Friday, 11 July 2014

ക്രഷിന്റെ അർത്ഥവും റാഗിങ്ങും...

ഞാൻ ഡൽഹിയിൽ ഡിഗ്രിക്ക് ജോയിൻ ചെയ്തു ഗാന്ധി ആശ്രമം ഹോസ്റ്റലിൽ താമസം തുടങ്ങിയ ദിവസം..ആകെ മൂന്നു പേരാണ് മുറിയിൽ..ആസാമിൽ നിന്നുള്ള കങ്കണയും ഒറീസക്കാരി സ്തുതിയും പിന്നെ ഞാനും.... എന്റെ അച്ചന്റെ കസിൻ ഡൽഹിയിലുണ്ട്..അങ്കിളും ഞാനും  എല്ലാരോടും സംസാരിച്ച് പെട്ടിയും മെത്തയുമൊക്കെ അടുക്കി വെച്ച് എന്റെ അച്ചനെയും അമ്മയെയും റെയിൽവേ സ്റെഷനിൽ കൊണ്ടാക്കാൻ പോയി..ട്രെയിൻ നീങ്ങി തുടങ്ങിയ ആ നിമിഷം അച്ചൻ എന്റെ കയ്യിൽ നിന്നുള്ള പിടി വിട്ടു..കണ്ണീരിന്റെ പാടയിലൂടെ കേരള എക്സ്പ്രസ്സ് കടന്നു പോയി .. അവരെ യാത്ര പറഞ്ഞു പിരിഞ്ഞ് ഞാൻ ഹൊസ്റ്റെലിലെത്തി..

ഹൊസ്റ്റെലിലെ ആദ്യ ദിനം..മുറിയെല്ലാം അടുക്കി പെറുക്കി കുളിച്ച് വേഷം മാറി വന്നപ്പോഴേക്കും വൈകുന്നേരമായി..പിറ്റേ ദിവസം ക്ലാസ്സ് തുടങ്ങും..ഞങ്ങൾ പരസ്പരം പലഹാരങ്ങൾ പങ്കിട്ടു കഴിച്ചു..എന്റെ മീൻ അച്ചാർ സ്തുതിക്ക് നന്നേ പിടിച്ചു..കങ്കണയുടെ പുളി അച്ചാർ എനിക്കും..ഓരോരോ വിശേഷങ്ങൾ പറയുന്നതിനിടയിൽ സ്തുതി എന്നോട് ചോദിച്ചു , "നിനക്ക് ക്രഷുണ്ടോ??"..
എനിക്ക് ചോദ്യം മനസ്സിലായില്ല.."ക്രഷെന്നു വച്ചാൽ?"..ഞാൻ കുറെ ആലോചനക്കു ശേഷം ചോദിച്ചു.. "എന്ന് വച്ചാൽ ഇന്ഫാച്ചുവേഷൻ...ആരോടെങ്കിലുമുള്ള ആ ഒരു തരത്തിലുള്ള ഇഷ്ടം..??" അവൾ വിശദീകരിച്ചു..
ഇതിപ്പം ക്രഷായിരുന്നു ഭേദം..അതെന്താന്നു മനസ്സിലായില്ലന്നു പറഞ്ഞപ്പോ ഇത്ര 'സിമ്പിളായി' അവൾ വിശദീകരിച്ചു തരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല..ആകെ ഗുലുമാലായല്ലൊ.."യു മീൻ ആൻ അഫയർ??" ഞാൻ വീണ്ടും ചോദിച്ചു..
"ഏയ് അല്ല..ഇത് വെറും ക്രഷ്.." അവൾ മൊഴിഞ്ഞു..
പണ്ടാരം..അപ്പൊ ഈ ക്രഷ് പ്രേമമല്ല..വേറെന്തോ സ്നേഹമാണ്..ഇനി ഗുരുശിഷ്യ ബന്ധമാണോ??" ഞാൻ ആകെ കണ്ഫ്യൂസ്ട്ട് ആയി..

