിവസം ഞാനും ചന്തുവും അമ്മവീട്ടിന്റെ പുറകു വശത്തെ പേരമരത്തിൽ കയറി ഇരുന്നു കളിക്കുകയാണ്..അവിടെ അയയിൽ കിടന്ന ഒരു തുണിയെടുത്ത് ഞങ്ങൾ കളിച്ചു..അത് വല്യ വിഷയമായി..അമ്മൂമ്മ എന്നേം കുഞ്ഞമ്മേം കുറേ വഴക്ക് പറഞ്ഞു..ആ തുണി ആരോ എന്തോ "ഭീകര പ്രവർത്തനത്തിനു" ഉപയോഗിക്കുന്നതായിരുന്നു.. ഞാൻ കുഞ്ഞമ്മേടെ പിറകെ കൂടി.."അതാരുടെ തുണിയാണ്..എന്താ അതെടുത്താൽ??" എന്നും ചോദിച്ച്..

എനിക്ക് അന്നേ ഭയങ്കര നീതി ബോധമാണ്..അങ്ങനെ കാരണം ഒന്നുമില്ലാതെ ആരും എന്നെ വഴക്ക് പറയാൻ സമ്മതിക്കില്ല..കാരണം ഉണ്ടെന്നു എന്റെ കുഞ്ഞു മനസ്സിന് ബോധ്യപ്പെട്ടാൽ എല്ലാ ചീത്തയും കേട്ടോളും..(ഒരിക്കൽ ഞാനും അമ്മയും അനിയനും കട്ടിലിൽ ഇരിക്കുമ്പോൾ ഞാൻ എന്തോ പറഞ്ഞ് കളിച്ച് അനിയനെ തള്ളി..അവൻ തലയിടിച്ച് നിലത്തു വീണു..ഞാൻ പകച്ചു പോയി.. പെട്ടെന്ന് അമ്മ പടക്കം പൊട്ടിക്കും പോലെ എന്റെ തുടയിൽ രണ്ടടി..അമ്മയും അച്ഛനും ഞങ്ങളെ അടിക്കാറെ ഇല്ല..ആദ്യത്തെ അടിയാണ്..പക്ഷെ ഞാൻ പെട്ടെന്ന് അനിയനെ പിടിച്ചെണീപ്പിച്ച് തല തടവി കൊടുത്തു..അമ്മക്ക് സങ്കടം വന്നു..എന്റെ തുടയിൽ അമ്മയുടെ കൈവിരൽ പതിഞ്ഞു തിണിർത്തു കിടക്കുന്നു..ഞാൻ പക്ഷെ കരഞ്ഞില്ല..അന്നെനിക്ക് നാല് വയസ്സേ ഉള്ളൂ..)

കുഞ്ഞമ്മ മുറി അടിച്ചു വാരുകയാണ്..ഞാൻ വിടുന്നില്ല..അവസാനം കരഞ്ഞ് അച്ചനോട് പറഞ്ഞ് കൊടുക്കും എന്നായപ്പോൾ ആ മണ്ടി ആർത്തവത്തെ പറ്റിയുള്ള രഹസ്യങ്ങൾ എനിക്ക് പറഞ്ഞു തന്നു..(ഏതോ ജോലിക്കാരി രഹസ്യമായി കഴുകി നനച്ചിട്ട തുണിയായിരുന്നു അത്..)
എനിക്ക് അത്ര ഇന്റെരസ്റ്റ്‌ തോന്നിയില്ല..എനിക്ക് ഇമ്മാതിരി അപകടം ഒന്നും വരില്ല..എന്റെ അച്ഛനും അമ്മേം എന്നെ പോന്നു പോലെ നോക്കികോളും.. അങ്ങനെ ഞാൻ സമാധാനിച്ചു ..

