Thursday, 10 July 2014

ചില കുട്ടി പിശാചുക്കൾ...

ദൈവത്തിന്റെ അവതാരങ്ങളാണ് കുഞ്ഞുങ്ങൾ എന്ന്  പൊതുവെ പറയാറുണ്ട്...ഒരു കുഞ്ഞിന്റെ കണ്ണുകളിൽ, ചിരിയിൽ കാണുന്ന നിഷ്കളങ്കത അനുപമമാണ്...ബട്ട്‌...
ദൈവത്തിൽ ചെകുത്താന്റെ സോഫ്റ്റ്‌വെയർ ക്രാക്ക് ചെയ്തു കയറ്റിയത് പോലുള്ള ചില കുട്ടികളുണ്ട്..എന്താന്നറിയില്ല...ഇത്തരം കുട്ടികളുടെ സ്നേഹത്തിന്റെ സ്ഥിരം രക്തസാക്ഷിയാണ് ഞാൻ..എന്നെ കാണുമ്പോ അവർക്കൊരു പ്രത്യേക താത്പര്യമാണ്..യാത്രകളിലാണ് ഞാൻ കുടുങ്ങിയിട്ടുള്ളത്..അതാവുമ്പോ ഇടക്ക് സ്കൂട്ട് ചെയാൻ പറ്റില്ലല്ലോ...യാത്ര തീരും വരെ സഹിക്കണം..
കഥ പറഞ്ഞു തുടങ്ങുമ്പോ എന്റെ കന്നി വിമാന യാത്രയിൽ നിന്ന് തുടങ്ങാം..തിരുവനന്തപുരം ടു ഡല്ഹി വയ ബാംഗ്ലൂർ യാത്ര..അങ്ങനെ വിൻഡോ സീറ്റിൽ ഇരിപ്പുറപ്പിച്ചു പുറം കാഴ്ചകളിലെ വിസ്മയങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് നടും പുറത്തിനിട്ടൊരു ചവിട്ട്!!!

വാട്ട്... 'ആരാടാ അത്‌' എന്ന അലർച്ച ഒരു മണ്ടൻ ചിരിയിലോളിപ്പിച് ഞാൻ തിരിഞ്ഞു നോക്കി...ഒരു തക്കിടി മുണ്ടൻ പുറകിലത്തെ സീറ്റിൽ അവന്റെ അമ്മയുടെ മടിയിലിരിക്കുന്നു...അമ്മ അവനോട് നിർത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്നു... അമ്മേടെ ഓരോ സെന്റെൻസിനും അവൻ  ഫുൾ സ്ടോപ്പിടുന്നത് എന്റെ സീറ്റിൽ ആഞ്ഞു തോഴിച്ചാണ്...ഉദാ: ദേഖോ യെ ക്യാ ഹൈ മേരാ ബച്ച.. (ആഞ്ഞു തൊഴി)...യെ തോ ബാദൽ ഹൈ...(ആഞ്ഞു തൊഴി)
സീറ്റാനെന്കി ഇപ്പൊ പൊളിയുമെന്നു തോന്നും.. 

ആദ്യമാദ്യം സഹിച്ച്ചെങ്കിലും അവർ രണ്ടുപേരും അന്തമില്ലാതെ ഇത് തുടർന്നപ്പോ ഞാൻ തിരിഞ്ഞു ആ സ്ത്രീയോട് 'മകൻ ഇങ്ങനെ ചവിട്ടുന്നത് കൊണ്ട് എനിക്ക് ഇരിക്കാൻ പറ്റുന്നില്ലെ'ന്നു പറഞ്ഞു..അവർ ക്രുദ്ധയായി എന്നെ നോക്കി...'നീയെന്താടീ പിള്ളാരെ കണ്ടിട്ടില്ലേ' എന്ന ഭാവത്തോടെ...'ഇങ്ങനത്തെ പിള്ളാരേം, അത്‌ പ്രോസ്ലാഹിപ്പിക്കുന്ന ചവറു പെരെന്റ്സിനെയും കണ്ടിട്ടില്ല' എന്ന മട്ടിൽ ഞാനും തിരിച്ചു നോക്കി...എന്നിട്ടെന്താ?? തള്ളയും മോനും വീണ്ടും ഈ കലാപരിപാടി തുടർന്നു... അതും അഞ്ച് മണിക്കൂർ...  ആദ്യമായി, അതും ഒറ്റക്ക്, ബീമാനത്തീ കയറിയ എനിക്ക് ഒരു പ്രശ്നമുണ്ടാക്കാൻ വയ്യാരുന്നു... സീറ്റിൽ നടു ഉറപ്പിക്കാതെ ഞാൻ കമിഴ്ന്നു കിടന്നുറങ്ങി...