ഒടുക്കം ധൈര്യം സംഭരിച്ചു ഒരു പേര് പറഞ്ഞു..എന്റെ പ്ലസ് ടു സാറിന്റെ പേര്..എനിക്ക് സാറിനെ വല്യ ബഹുമാനമാണ്.. ഞാൻ എനിക്കൊരു ചേട്ടനുന്ടെങ്കിൽ അത് സാറാണ് എന്നാണു വീട്ടിൽ പറഞ്ഞോണ്ട് നടക്കുന്നത്..അവരും അവരുടെ സ്കൂൾ കഥകൾ പറഞ്ഞു..
അതിനിടയിൽ അപ്പുറത്തെ മുറിയിൽ ഒരു മലയാളിക്കുട്ടി വന്നു..നീനു..അവളും ഞങ്ങളോടൊപ്പം കൂടി..അവളാണ് എനിക്ക് ക്രഷിന്റെ അർഥം പറഞ്ഞു തന്നത്..ഭഗവാനെ, ഗുരു നിന്ദയാണല്ലോ ഞാൻ കാണിച്ചത്..ഞാൻ അവരെ പറഞ്ഞു മനസ്സിലാകാൻ ശ്രമിച്ചു..അവർ "ഹും കൊച്ചു കള്ളി" എന്ന മട്ടിൽ എന്നെ കളിയാക്കാൻ തുടങ്ങി..എനിക്ക് കരച്ചിൽ വന്നു..ഞാൻ അവരെ വിട്ട് നീനുവിനോട് സംസാരിക്കാൻ തുടങ്ങി..
അങ്ങനെ രാത്രി ഭക്ഷണം എങ്ങനൊക്കെയോ കഴിച്ച് ഞങ്ങൾ വീണ്ടും മുറിയിലെത്തി..

എന്നെ നൊസ്റ്റാൽജിയ ഭീകരമായി പിടി കൂടി..എനിക്കിപ്പോ വീട്ടിൽ പോകണം..അച്ചനോട് പറഞ്ഞാൽ എന്നെ കൊല്ലും..പെട്ടികളെല്ലാം അടുക്കി ഡൽഹിക്ക് തിരിക്കുന്നതിന്റെ തലേ ദിവസം ഞാൻ അച്ചനെ കെട്ടി പിടിച്ച് കിടക്കുകയാണ്.."നീ പോണ്ട.." പെട്ടെന്ന് അച്ചൻ പറഞ്ഞു.."എനിക്ക് നിന്റെ കൗമാരം മിസ്സ് ചെയ്യാൻ വയ്യ 'പൂനി കൊച്ചേ' (അച്ചൻ മാത്രം വിളിക്കുന്ന പേര്)..നമ്മക്ക് കൊല്ലത്ത് അഡ്മിഷൻ വാങ്ങിക്കാം.." "അയ്യട മോനെ..എനിക്ക് ദൽഹീൽ തന്നെ പഠിക്കണം" എന്ന് ഞാൻ തിരിച്ചു പറഞ്ഞെങ്കിലും എന്റെ ഹൃദയത്തിന്റെ ഒരു കോണ് അതാഗ്രഹിച്ചു..ഇപ്പൊ എല്ലാം കഴിഞ്ഞ് ഡൽഹിയിലെത്തിയപ്പോൾ എനിക്ക് വീട്ടീ പോണം..ഞാൻ കണ്ണുകളടച്ചു കിടന്നു..  അപ്പൊ വാതിലിൽ ആരോ മുട്ടി..
കങ്കണ പോയി വാതിൽ തുറന്നു..കടന്നു വന്നത് മൂന്നു പെണ്കുട്ടികൾ..അതിൽ ആദ്യം വന്നത് ഒരൊന്നൊന്നര സാധനമായിരുന്നു..