പിന്നീട് മറ്റൊരിക്കൽ രാമായണം കഥ പറഞ്ഞു തരികയായിരുന്നു കുഞ്ഞമ്മ..കൗസല്യ,കൈകേയി,സുമിത്ര എന്നിവര്ക്ക് മുനി പായസം കൊടുത്തു..അവർ അത് കഴിച്ചു കഴിഞ്ഞ് യഥാക്രമം രാമനും ഭരതനും ശത്രുഘ്നനും ലക്ഷ്മണനും ഉണ്ടായി..
"പായസം കഴിക്കണോ കുട്ടി ഉണ്ടാവാൻ??"
"അയ്യോ..പായസം കഴിക്കുന്നവര്ക്കൊക്കെ കുട്ടി ഉണ്ടാവുമോ??"
"എനിക്കും ഉണ്ടാവുമോ??"
അങ്ങനെ സംശയ പെരുമഴയിൽ ഞാൻ കുഞ്ഞമ്മയെ മുക്കി കൊന്നു..പാവം..ഒടുവിൽ പറഞ്ഞു തന്നു..കല്യാണം കഴിച്ചിട്ട് പായസം കഴിച്ചാലേ കുട്ടി ഉണ്ടാവൂ..അതിൽ എന്തോ ഒരു സ്പെല്ലിങ്ങ് മിസ്റ്റെക്ക് തോന്നി എനിക്ക്..
അവസാനത്തെ അടവ് പുറത്തെടുത്തു..ഞാൻ അച്ഛനോട് പറയും..ഇത് മാത്രമല്ല അച്ചന്റെ ഓഫീസിലെ .... ചേച്ചിയും ....... ചേട്ടനും തമ്മിൽ ലൈനാനെന്നു കുഞ്ഞമ്മ പറഞ്ഞു തന്ന കാര്യവും..പിന്നെ താമസിച്ചില്ല..കുഞ്ഞമ്മക്ക് അറിയാവുന്ന കാര്യങ്ങൾ എന്തൊക്കെയോ പറഞ്ഞു തന്നു.. (കുഞ്ഞമ്മക്ക് ഒരു കുന്തവും അറിയില്ലാന്നു പിന്നീടല്ലേ മനസ്സിലാവുന്നത്)

അവസാനത്തെ രക്ഷ അനിയനാണ്..ഞാൻ അവനോട് ചോദിച്ചു..അവൻ അതി ഫീകരമായി ഒരു കഥ ഉണ്ടാക്കി..കല്യാണത്തിന്റെ അന്ന് പെണ്ണ് ഒരു ചെടിയുടെ വിത്ത് തിന്നും..ആ വിത്ത് വളര്ന്നു കുഞ്ഞാവും..ഏത് ചെടിയാണെന്ന് അവനറിയില്ല..അന്ന് മൂത്ത മാമന്റെ കല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ..പാലും പഴവും കൊടുക്കുന്ന ചടങ്ങ് അവൻ കണ്ടതാണ്..അതിൽ നിന്നുണ്ടാക്കിയ കഥയാണ്..എന്നാലും അത് എനിക്ക് വിശ്വാസം വന്നു..
അപ്പൊ അതാണ്‌ കാര്യം..എല്ലാം മനസ്സിലായി..

അഞ്ചിൽ പഠിക്കുമ്പോഴാണ് ഞാൻ 'മയ്യഴി പുഴയുടെ തീരങ്ങൾ' വായിക്കുന്നത്..അത് എനിക്ക് വായിക്കാൻ തരല്ലേ എന്ന് അച്ചനോട് അമ്മ പല തവണ പറഞ്ഞതാണ്..പക്ഷെ അച്ചനുണ്ടോ കേൾക്കുന്നു..ഒരു ദിവസം രാവിലെ അച്ചൻ ഒരു പുസ്തകമേള കഴിഞ്ഞു വരികയാണ്..ആദ്യം തന്നെ അടുക്കളയിൽ പോയി പാതാംപുറത്തിരുന്നു അമ്മയോട് വിശേഷം പറയലാണ് അച്ചന്റെ പതിവ്..'കേശവന്റെ വിലാപങ്ങൾ' പബ്ലിഷ് ആയതിനെ പറ്റിയും ഈ.എം.എസ്സിന്റെ രൂപം ആലേഘനം ചെയ്ത തകിടോടെ ഇറങ്ങിയ ആദ്യത്തെ നൂറു കോപ്പികളിൽ ഒന്ന് അച്ചൻ വാങ്ങി കൊണ്ട് വന്നതും ഒക്കെയാണ് ചർച്ച..ഉണർന്നെണീട്ടു വന്ന ഞാൻ അപ്പോഴേ പുസ്തകം വാങ്ങി വായിക്കാൻ തുടങ്ങി..അപ്പുവിന്റെ കഥ എനിക്ക് ഇഷ്ടപ്പെട്ടു..അത് കഴിഞ്ഞ് മുകുന്ദന്റെ തന്നെ പുസ്തകം വായിക്കണമെന്ന് പറഞ്ഞ് അലമാരയിൽ നിന്ന് തപ്പി എടുത്തതാണിത്..അച്ചൻ അഭിമാനത്തോടെ ആണ് അതെനിക്ക് തന്നത്..അത് അച്ചനു തന്നെ പാരയായി..

