Wednesday, 16 July 2014

ഭ്രാന്ത്..

സോറി..ഇതെന്റെ ആത്മകഥയുടെ പേരാണെന്ന് കരുതിയെങ്കിൽ തെറ്റി..ഇത് അതിലെ മറക്കാനാകാത്ത ഒരു അധ്യായമാണ്..ഗാന്ധി ആശ്രമം ഹോസ്റെലിലെ എന്റെ അടുത്ത കൂട്ടുകാരിയായത് ആശ ചേച്ചിയാണ്..പറ്റിക്കൽ റാഗിംഗ് കഥ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ചേച്ചി നീനുവിന്റെ റൂം മേറ്റായി എന്റെ മുറിയുടെ അടുത്തായി..നീനു റൂം മാറിയപ്പോൾ ആശ ചേച്ചിയുടെ താമസം ഒറ്റക്കായി..സ്തുതി ഹോസ്റ്റൽ വിട്ടു..ഞാനും ആശ ചേച്ചിയും കങ്കണയും മാത്രമായി ആ ബ്ലോക്കിൽ കുറച്ചു കാലം..പഠിപ്പിസ്റ്റ് കങ്കണയെ ഉപദ്രവിക്കാതെ ഞാൻ മിക്കവാറും ആശ ചേച്ചിയുടെ മുറിയിലിരിക്കും.. ചേച്ചിയെ പറ്റി ഒരുപാട് പറയാനുണ്ട്..ഞങ്ങൾ രണ്ടു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ  നിന്ന് വന്നതാണ്..എനിക്ക്, ഒറ്റക്കുള്ള ഡൽഹി ജീവിതത്തെ പറ്റി ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട് ചേച്ചി..എന്റെ ജീവിതത്തെ ചിന്തകളിലൂടെയും പ്രവര്ത്തികളിലൂടെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ആശ ചേച്ചി..

ഞങ്ങളുടെ ഹോസ്റ്റലിൽ നാലുമണി ചായ കിട്ടാൻ ഏഴു മണി കഴിയും..രാത്രി എട്ടു മുതൽ ആണ് അത്താഴം..അതുകൊണ്ട് പാചകം വിംഗ് ചേച്ചിമാർ എത്തുന്നത് എഴുമണി കഴിഞ്ഞാണ്..ഒരു വെടിക്ക് രണ്ടു പക്ഷി..ബട്ട്‌ ഇതെന്നെ കുഴപ്പത്തിലാക്കി..ഊണ് കഴിഞ്ഞൊന്നുറങ്ങി ഉണരുമ്പോഴേക്ക് ആമാശയം കോളിംഗ് ബെല്ലടിക്കും..എനിക്ക് കഴിഞ്ഞ രണ്ടു വര്ഷമായി വിശപ്പിന്റെ അസുഖം ഉള്ളതാണ്..ചായ വേണം..പുറത്ത് പോകാനാണെങ്കിൽ ചായക്കട ഒരുപാട് ദൂരെയാണ്..എന്റെ ക്ലാസ്സുകൾ പൊതുവെ ഉച്ചക്കു തീരും..ആശ ചേച്ചി വരാൻ വൈകുന്നേരമാകും..എന്തായാലും കുളിച്ച് അഞ്ച്-അഞ്ചര മുതൽ ഞാൻ മെസ്സിന് മുന്നിൽ കാത്തിരിക്കും..അല്ല ഇനി ശരിക്കും മെസ്സ് ചേച്ചിമാർ നേരത്തെ വന്നാലോ..