സ്പഗെറ്റിയും ഷോര്ട്ട് സ്കെര്ട്ടുമണിഞ്ഞു  മുടി ബോബ് ചെയ്ത് നോസ് റിങ്ങിട്ട ഒരു ഐറ്റം..പുറകെ വന്നത് വേറെ രണ്ടു "മാലാഖമാർ".. ആദ്യത്തെ പെണ്ണ് ഒരു ഹോളീവുഡ് സിനിമയിലെ പോലീസായും പുറകെ വന്നവർ നെഴ്സുമ്മാരായും ഞാൻ ആശുപത്രിയിൽ കിടക്കുന്ന ഒരു രോഗിയായും എനിക്ക് തോന്നി..ഞാൻ എണീറ്റിരുന്നു..അവർ കടന്നു വന്നു ഞങ്ങളുടെ അരികിലിരുന്നു..പോലീസുകാരിയുടെ മുഖത്ത് ഒരു ക്രൗര്യത .. മറ്റു രണ്ടു പേരും കുറച്ചു സൌമ്യരാണ്..
"അയാം മരിയ ഫ്രം ഗോവ..യുവർ സീനിയർ.. " ഈശ്വരാ..സോറി, കര്ത്താവീശോ മിശിഹായെ... ഈ ഗോവക്കാരി ഞങ്ങളെ റാഗ് ചെയ്യാൻ വന്നതാണോ??റാഗിംഗ് നിയമ വിരുദ്ധമല്ലേ..ഞാൻ കിടുങ്ങി പോയി..സത്യത്തിൽ നീനുവിനെയും കൂട്ടി ഞങ്ങൾ നാലും കിടുങ്ങി പോയി..പിന്നെ സമയം കളഞ്ഞില്ല..അവർ പറഞ്ഞതനുസരിച്ച് ഞങ്ങൾ അനുസരണയുള്ള കുഞ്ഞാടുകളെ പോലെ വരിവരിയായി നിരന്നിരുന്നു..ഇന്ട്രോടക്ഷൻ കഴിഞ്ഞ് കങ്കണയെ കൊണ്ട് പാട്ട് പാടിച്ചു..സ്തുതിയെ കൊണ്ട് അവളുടെ സ്കൂളിലെ പ്രാര്ത്ഥന ചൊല്ലിച്ചു..അടുത്തത് എൻറെ നേര്ക്ക്..ഇപ്പൊ കരയും എന്ന മട്ടിൽ ആൾറെടി നൊസ്റ്റാൽജിച്ചും  പിന്നെ ഭയന്നും ഇരിക്കുന്ന എന്നോട് എൻറെ നെറ്റിയിലെ ഭസ്മവും കാതിലെ ജിമുക്കിയും കണ്ടിട്ടെന്ന പോലൊരു ചോദ്യം.."യു ആർ ഫ്രം വിച്ച് പാർട്ട് ഓഫ് കേരള??" "ട്രിവാണ്ട്രം" ഞാൻ വിക്കി പറഞ്ഞു..നീനുവിന്റെ നേരെ നോക്കിയപ്പോൾ അവൾ "കാലിക്കട്ട്.." എന്ന് പറഞ്ഞു..പോലീസുകാരി ദയവില്ലാതെ ഞങ്ങളെ നോക്കി പറഞ്ഞു "ശരി, ബനാന ചിപ്സ് ഉണ്ടാക്കുന്നതെങ്ങനാന്നു പറ..നീ ട്രിവാണ്ട്രതെയും നീ കാലിക്കട്ടിലെയും രീതി പറയ്‌.."

ബനാന ചിപ്സ് ശരിക്കും ഉണ്ടാക്കാനറിയുന്ന നീനു അത് പറഞ്ഞു, ഞാൻ അതെപടി ആവർത്തിച്ചു..പിന്നെയും ചില ചോദ്യങ്ങൾ, ചില ഉത്തരങ്ങൾ..അങ്ങനെ തുടരവേ പെട്ടെന്ന് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് പോലീസുകാരി ഒന്ന് ചിരിച്ചു..ഞങ്ങൾ ഞെട്ടി..പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.. "ഞാൻ മലയാളിയാ കൊച്ചുങ്ങളെ..നിങ്ങളെ ഒന്ന് പറ്റിക്കാൻ വന്നതാ.." പോലീസുകാരി (ഇപ്പൊ നായികയായി മാറിയ) കട്ടിലിൽ ചരിഞ്ഞു കിടന്നു ചിരിച്ചു.. "റോസമ്മാന്ടി പറഞ്ഞു മലയാളി പിള്ളേർ വന്നിട്ടുണ്ടെന്ന്..ഞാൻ ആശ..സെന്റ്‌ സ്റ്റീഫെൻസിൽ പഠിക്കുന്നു.."

ഹും..മനുഷ്യന്റെ ജീവനെടുത്തിട്ടാ ഒരു കോമഡി..ഞാൻ കുറച്ച് നേരം സംസാരിച്ചിരുന്നിട്ട് പുതച്ചു മൂടി കിടന്നുറങ്ങി..ബാക്കി ഉള്ളവർ ആശ  ചേച്ചിയോട് സംസാരിച്ചിരുന്നു..ഇതിനിടയിൽ മറ്റു രണ്ടു മാലാഖമാർ ഞങ്ങളെ ഉപദേശിച്ച് ഉപദേശിച്ച് ചെകുത്താന്റെ അവതാരങ്ങളായി മാറി..ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ലാസ്റ്റ് ഇമ്പ്രെഷൻ..അല്ലാണ്ട് പിന്നെ..ഞാൻ നേരം വെളുക്കാൻ കാത്തു കിടന്നു..അല്ല, അതിപ്പോ ഞാൻ അറിയുന്നുണ്ടോ, പിന്നീടെന്റെ ജീവിതത്തിൽ ഈ ആശ ചേച്ചി വല്യൊരു സംഭവമായി മാറാൻ പോവുആണെന്ന്??

No comments:

Post a Comment