അടുത്ത സാധനത്തെ ഞാൻ കണ്ടു മുട്ടുന്നത് ട്രെയിനിലാണ്...ഡല്ഹി ടു ട്രിവാണ്ട്രം കേരള എക്സ്പ്രസ്സ്‌..രണ്ടു പഞ്ജാബി കുടുംബങ്ങൾ, നാല് കുട്ടികൾ..അച്ചനമ്മമാർ ഫുൾ ടൈം തീറ്റി, ഉറക്കം, പരദൂഷണം ഇത്യാദി നേരമ്പോക്കുകളിൽ മുഴുകിയിരിക്കുന്നു...കുട്ടികൾ മോളിലത്തെ ബർത്തിൽ നിന്ന് മിടിലിലേക്ക് ചാടും അവ്ടുന്നു താഴേക്ക്‌...നിലവിളിക്കും അടികൂടും ബഹളം വക്കും..അച്ചനമ്മമാർ ഞങ്ങൾ ഈ നാട്ടുകാരല്ലെന്ന മട്ടിൽ സ്വന്തം (മുകളിൽ പറഞ്ഞ) നേരമ്പോക്കുകളിൽ മുഴുകിയിരിക്കുന്നു... മൂന്നു ദിവസത്തെ യാത്രയാണ്...ആദ്യ ദിനം വിജയകരമായി പൂര്തിയാക്കിയപ്പോഴേക്ക് ആ ബോഗ്ഗിയിലുള്ള മുഴുവൻ യാത്രകാര്ക്കും മടുത്തു...അച്ചനമ്മമാർക്കു പോലും ഈ കുട്ടികളെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല.. 'ഞങ്ങള്ക്ക് പണ്ടേ കണ്ട്രോൾ ചെയ്യാൻ പറ്റില്ലെന്നുല്ലതിന്റെ തെളിവല്ലേ ഇവർ' എന്ന മട്ടിൽ  ഞങ്ങളെ അലസമായി നോക്കി അവർ വീണ്ടും,അതേ (മുകളിൽ പറഞ്ഞ) നേരമ്പോക്കുകളിൽ മുഴുകിയിരിക്കുന്നു..പിന്നെ 'ഇതുങ്ങളുടെ അടവൊക്കെ എത്ര സഹിക്കുന്നതാ ഞങ്ങൾ' എന്നൊരു തോന്നലും കാണും ഉള്ളിൽ..അതിനിടയിൽ, കൂട്ടത്തിൽ ഏറ്റവും ഇളയ സാധനത്തിനു (എന്തുകാര്യത്തിനും മറ്റുള്ളവരുടെ സ്വനപേടകം പൊട്ടുന്ന രീതിയിൽ ഉറക്കെ അലറുക എന്നതാണ് അവളുടെ പ്രത്യേകത) എന്റെ മടിയിൽ കയറണം...ഞാനാണെങ്കിൽ അപ്പെർ ബർത്തിൽ നിന്നിറങ്ങാതെ ഇരിക്കുകയാണ്...അവൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോ തന്നെ 'അയ്യോ ഞങ്ങൾ മലയാളികള്ക്ക് ഹിന്ദി അറിയില്ലല്ലോ...ഹീ ഹീ' എന്ന മട്ടിൽ തിരിഞ്ഞു കിടന്നു കണ്ണടച്ചു...

പക്ഷെ ആ കില്ലാടി പിന്തിരിഞ്ഞില്ല..അവൾ ആദ്യം അവളുടെ അച്ഛന്റെ മടിയിൽ കയറി വലിഞ്ഞു തൂങ്ങി മിഡിൽ ബെർതിലെത്തി..കണ്ണ് തുറന്നു നോക്കിയ ഞാൻ ഞെട്ടി..അവളുടെ ലക്‌ഷ്യം അപ്പെർ ബര്താണ്...'ഈ ക്രൂരതയൊന്നും ആരും കാണുന്നില്ലേ' എന്ന മട്ടിൽ ഞാൻ ചുറ്റും നോക്കി..മനസ്സ് മടുത്തു മറ്റു യാത്രക്കാർ സർദാർജി ജോക്സ് പറഞ്ഞു സ്വയം ആശ്വസിച്ച്ചിരിപ്പാണ്..അവളുടെ കണ്ണുകൾ എന്നിൽ തന്നെ ഉറപ്പിച്ച് അവൾ എന്റെ മുടിയിൽ പിടിച്ചു വലിക്കാൻ തുടങ്ങിയതും ട്രെയിൻ നിന്നു.. അവൾ ടപ്പേന്ന് താഴെ വീണു...വല്ലാതെ ഞെട്ടി പോയെങ്കിലും പയ്യെ എണീറ്റ്‌ നിന്നു അവൾ എല്ലാരേം നോക്കി...അപ്പോഴാണ്‌ ഫ്രെണ്ട്സിലെ ശ്രീനിവാസനെ പോലൊരു ചിരി ഞാൻ കേൾക്കുന്നത്... നിര്ത്താതെയുള്ള ചിരി..സോറി അതെന്റെ സ്വന്തം വായിൽ നിന്നായിരുന്നു... 
എന്റെ ചിരി കേട്ടതും അവൾ കരയാൻ തുടങ്ങി...മുൻപ് പറഞ്ഞ അതെ കീറ്റൽ ...എങ്കിലും ഞാൻ പ്രതികാരം വീട്ടിയ സന്തോഷത്തിലും അവളുടെ പിടിയിൽ നിന്നു രക്ഷപെട്ട  ആശ്വാസത്തിലും നന്നായുറങ്ങി..