ഈ കാത്തിരിപ്പിലാണ് ആശ ചേച്ചിയുമായി കൂടുതൽ അടുക്കുന്നത്..ഗാന്ധി ആശ്രമത്തിലെ ഏലക്ക ചായ ആശ ചേച്ചിക്ക് ഇഷ്ടമായിരുന്നു..ചേച്ചി വന്നിരിക്കുമ്പോൾ ഞങ്ങൾ മെല്ലെ മെല്ലെ സംസാരിച്ച് തുടങ്ങി..പുള്ളിക്കാരിയുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും അറിഞ്ഞപ്പോ നമ്മളൊക്കെ ഒരേ കുഴിയാണെന്ന് മനസ്സിലായി..പുസ്തകങ്ങൾ, പാട്ടുകൾ, സിനിമകൾ, രാഷ്ട്രീയം, സാമൂഹിക പ്രശ്നങ്ങൾ, വീട്ടു വിശേഷങ്ങൾ, കോളേജ് കഥകൾ ഇങ്ങനെ ഞങ്ങൾ പങ്കിടാത്തതൊന്നുമില്ലെന്നായി...ചേച്ചി നന്നായി എഴുതും, പാടും..ഇന്ഗ്ലീഷിലും മലയാളത്തിലും..ഇന്ഗ്ലീഷ്‌ ക്ലാസ്സിക്കുകളെ പറ്റി എനിക്ക് പറഞ്ഞു തരുന്നത് പുള്ളിക്കാരിയാണ്.. ചേച്ചി ഒരു വലിയ ചായ കോപ്പ വാങ്ങി..ഞങ്ങൾ ചായ കുടിച്ച് മണിക്കൂറുകളോളം കുശലം പറയും..പിന്നെ ചേച്ചിയുടെ റൂമിൽ പോയിരുന്നു  ഇരുട്ടി വെളുക്കുവോളം കഥകളും കവിതകളും പാട്ടും..ഇങ്ങനെ സന്തോഷത്തോടെയും സമാധാനത്തോടെയും  ജീവിച്ചു പോകുമ്പോൾ എന്റെയും ആശ ചേച്ചിയുടെയും മുറികൾക്ക് നടുക്കുള്ള മുറിയിൽ ഒരു അന്തേവാസി വരുന്നു..ശരിക്കും ആ വിംഗ് എന്റെം ആശ ചെച്ചിയുടെം കങ്കനയുടെം പ്രൈവറ്റ് പ്രോപെര്ടി പോലെ ആയിരുന്നു.. പുതിയ ആൾ എങ്ങനെയുണ്ടാവുമോ എന്തോ എന്ന് ഞങ്ങൾ ആകാംഷിച്ചു..

കരുണ എന്നായിരുന്നു ആ കുട്ടിയുടെ പേര്..എം.എ ചെയ്യുകയാണ്..സീനിയറാണ്..സ്ലീവ്ലെസ്സ് ടോപ്പും നീളൻ പാവാടയുമണിഞ്ഞ് കഴുത്തിൽ നീളമുള്ള സ്ഫടിക മാലയിട്ട ഒരു ചുരുണ്ട മുടിക്കാരി..ഡൽഹിയിലെ പെണ്‍കുട്ടികളുടെ പ്രത്യേകത എല്ലാർക്കും സ്വന്തമായി ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഉണ്ട് എന്നതാണ്..അതുകൊണ്ട് കരുണ എന്ന് പറയുമ്പോൾ ഈ രൂപമാണ് മനസ്സിൽ വരിക..ഞാൻ ആദ്യം കാണുമ്പോൾ പുള്ളിക്കാരി വരാന്തയിലെ പടിയിലിരുന്നു ഒരു ഫോട്ടോ ആൽബം നോക്കുകയാണ്..പരിചയപ്പെട്ടു..എങ്കിലും അധികം അടുക്കാൻ പോയില്ല..സീനിയറല്ലെ..