വീട്ടിൽ എല്ലാരും  കൂടി ഇരിക്കുമ്പൊഴാണ് എന്റെ ചോദ്യം.."അച്ചാ, ഈ കന്യാ ചർമം എന്താ" , "ഷണ്ഡൻ എന്ന് പറഞ്ഞാൽ എന്താ??"  എന്നൊക്കെ..ഒടുവിൽ അച്ചൻ പറഞ്ഞു.."നീ ഇതെല്ലാം മാർക്ക് ചെയ്തു വെക്ക്..ഞാൻ ഒരുമിച്ച് പറഞ്ഞു തരാം" എന്ന്..
അച്ചൻ എന്നെ പറ്റിച്ചില്ല..പറ്റുന്ന വാക്കുകളുടെ ഒക്കെ അർഥം പറഞ്ഞു തന്നു.."കുട്ടികൾ ഉണ്ടാവാത്ത പുരുഷൻ ആണ് ഷണ്ഡൻ..നമ്മൾ ആരെ പറ്റിയും അങ്ങനൊന്നും പറയാൻ പാടില്ല" എന്ന് പറഞ്ഞു തന്നപ്പോൾ ഞാൻ നിഷ്കളങ്കതയോടെ ചോദിച്ചു.."ആണ്ങ്ങൾക്കെന്തിനാ കുട്ടികൾ ഉണ്ടാവുന്നത്?? ഭാര്യക്ക് ചെടിയുടെ വിത്ത് തിന്നാൽ പോരെ ..??" ...പിന്നെ ഞാൻ അച്ചനോട് ആ കഥ പറഞ്ഞു കൊടുത്തു..

അച്ചൻ കുറേ നേരം ചിന്തിച്ചിട്ട് എന്നോട് പറഞ്ഞു.. "നമ്മൾ എല്ലാരേം സ്നേഹിക്കണം..പക്ഷെ അച്ഛന്റേം അമ്മേടേം സ്നേഹം ഒരുപാട് വലുതാണ്‌..അത് വേറെ തന്നെയാണ്..അമ്മയും അച്ചനും സ്നേഹിക്കുമ്പോഴാണ് കുട്ടികൾ ഉണ്ടാവുന്നത്..കുട്ടികൾ വേണമെന്ന് നമ്മൾ ഗോഡിനോട്‌ പ്രാർഥിക്കുമ്പോഴേ കിട്ടൂ..കുട്ടികൾ ഉണ്ടായി കഴിഞ്ഞും സ്നേഹിക്കണം..ആ സ്നേഹം കണ്ടാണ്‌ കുട്ടികൾ വളരേണ്ടത്.... "

അന്നുമിന്നും അച്ചൻ പറഞ്ഞു തന്നതാണ് ശരി..എത്ര ആഴത്തിൽ ചിന്തിച്ചാലും..

3 comments:

  1. Please change the font color to black, too hard to read.

    ReplyDelete
  2. That was accident..thank u.. and keep reading... :)

    ReplyDelete
  3. Thanks for changing it, now it is a piece of cake. Very well written indeed. Keep going and wish you a great day as well.

    ReplyDelete