അടുത്ത താരം ഇവരെക്കാളൊക്കെ റെയ്ൻചുള്ള  ആളാണ്‌..പക്ഷെ സരസയും പ്രതികരണ ശേഷിയുമുള്ള ഒരമ്മ അവൾക്കുള്ളത്‌ കൊണ്ട് ഞാൻ രക്ഷപെട്ടു... ഡല്ഹി ടു ഗുവഹാടി യാത്ര..ഒരു കൊണ്ഫെരെൻസ് അറ്റൻഡ് ചെയ്യാൻ പോവാണ് ..അതിന്റെ പവർ പോയിന്റ്‌ പ്രസന്റേഷൻ  തയാറാക്കി കൊണ്ടിരിക്കുമ്പോഴാണ് താഴത്തെ ബെര്തീന്നു ചോദ്യം.."ആപ്കാ നാം ക്യാ ഹൈ??" ഒരു അഞ്ചു വയസ്സുകാരി കുറുമ്പി.."കുക്കു"  ഞാൻ എന്റെ വിളിപ്പേര് പറഞ്ഞു മോള്ടെ പെരെന്താന്നു ചോദിക്കും മുൻപേ..."കുക്ക്??യെ കൈസാ വാല നാം ഹൈ??"  "ഇതെന്തൊരു മറ്റേ പേരാ?? ഇത് പേര് പോലുമല്ല...ഇതൊരു ജീവിയാ..ഒരു ബ്ലാക്ക് ജീവി" എന്നൊക്കെ അർഥം വരുന്ന ഹിന്ദി പുലമ്പി കൊണ്ട് അവൾ വന്നപ്പോഴേ അവളുടെ അമ്മ തടഞ്ഞു..."നോക്ക്...അത്‌ ചേച്ചിയുടെ പേരാണ്..അങ്ങനൊന്നും പറയരുത്..ചേച്ചി പഠിക്കുകയാണ്..ശല്യം ചെയ്യരുത്..അങ്ങേനെയാണ് നല്ല കുട്ടികൾ" എന്ന് പറഞ്ഞു മയപ്പെടുത്തി..അവൾ വിട്ടില്ല.."എന്ത് പഠിക്കുകയാ ??പൈലട്റ്റ് ആവാനാണോ??എനിക്കും പൈലട്റ്റ് ആവണം..എന്നിട്ട് വിമാനം ക്രാഷ് ചെയ്യിക്കണം" എന്നൊക്കെ പറഞ്ഞു ആ 'കുട്ടി റ്റെറരിസ്റ്റ്' വീണ്ടും വന്നപ്പോ അമ്മ പറഞ്ഞു "ഭവ്യക്ക് അടി കൊളളും"...ഉടൻ അവൾ അമ്മയോട്.."നിങ്ങൾ ഒരു അമ്മയാണോ??കൊച്ചു കുട്ടികളെ തല്ലിയാൽ പാപം കിട്ടില്ലേ??ഗോഡ് നിങ്ങളെ നരകത്തിലിട്ടു പൊരിക്കും" എന്ന്...ഞങ്ങള്ക്ക് ചിരിയടക്കാനായില്ല..ഉടൻ വന്നു അമ്മയുടെ മറുപടി.."ഭവ്യ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചാലേ     അമ്മ തല്ലുള്ളൂ...അപ്പൊ ഗോഡ് ഭവ്യക്കാ ശിക്ഷ തരിക...ചേച്ചി മോള്ടെ അടുത്ത് കുറച്ചു കഴിഞ്ഞു വരും..അപ്പൊ സംസാരിക്കാം..ഇപ്പൊ അമ്മയോട് സംസാരിക്ക്.."
എനിക്ക് ശരിക്കും ബഹുമാനം തോന്നി  യുവതിയായ ആ അമ്മയോട്..കുഞ്ഞുങ്ങളെ എല്ലാര്ക്കും ഇഷ്ടമാണ്...പക്ഷെ ദൂരയാത്രകളിൽ  നമ്മൾ റസ്റ്റ്‌ എടുക്കാൻ ആഗ്രഹിക്കുമ്പോൾ അവർ ബുദ്ധിമുട്ടിക്കുന്നത് ആരും ഇഷ്ടപ്പെടില്ല..അവർ നമ്മെളെ ബുദ്ധിമുട്ടിക്കുന്നത് അച്ചനമ്മമാർ അവരെ ശ്രദ്ധിക്കാത്തപ്പോഴാണ്..