ഒരാഴ്ച കഴിഞ്ഞു..കരുണ മിക്കവാറും അപ്പുറത്തെ വിങ്ങിലെ കുട്ടികൾക്കൊപ്പം അവരുടെ മുറിയിലാണ്..ഞങ്ങൾ ഇങ്ങനോരാളുന്ടെന്നുള്ള കാര്യം തന്നെ മറന്നു..ഒരു ദിവസം (ദി ഡേ!!) ഞാൻ തുണികൾ കഴുകി വിരിക്കുമ്പോൾ അയയിൽ ചെറിയ കുട്ടികളുടെത് പോലെയുള്ള സോക്ക്സുകൾ കഴുകി വിരിച്ചിരിക്കുന്നത് കണ്ടു..ഞാൻ അവ താഴെ വീഴാതെ എന്റെ തുണികൾ വിരിച്ചു മുറിയിൽ പോയി..വലിയ ഒച്ചപ്പാട് കേട്ടാണ് ഞാൻ ഉച്ചമയക്കം വിട്ടുണരുന്നത്..ആശ ചേച്ചി എന്റെ മുറിയിൽ വന്നു നില്ക്കുന്നു.."നീ തുണി വിരിക്കുമ്പോൾ കരുണയുടെ സോക്ക്സ് താഴെ കളഞ്ഞോ കോഴിപ്പൂ??" (ആശ ചേച്ചി എന്നെ അങ്ങനെയാണ് വിളിക്കുന്നത് ജസ്റ്റ് ബികോസ് ഓഫ് മൈ ഹെയർ സ്റ്റൈൽ..). ചേച്ചി കുറച്ച് ടെൻഷനിലായിരുന്നു..
"ഇല്ല ചേച്ചി..ഞാൻ ശ്രദ്ധിച്ചാ വിരിച്ചത്..കുഞ്ഞിപിള്ളേരുടെ പോലുള്ള സോക്ക്സ് കരുണയുടെ ആണോ??" ഞാനും ചേച്ചിയും പുറത്തിറങ്ങി അയയുടെ മുന്നിലെത്തി..അവിടെ കരുണയും യോമ്പിയും (ഈ പേര് നിങ്ങൾ കേട്ടിട്ടുണ്ട്) നില്ക്കുന്നു..യോമ്പി എന്റെ നേർക്ക്‌ ചാടി.."എന്തിനാ ഈ പാവത്തിന്റെ സോക്ക്സ് തറയിൽ കളഞ്ഞത്??"
ഞാൻ ഞെട്ടി പോയി.."ഞാനെന്തിനു തറയിൽ കളയണം??കാറ്റടിച്ചോ മറ്റോ വീണതാവും.." ഞാൻ ന്യായീകരിച്ചു..പക്ഷെ കരുണയും ഉറഞ്ഞു തുള്ളുകയാണ്..ഞാൻ തന്നെ ഇത് ചെയ്തതാണെന്നും പറഞ്ഞ്.. ഒടുക്കം ആരൊക്കെയോ അവളെ സമാധാനിപ്പിച്ച് കൊണ്ട് പോയി..എനിക്കാണെങ്കിൽ കരച്ചിൽ വരുന്നു..ചായ കുടിച്ചു കഴിഞ്ഞ് ഞങ്ങൾ ആശ ചേച്ചിയുടെ മുറിയിൽ ഇരുന്നു സംസാരിക്കുകയാണ്.."എന്താ ചേച്ചീ ഇവരൊക്കെ ഇങ്ങനെ??ആരെങ്കിലും മനപൂർവം മറ്റൊരാളുടെ തുണി എടുത്തു കളയുമോ" എന്റെ സങ്കടം മാറിയില്ല..
അപ്പോൾ അച്ഛൻ വിളിച്ചു..അവധിക്കു നാട്ടിൽ വരുമ്പോ പാലപ്പവും താറാവ് കറിയും തിന്നാൻ കൊതിയാവുന്നൂന്നു ഞാൻ പറഞ്ഞു..അങ്ങനെ പതിയെ മൂഡ്‌ മാറി വരുമ്പോഴാണ് ഞങ്ങളുടെ മുറിക്കു പുറത്ത് കരുണയുടെ കാൽ പെരുമാറ്റം..അവൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്..അല്ല ഉലാത്തുകയാണ്..ഞാൻ പിന്നെ വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.."ഇവള..ഇവളാ അത് ചെയ്തത്" എന്നൊക്കെ അവൾ പുലമ്പുന്നുണ്ട്..ഞങ്ങൾക്ക് പേടിയായി..പെട്ടെന്ന് ഞങ്ങളുടെ മുറി പുറത്ത് നിന്ന് ലാച്ച് ചെയ്യുന്ന ശബ്ദം !!! ഈശ്വരാ ഇതെന്തു പരീക്ഷണം?? ഞങ്ങൾ ജനാലയുടെ വിടവിലൂടെ പുറത്തോ നോക്കി..അയ്യോ....അവളുടെ കയ്യിലൊരു കത്തി.."ഞാനിന്നു കൊല്ലും എല്ലാരേം കൊല്ലും" എന്നൊക്കെ അവൾ പറയുന്നുണ്ട്..ദൈവമേ, പാലപ്പവും താറാവ് കറിയും കഴിക്കും മുൻപേ ഈ ഭൂമിയിൽ നിന്ന്, അതും ഒരു കത്തിക്കിരയായി പോവാനാണോ എന്റെ വിധി..

ഞങ്ങളെ കിടുക്കി കൊണ്ട് ഫോണ്‍ ബെല്ലടിച്ചു ..അപ്പുറത്തെ മുറിയിൽ നിന്ന് കങ്കണയാണ്..അവളും പേടിച്ചിരിക്കുകയാണ്..മുറി ഒരു കാരണവശാലും തുറക്കരുതെന്ന് ഞങ്ങൾ അവളോട് പറഞ്ഞു.."നിയതീ, എനിക്ക് മൂത്രമൊഴിക്കണം..ഞാൻ നിന്റെ ബക്കറ്റിൽ ഒഴിച്ചോട്ടെ??" അവൾ കേണു.. "നീ മൂത്രമോഴിക്കരുതെന്നു മാത്രമല്ല, ഉച്ചത്തിൽ ശ്വാസം പോലും വിടരുത്..കരുണക്ക് അതൊരു പ്രകോപനമാകും.." ഞാൻ ക്രൂരമായി പറഞ്ഞു.. ആശ ചേച്ചി ഇതിനിടയിൽ ഒച്ച താഴ്ത്തി രൊസമ്മാന്റിയെ കാര്യങ്ങൾ ധരിപ്പിച്ചു..ആന്റി ആകെ പേടിച്ചു പോയി..മാത്രമല്ല കരുണ ആ വിങ്ങിന്റെ മുന്നിലെ വാതിൽ അകത്തു നിന്നടച്ചു..ഇനി പുറത്ത് നിന്ന് ആര്ക്കും അകത്ത് കയറാൻ പറ്റില്ല..നികേഷ് കുമാർ, ഇപ്പോൾ കിട്ടിയ വാര്ത്ത, അകത്ത് പേടിച്ച് വിറച്ച് മൂന്നു നിരപരാധികളും പിന്നെ കരുണയുമാണുള്ളത്..ഇതു നിമിഷവും എന്തും സംഭവിക്കാം..

ഞാനും ആശ ചേച്ചിയും ഭ്രാന്തിന്റെ വക്കിലായി..കരുണ ഇപ്പോഴും ഉലാത്തുകയാണ്..ഞങ്ങളെ തീരെ കരുണയില്ലാതെ ഹിന്ദിയിൽ നല്ല ഉഗ്രൻ തെറി വിളിക്കുന്നുണ്ട്..ഞങ്ങളാണെങ്കിൽ, പേടി ഉണ്ടെങ്കിലും,മലയാളത്തിൽ തിരിച്ചും (മനസ്സിൽ) വിളിക്കുന്നുണ്ട്.. ഒടുക്കം ആരൊക്കെയോ വന്നു വാതിലിൽ മുട്ടി,അവൾ കതകു തുറന്നു, ഇത്യാദി ശബ്ദങ്ങൾ കേട്ടു.. ആരോ വന്നു ഞങ്ങളുടെ റൂം തുറന്നു തന്നു..അത് കങ്കണയായിരുന്നു..അവളും ഞങ്ങളുടെ മുറിയിൽ കയറി..ഒന്നും പേടിക്കെണ്ടാന്നു രോസംമാന്റി പറഞ്ഞു..ഞങ്ങൾ വിങ്ങിന്റെ കതകടച്ചു  കുറ്റിയിട്ടു മൂന്നു പേരും ഒരു മുറിയിൽ കിടന്നുറങ്ങി.. 

പിറ്റേ ദിവസമാണ് സംഭവങ്ങളുടെ ഒരേകദേശ രൂപം കിട്ടിയത്... (ഇന്റെർവൽ...)

പോയി ചായ കുടിച്ചിട്ട് വാടെ..

No comments:

Post a Comment