കുഞ്ഞുങ്ങളെ സ്നേഹപൂർവ്വം പറഞ്ഞു മനസ്സിലാക്കാൻ അപരിചിതരായ നമുക്ക് കഴിയില്ല..അവർ അനുസരിക്കില്ല..ചിലർ പേടിപ്പിക്കുന്നത് കാണാം..അതെനിക്ക് തീരെ ഇഷ്ടമല്ല..അച്ഛനമ്മമാർ കൂടി ഇടപെട്ടാൽ നമുക്ക് കുട്ടികൾക്കൊപ്പം കളിക്കുന്നതും ഒന്നും പ്രശ്നമായി തോന്നില്ല.. അവർ പറഞ്ഞാൽ മാത്രേ കുട്ടികൾ കേള്ക്കുള്ളൂ..ചെറിയ കുട്ടികളെ കൊണ്ട് അമ്മമാർ യാത്ര ചെയ്യുമ്പോൾ അവർ ടോയ്ലെറ്റിൽ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും കുഞ്ഞിനെ നോക്കുന്നത് നമ്മളാണ്..അതൊരു സന്തോഷമുള്ള കാര്യമാണ്..ഉടുപ്പ് മാറ്റാനും ഉറക്കാനുമൊക്കെ കൂടും..പക്ഷെ ഇത്തിരി മുതിർന്ന ഹൈപർ ആക്ടിവ് ആയുള്ള കുട്ടികളെ അച്ഛനമ്മമാർ നിയന്ത്രിച്ചില്ലെങ്കിൽ മറ്റു യാത്രകാരുടെ അവസ്ഥ കഷ്ടമാണ്.. 

ആദ്യ ഉദാഹരണത്തിലെ അമ്മയോട് എനിക്ക് ദേഷ്യമാണ്..അവർ കൈ കൊണ്ട്  അവന്റെ കാലൊന്നു ചേർത്ത് വച്ചിരുന്നെങ്കിൽ എനിക്ക് യാത്ര സുഗമമായെനെ..മറ്റൊരാളുടെ ബുദ്ധിമുട്ട് തിരിച്ചറിയാൻ ആ സ്ത്രീക്ക്പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് പറയാൻ..?? പല അച്ചന്മാരും 'ഇത് ഞങ്ങളുടെ ഡിപ്പാർട്ട്മെന്റല്ല'  എന്ന ഭാവത്തിലിരിക്കുന്നത് കാണാം..അണുകുടുംബ വ്യവസ്ഥയിൽ  എല്ലാ വാശികളും സാധിച്ചും പങ്കു വയ്ക്കാതെയും വളരുന്ന കുട്ടികള്ക്ക് വളരുന്നു കഴിയുമ്പോഴും മറ്റൊരാളെ മനസ്സിലാവില്ല.. സഹജീവിയെ സ്നേഹിക്കണമെങ്കിൽ, മനസ്സിലാക്കണമെങ്കിൽ തന്റെ കൈവീശാനുള്ള സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിൻ തുമ്പിനരികത്തു വരെയേ ഉള്ളു എന്ന് മനസ്സിലാക്കാൻ സാധിക്കണം..

കാക്കക്കും തൻ കുഞ്ഞു പൊൻകുഞ്ഞാണ്..ആ കുഞ്ഞുങ്ങളുടെ വ്യക്തി വികാസം അപ്പോൾ  എത്രയോ പ്രധാനമാണ്.. ലിവ് ആൻഡ്‌ ലെറ്റ്‌ ലിവ് എന്ന ചിന്തയിൽ വളര്ന്നു വരട്ടെ നമ്മുടെ യുവ തലമുറ..

9 comments:

 1. good shot, but your attitude may change during the struggles of parent-hood. Lets see.

  ReplyDelete
 2. Yes, if I choose to be one.. :)

  ReplyDelete
 3. Everybody loves kids..but many parents really need conselling... :D
  That is what I meant by this post..

  Thank you..Do read my blog..

  ReplyDelete
  Replies
  1. Counselling, ha?:)
   How about the term "guidance", I would choose for that word in this context....

   Delete
 4. ithu vaayicha umma chiriyodu chiri.. chirichu chirichu njangallude vayaru vedanichu... well written niyathi... :D...

  ReplyDelete
 5. dee, umma ini enthokke vaayikkaan kidakkunnu.. :)

  ReplyDelete